നമ്മുടെ സമാജം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമുണ്ട്. സംഘം ആ പ്രശ്‌നം ഉന്നയിക്കുകയും അതിനെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. അത് ജനസംഖ്യാനയം, ജനസംഖ്യാ അസന്തുലനം എന്നിവയെ സംബന്ധിക്കുന്നതാണ്. എന്തുകൊണ്ടും അത് സങ്കീര്‍ണമായ ഒരു പ്രശ്‌നം തന്നെയാണ്. ഇതിനെ ഒരു ഹിന്ദു-മുസ്ലിം പ്രശ്‌നമെന്ന തരത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ഒരു സമവായമുണ്ടാക്കുന്നതെങ്ങനെ?
♠ആദ്യം വേണ്ടത് ഹിന്ദുക്കള്‍ ഈ കാര്യം മനസ്സിലാക്കുക എന്നതാണ്. കാരണം ഹിന്ദുക്കളാണ് ഭൂരിപക്ഷം. അവരെ സംബന്ധിച്ച് ഈ രാജ്യം തങ്ങളുടെ സ്വന്തമാണെന്ന തോന്നലുണ്ട്. ഹിന്ദുക്കളുടെ ഉന്നമനം രാജ്യത്ത് എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കും. ഇതാദ്യം മനസ്സിലാക്കേണ്ടത് ഹിന്ദുക്കളാണ്. ജനസംഖ്യ ഒരു സ്വത്താണ് (asset). പക്ഷെ, അതൊരു കനത്ത ബാധ്യതയുമായിത്തീരാം. ഞാന്‍ ഒരു പ്രഭാഷണത്തില്‍ പറഞ്ഞപോലെ, നമുക്ക് സുചിന്തിതവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ ഒരു ജനസംഖ്യാ നയം ഉണ്ടാകേണ്ടത് അനിവാര്യമാണ്. എല്ലാവരും തുല്യമായി അത് നടപ്പാക്കുകയും വേണം. എന്തായാലും, അത് നിര്‍ബ്ബന്ധപൂര്‍വ്വം നടപ്പാക്കരുത്. വിദ്യാഭ്യാസത്തിലൂടെ ജനങ്ങളില്‍ പ്രബുദ്ധത വളര്‍ത്തി വേണം അത് ചെയ്യാന്‍.
ജനസംഖ്യാ അസന്തുലിതാവസ്ഥ ഒരു പ്രായോഗിക പ്രശ്‌നമാണ്. ജനസംഖ്യാ അസന്തുലിതാവസ്ഥ ഉണ്ടായപ്പോഴൊക്കെ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ജനങ്ങളുടെയും നാഗരികതകളുടെയും ആക്രാമിക സ്വഭാവമാണിതിന് കാരണം. ഇതില്‍ യാതൊരു ആക്രാമിക സ്വഭാവവും കാണിക്കാതെ വേറിട്ടുനില്‍ക്കുന്നത് ഹിന്ദുസമൂഹം മാത്രമാണ്. സമാധാനവാദം, അഹിംസ, ജനാധിപത്യം, മതേതരത്വം എന്നിവയുടെ നിലനില്‍പ്പിന് ആക്രാമിക സ്വഭാവമില്ലാത്തവര്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ടിമോറിന്റേയും സുഡാന്റേയും പാകിസ്ഥാന്റേയുമെല്ലാം ദുരനുഭവം നമ്മുടെ മുമ്പിലുണ്ട്. ഈ വിഷയത്തില്‍ നാം പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചേ പറ്റൂ. പൂര്‍ണമായും ഒരു പക്ഷവും പിടിക്കാതെ, ഹിന്ദുക്കള്‍ക്കുവേണ്ടിയോ, മറ്റേതെങ്കിലും വിഭാഗത്തിനുവേണ്ടിയോ പക്ഷം പിടിക്കാതെ പാകിസ്ഥാന്‍ രൂപീകരണത്തിന്റെ കാരണമെന്തായിരുന്നെന്ന് വസ്തുനിഷ്ഠമായി നാം ചോദിക്കണം.
