ആറു ദര്‍ശനങ്ങളില്‍ പൂര്‍വമീമാംസ നമ്മള്‍ ചര്‍ച്ച ചെയ്തു. ഇനി ഉത്തരമീമാംസ. വേദത്തിന്റെ ജ്ഞാനകാണ്ഡമാണ് അതിന്റെ അവസാന ഭാഗമായ ഉപനിഷത്തുകള്‍. അതുകൊണ്ട് അവയെ വേദാന്തം എന്നും പറയും. വേദത്തിലെ അന്തിമമായ ജ്ഞാനം എന്ന നിലയിലും ഇത് വേദാന്തമാണ്. ഉപനിഷത്തുകളെ അടിസ്ഥാനപ്പെടുത്തി ബാദരായണ മഹര്‍ഷി രചിച്ചതാണ് ബ്രഹ്‌മസൂത്രം. വേദവ്യാസന്റെ മറ്റൊരു പേരാണ് ബാദരായണന്‍. ബദരീ വൃക്ഷച്ചുവട്ടിലിരിക്കുന്നവന്‍ എന്നര്‍ഥം. പൂര്‍വമീമാംസ രചിച്ച ജൈമിനിയുടെ ഗുരുവുമാണ് വ്യാസന്‍.
ബ്രഹ്‌മമാണ് ചര്‍ച്ചാ വിഷയമെന്ന് പേരു തന്നെ സൂചിപ്പിക്കുന്നു. ‘അഥാതോ ബ്രഹ്‌മജിജ്ഞാസാ’ എന്നാണ് ഗ്രന്ഥാരംഭം. ഇതില്‍ നാല് അധ്യായങ്ങളാണ്. ഓരോ അധ്യായത്തിലും നാലു പാദങ്ങള്‍ (ആകെ 16 പാദങ്ങള്‍). അവയില്‍ പല അധികരണങ്ങള്‍ (വിഷയങ്ങള്‍) വരും (ആകെ 223 അധികരണങ്ങള്‍). ഓരോ അധികരണത്തിനും പല എണ്ണത്തില്‍ സൂത്രങ്ങളും (ആകെ 555 സൂത്രങ്ങള്‍). ആദ്യത്തേ അധ്യായം സമന്വയ അധ്യായം. വിവിധ ഉപനിഷത്തുകളാണ് വേദാന്തം. അവയില്‍ പരസ്പരം വിരുദ്ധമായ തത്വങ്ങള്‍ ഉണ്ടെന്ന് തോന്നും. അതിനെയാണ് വേദവ്യാസന്‍ അടുക്കും ചിട്ടയും കൊടുത്ത് ഈ അധ്യായത്തിലൂടെ സമന്വയിപ്പിച്ചത്. ഉദാഹരണത്തിന് ആകാശം പഞ്ചഭൂതങ്ങളില്‍ ഒന്നാണ്. എന്നാല്‍ ‘ആകാശസ്തല്ലിംഗാല്‍’ എന്ന സൂത്രത്തിലൂടെ ആകാശത്തിന് ആ സന്ദര്‍ഭത്തില്‍ ബ്രഹ്‌മം എന്ന അര്‍ഥമാണ് എന്ന് വ്യാസന്‍ തെളിയിക്കുന്നു. ഛാന്ദോഗ്യത്തിലെ പ്രാണനും ബ്രഹ്‌മം തന്നെ. ചില ഇടങ്ങളില്‍ മനസ്സും ബ്രഹ്‌മ പര്യായമാകും.
