കേരളത്തിന്റെ ധനസ്ഥിതി അപകടകരമായ രീതിയിലായിട്ട് കുറേക്കാലമായി. അതിനുകാരണമായി ധനതത്ത്വജ്ഞന്മാരൊക്കെ പറയുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും പെന്‍ഷനുമാണെന്നാണ്. അതുശരിയാണോ? ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും കേരളത്തില്‍ ഇന്നൊരു സര്‍ക്കാരുദ്യോഗസ്ഥനു ലഭിക്കുന്നതിനേക്കാള്‍ പെന്‍ഷനും ശമ്പളവും ലഭിക്കുന്നുണ്ട്. ഗള്‍ഫിലും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും കേരളത്തിലെ ഒരു സര്‍ക്കാരുദ്യോഗസ്ഥന് ചിന്തിക്കാവുന്നതിലും എത്രയോ കൂടുതല്‍ ശമ്പളം ലഭിക്കുന്നു; പെന്‍ഷന്റെയും സ്ഥിതി അതുതന്നെ. എന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് കേരളത്തിലെ ധനകാര്യ വിദഗ്ദ്ധന്മാരുടെ ശ്രമം. സാധാരണ മലയാളിയുടെ വരുമാനത്തിലും മുകളിലാണ് ശമ്പളമെന്നതിനാല്‍ സാധാരണക്കാര്‍ ഒരുതരം ശത്രുത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു വച്ചുപുലര്‍ത്തുന്നുമുണ്ട്. മുട്ടനാടുകളെ തമ്മില്‍ തല്ലിച്ചു ചോരകുടിക്കുന്ന സൃഗാല തന്ത്രം പയറ്റുന്ന രാഷ്ട്രീയക്കാരന്‍ ഈ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നു.
സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളമല്ല എണ്ണമാണ് കേരളത്തിന്റെ പ്രശ്‌നം. ഓരോ രാഷ്ട്രീയക്കാരും അവരുടെ സൗകര്യത്തിനനുസരിച്ച് തസ്തികകള്‍ ഉണ്ടാക്കി ബന്ധുക്കളേയും പാര്‍ട്ടിക്കാരേയും തിരുകിക്കയറ്റിയതുകൊണ്ട് യഥാര്‍ത്ഥത്തില്‍ വേണ്ടതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെങ്കിലും സര്‍ക്കാര്‍ മേഖലയിലുണ്ട്. അതില്‍ കുറച്ചുപേരെ ഉത്പാദന ക്ഷമമായ മറ്റു മേഖലകളിലേയ്ക്ക് പുനര്‍വിന്യസിക്കാന്‍ കഴിഞ്ഞാല്‍ അതു പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗമായി. സര്‍ക്കാര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാത്തതുകാരണം ആ മേഖലയില്‍ തൊഴിലവസരങ്ങളില്ല. സ്വകാര്യസംരംഭകരെ ശത്രുക്കളായി കാണുന്ന ഇടതുപക്ഷ മനോഭാവം കേരളത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ അനാവശ്യമായി ശിക്ഷിക്കുന്നതുപോലെ സര്‍ക്കാര്‍ ജീവനക്കാരെയും ശിക്ഷിക്കാന്‍ തക്ക മനോഭാവം വളര്‍ത്തിയെടുക്കാന്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നു. അതേസമയം പണിയൊന്നുമില്ലാത്ത രാഷ്ട്രീയക്കാരെ തിരുകിക്കയറ്റുന്ന പണിയും പുരോഗമിക്കുന്നു. വ്യക്തമായ ഒരു വികസന നയം, അതു സ്വകാര്യമേഖലയുടെ സഹായത്തോടെ നടപ്പാക്കിയാലേ കേരളം രക്ഷപ്പെടൂ. അതിനു സര്‍ക്കാര്‍ ജീവനക്കാരെ പഴിക്കുന്നതുകൊണ്ടു രക്ഷയില്ല.