ചരിത്രം രേഖപ്പെടുത്തി തുടങ്ങിയ കാലം തൊട്ട് ഭാരതം അഖണ്ഡവും അവിഭക്തവുമായിരുന്നു. ഇസ്ലാമിന്റെ നാശകാരിയായ ആക്രമണം അവസാനിപ്പിച്ചത് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. എന്തുകൊണ്ട് പിന്നീട് രാജ്യം പെട്ടെന്ന് വിഭജിക്കപ്പെട്ടു? ഞാന്‍ അതിന് ഒരു കാരണം മാത്രമാണ് കാണുന്നത്. ഹിന്ദുഭാവം എപ്പോഴെല്ലാം വിസ്മരിക്കപ്പെട്ടുവോ അന്നെല്ലാം മഹാവിപത്തുകള്‍ ഉണ്ടായിട്ടുണ്ട്. സഹോദരന്‍ വേര്‍പിരിഞ്ഞു… ഭൂമി നഷ്ടപ്പെട്ടു… ധര്‍മ്മ സ്ഥാപനങ്ങള്‍ നശിച്ചുപോയി (ഹിന്ദുഭാവ് കോ ജബ് ജബ് ഭൂലേ ആയീ വിപദ് മഹാന്‍. ഭായീ ടൂടേ.. ധര്‍തീ ഖോയീ… മിടേ ധര്‍മ്മ സംസ്ഥാന്‍).
ഞാന്‍ ആര്‍ക്കും എതിരെ പറയാനല്ല ശ്രമിക്കുന്നത്. എന്നാല്‍ ഭാരതം മുമ്പൊരിക്കലും ഇത്ര വലിയ തോതിലുള്ള കൂട്ടക്കൊലക്ക് സാക്ഷ്യം വഹിച്ചിരുന്നില്ല. നാം കലിംഗയുദ്ധത്തെക്കുറിച്ച് പറഞ്ഞാല്‍ അതൊരു പ്രാദേശിക യുദ്ധമായിരുന്നു എന്നതോടൊപ്പം പെട്ടെന്ന് അവസാനിക്കുകയും ചെയ്തു. നാം ഇതെല്ലാം നേരിടേണ്ടി വന്നത് നാം ഹിന്ദു ഭാവത്തെ മറന്നതുകൊണ്ടാണ്. നാം ഹിന്ദു ഭാവമെന്ന് പറയുമ്പോള്‍ ഇസ്ലാം ആരാധനാക്രമത്തിന് അത് ഒരു പ്രതിബന്ധവും സൃഷ്ടിക്കുന്നില്ല. ഹിന്ദു എന്നത് നമ്മുടെ സ്വത്വമാണ്, നമ്മുടെ ദേശീയതയാണ്, നമ്മുടെ മനോഭാവമാണ് – എല്ലാവരേയും സ്വന്തമെന്നു കരുതുന്ന മനോഭാവം; എല്ലാവരേയും ഒപ്പം കൂട്ടുന്ന മനോഭാവം. ”എന്റേതു മാത്രം ശരി, നിങ്ങളുടേത് തെറ്റ്” എന്ന് നാമൊരിക്കലും പറയാറില്ല. നിങ്ങള്‍ നിങ്ങളുടെ സ്ഥാനത്ത് ശരി, ഞാനെന്റെ സ്ഥാനത്തും. പിന്നെ എന്തിന് പരസ്പരം കലഹിക്കണം? നമുക്ക് ഒരുമിച്ചു നീങ്ങാം. ഇതാണ് ഹിന്ദുത്വം. ഈ മൂല്യം പിന്തുടരുന്നവര്‍ ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം ഭാരതം ഒന്നായി നിലനില്‍ക്കും. ഐക്യപ്പെട്ടു നില്‍ക്കുന്ന ഭാരതം ലോകത്തിനാകമാനം ഐക്യവും ശക്തിയും പകര്‍ന്നു നല്‍കും. ഇത് ഭാരതത്തിന്റെ മാത്രമല്ല മുഴുവന്‍ മാനവരാശിയുടേയും ക്ഷേമത്തിന്റെ പ്രശ്‌നമാണ്. ഹിന്ദുസമൂഹം ഇല്ലാതായിത്തീരുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. മറ്റ് സമൂഹങ്ങള്‍ പ്രഭുത്വം നേടുന്നതിനുവേണ്ടിയുള്ള യുദ്ധമാരംഭിക്കും. ഇത് അനുപേക്ഷണീയമാണ്. ഈ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ഉടലെടുക്കാതിരിക്കുന്നതിന്റെ ഉത്തരവാദി ഹിന്ദുസമാജത്തിന്റെ സാന്നിധ്യമാണ് എന്ന് വ്യക്തമാണ്.
