മാധ്യമം വാരികയില്‍ എസ്. ജോസഫിനോട് ഒ.കെ. സന്തോഷ് എന്നൊരാള്‍ സംഭാഷണം നടത്തുന്നു (ഫെബ്രു.6). മലയാളത്തിലെ സ്വയം പ്രഖ്യാപിത കവികളുടെ കൂട്ടത്തില്‍ ഒരാളാണല്ലോ എസ്. ജോസഫ്. ഗദ്യത്തില്‍ ചിലതു കുത്തിക്കുറിക്കുക, പലവിധ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ചില അവാര്‍ഡുകളൊക്കെ തരപ്പെടുത്തുക, തുടര്‍ച്ചയായി അംഗീകാരങ്ങള്‍ കിട്ടാതെ വരുമ്പോള്‍ താന്‍ ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചതുകൊണ്ടാണ് തനിക്ക് അവാര്‍ഡ് കിട്ടാത്തതെന്നു പരിതപിക്കുക ഇതൊക്കെയാണ് അദ്ദേഹത്തിന്റെ പതിവ് രീതികള്‍. അതൊക്കെത്തന്നെ ഈ വര്‍ത്തമാനത്തിലും കവി തുടരുന്നു. ദളിത് വിഭാഗത്തില്‍ ജനിച്ചുപോയതുകൊണ്ട് ഏതെങ്കിലും കവിയോ കലാകാരന്മാരോ ഇന്ത്യയില്‍ എവിടെയെങ്കിലും ഏതെങ്കിലും കാലത്ത് അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് ആര്‍ക്കും പറയാനാവില്ല. മറിച്ച് കൂടുതല്‍ ആദരിക്കപ്പെട്ടിട്ടേയുള്ളൂ. കലാകാരന്മാരുടെ ജാതി ഒരിക്കലും ഇന്ത്യന്‍ സമൂഹം പരിഗണിച്ചിട്ടില്ല. ചില തല്‍പ്പരകക്ഷികള്‍ അതിങ്ങനെ ആവര്‍ത്തിക്കാറുണ്ടെങ്കിലും പ്രതിഭാശാലിയായ ഒരാളും ജാതിയുടെ പേരില്‍ മാത്രം അവഗണിക്കപ്പെട്ടിട്ടില്ല. പക്ഷെ പ്രതിഭയുണ്ടാവണം. ജാതി മാത്രം പോര.
തനിക്കു കഴിയാത്തതൊക്കെ മോശമാണെന്ന് പറയുന്നത് ”കിട്ടാത്ത മുന്തിരിപുളിക്കും” എന്ന പഴയ കുറുക്കന്‍ കഥ പോലെ മാത്രമേയുള്ളൂ. കവിതയെഴുത്ത് വിയര്‍ക്കുക, തുപ്പുക തുടങ്ങി മനുഷ്യരുടെ ഏതൊരു ജൈവപ്രക്രിയയും പോലെ സ്വാഭാവികമാണ് എന്നൊക്കെ പറയുന്നത് ഒരുതരം പ്രതിരോധ സംവിധാനമാണ് (Defence mechanism). Rationalization എന്ന് മനശ്ശാസ്ത്രജ്ഞര്‍ പേരിട്ടിട്ടുള്ള ഒരുതരം defence mechanism ആണ് ഈ പ്രസ്താവനയുടെ പിറകില്‍ എന്നു പറയേണ്ടിവരും. ഒരു കവി എന്ന നിലയില്‍ ആഗ്രഹിച്ച ഉയരത്തില്‍ എത്താന്‍ കഴിയാതെ വന്നപ്പോള്‍ കവിതയെഴുത്ത് എന്ന കര്‍മത്തെത്തന്നെ പുച്ഛിച്ചുതള്ളിക്കളയുന്ന മനോനിലയാണ് ഇതില്‍ നിന്നും വായിച്ചെടുക്കേണ്ടത്.
