സമ്പല്‍ സമൃദ്ധഭാരതം
ഡോ. പി. കനകസഭാപതി
കുരുക്ഷേത്ര പ്രകാശന്‍
പേജ്: 183 വില: 240 രൂപ
ഫോണ്‍: 0484-2338324
ബ്രിട്ടീഷ് ആധിപത്യത്തിനു കീഴില്‍ ഭാരതം അനുഭവിച്ച സാമ്പത്തിക ചൂഷണവും കൊള്ളയടിയും ഏറെ ഭീമമായിരുന്നു. ‘സമൃദ്ധമായ രാജ്യവും ദരിദ്രമായ ജനതയും’ എന്ന വൈരുദ്ധ്യത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വരെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ചേര്‍ത്തു കൊണ്ട് ഭാരതത്തില്‍ ഒരു കാലത്ത് നിലവിലിരുന്ന സാമ്പത്തിക സമൃദ്ധിയെക്കുറിച്ചും പിന്നീട് വന്നുചേര്‍ന്ന വിപരീത ദശകളെക്കുറിച്ചും വിശദമായി വിവരിച്ചു കൊണ്ടുള്ള പഠനവും അപഗ്രഥനങ്ങളുമാണ് ഡോ. പി.കനകസഭാപതിയുടെ ‘Prosperous India’ എന്ന ഗ്രന്ഥം.
കേവലം പാശ്ചാത്യ മാനദണ്ഡങ്ങളെ ആശ്രയിച്ച് ഭാരതത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്തെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളുടെ അര്‍ത്ഥമില്ലായ്മ ഈ ഗ്രന്ഥത്തില്‍ വിശദമാക്കപ്പെടുന്നു. ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രത്യേക സമുദായക്കാര്‍ കുടുംബങ്ങളായി വ്യവസായ-വാണിജ്യമേഖലകളില്‍ പ്രസിദ്ധരായി നിലനില്‍ക്കുന്നതിനെക്കുറിച്ചും ഓരോ പ്രദേശത്തും നിലവിലുള്ള പാരസ്പര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ ഗ്രന്ഥം വിവരിക്കുന്നു. ഇബ്‌നു ബത്തൂത്ത, ഫാഹിയാന്‍ മുതലായ സഞ്ചാരികളുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഗ്രന്ഥകാരന്‍ ഭാരതത്തിന്റെ ഗതകാല വൈഭവത്തെക്കുറിച്ചുള്ള അറിവും പകര്‍ന്നു തരുന്നു.
ഗൗരവതരമായ പഠനങ്ങളിലൂടെ ഭാരതത്തിന്റെ സാമ്പത്തിക മേഖലയെ വിലയിരുത്തുവാനും പൈതൃക ചരിത്രത്തെ വരച്ചുകാട്ടി അഭിമാനബോധം സൃഷ്ടിക്കാനുമുള്ള പരിശ്രമം ഈ ഗ്രന്ഥത്തില്‍ കാണാം. 26 അധ്യായങ്ങളിലൂടെ ഭാരതീയരുടെ സവിശേഷമായ സാമ്പത്തിക കാഴ്ചപ്പാടുകളും വാണിജ്യ ചരിത്രവും വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള പരിശ്രമവും ഗ്രന്ഥകാരന്‍ നടത്തുന്നു. സമൃദ്ധഭാരതം ഒരു കാലഘട്ടത്തില്‍ അപചയത്തിന് വിധേയമായതിന്റെ കാരണങ്ങളെ തിരിച്ചറിയാനും വരുംകാലങ്ങളില്‍ അവയെ യുക്തിപൂര്‍വം നേരിടേണ്ടതിന്റെ ആവശ്യകത ഭാരതീയരുടെ മനസ്സില്‍ സൃഷ്ടിക്കാനും ഈ പുസ്തകം സഹായിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ICSSR) എന്ന സ്ഥാപനത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. കനകസഭാപതിയുടെ Prosperous Indiaഎന്ന ഗ്രന്ഥത്തെ ‘സമ്പല്‍ സമൃദ്ധഭാരതം’ എന്ന പേരോടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപികയായ ഡോ.എസ്.അഞ്ജലി ആണ്. കേരളത്തിലെ മുന്‍ ഡി.ജി.പി ഡോ.ടി.പി.സെന്‍കുമാറിന്റെ അര്‍ത്ഥപൂര്‍ണ്ണമായ അവതാരിക ഗ്രന്ഥത്തിന് മാറ്റ് കൂട്ടുന്നു.