സരളമായ സത്യം ഹിന്ദുസ്ഥാന്‍, ഹിന്ദുസ്ഥാനമായി നിലനില്‍ക്കണമെന്നതാണ്. ഭാരതത്തില്‍ ഇപ്പോള്‍ ജീവിക്കുന്ന മുസ്ലീങ്ങള്‍ക്ക് യാതൊരു ഹാനിയും സംഭവിക്കില്ല. അവര്‍ അവരുടെ മതവിശ്വാസം പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെയാകാം. തങ്ങളുടെ പൂര്‍വ്വികരുടെ മതവിശ്വാസത്തിലേക്ക് തിരിച്ചുവരാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അങ്ങിനെ ചെയ്യാം. ഇത് തീരുമാനിക്കാനുള്ള അവകാശം പൂര്‍ണമായും അവരുടെതാണ്. ഹിന്ദുവിന് യാതൊരു പിടിവാശിയുമില്ല. ഇസ്ലാമിന് യാതൊന്നും പേടിക്കേണ്ടതായിട്ടില്ല. അതേസമയം, ഞങ്ങള്‍ വലിയ ആളുകളാണ്, ഒരു കാലത്ത് ഇവിടെ ഭരണം നടത്തിയവരാണ്, വീണ്ടും ഇവിടെ ഭരിക്കും എന്ന മനോഭാവം അവര്‍ ഉപേക്ഷിക്കണം. ഞങ്ങളുടെ മാത്രമാണ് ശരിയായ മാര്‍ഗ്ഗം, മറ്റെല്ലാ മാര്‍ഗ്ഗങ്ങളും തെറ്റാണ്; ഞങ്ങള്‍ വ്യത്യസ്തരാണ്, വ്യത്യസ്തരായി തന്നെ തുടരും. ഞങ്ങള്‍ക്ക് എല്ലാവരോടുമൊപ്പം ഒരുമിച്ചു കഴിയാനാവില്ല തുടങ്ങിയ ചിന്തകള്‍ അവര്‍ ഉപേക്ഷിക്കണം. യഥാര്‍ത്ഥത്തില്‍, ഇവിടെ ജീവിക്കുന്നവരെല്ലാം – ഒരു ഹിന്ദുവായാലും ഒരു കമ്മ്യൂണിസ്റ്റായാലും – ഈ ന്യായവാദം ഉപേക്ഷിക്കണം. ഏതായാലും, ജനസംഖ്യയിലെ അസന്തുലിതാവസ്ഥ വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ്. അതിനെക്കുറിച്ച് തീര്‍ച്ചയായും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഇത് പറയുമ്പോള്‍ എന്നോട് വിയോജിക്കുകയും എന്നെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവര്‍ രംഗത്തുവരുമെന്ന് എനിക്കറിയാം. എന്നാല്‍ അവര്‍ ഭരണാധികാരം കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ക്കും ഇതേകാര്യം ചെയ്യേണ്ടിവരും. ഭാരതം സ്വതന്ത്രമായ കാലം തൊട്ട് ഇന്നോളം അധികാരത്തിലിരുന്നവര്‍, അവരുടെ മതവിശ്വാസത്തിന് അതീതമായി ഈ വിഷയത്തെക്കുറിച്ച് ആകുലപ്പെട്ടിട്ടുണ്ട്. ഭാരതത്തില്‍ ഭരണാധികാരത്തിലിരിക്കുകയും ഭാരതത്തിന്റെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ നാം തുറന്നു പറയുന്നുവെന്ന് മാത്രം.