കലാകാരന്മാര്‍ രൂപപ്പെടുന്നത് അവര്‍ക്ക് നൈസര്‍ഗികമായി ലഭിക്കുന്ന ചില സിദ്ധികളിലൂടെയാണ്. പരിശീലനം കൊണ്ട് ആ സിദ്ധികളെ പോഷിപ്പിക്കാനാവും. എന്നാല്‍ തീര്‍ത്തും നൈസര്‍ഗിക സിദ്ധിയില്ലാത്ത ഒരാളിലേയ്ക്ക് ഒരു കലയും അടിച്ചേല്‍പ്പിക്കാനാവില്ല. പരിശീലനം ചിലരില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കും. ഷെയ്ന്‍ ഡോവ്‌സണ്‍ (Shane Dawson) എന്ന അമേരിക്കന്‍ യുവാവ് യൂട്യൂബില്‍ വീഡിയോകള്‍ അവതരിപ്പിച്ച് ലോകപ്രശസ്തനായ കഥ നമ്മളൊക്കെ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെക്ക് ഇറ്റ് ഔട്ട് (check it out) എന്ന ഒരു ചെറു വീഡിയോ ഗാനം ഒരിക്കല്‍ യൂ ട്യൂബില്‍ കേട്ടിട്ടുണ്ട്. അതിന്റെ ഒരു വരി ഇങ്ങനെയാണ് വണ്‍ പേര്‍സെന്റ് ഈസ് ഹ്യൂമണ്‍ 99 ഈസ് പ്ലാസ്റ്റിക് (One percent is human 99 is plastic). മനുഷ്യ സൗന്ദര്യത്തെക്കുറിച്ചാണ് ആ പാട്ടില്‍ പറയുന്നത്. ഒരു ശതമാനം മാത്രമേ പ്രകൃതിയില്‍ നിന്നു ലഭിക്കുന്നുള്ളൂ. ബാക്കിയെല്ലാം വച്ചുകെട്ടലാണെന്നാണ് ഡോവ്‌സണ്‍ പറയുന്നത്. കലയിലും അത്തരം വച്ചുകെട്ടലുകള്‍ക്ക് ഇന്ന് വലിയ പങ്കുണ്ട്. എന്നാല്‍ ‘ഒരു ശതമാനം ഹ്യൂമണ്‍’ അതുണ്ടായേ കഴിയൂ.
ഗായകരുടെ ശബ്ദത്തില്‍ പലവിധ ‘ചിത്രപ്പണി’ കളും ചെയ്യാന്‍ റിക്കാര്‍ഡിസ്റ്റുകള്‍ക്കു ഇന്നു കഴിയുന്നുണ്ടെങ്കിലും യേശുദാസിന്റെയും ജയചന്ദ്രന്റെയും ശബ്ദസൗകുമാര്യമുള്ള ഗായകരെ പുതിയ തലമുറയില്‍ കാണുന്നില്ല. മധുബാലകൃഷ്ണനെപ്പോലുള്ളവര്‍ നന്നായി പാടുന്നുണ്ട്. പക്ഷെ അദ്ദേഹവും യേശുദാസിനും ജയചന്ദ്രനും പകരക്കാരനാവുമെന്നു തോന്നുന്നില്ല. പരിശീലനം കൊണ്ടു പാട്ടുമെച്ചപ്പെടുത്താം, ശബ്ദത്തെ ശ്രുതിശുദ്ധമാക്കാനുമാവും, എന്നിരിക്കിലും ശബ്ദസൗകുമാര്യം ജന്മനാ ലഭിച്ചേ തീരൂ! കവിതയുടെ സ്ഥിതിയും അതുതന്നെ. മറ്റെല്ലാ കലകള്‍ക്കുമുള്ള നിയമങ്ങള്‍ ഒരു പരിധിവരെ കവിതയ്ക്കും ബാധകമാകും. പരിശീലനം കൊണ്ട് എഴുത്ത് കുറച്ചൊക്കെ മെച്ചപ്പെടുത്താനാവും. എന്നാല്‍ അതിനുപരിമിതിയുണ്ട്. പ്രതിഭ ജനനാല്‍ത്തന്നെ ലഭിച്ചേ തീരൂ! അതൊരു നിസ്സാരകാര്യമല്ല. ഈശ്വരന്റെ (നിരീശ്വര വാദികളെ സംബന്ധിച്ചടത്തോളം പ്രകൃതിയുടെ) അനുഗ്രഹം ഉണ്ടായാലേ അതിനു കഴിയൂ.