രണ്ടാമത്തേത് അവിരോധ അധ്യായം. മറ്റു വാദങ്ങളെ പരിശോധിക്കുന്നതാണ് ഇവിടെ സന്ദര്‍ഭം. പ്രധാന എതിരാളി സാംഖ്യദര്‍ശനം തന്നെ. പ്രകൃതിയാണ് പരിണാമകാരണം എന്ന് സാംഖ്യം. എന്നാല്‍ ജഡമായ പ്രകൃതിക്ക് എങ്ങിനെ സംവിധാന സാമര്‍ഥ്യമുണ്ടാകും? സൃഷ്ടിക്കുള്ള ഇച്ഛാശക്തി എങ്ങിനെ കിട്ടും? എന്തിനാണ്, എങ്ങിനെയാണ് പരിണാമം തുടങ്ങുക? എപ്പോള്‍ നിര്‍ത്തും? വൈശേഷികത്തില്‍ അണുവാണ് ലോകം. അദൃഷ്ടമായ ഒരു ശക്തിയാണ് അണുക്കളെ ചേര്‍ക്കുന്നതും വേര്‍പെടുത്തുന്നതും. ഇതും സാംഖ്യം പോലെ ത്യാജ്യമാണ്. ബുദ്ധമതത്തേയും ജൈന മതത്തേയും ഒക്കെ ഇതുപോലെ ഖണ്ഡിക്കുന്നുണ്ട്. ബ്രഹ്‌മ സത്യം ജഗന്മിഥ്യ എന്ന തത്വത്തിലേക്ക് നമ്മെ വ്യാസന്‍ നയിക്കുന്നു. മൂന്നാമധ്യായം സാധന. ആത്മാവിന്റെ മരണാനന്തര ഗതിയെ കുറിച്ചും വിവിധ തരം ജന്മങ്ങളെ കുറിച്ചും ഇവിടെ ചര്‍ച്ച വരുന്നു. ഉപാസനയ്ക്കു വേണ്ടി ബ്രഹ്‌മത്തില്‍ ചില രൂപങ്ങള്‍ കല്പിക്കപ്പെടുന്നു. പലതരം ധ്യാനങ്ങളെപ്പറ്റിയും വിവിധ ഉപനിഷത്തുകളില്‍ ചര്‍ച്ച വരുന്നുണ്ട്. ഫലാപേക്ഷയില്ലാതെ കര്‍ത്തവ്യ കര്‍മമനുഷ്ഠിക്കുമ്പോള്‍ ചിത്തശുദ്ധി വന്ന് ജ്ഞാനപ്രാപ്തിക്കധികാരിയാകും. അതിലൂടെ മോക്ഷവും പ്രാപ്തമാകും.
നാലാമത്തേത് ഫലാധ്യായം. സാധനയുടെ ഫലമായി എത്തിച്ചേരുന്ന ലോകങ്ങളെക്കുറിച്ചും ജീവന്മുക്താവസ്ഥയെ കുറിച്ചും ഒക്കെ ഇതില്‍ ചര്‍ച്ച വരുന്നു. ഇതിന് ശങ്കരാചാര്യര്‍ ഭാഷ്യം ചമച്ചു. ശാരീരക മീമാംസ എന്നു പേര്. ശരീരത്തിലിരിക്കുന്ന ജീവാത്മാവിനെ പറ്റിയുള്ള അന്വേഷണമാണിത്. അത് പരമാത്മാവുതന്നെ എന്ന കണ്ടെത്തലും. ഇതു തന്നെ അദ്വൈതം – കേവല അദ്വൈതം. ബ്രഹ്‌മസൂത്രത്തിന് രാമാനുജ ആചാര്യര്‍ ശ്രീഭാഷ്യം രചിച്ചു. ഇതിലൂടെ അദ്ദേഹം വിശിഷ്ട അദ്വൈതം അവതരിപ്പിച്ചു. വല്ലഭാചാര്യര്‍ ബ്രഹ്‌മസൂത്രത്തിനു തന്നെ അനുഭാഷ്യമെഴുതി. അതിലൂടെ ശുദ്ധാദ്വൈതം അവതരിപ്പിച്ചു.