നാം ആരെയും എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ, ഇത് ജനനസംഖ്യാ നിരക്കിന്റെ മാത്രം പ്രശ്‌നമല്ല. മതപരിവര്‍ത്തനവും അനധികൃത നുഴഞ്ഞു കയറ്റവുമാണ് ജനസംഖ്യാ അസന്തുലനത്തിന് മുഖ്യ കാരണങ്ങള്‍. ഇത് തടഞ്ഞാല്‍ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനാകും എന്നതും നാം കണ്ടതാണ്. അതുകൊണ്ട് ജനസംഖ്യാനയം ഈ സന്തുലനം ഉറപ്പാക്കണം. ജനനനിരക്കും മറ്റും കാരണം ചെറിയതോതില്‍ അസന്തുലനം ഉണ്ടായേക്കാം. ഈ കാര്യവും പരിഗണിക്കേണ്ടതാണ്.
ഈ സന്ദര്‍ഭത്തില്‍ ഹിന്ദുക്കളുടെ മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന വിഷയവും ഉയര്‍ന്നുവരുന്നുണ്ട്. ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം തങ്ങളുടെ അധികാരങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗരൂകരായിട്ടുണ്ട്. അമേരിക്കയില്‍ ചിലയിടങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങള്‍, ട്രസ്റ്റുകള്‍ മുതലായ വിഷയങ്ങളെക്കുറിച്ച് പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. ഹിന്ദുത്വത്തെ സംബന്ധിച്ച്, ചില സമ്മേളനങ്ങളില്‍, സംഘത്തിന്റെ വിചാരധാര കാരണം സമൂഹത്തിലാകമാനം ആക്രാമികത വര്‍ദ്ധിച്ചതായി ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മറുവശത്ത്, യൂറോപ്പില്‍ ബിര്‍മിങ്ഹാം, ലീസെസ്റ്റര്‍ എന്നിവിടങ്ങളില്‍ സംഘത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു. സംഘത്തെക്കുറിച്ചുള്ള ഈ ധാരണ തിരുത്തുന്നതിന് സംഘം എന്തെങ്കിലും ചെയ്യുന്നുണ്ടോ? ആഗോളതലത്തില്‍ ഹിന്ദുക്കളുടെ മനുഷ്യാവകാശം, ഹിന്ദുഫോബിയ എന്നിവയെ കുറിച്ച് എന്തെങ്കിലും ചിന്തകള്‍ നടക്കുന്നുണ്ടോ?
♠ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുന്ന ധാരാളം ആളുകളുണ്ട്. ഈ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ നമ്മുടെതായ ഒരു വേദി രൂപീകരിക്കാന്‍ നമുക്ക് പദ്ധതിയില്ല. ഇപ്പോള്‍ നിലവിലുള്ള വേദികള്‍ക്ക് ശക്തി പകരാനാണ് നമ്മുടെ പദ്ധതി. ഹിന്ദുസമൂഹം ഉണര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിനാല്‍ ഈയൊരു ഘട്ടത്തിലൂടെ നാം കടന്നു പോകേണ്ടിവരും. ഹിന്ദു സമാജം ഉണരുന്നതിനാല്‍, സ്വാര്‍ത്ഥപരമായ തങ്ങളുടെ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി തീരുന്നവരാണ് ഈ ഒച്ചപ്പാടുണ്ടാക്കുന്നത്. അവര്‍ തന്നെയാണ് ആക്രമണം നടത്തുന്നതും. പക്ഷെ, ഇപ്പോള്‍ ഹിന്ദുക്കള്‍ ഉണരുന്നതുകൊണ്ട് ഇത്തരക്കാരെ അവര്‍ നിര്‍വീര്യരാക്കും. ഒരു കാര്യം വ്യക്തമാണ്. ഹിന്ദുക്കള്‍ തിരഞ്ഞെടുത്ത വഴിയിലൂടെ അവര്‍ ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു നീങ്ങും. ഈ ആക്രമണത്തെ എതിര്‍ക്കുന്നവര്‍ക്ക് പിന്നില്‍ ലോകമെമ്പാടുമുള്ള ഹിന്ദുസമാജം ഒറ്റക്കെട്ടായി നിലകൊള്ളും. ഈ സ്ഥിതി നിലനിര്‍ത്താനും അതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും ആവശ്യമായ കാര്യം സംഘം ചെയ്യും.