ചങ്ങമ്പുഴയ്ക്കും ആശാനും വൈലോപ്പിള്ളിയ്ക്കുമൊക്കെ പല ‘മെന്ററന്മാ’രുടെയും ഔദാര്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവരുടെയൊക്കെ ശ്രമങ്ങള്‍ ഈ കവികളുടെ പ്രതിഭയെ പോഷിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ടാവാം. എന്നാല്‍ ‘ഗോഡ്ഫാദറന്മാര്‍ ഉണ്ടായിരുന്നില്ലെങ്കിലും അല്പം വൈകിയായാലും അവരിലെ കവികള്‍ പുറത്തുവരുമായിരുന്നു. ഡോക്ടര്‍ പല്‍പ്പുനല്‍കിയ സഹായങ്ങള്‍ ആശാനെന്ന കവിയുടെ ഉരുവം കൊള്ളല്‍ വേഗത്തിലാക്കി. ഒരു പക്ഷെ ഡോക്ടര്‍ പല്‍പ്പുവില്ലായിരുന്നുവെങ്കിലും ആശാന്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചേനെ. മറ്റൊരാളെ ആശാന്‍ തന്നെ കണ്ടെത്തിയേനെ. അതൊരു നിയോഗം പോലെയാണ്.
കവിതപോലെ ചിലത് എല്ലാവര്‍ക്കും എഴുതാന്‍ കഴിയും. എന്നാല്‍ കാലത്തെ കടന്നുനില്‍ക്കുന്ന കവിത എഴുതാന്‍ ജന്മസിദ്ധിയുള്ള കവികള്‍ക്കേ കഴിയൂ. അവര്‍ ജീവിതത്തിലെ പ്രതിബന്ധങ്ങളെ വകവയ്ക്കാതെ തങ്ങളുടെ കര്‍മം പൂര്‍ത്തിയാക്കും. മനുഷ്യ മനസ്സുകളില്‍ ചിരപ്രതിഷ്ഠനേടും. കവിക്കു മാത്രമല്ല എല്ലാ കലാകാരന്മാര്‍ക്കും ഒരു വിശുദ്ധ പരിവേഷം സമൂഹം നല്‍കാറുണ്ട്. അതിനു പ്രത്യേകമായ ഒരു കാരണവുമുണ്ട്. മനുഷ്യജീവിതത്തെ മോടിപിടിപ്പിക്കുന്നത് ഇത്തരം കലാകാരന്മാരാണ്. മരണവും രോഗങ്ങളും ദാരിദ്ര്യവും കഷ്ടപ്പാടുകളും വേര്‍പാടുകളുമൊക്കെക്കൊണ്ട് ദുഃഖപൂര്‍ണമായ മനുഷ്യ ജന്മത്തെ ഭാസുരമാക്കുന്നത് വിവിധ കലാപ്രകടനങ്ങളാണ്. ചിത്രമെഴുത്ത്, സംഗീതം, നൃത്തം, കൊത്തുപണി, സാഹിത്യം ഇവയെല്ലാം മനുഷ്യരാശിയെ ആനന്ദിപ്പിച്ചിട്ടുള്ള കലാപ്രകടനങ്ങളാണ്. അവയില്‍ അസാധാരണ വൈദഗ്ദ്ധ്യം പ്രകടമാക്കുന്നവരെ സമൂഹം ആദരിക്കുകയും അവര്‍ക്ക് സവിശേഷമായ ഒരു സ്ഥാനം പൊതുജീവിതത്തില്‍ നല്‍കുകയും ചെയ്യും. അതിനെ അസൂയയോടെ കാണേണ്ട കാര്യമില്ല.
മാര്‍ക്‌സിസം – ലെനിനിസം എന്തോ വലിയ തത്വസംഹിതയാണെന്നും അതില്‍ അവഗാഹം നേടുക വലിയ പരിശ്രമം ആവശ്യമുള്ള കര്‍മമാണെന്നും സൂക്ഷ്മമായി അതിലൂടെ സഞ്ചരിക്കുക സുസാധ്യമല്ലെന്നുമൊക്കെ കമ്മ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കാറുണ്ട്. എല്ലാവരും ‘തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്’ എന്നാണല്ലോ കരുതാറുള്ളത്. ആ മനോഭാവമാണ് ഇതിനു പിറകിലും ഉള്ളത്. മാര്‍ക്‌സിസ്റ്റുകള്‍ മാത്രമല്ല ഏതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തനത്തിന് ആധാരമായിരിക്കുന്ന ആശയസംഹിതയെ വാനോളം പുകഴ്ത്തും. അത്തരം പുകഴ്ത്തലുകളില്ലാതെ ഒരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാവില്ല. കുറച്ച് ‘അന്ധവിശ്വാസികളെ സൃഷ്ടിച്ചെടുക്കുക’ എന്നത് ഏത് പ്രസ്ഥാനത്തിന്റെയും നിലനില്പിന് അനിവാര്യമാണ്. മാര്‍ക്‌സിസ്റ്റുകളും ധാരാളം മാര്‍ക്‌സിസ്റ്റ് അന്ധവിശ്വാസികളെ സൃഷ്ടിച്ചെടുത്തു. അത്തരം അന്ധവിശ്വാസികള്‍ക്ക് ആരാധിക്കാനായി കുറച്ചു ദൈവങ്ങളെയും സൃഷ്ടിച്ചിട്ടുണ്ട്.
കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികര്‍ എന്ന് പൊതുവെ പറയുന്ന പേരുകളില്‍ പ്രധാനികള്‍ കെ.വേണു, ഇ.എം.എസ്, അച്യുതമേനോന്‍, കെ. ദാമോദരന്‍, സി. ഉണ്ണിരാജ, എന്‍.ഇ. ബലറാം എന്നീ പേരുകാരാണ്. ഈ പേരുകാരില്‍ രണ്ടുപേരെ പ്രത്യേകിച്ച് എടുത്തു പറയേണ്ടതായുണ്ട്. അവര്‍ കെ.വേണുവും കെ.ദാമോദരനുമാണ്. ഈ രണ്ടു പേര്‍ക്കുമുള്ള പ്രത്യേകത അവര്‍ മാര്‍ക്‌സിസം ആഴത്തില്‍ പഠിച്ചു, കൂട്ടത്തില്‍ അറിവിന്റെ മറ്റുമേഖലകളെയും ഗഹനമായിത്തന്നെ അറിയാന്‍ ശ്രദ്ധിച്ചു. അങ്ങനെ ശ്രമിച്ചതുകൊണ്ടുതന്നെ അവര്‍ക്കു കേവല മാര്‍ക്‌സിസ്റ്റുകളായി തുടരാന്‍ കഴിഞ്ഞില്ല. ‘ജ്ഞാനപരമായ സത്യസന്ധത’ അവരെ പെട്ടെന്നു തന്നെ മാര്‍ക്‌സിസ്റ്റ് വിരുദ്ധരാക്കി മാറ്റി.
മാധ്യമത്തില്‍ കെ.വേണുവിന്റെ അഭിമുഖവും ചേര്‍ത്തിരിക്കുന്നു. വേണു ധാരാളം അറിവു സമ്പാദിച്ചിട്ടുള്ള ആളാണ് എന്നു മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ ‘പ്രപഞ്ചവും മനുഷ്യനും’ എന്ന കൃതി മാത്രം വായിച്ചാല്‍ മതി. ഒരു രാഷ്ട്രീയ നേതാവിന് അത്രമാത്രം വലിയ ‘ജ്ഞാനം’ അനിവാര്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൂടുതല്‍ അറിയുന്തോറും പ്രസ്ഥാനങ്ങള്‍ക്കൊക്കെ അതീതമായ വ്യക്തിത്വം രൂപപ്പെടും. മനുഷ്യ ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. അത്തരക്കാര്‍ ഒരു പ്രസ്ഥാനത്തിലും ഉറച്ചു നില്‍ക്കില്ല. വേണുവിന്റെ അഭിമുഖം വായിക്കുമ്പോള്‍ നമുക്കത് തീര്‍ത്തും ബോധ്യപ്പെടും. ഒരിക്കല്‍ കമ്യൂണിസത്തെ സമ്പൂര്‍ണമായിത്തന്നെ തള്ളിക്കളഞ്ഞ വേണു ഇപ്പോള്‍ അതില്‍ കുറച്ചൊക്കെ വിശ്വാസമുണ്ടെന്നു പറയുന്നു. ചൈനയില്‍ നിലനില്‍ക്കുന്നത് അഥോറിറ്റേറിയന്‍ ക്യാപിറ്റലിസമാണെന്നു പറയുന്ന അദ്ദേഹം കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ പുകഴ്ത്തുന്നു. മലയാളികള്‍ വളരെ കാല്‍പ്പനികമായാണ് ഇപ്പോഴും കമ്യൂണിസത്തെയും നക്‌സലിസത്തെയുമൊക്കെ കാണുന്നത്. അതുകൊണ്ടാണെന്നു തോന്നുന്നു വേണുവിന്റെ ആത്മകഥ ചൂടപ്പം പോലെ വിറ്റുപോകുന്നു. രണ്ടുതവണ ഡി.സി. ബുക്‌സില്‍ പോയിട്ടും എനിക്കതു വാങ്ങാന്‍ കിട്ടിയില്ല.