കലാകൗമുദിയില്‍ (ഫെബ്രു. 12-19) വി.ഡി.സെല്‍വരാജ് എഴുതിയിരിക്കുന്ന ലേഖനത്തിലും മേല്‍പ്പറഞ്ഞ സംഗതിക്ക് വലിയപ്രധാന്യം കൊടുത്തിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് അനധികൃതമായി ആളുകളെ തിരുകിക്കയറ്റുന്നതിനുള്ള അധികാരമല്ലേ എടുത്തു കളയേണ്ടത്? ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവരേയും ഭീമമായ തുക പെന്‍ഷന്‍ വാങ്ങുന്നവരേയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കാരണം അത്തരക്കാര്‍ അവര്‍ക്കുവേണ്ടപ്പെട്ടവരാണ്. പരമാവധി പെന്‍ഷന്‍ അന്‍പതിനായിരമോ അറുപതിനായിരമോ ആക്കി നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവും. പക്ഷെ, അതു ഒരിക്കലും അവര്‍ ചെയ്യില്ല. കേന്ദ്രപെന്‍ഷനും സംസ്ഥാന പെന്‍ഷനും ഒത്തു വാങ്ങുന്നവരുണ്ട്. പട്ടാളക്കാര്‍ ഒഴികെയുള്ളവര്‍ക്ക് അത്തരം ആനുകൂല്യം നല്‍കുന്നതു നിയന്ത്രിക്കാവുന്നതേയുള്ളൂ. അതും ചെയ്യാനവര്‍ക്ക് താല്പര്യമില്ല. പകരം സാധാരണ ജനങ്ങളെയും തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമം.
കലാകൗമുദിയില്‍ ഇത്തവണയും കവിതകള്‍ക്കു കുറവില്ല. ഒന്‍പതെണ്ണമുണ്ട്. അതില്‍ സാബു കോട്ടുക്കലിന്റെ കവിത ‘അടുക്കള തിരിച്ചു പിടിക്കുക’, അതിന്റെ ഉള്ളടക്കത്തിന്റെ പുതുമ കൊണ്ടു ശ്രദ്ധേയമാണ്. ‘അടുക്കള തിരിച്ചു പിടിക്കുക’ എന്ന മുദ്രാവാക്യം കുറേ കാലമായി നമ്മള്‍ കേള്‍ക്കുന്നതാണ്. എന്നാല്‍ സാബു ആ അര്‍ത്ഥത്തിലല്ല ഇവിടെ ഈ മുദ്രാവാക്യത്തെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. സ്ത്രീപക്ഷപാതികള്‍ ചിലപ്പോള്‍ കവിയ്‌ക്കെതിരെ പ്രതിഷേധിക്കാനും സാധ്യതയുണ്ട്. അടുക്കളയുടെ ഇരുട്ടില്‍ നിന്നു പുറത്തുചാടാന്‍ വേണ്ടി സ്ത്രീകള്‍ എത്രയോ കാലമായി കലഹിക്കുന്നു. കേരളത്തിലെ ആദ്യത്തെ വിമോചനകൃതിയുടെ പേരു തന്നെ ‘അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക്’ എന്നായിരുന്നല്ലോ. ഇവിടെ കവി അടുക്കളയിലേയ്ക്ക് തിരിച്ചുപോകാനാണ് പറയുന്നത്. അവിടം വൈവിധ്യങ്ങളുടെയും സര്‍ഗ്ഗാത്മകതയുടെയും ഇടമാണെന്ന് കവി പറയുന്നു. ‘എഴുത്തു മുറിയെക്കാള്‍ സര്‍ഗാത്മകമാണ് അടുക്കളയെന്നാണ് സാബുവിന്റെ പക്ഷം.
ഒരു ചെറിയ ചിരിവിരിയും എന്നല്ലാതെ കവിതയ്ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീവിമോചനത്തിന്റെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കാവുന്ന വെര്‍ജിനിയ വുള്‍ഫിന്റെ ഉപന്യാസം A room of One Own (1928–ല്‍ ച Newham College ലും Girfon College ലും വുള്‍ഫ് നടത്തിയ പ്രഭാഷണങ്ങള്‍) പുറത്തു വന്നപ്പോള്‍ മുതല്‍ സ്ത്രീകള്‍ അടുക്കള ഉപേക്ഷിക്കാനും സാമ്പത്തിക സ്വയം പര്യാപ്തത ആര്‍ജ്ജിക്കാനും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു. അവരോട് അടുക്കളയിലേയ്ക്ക് മടങ്ങിപ്പോകാന്‍ പറഞ്ഞാല്‍ എങ്ങനെ വകവച്ചുതരാനാണ്? കവിയ്‌ക്കെതിരെ സ്ത്രീകള്‍ സമരം നടത്തിയാല്‍ അതില്‍ അവരെ കുറ്റം പറയാനാവില്ല. കലാകൗമുദിയില്‍ത്തന്നെ മറ്റൊരു സ്ത്രീ കവി ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ന്യായീകരിച്ചുകൊണ്ട് മറ്റൊരു കവിത എഴുതിയിട്ടുമുണ്ട്.