ധാരണയെക്കുറിച്ച് പറയുകയാണെങ്കില്‍, ആ വിഷയത്തില്‍ നാം എന്തെങ്കിലും ചെയ്യേണ്ടിവരും. ഈ ധാരണ ആഗോളതലത്തില്‍ മാത്രമല്ല ഭാരതത്തിലും നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ നാം ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നാം മാധ്യമങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചില കാര്യങ്ങളും ചെയ്തു തുടങ്ങിയിട്ടുണ്ട്. അത് വ്യാപിപ്പിക്കണം. നിശ്ചയമായും നാം അത് ചെയ്യും. എപ്പോള്‍ ചെയ്യണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.
2025ല്‍ സംഘം അതിന്റെ 100 വര്‍ഷത്തെ യാത്ര പൂര്‍ത്തിയാക്കും. ലോകം മുഴുവന്‍ ഈ സന്ദര്‍ഭത്തെ ഉറ്റുനോക്കുകയാണ്. പ്രവര്‍ത്തനത്തിന്റെ ദൃഷ്ടിയില്‍ ഈ അവസരത്തില്‍ സംഘം എന്തെങ്കിലും പ്രത്യേകമായി ആസൂത്രണം ചെയ്തിട്ടുണ്ടോ? പ്രവര്‍ത്തനത്തെ സംബന്ധിച്ച് പുതുതായി എന്തെങ്കിലും സങ്കല്പമോ ഏതെങ്കിലും മാനമോ സ്വീകരിക്കുന്നതിനെക്കുറിച്ച് സംഘം ചിന്തിച്ചിട്ടുണ്ടോ?
♠സംഘകാര്യം ഓരോരോ കാല്‍വെപ്പിലൂടെയാണ് മുന്നോട്ടു നീങ്ങുന്നത്. ഇത്തരത്തില്‍ മുന്നോട്ടു നീങ്ങുന്നത്, ഒരു പക്ഷെ, ഒരു സവിശേഷതയാണെന്ന് ലോകത്തിന് തോന്നാമെങ്കിലും, അതൊരു സാധാരണ കാര്യമാണ്. 1940 വരെ, ഡോക്ടര്‍ജിയുടെ ജീവിതകാലത്ത്, കാര്യപദ്ധതി പരീക്ഷിച്ചു നോക്കിയശേഷം, സമ്പൂര്‍ണ ഹിന്ദുസമാജത്തെയും സംഘടിപ്പിക്കാനായിരുന്നു നിശ്ചയിച്ചത്. ഡോക്ടര്‍ജിയുടെ കാലശേഷം, ശ്രീ ഗുരുജിയുടെ സമയത്ത് ഈ കാര്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ ദ്രുതഗതിയില്‍ ഭാരതത്തില്‍ ജില്ലാതലം വരെയും അതിനപ്പുറം വരെയും വ്യാപിച്ചു. ആ സമയത്ത് വളര്‍ന്നുവന്ന സ്വയംസേവകര്‍, ‘സംഘം ഒന്നും ചെയ്യില്ല, സ്വയംസേവകന്‍ ഒരു കാര്യവും ചെയ്യാതെ വിടില്ല’ എന്ന സൂത്രവാക്യമനുസരിച്ച് വ്യത്യസ്ത മണ്ഡലങ്ങളില്‍ ചില ചെറിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബാളാസാഹബിന്റെ സമയത്ത് ഈ പ്രവര്‍ത്തനം സാമാജികമായ ഉത്തരവാദിത്തങ്ങളേറ്റെടുത്ത് സമാജോന്മുഖമായ സംഘം എന്ന രീതിയില്‍ മുന്നോട്ടു നീങ്ങി. ഇതിന്റെ ഫലമായി രജൂഭയ്യയുടെയും സുദര്‍ശന്‍ജിയുടെയും സമയത്ത് രാജനൈതികരംഗത്ത് ഒരു പുതിയ സാഹചര്യം ഉടലെടുത്തത് നാം കണ്ടു. ഇപ്പോള്‍ സംഘത്തിനും സമാജത്തിനുമിടയ്ക്ക് ഊഷ്മളവും