ക്ഷേത്രങ്ങളിലൂടെ
സി.മാധവന്‍നായര്‍
ഒലീവ് പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ്: 202 വില: 250 രൂപ
ഫോണ്‍: 0495-2765871
നമ്മുടെ രാഷ്ട്രജീവിതത്തിന്റെ ആന്തരികസത്ത തന്നെ ആദ്ധ്യാത്മികതയാണ്. നമ്മുടെ കലാ-സാഹിത്യ മേഖലകളുടെയെല്ലാം പ്രഭവകേന്ദ്രമായി ക്ഷേത്രങ്ങളെ കാണുന്നവരേറെയാണ്. മനുഷ്യശരീരവും ക്ഷേത്രവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത് എന്ന് ശാസ്ത്രീയമായിതന്നെ സ്ഥീരികരിക്കപ്പെട്ടിട്ടുള്ളതാണ്. ഭക്തന്റെയുള്ളില്‍ കുടികൊള്ളുന്ന ദേവചൈതന്യവും ക്ഷേത്രത്തില്‍ സ്പന്ദിക്കുന്ന ദേവ ചൈതന്യ വും തമ്മില്‍ ബന്ധമുണ്ടെന്ന യാഥാര്‍ ത്ഥ്യം ശാസ്ത്രീയമായിത്തന്നെ പ്രതിപാദിച്ചിട്ടുള്ള ഒന്നാണ് സി.മാധവന്‍ നായര്‍ രചിച്ച ‘ക്ഷേത്രങ്ങളിലൂടെ’ എന്ന പുസ്തകം. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ, നിത്യനൈമിത്തിക ചടങ്ങുകള്‍ എന്നിവയെക്കുറിച്ചും, വാദ്യോപകരണങ്ങളെക്കുറിച്ചുമൊക്കെ ഭക്തന്മാര്‍ക്ക് മനസ്സിലാക്കത്തക്ക വിധം ഈ പുസ്തകത്തില്‍ ആധികാരികതയോടെ തന്നെ വിവരിച്ചിട്ടുണ്ട്. ഭക്തന് ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ ചൈതന്യത്തെക്കുറിച്ചും പഠിച്ചുപാസിക്കാന്‍ ഉതകുന്ന വിജ്ഞാനപ്രദമായൊരു രചനയാണിത്. പന്ത്രണ്ടോളം ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങളും അവിടുത്തെ പ്രത്യേക ആരാധനാക്രമങ്ങളെക്കുറിച്ചും വിശദമായി തന്നെ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. തീര്‍ത്ഥാടനപ്രിയരായ ഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനപ്പെടുന്ന ഒരു കൃതികൂടിയാണിത്. എന്തെല്ലാമുണ്ടായാലും ഭക്തിയാണ് പ്രധാനം എന്നു മനസ്സിലാക്കി ഈശ്വരാര്‍പ്പണമായി ജീവിക്കുന്നതാണ് ഉത്തമം എന്നു കരുതുന്നവര്‍ക്ക് ഏറെ ആത്മസംതൃപ്തി നല്‍കുന്ന ഒരുകൃതിയാണ് ‘ക്ഷേത്രങ്ങളിലൂടെ’ എന്ന് നിസ്സംശയം പറയാം.