അജിത്രി എന്നുപേരുള്ള ഒരു കവിയാണ് ശബരിമല സ്ത്രീപ്രശ്‌നം പരോക്ഷമായി ‘പമ്പരം’ എന്ന കവിതയില്‍ ഉന്നയിച്ചിരിക്കുന്നത്. ജാതി, കറുപ്പ് തുടങ്ങിയ സ്ഥിരം ഭിന്നിപ്പിക്കല്‍ ബിംബങ്ങളാണ് കവി ഉപയോഗിക്കുന്നത്. കേരളത്തില്‍ ഇന്നു കാണുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ജനസംഖ്യയില്‍ കഷ്ടിച്ച് 1.5% മാത്രം വരുന്ന ബ്രാഹ്‌മണരും അവരുണ്ടാക്കിയ ജാതിയുമാണെന്നെഴുതുന്നത് പതിവു രീതിയാണ്. ഒരു എം.എല്‍.എ പോലുമില്ലാത്ത ബ്രാഹ്‌മണര്‍ ബാക്കി 98.5 ശതമാനത്തെയും ഇപ്പോഴും അടിച്ചമര്‍ത്തി ഭരിക്കുന്നുവെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. കറുത്തിരിക്കുന്നതുകൊണ്ടാണ് പലരും പിന്‍തള്ളപ്പെടുന്നതെന്നും പറയുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തനായിരുന്ന ബ്രാഹ്‌മണന്‍ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് നല്ല കറുത്തനിറക്കാരനായിരുന്നു. അദ്ദേഹവും പീഡിപ്പിക്കപ്പെട്ടിരുന്നോ എന്തോ? ‘മലകയറുന്നത് ജാതിയാണത്രേ!’ സ്ത്രീപ്രവേശവും ജാതിയുമായി എന്തുബന്ധം? യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനേ ഈ ജാതി ആരോപണങ്ങള്‍ ഉപകരിക്കൂ! സമ്പത്താണ് പ്രശ്‌നം. സമ്പത്തിന്റെ വിതരണം തുല്യമായാല്‍ ജാതി അപ്രസക്തമാകും.
കലാകൗമുദിയില്‍ മാലൂര്‍ മുരളീധരനും മാതൃഭൂമിയില്‍ കെ.സി. നാരായണനും ചര്‍ച്ച ചെയ്യുന്നത് ഭാഷയിലെ പ്രയോഗവൈകല്യങ്ങളെക്കുറിച്ചുതന്നെ. തത്ത്വം എന്ന് ഇരട്ടിച്ചു തന്നെ എഴുതണമെന്ന് മാലൂര്‍. ശബ്ദതാരാവലിയിലും അത് തന്നെ തത്+ത്വം = തത്ത്വം. പന്മനയുടെ ശുദ്ധമലയാളം എന്ന കൃതിയിലും തത്ത്വം എന്നുതന്നെ. തത്+ത്വം = തത്ത്വമായാല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന സന്ധി നിയമമേതാണ്? ഒരു ത കാരം ലോപിക്കുകയോ ഇരട്ടിക്കുകയോ ആദേശം ചെയ്യുകയോ ഒന്നും സംഭവിക്കുന്നില്ല. വ്യാകരണം പഠിച്ചു തുടങ്ങിയ കാലം മുതല്‍ മനസ്സില്‍ ഉണ്ടായിരുന്ന ഒരു സംശയമാണ് ‘തത്വ’ത്തിന്റേത്. അതിന്നും പരിഹരിക്കപ്പെട്ടുവെന്നു പറയാന്‍ കഴിയില്ല. തത് (തല്‍) എന്നും തദ് എന്നും ഉപയോഗിക്കുന്നത് ഒരേ പദമല്ലേ? എന്നിട്ടും അവ ഭിന്നമായി ചേര്‍ത്തെഴുതുന്ന രീതിയും കാണുന്നു. ഇക്കാര്യങ്ങള്‍ ഭാഷാ പണ്ഡിതന്മാര്‍ വിശദമാക്കട്ടെ.
കെ.സി. സംസ്‌കൃതത്തിന് അയിത്തം പ്രഖ്യാപിക്കുന്നു. സംസ്‌കൃതമില്ലെങ്കില്‍ ഇന്ത്യയില്‍ ഒരു ഭാഷയുമില്ല. ആദിവാസി ഭാഷയില്‍ പോലും ചെറിയതോതിലെങ്കിലും സംസ്‌കൃതത്തിന്റെ സ്വാധീനമുണ്ട്. സംസ്‌കൃതത്തെ പടിക്കുപുറത്തു നിര്‍ത്തേണ്ടതില്ല. നഖവും മുഖവും ഉദരവും ശിരസും കരചരണങ്ങളുമൊക്കെ സംസ്‌കൃതമല്ലേ? അതൊക്കെ പോയാല്‍ പിന്നെന്തുണ്ടുബാക്കി. തനി മലയാളപദം എന്നൊന്നുണ്ടെന്നു തോന്നുന്നില്ല.