സുദൃഢവും മാധുര്യമാര്‍ന്നതുമായ ബന്ധമാണുള്ളത്. മുമ്പോട്ടുള്ള സഹജമായ കാല്‍വെപ്പ് സംഘകാര്യം സര്‍വ്വവ്യാപി ആകണം എന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു സമാജത്തില്‍ എന്തുതരം പരിവര്‍ത്തനമാണോ ഉണ്ടാകേണ്ടത്, ഏതു വിധത്തിലുള്ള ഒത്തൊരുമയാണോ കൈവരിക്കേണ്ടത്, അതിനുവേണ്ടി എന്നതോടൊപ്പം സമാജത്തില്‍ സംഘടിതാവസ്ഥ കൈവരിക്കാന്‍ വേണ്ടിയുമായിരിക്കും മുമ്പോട്ടുള്ള പ്രവര്‍ത്തനം. സംഘത്തിലെ സ്വയംസേവകര്‍ മാത്രമല്ല സമാജത്തിലെ സജ്ജനങ്ങളും ഇതില്‍ പങ്കാളികളാവും. അങ്ങനെ എല്ലാവരും കൂടി ഒത്തൊരുമിച്ച് സമാജത്തെ സംഘടിപ്പിച്ചുകൊണ്ട് ദേശത്തെ പരമവൈഭവത്തിന്റെ ശിഖരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകും. 100 വര്‍ഷം പൂര്‍ത്തിയായ ശേഷം ഈ അടിത്തറയുടെ മേല്‍ ഭവനം നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം സ്വയംസേവകര്‍ നിര്‍വ്വഹിക്കുകയും ചെയ്യും. സംഘത്തിന്റെ വ്യക്തിനിര്‍മ്മാണ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കും. ഇത്തരമൊരു കാല്‍വെപ്പാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ശതാബ്ദിവരെ എന്താണോ ചെയ്യേണ്ടത് അത് പൂര്‍ത്തിയാക്കിയശേഷം ഭാവിയിലേക്കുള്ള അടിത്തറപാകും. ശതാബ്ദിവരെ നമ്മുടെ പ്രവര്‍ത്തനം സര്‍വ്വവ്യാപിയാക്കിത്തീര്‍ക്കുകയും, സജ്ജനങ്ങളുടെ മാതൃക പിന്തുടരാന്‍ സമാജത്തെ തയ്യാറാക്കുന്നതിനായി വ്യാപകമായി എല്ലായിടത്തും സമാജത്തെ സമ്പര്‍ക്കം ചെയ്യുകയും വേണം. ബോളിവുഡ്, മാധ്യമങ്ങള്‍, രാജനീതി എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാതിരിക്കണം. സ്വന്തം കര്‍ത്തവ്യങ്ങളെ മനസ്സിലാക്കി സജ്ജനശക്തിയോടൊപ്പം മുന്നേറണം. സജ്ജനശക്തി, അവരവരുടെ പ്രവര്‍ത്തനം ചെയ്തുകൊണ്ട്. പരസ്പരപൂരകമായിത്തീര്‍ന്ന് രാഷ്ട്രഹിതത്തിന്റെ ദിശയിലേക്ക് നീങ്ങണം. ഇത്രയും ചെയ്യാന്‍ സംഘതലത്തില്‍ എത്ര ശക്തി ആവശ്യമാണോ, എത്ര വ്യാപനം ആവശ്യമാണോ, എത്ര വ്യക്തികള്‍ ആവശ്യമാണോ, ഇതെല്ലാം സജ്ജീകരിക്കുന്ന കാര്യം 2025 ആവുമ്പോഴേക്ക് നാം ചെയ്തുതീര്‍ക്കണം. നമുക്കിത് എത്രത്തോളം ചെയ്യാനാകുമോ, അതിന്റെ അടിസ്ഥാനത്തിലായിരിക്കും നമ്മുടെ മുന്നോട്ടുള്ള നീക്കം.
വിവര്‍ത്തനം: യു.ഗോപാല്‍ മല്ലര്‍
(അവസാനിച്ചു)