ലോറല്‍ മരത്തിന്റെ ഇലകള്‍
ബാലസാഹിത്യം
തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ്
യെസ്പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 63 വില: 100 രൂപ
മൊ: 9048588887
നാടോടിക്കഥകള്‍ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ വളരെയധികം സ്വാധീനിക്കാറുണ്ട്. ഓരോ കഥയും ഓരോ ആശയത്തെ പ്രതിഫലിപ്പിക്കുന്നുവെന്നതാണനുഭവം. ഭാരതത്തിലും വിദേശങ്ങളിലുമുള്ള ഏതാനും നാടോടി കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബാലസാഹിത്യ വിഭാഗത്തിലാണെങ്കിലും മുതിര്‍ന്നവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ആശയ സമ്പുഷ്ടമായ കഥകളാണിവ. ഗ്രീസ്, ചൈന, ഇന്തോനേഷ്യ, അറേബ്യന്‍ നാടുകള്‍ എന്നിവിടങ്ങളിലെയൊക്കെ ജനസമൂഹത്തിന്റെ ജീവിത സ്പന്ദനങ്ങളിതില്‍ തൊട്ടറിയാം. നന്മനിറഞ്ഞ പ്രവൃത്തിക്ക് ആയുസ്സു കൂടുതലാണെന്നും അത്യാഗ്രഹം ആപത്താണെന്നുമൊക്കെയുള്ള നിരവധി ആശയങ്ങളെ കൊച്ചുകുട്ടികളുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കാന്‍ ഇത്തരം കഥകള്‍ സഹായിക്കും. നിസ്വാര്‍ത്ഥവും ശക്തവുമായ സ്‌നേഹത്തിന്റെ പ്രകടീഭാവമായി അനന്തകാലത്തോളം നിലനില്‍ക്കുന്നതാണ് ‘ലോറല്‍ മരത്തിന്റെ ഇലകള്‍’ എന്ന കഥ. ഈ പുസ്തകത്തിലെ പതിനെട്ടുകഥകളും പത്തരമാറ്റ് തിളക്കമുള്ളവയാണെന്ന് നിസ്സംശയം പറയാം.
വിവേകാനന്ദം
എസ്. സുജാതന്‍
മെലിന്‍ഡ ബുക്‌സ്
പേജ്: 218 വില: 260
ഫോണ്‍: 0471-2721155
തനതു സംസ്‌കൃതിയിലൂന്നി കൃതികള്‍ രചിക്കുകയെന്നത് ജീവല്‍ സാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. പാരമ്പര്യത്തെ മാറോടണച്ച രചനകള്‍ക്ക് കാമ്പു കൂടുന്നതായി അനുഭവപ്പെട്ടു വരുന്നു. പുരാണ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ധാരാളം നോവലുകളും കഥകളും കവിതകളും തളിരിടുന്നു. മലയാളത്തില്‍ അത്തരംകൃതികള്‍ രചിക്കുമ്പോള്‍ അവ ഇടത്തോട്ട് തന്നെ തിരിഞ്ഞിരിക്കണമെന്ന നിര്‍ബന്ധബുദ്ധി ചിലരെ പിടിച്ചുലക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളോടെ ചിലര്‍ രംഗത്ത് എത്തുന്ന ചിത്രവും കണ്ടുവരുന്നുണ്ട്. പുതുവായനക്കാര്‍ക്ക് വിവേകാനന്ദ സ്വാമികളെ കുറിച്ചുള്ള ഒരു നോവല്‍ നല്‍കിയിരിക്കുകയാണ് എഴുത്തുകാരനായ എസ്.സുജാതന്‍. മണ്ണിന്റെ മണമുള്ള കൃതികളാണ് അദ്ദേഹത്തിന്റേത്. നേരത്തെയും പലരും മലയാളത്തില്‍ വിവേകാനന്ദ ജീവിതം നോവലാക്കിയിട്ടുണ്ട്. വിവേകാനന്ദം എന്ന വിഖ്യാതമായ ഒരു നോവല്‍ ഹിന്ദിയില്‍ നിന്നും കെ.സി.അജയകുമാര്‍ മലയാളത്തിലാക്കിയിട്ടുണ്ട്. മറ്റൊന്ന് പി.ജനാര്‍ദ്ദനന്‍ എഴുതിയ സ്വാമിജിയെ കുറിച്ചുള്ള നോവലാണ്. ഒരു പക്ഷേ സ്വാമിജിയെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയ മൂന്നാമത്തെ നോവലായിരിക്കും എസ്.സുജാതന്റെ കൃതി. നോവലിന്റെ ആസ്വാദ്യത വറ്റിപ്പോകാതെ തന്നെ സ്വാമിജിയെ അറിയാനും മനസ്സിലാക്കാനും ഈ പുസ്തകം സഹായിക്കും. വരകളുടെ സഹായത്തോടെ വായനക്കാര്‍ക്ക് സ്വാമിജിയുടെ ജീവിതകഥയിലേക്ക് ഊഴ്ന്നിറങ്ങാന്‍ പാകത്തിലാണ് ഈ നോവല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
Comments