കഴിഞ്ഞ ഫെബ്രുവരി 24 ന് ബൈക്ക് അപകടത്തെ തുടര്‍ന്ന് നിര്യാതനായ ആര്‍.എസ്.എസ്. കുന്ദമംഗലം ഖണ്ഡ് കാര്യവാഹ് ഡോ.എം.സുബ്രഹ്‌മണ്യന്‍ സംഘജീവിതത്തെ സാര്‍ത്ഥകമാക്കിയ സ്വയംസേവകനായിരുന്നു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് സംസ്‌കൃത വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു. വൈകുന്നേരം കോളേജ് വിട്ട് വരുന്ന വഴി കുറ്റിക്കാട്ടൂര്‍ – കുന്ദമംഗലം എം.എല്‍.എ. റോഡിലെ പൈങ്ങോട്ടുപുറം വെള്ളക്കാട്ടുതാഴത്തു വെച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുതത്തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുബ്രഹ്‌മണ്യന്റെ അച്ഛന്‍ പരേതനായ മറുവാട്ടില്‍ വേലായുധന്‍ നായര്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനായിരുന്നു. അന്യാധീനപ്പെട്ടു പോയിരുന്ന പൈങ്ങോട്ടുപുറത്തെ സുബ്രഹ്‌മണ്യ ക്ഷേത്രം, സമിതിയുടെ നേതൃത്വത്തില്‍ വീണ്ടെടുക്കാന്‍ നടത്തിയ പരിശ്രമങ്ങളില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. മക്കളില്ലാതിരുന്ന അദ്ദേഹവും ഭാര്യ ഗൗരിഅമ്മയും സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നിരന്തരം പൂജകള്‍ നടത്തിയതിന്റെ ഫലമായി രണ്ട് ആണ്‍ മക്കളെ ലഭിച്ചു. സുബ്രഹ്‌മണ്യ ഭഗവാനെ അനുസ്മരിച്ചുകൊണ്ട് മൂത്ത മകന് ശ്രീകുമാരന്‍ എന്നും രണ്ടാമത്തെ മകന് സുബ്രഹ്‌മണ്യന്‍ എന്നും പേരിട്ടു.
ലൈബ്രേറിയനും നല്ലൊരു വായനക്കാരനുമായ വേലായുധന്‍ നായര്‍ കേസരിയിലും ജന്മഭൂമിയിലും പതിവായി കത്തുകള്‍ എഴുതാറുണ്ടായിരുന്നു. നല്ല വായനാശീലവും സംസ്‌കാരവും മക്കള്‍ക്ക് അച്ഛനമ്മമാരില്‍ നിന്നു തന്നെ പകര്‍ന്നു കിട്ടി. നിത്യേന ക്ഷേത്ര ദര്‍ശനം കഴിഞ്ഞേ കുടുംബാംഗങ്ങള്‍ എവിടെയും പോകുമായിരുന്നുള്ളൂ. പിച്ചവെക്കാന്‍ തുടങ്ങിയതു മുതല്‍ സുബ്രഹ്‌മണ്യന്‍ ജ്യേഷ്ഠന്റെ കൈയും പിടിച്ച് ശാഖയിലും ബാലഗോകുലത്തിലും പോകാന്‍ തുടങ്ങിയിരുന്നു. ശാഖയില്‍ പോകുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ അച്ഛന്‍ അനുവദിച്ചിരുന്നില്ല. അവര്‍ പോകാതിരുന്നുമില്ല. അങ്ങനെ സംഘം സുബ്രഹ്‌മണ്യന്റെ ജീവിതത്തില്‍ വേര്‍തിരിക്കാനാവാത്ത ഘടകമായി മാറി.