മാതൃഭൂമിയിലെ (ഫെബ്രു.26 – മാര്‍ച്ച് 4) കെ. രാജഗോപാലിന്റെ കവിത ‘ജലസമാധി’ പുതുമയും സൗന്ദര്യവും വ്യത്യസ്തതയുമുള്ള കവിതയാണ്. തനി ഗ്രാമീണമായ പഴയ ജീവിതത്തില്‍ കാണുന്ന ഒരു മുങ്ങി മരണമാണ് കവി അവതരിപ്പിക്കുന്നത്. അത് ആവര്‍ത്തിച്ചുള്ള പാരായണത്തിലൂടെ മാത്രമേ വെളിവാകുകയുള്ളൂ. നാട്ടുവഴക്കത്തിന്റെ താളവും സൗന്ദര്യവും ആവാഹിച്ചെടുത്ത കവിത എന്നു പറയാം. ”കടി ച്ചീമ്പാനൊരു കരിമ്പുതായോ തുഴക്കാരാ കടവത്തേയ്‌ക്കെറിഞ്ഞുതായോ” ഇതിലെ ‘തായോ’ എന്ന പദത്തിന്റെ ആവര്‍ത്തനം താളഭംഗിയുണര്‍ത്തന്നതാണ്. ”വെടികൊണ്ടു മായുന്ന മൃഗം കണക്കെ ചുടുചോര തളിച്ചന്തിപരക്കം പാഞ്ഞു”. സന്ധ്യയുടെ സൗന്ദര്യത്തെക്കുറിച്ച് ഇത്ര മനോഹരമായി മാറ്റാരെങ്കിലും എഴുതിയിട്ടുണ്ടോ എന്തോ? വെടികൊണ്ടു മറയുന്ന ഒരു മൃഗം തളിച്ച ചോര എന്ന് അന്തിച്ചുവപ്പിനെ വര്‍ണിച്ചത് അപൂര്‍വ്വമായ കല്പന തന്നെ.
”അലറിപൂത്ത കാവുകളില്‍ കുരുതിപൂത്തപോലെ, പകലറുതിപരല്‍ നിരകള്‍ കോല്‍ത്തിരികള്‍പോലെ” എന്നിങ്ങനെ ഇടശ്ശേരി വര്‍ണ്ണിച്ചിട്ടുണ്ട്. കുരുതിച്ചോര പോലെ അലറിമരം പൂത്തതായി മഹാകവിപാടി. അന്തിച്ചുവപ്പിനെ ചോരയോട് പല കവികളും ഉപമിക്കാറുണ്ട്. എന്നാല്‍ ‘വെടിക്കൊണ്ട മൃഗം വാര്‍ത്ത ചോര’ എന്നും അന്തിപരക്കം പാഞ്ഞു എന്നുമൊക്കെ ആരും എഴുതിക്കണ്ടിട്ടില്ല. കൂട്ടുകാരന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു എന്നതിന് ”ജലക്കണ്ണാടികള്‍ പൊട്ടിച്ചവന്‍ മറഞ്ഞു” എന്നാണെഴുതിയിരിക്കുന്നത്. ”തുടിച്ചുമുങ്ങി വന്നെന്റെ തുണിപറിക്കാന്‍ തിടുക്കപ്പെട്ടിനി വരാതിരിക്കുമോ നീ” എന്ന് വേദനിക്കുമ്പോള്‍ നമ്മളിലും ആ നഷ്ട ത്തിന്റെയും സൗഹൃദത്തിന്റെയും വ്യാപ്തി വെളിവാകുന്നു; കൂട്ടത്തില്‍ ഒരു നാടന്‍ ജീവിതത്തിന്റെ ഓര്‍മ്മകളും. വല്ലപ്പോഴും മാത്രം ലഭിക്കുന്ന അവസരമാണ് നല്ല കവിത വായിക്കാന്‍ കഴിയുക എന്നത്. രാജഗോപാല്‍ ഇക്കവിതയിലൂടെ അങ്ങനെ ഒരു അവസരമൊരുക്കുന്നു. ഒരു മുങ്ങി മരണത്തിന്റെ എല്ലാ ഭീകരതകളും വരികളില്‍ ആവാഹിച്ച ഇക്കവിത പക്ഷേ ഒരിക്കല്‍ കൂടി വായിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം കവിത എന്നെ ഭയപ്പെടുത്തുന്നു. മരിച്ചയാളിന്റെ സുഹൃത്തോ ബന്ധുവോ ആയി ഞാന്‍ മാറിപ്പോകുന്നു.