താന്ത്രിക യാത്രകള്‍
കാവില്‍മഠം ദേവദാസ്
ടെല്‍ബ്രെയ്ന്‍ ബുക്‌സ്, കൊച്ചി
പേജ്: 133 വില: 150 രൂപ
മൊ: 8086019363
ആത്മാന്വേഷണത്തിന്റെ അനേകം വഴികളിലൊന്നാണ് തന്ത്രശാസ്ത്രം. ഭാരതീയ ആദ്ധ്യാത്മിക ചിന്താപദ്ധതികളിലെ വളരെ വിസ്തൃതമായൊരു പ്രയോഗശാസ്ത്രം എന്ന നിലയില്‍ കൂടി അതിന് അടിത്തറയുണ്ട്. ഈ അനേകം വഴികള്‍ ഇവിടെ പുഷ്‌കലമാകുകയും ഇല്ലാതാകുകയുമൊക്കെ ചെയ്തുവെന്നുള്ളത് ചരിത്രം. ഇന്നും വിവിധ താന്ത്രികചിന്താസരണികള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്.
ഭാരതത്തിലെ താന്ത്രിക പ്രാധാന്യമുള്ളതും ആലേഖനവഴികളില്‍ ഗുപ്തമാക്കിവെക്കപ്പെട്ടിട്ടുള്ളതുമായ ചില ക്ഷേത്രങ്ങളിലൂടെയും പുണ്യസ്ഥലികളിലൂടെയും നടത്തിയ സഞ്ചാരത്തിന്റെ വിസ്തൃതമായൊരു രേഖാചിത്രണമാണ് കാവില്‍മഠം ഭവദാസിന്റെ താന്ത്രികയാത്രകള്‍ എന്ന പുസ്തകം. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും എന്നതിനപ്പുറം നടന്നഞ്ഞലഞ്ഞ അനുഭവങ്ങളാണ് ഈ പുസ്തകത്തിലത്രയും. അതുകൊണ്ടുതന്നെ ഇതിന്റെ ഭാഷ തികച്ചും ആന്തരികമാണ്. വൈയക്തികമായ അനുഭവങ്ങളേക്കാള്‍ ഓരോ സ്ഥലരാശിയും ഇതിലൂടെ കടന്നുപോകുന്ന ഒരാളോട് എങ്ങനെ സംവദിക്കുന്നുവെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കാശിയില്‍ തുടങ്ങി ശ്രീശൈലത്ത് അവസാനിക്കുന്നതാണ് ഉള്ളടക്കമെങ്കിലും ആത്മീയാനുഭൂതിയുടെ സൗന്ദര്യം സൃഷ്ടിക്കുന്ന കാഴ്ചകളുടെ വാങ്മയധാര സൃഷ്ടിക്കുവാന്‍ എഴുത്തുകാരന് സാധിച്ചിരിക്കുന്നു.
മൃത്യുവിനെ ഉള്‍പ്പെടുത്താതെയുള്ള ഒരാഘോഷവും അന്വേഷണവും ഹിന്ദുവിനില്ല. അതുകൊണ്ടായിരിക്കാം, തന്ത്രംപോലുള്ള ആത്മീയദര്‍ശനങ്ങളുടെ തുടക്കം തന്നെ മൃത്യുവെക്കുറിച്ചുള്ള ബോധ്യങ്ങളില്‍ നിന്നുമായത്. ഈ യാത്രാപുസ്തകവും ആരംഭിക്കുന്നത് അവിമുക്തേശ്വരനഗരിയായ കാശിയില്‍ നിന്നാണ്. കാശി, മോക്ഷത്തിന്റെ നഗരി മാത്രമല്ല, അന്വേഷണത്തിന്റെ വാതായനം കൂടിയാണ്. മഹാകാലേശ്വരന്റെ ഉജ്ജയിനിയും നീലാഞ്ജല്‍പര്‍വതവാസിനിയായ കാമാഖ്യാദേവിയും അവിടത്തെ ഉറങ്ങാത്ത യോഗിനിമാരും രാത്രിമാത്രം ഉണരുന്ന ബംഗാളിലെ മഹാശ്മശാനമായ താരാപീഠവും തുടങ്ങി ഗുപ്തവിദ്യയുടെ രസലോകത്തേക്ക് ആനയിക്കുന്ന നിരവധി വിശേഷങ്ങള്‍ ഈ പുസ്തകത്തിന് നിഗൂഢമായൊരു സൗന്ദര്യം ചമയ്ക്കുന്നുണ്ട്. ആത്മീയജീവിതത്തിന്റെ ഗാഢത നുകര്‍ന്ന ആത്മസായൂജ്യം ഈ ഗ്രന്ഥത്തില്‍ നിന്ന് ലഭിക്കുന്നു. ഭാഷയുടെ ഗുപ്തസൗന്ദര്യം ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.