പെരിങ്ങൊളം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു സുബ്രഹ്‌മണ്യന്‍ പത്താം ക്ലാസുവരെ പഠിച്ചിരുന്നത്. മകന്‍ സംസ്‌കൃതത്തില്‍ പരമാവധി പഠനം നടത്തണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതുകൊണ്ട് തുടര്‍ന്നുള്ള പഠനത്തിന് ബാലുശ്ശേരി ആദര്‍ശ സംസ്‌കൃത വിദ്യാപീഠത്തില്‍ ചേര്‍ത്തു. അവിടെ വെച്ച് പ്രാക് ശാസ്ത്രിയും ശാസ്ത്രിയും ആചാര്യയും പൂര്‍ത്തിയാക്കി. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.ഫിലിന് ചേര്‍ന്ന ശേഷം പിന്നീട് ബി.എഡും പൂര്‍ത്തിയാക്കി. അതു കഴിഞ്ഞ് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി. ‘ഭഗവദ് ഗീത – ദ്വൈത – അദ്വൈത – വിശിഷ്ടാദ്വൈത വ്യാഖ്യാനങ്ങളുടെ താരതമ്യാത്മക പഠനം’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഗുരുവായൂരപ്പന്‍ കോളേജിലെ സംസ്‌കൃത വിഭാഗം തലവന്‍ ഡോ.സി. ശ്രീകുമാറായിരുന്നു മാര്‍ഗ്ഗദര്‍ശകന്‍. സമഗ്രമായി, സമയബന്ധിതമായി, സംസ്‌കൃത ഭാഷയില്‍ തന്നെയാണ് സുബ്രഹ്‌മണ്യന്‍ ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കിയത്.
സംസ്‌കൃതത്തില്‍ ഗവേഷണ ബിരുദം നേടിയ സുബ്രഹ്‌മണ്യന് വൈകാതെ ഗുരുവായൂരപ്പന്‍ കോളേജ് സംസ്‌കൃത വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായി നിയമനം കിട്ടി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ജോലി ചെയ്തു വരികയായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും സഹപാഠികള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന സുബ്രഹ്‌മണ്യന്‍ കോളേജിലെ എല്ലാ പരിപാടികള്‍ക്കും സജീവമായ നേതൃത്വം വഹിച്ചിരുന്നു. അപകടം സംഭവിക്കുന്നതിന്റെ തലേ ദിവസമാണ് കുട്ടികളെ ഗോകര്‍ണ്ണത്ത് പഠന യാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്തിയത്.
അദ്ധ്യയനത്തിന്റെയും അദ്ധ്യാപനത്തിന്റെയും തിരക്കുകള്‍ക്കിടയിലും സംഘപ്രവര്‍ത്തനത്തില്‍ തന്റെ കഴിവിന്റെ പരമാവധി നിഷ്ഠയോടെ പ്രവര്‍ത്തിക്കാന്‍ സുബ്രഹ്‌മണ്യന്‍ ശ്രമിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ സംഘത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചു. പഠിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥി പരിഷത്തിന്റെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തു. പഠനത്തിന്റെ ഇടവേളയിലാണ് രണ്ട് വര്‍ഷം വടകരയില്‍ പ്രചാരകനായി പ്രവര്‍ത്തിച്ചത്. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചു പറ്റിയ ഒരു പ്രവര്‍ത്തന ശൈലിയായിരുന്നു സുബ്രഹ്‌മണ്യന്റേത്. കുന്ദമംഗലം ഖണ്ഡ് കാര്യവാഹെന്ന നിലയില്‍ എല്ലാവര്‍ക്കും പ്രേരണ നല്‍കിക്കൊണ്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
സംഘകുടുംബത്തിലെ അമ്മമാര്‍ക്ക് മകനും പ്രായത്തില്‍ മുതിര്‍ന്ന സ്വയംസേവകര്‍ക്ക് അനുജനും ഇളയ സ്വയംസേവകര്‍ക്ക് ജ്യേഷ്ഠനുമാണ് സുബ്രഹ്‌മണ്യന്റെ വേര്‍പാടിലൂടെ നഷ്ടമായത്. അകാലത്തില്‍ പൊലിഞ്ഞു പോയെങ്കിലും എല്ലാവരുടെയും മുന്നില്‍ സമര്‍പ്പിതചേതസ്സായ ഒരു സംഘപ്രവര്‍ത്തകന്റെ ജീവിക്കുന്നമാതൃകയായി സുബ്രഹ്‌മണ്യന്‍ എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.
Comments