റവല്യൂഷനറീസ് – ദ അദര്‍ സ്റ്റോറി ഓഫ് ഹൗ ഇന്ത്യ വണ്‍ ഇറ്റ്‌സ് ഫ്രീഡം
-സഞ്ജീവ് സന്യാല്‍
ഹാര്‍പ്പര്‍ കോളിന്‍സ്
പേജ്: 352 വില: 599
ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് സ്വാതന്ത്ര്യ സമരത്തിന്റെ വിപ്ലവ അന്തര്‍ധാരയുമായി ബന്ധപ്പെട്ട കൃതികളാണ്. വിക്രം സമ്പത്തിന്റെ വീരസാവര്‍ക്കറുടെ സമഗ്ര ജീവചരിത്രം രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ അവ ദേശീയ തലത്തില്‍ ബെസ്റ്റ് സെല്ലറുകളായി. ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അവതാരിക എഴുതിയ ഉദയ് മഹൂര്‍ക്കറുടെ സാവര്‍ക്കര്‍ പഠനവും നന്നായി സ്വീകരിക്കപ്പെട്ടു. ഇതോടൊപ്പം വിപ്ലവകാരികളുടെ നിരവധി ജീവചരിത്രങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലായി 2023 ജനുവരിയില്‍ പുറത്തിറങ്ങിയതാണ് സഞ്ജീവ് സന്യാലിന്റെ ‘റവല്യൂഷനറീസ്: ദ അദര്‍ സ്റ്റോറി ഓഫ് ഹൗ ഇന്ത്യ വണ്‍ ഇറ്റ്‌സ് ഫ്രീഡം’ എന്ന പ്രൗഢ ഗ്രന്ഥം.
ഭാരതത്തിന്റെ സായുധ സ്വാതന്ത്ര്യ സമരം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ 1946 ലെ നാവിക കലാപം വരെ നീളുന്ന ഒന്നാണ്. വിപ്ലവകാരികളുടെയും ബ്രിട്ടീഷുകാരെ നടുക്കിക്കൊണ്ട് അവര്‍ നടത്തിയ പ്രത്യാക്രമണത്തിന്റെയും ചരിത്രം തമസ്‌കരിക്കാന്‍ അഹിംസാവാദികള്‍ പരമാവധി ശ്രമിച്ചെങ്കിലും വീര സാവര്‍ക്കര്‍, അരവിന്ദഘോഷ്, രാഷ് ബിഹാരി ബോസ്, ഭാഗാ ജതീന്‍, സചീന്ദ്ര നാഥ സന്യാല്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ ഇന്നും വ്യാപകമായി ഓര്‍മ്മിക്കപ്പെടുന്നുണ്ട് എന്ന വസ്തുത സഞ്ജീവ് സന്യാല്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍.എസ്.എസ്. സ്ഥാപകനായ ഡോ.കെ.ബി. ഹെഡ്‌ഗേവാര്‍ ഉള്‍പ്പെടെയുള്ള മറ്റനേകം വിപ്ലവകാരികളെ കുറിച്ച് ഇന്നത്തെ സമൂഹത്തിന് പരിമിതമായ അറിവേ ഉള്ളൂ. ആ പരിമിതി ഒരു പരിധി വരെ പരിഹരിക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ ഒരു മേന്മയാണ്.
ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. നേതാജി സുഭാഷ് ചന്ദ്രബോസിനെ കോണ്‍ഗ്രസ് പ്രസിഡന്റായി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തതും പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെടാതെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നതും ചരിത്ര പ്രസിദ്ധമാണല്ലോ. 1377 നെതിരെ 1580 വോട്ടുകള്‍ നേടിയാണ് അന്ന് അദ്ദേഹം പട്ടാഭി സീതാരാമയ്യയെ തോല്പിച്ചത്. നേതാജിയെ പുകച്ചു പുറത്തുചാടിക്കുന്നതില്‍ ഗാന്ധിയന്‍ കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒറ്റക്കെട്ടായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവത്തിനു ശേഷം നേതാജിയും സചീന്ദ്ര നാഥ സന്യാലും ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തിന്റെ പുതിയ സാദ്ധ്യതകള്‍ തേടുന്നതിന് മുന്‍ വിപ്ലവകാരികളുടെ അടുത്തേക്ക് ദൂതന്മാരെ അയച്ചിരുന്നു. ഈ കാര്യങ്ങളെ കുറിച്ച് ‘ഇന്‍സെര്‍ച്ച് ഓഫ് ഫ്രീഡം’ എന്ന പുസ്തകത്തില്‍ ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി വിവരിക്കുന്നത് സഞ്ജീവ് സന്യാല്‍ ഇങ്ങനെ അവതരിപ്പിക്കുന്നു: ‘വിപ്ലവകാരികളുടെ ശൃംഖല പുന:സ്ഥാപിക്കുന്നതിനായി നേതാജിയും സന്യാലും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ അക്ബര്‍ ഷാ, ലാഹോറിലെ ഭായി പരമാനന്ദ്, നാഗ്പൂരിലെ കേശവ ഹെഡ്‌ഗേവാര്‍, ഗണേശ് സാവര്‍ക്കര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടു. മുന്‍ വിപ്ലവകാരികള്‍ മൊത്തത്തിലുള്ള പ്രതികരണത്തില്‍ ആവേശഭരിതരായിരുന്നു. കൗതുകകരമെന്നു പറയട്ടെ, രാഷ്ട്രീയവുമായി അകലം പാലിക്കുന്നതില്‍ പ്രസിദ്ധനായ ഹെഡ്‌ഗേവാര്‍, യുദ്ധസമയത്ത് ഒരു സായുധ കലാപം നടത്തുകയാണെങ്കില്‍ 44,000 വരുന്ന ശക്തരായ ആര്‍. എസ്.എസ്. കേഡറിന്റെ സഹായം വാഗ്ദാനം ചെയ്തതായി ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു’.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിപ്ലവ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായാണ് പൊതുവേ ചിത്രീകരിക്കാറ്. എന്നാല്‍ ദേശവ്യാപകമായി വിപ്ലവകാരികള്‍ തമ്മിലും സംഘടനകള്‍ തമ്മിലും ശൃംഖലാ ബന്ധം നിലനിന്നിരുന്നതായി ഗ്രന്ഥകാരന്‍ പറയുന്നു. ആ ശൃംഖലയെ പിന്തുടര്‍ന്നുകൊണ്ട് വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രം അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സുമായും വിപ്ലവകാരികള്‍ക്ക് ബന്ധമുണ്ടായിരുന്നു. വിപ്ലവത്തിന്റെ യുഗം, ഭവാനി മന്ദിര്‍, ഇന്ത്യാ ഹൗസ്, ഗദര്‍, കാലാപാനി, ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍, ചിറ്റഗോംഗ്, ഒടുവിലത്തെ മികച്ച പോരാട്ടം എന്നിങ്ങനെ എട്ട് അദ്ധ്യായങ്ങളിലായാണ് മുഴുവന്‍ വിപ്ലവ പ്രവര്‍ത്തനങ്ങളെയും കോര്‍ത്തിണക്കുന്നത്. കൂടാതെ ഗ്രന്ഥകാരന്റെ ആമുഖവും ഒടുവിലുള്ള അവലോകനവും സ്വാതന്ത്ര്യനു വേണ്ടി വിപ്ലവകാരികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തിലേക്ക് വായനക്കാരുടെ കണ്ണു തുറപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം കൂടിയായ ഗ്രന്ഥകാരന്‍ വിപ്ലവകാരികളുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥലങ്ങളും സന്ദര്‍ശിക്കുകയും അവയുടെ ഇപ്പോഴത്തെ അവസ്ഥ ചിത്രങ്ങളോടെ പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ വിപ്ലവകാരികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏതൊരു വായനക്കാരനെയും പ്രേരിപ്പിക്കുന്നതാണ് സഞ്ജീവ് സന്യാലിന്റെ ശൈലി. ഹാര്‍പ്പര്‍ കോളിന്‍സ് വളരെ ആകര്‍ഷകമായ തരത്തിലാണ് ഈ പുസ്തകം സംവിധാനം ചെയ്ത് വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
Comments