നിംബാര്‍ക്കാചാര്യന്‍ വേദാന്ത പാരിജാത സൗരഭം എന്ന ഭാഷ്യത്തിലൂടെ ഭേദാഭേദ – ദ്വൈതാദ്വൈതം അവതരിപ്പിച്ചു. മധ്വ മുനി അദ്ദേഹത്തിന്റേതായ ദ്വൈതം അവതരിപ്പിച്ചു. അപ്പയ്യദീക്ഷിതരുടെ പരിമളം, വാചസ്പതിമിശ്രന്റെ ഭാമതി, അമലാനന്ദ സരസ്വതിയുടെ കല്പതരു എന്നിവയും പ്രസിദ്ധമാണ്. ചുരുക്കത്തില്‍ പണ്ഡിതന്മാര്‍ക്ക് ഇഷ്ടം പോലെ കറന്നെടുക്കാവുന്ന കാമധേനുവാണ് ബ്രഹ്‌മസൂത്രം. ആഗ്രഹിച്ചതെല്ലാം നല്കുന്ന കല്പവൃക്ഷമാണ്. മനുഷ്യന്റെ ഉള്ളിലിരിക്കുന്ന ശുദ്ധമായ ആത്മാവിനെ (യഥാര്‍ഥ ഞാന്‍) ശരീരമെന്ന് തെറ്റിദ്ധരിക്കുന്നതാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. ഞാന്‍ തടിയനാണ്; മെലിഞ്ഞവനാണ്; സുന്ദരനാണ്; വിരൂപനാണ്; ബ്രാഹ്‌മണനാണ്; ക്ഷത്രിയനാണ്; ഡോക്ടറാണ്; അധ്യാപകനാണ് എന്നു ചിന്തിക്കും. ഇന്ദ്രിയങ്ങളോട് താദാത്മ്യം ചെയ്ത് കുരുടനാണ്; പൊട്ടനാണ് എന്നും മനസ്സോട് ചേര്‍ന്ന് എനിക്കറിയാം; എനിക്ക് ഒന്നുമറിയില്ല; എനിക്കു ദേഷ്യമുണ്ട് എന്നും അറിയും. ഈ അജ്ഞാനത്തെ, അവിദ്യയെ, ദു:ഖകാരണത്തെ അകറ്റി ബ്രഹ്‌മജ്ഞാനം തരുകയാണ് ബ്രഹ്‌മസൂത്രത്തിന്റെ പ്രയോജനം. ബ്രഹ്‌മം സത്-ചിത്-ആനന്ദമാണ്. അത് മാത്രമാണ് സത്യം. ജഗത്ത് മിഥ്യയാണ്. ജീവന്‍ ബ്രഹ്‌മം തന്നെയാണ്. സത്തും (ഉള്ളത്) അതേസമയം അസത്തും (ഇല്ലാത്തത്) ആയ മായയാണ് പ്രപഞ്ചമുണ്ടെന്നു തോന്നിക്കുന്നത്. അവിദ്യയും മായയും പോകാന്‍ ആത്മജ്ഞാനം ഉണ്ടാവണം. ഈശ്വരന്‍ അഥവാ സഗുണബ്രഹ്‌മം മായാ സൃഷ്ടിയാണ്. ഈശ്വരനെ ആരാധിക്കുന്ന ഭക്തന്മാര്‍ കാലക്രമത്തില്‍ മുക്തി നേടും നിര്‍ഗുണബ്രഹ്‌മത്തിലെത്തും. ഇത് ക്രമ മുക്തി. എന്നാല്‍ ബ്രഹ്‌മജ്ഞാനിക്ക് സദ്യോ മുക്തിയാണ്. ഇതാണ് ശങ്കര മതം. രാമാനുജന്റേത് ദ്വൈതമതമാണ്. ജീവാത്മാവും പരമാത്മാവും വേറെ വേറെ തന്നെയാണ്. അവ ഒരിക്കലും ഒന്നാവില്ല. പ്രളയത്തില്‍ അവ സങ്കോചിക്കും. എന്നാല്‍ സൃഷ്ടി കാലത്ത് വീണ്ടും വികസിക്കും. ഭക്തിയാണ് ജ്ഞാനത്തിലും മേലെ. നിംബാര്‍ക്കാചാര്യന് ബ്രഹ്‌മം ഒരേസമയം നിര്‍ഗുണവും സഗുണവുമാണ്. ജഗത് സത്യം തന്നെയാണ്. പാല് തൈരാകുന്നതു പോലെ ബ്രഹ്‌മം ജഗത്തായിത്തീരുന്നു. ബ്രഹ്‌മസമുദ്രത്തിലെ കുമിളകളാണ് ജീവികള്‍. അവ ഒന്നു തന്നെ, എന്നാല്‍ വ്യത്യസ്തവുമാണ്. ഈ അറിവിന്റെ മാര്‍ഗം ഭക്തി തന്നെയാണ്. വ്യത്യസ്ത മാനസിക നിലവാരത്തിലുള്ള ജിജ്ഞാസുക്കള്‍ക്ക് യഥാര്‍ഥ ജ്ഞാനത്തിലേക്കുള്ള ചവിട്ടുപടികളാണ് ദ്വൈതാദികള്‍. ലോകം പല രുചികളുള്ളവരാണ്. അതുകൊണ്ട് വ്യത്യസ്ത പാതകള്‍ക്ക് അതിന്റേതായ പ്രാധാന്യവും സ്ഥാനവുമുണ്ട്. എന്നാല്‍ ആത്യന്തികം ശാങ്കര മാര്‍ഗം തന്നെയാണ്.
Comments