ജോസില്‍ സെബാസ്റ്റ്യന്‍ എന്ന കവി മരണത്തെ സമര്‍ത്ഥമായി ‘ആ ദിവസം’ (മാധ്യമം) എന്ന കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നു. ചമല്‍ക്കാരങ്ങളൊന്നുമില്ല. എങ്കിലും അവസാനവരിയില്‍ മരണത്തിന്റെ കയ്പ് നമ്മളിലെത്തിക്കാന്‍ കവിക്കു കഴിയുന്നു. ”ആരൊക്കെയോ വരുന്നുപോകുന്നു. നീയെന്തേ വരാത്തത് എന്നു ചിന്തിച്ചു ചിന്തിച്ച് പൂക്കള്‍ക്കിടയില്‍ കിടന്ന് ഞാനെപ്പോഴോ മയങ്ങിപ്പോകുന്നു…” എന്ന അവസാനഭാഗം മരണം എന്ന വാക്ക് ഒരിക്കലും പറയാതെ അതിന്റെ ഏകാന്ത ഭീകരത നമുക്കു ബോധ്യപ്പെടുത്തിത്തരുന്നു.
‘ഭയം’ എന്ന രാധാകൃഷ്ണന്‍ എടച്ചേരിയുടെ മാധ്യമത്തിലെ കവിതയിലും മരണം തന്നെ വിഷയം. ഇക്കവിതയും നമ്മളെ നിരാശപ്പെടുത്തുന്നില്ല. എന്നാല്‍ തൊട്ടടുത്ത പുറത്തുള്ള ബി.ബിന്ദുവിന്റെ ‘അയാള്‍ പൂക്കള്‍പോലെ ചിരിക്കുന്നുവെന്ന കവിത’ ഏകാഗ്രതയില്ലാത്തതു മൂലം നമ്മളില്‍ നിന്നും അകന്നുപോകുന്നു. കവിതയുടെ തുടക്കം നന്നായിട്ടുണ്ടെങ്കിലും പറഞ്ഞു തുടങ്ങിയ കാര്യങ്ങളെ ഉപേക്ഷിച്ച് കവി മറ്റെന്തിലേയ്‌ക്കോ സഞ്ചരിക്കുമ്പോള്‍ കവിത നഷ്‌പ്പെട്ടുപോകുന്നു.
കലാകൗമുദിയില്‍ (ഫെബ്രുവരി 5-12) എല്ലാ തവണത്തെയുംപോലെ ധാരാളം കവിതകളുണ്ട്. എല്ലാത്തിനെക്കുറിച്ചും ഈ പംക്തിയില്‍ സൂചിപ്പിക്കാനാവില്ല. പ്രശസ്തനായ ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ ‘കൃഷ്ണനെ മറന്ന കുചേലന്‍’ കൂട്ടത്തില്‍ അതിന്റെ ഗാനാത്മകത കൊണ്ടു ശ്രദ്ധേയമാണ്; അച്ചടിപ്പിശകുകള്‍ കൊണ്ടു ‘പ്രതിപത്തി’ യെന്നത് ‘പ്രതിപക്തി’ എന്നാണ് പ്രിന്റു ചെയ്തിരിക്കുന്നത്; നന്ദകിശോരന്‍ എന്നതിന് കിഷോരന്‍ എന്നും. പാനയാണ് (സര്‍പ്പിണി)കവി ഉദ്ദേശിച്ചവൃത്തം എന്നു തോന്നുന്നു. എന്നാല്‍ പതിനൊന്നക്ഷരം എന്നക്രമം എല്ലാവരികളിലും പാലിച്ചിട്ടില്ല. ഗണങ്ങളിലെ ആദ്യക്ഷരങ്ങള്‍ ഗുരുവാകണമെന്ന വ്യവസ്ഥയും മിക്കവാറും പാലിക്കപ്പെട്ടിട്ടില്ല. ഭാഷാവൃത്തമാകയാല്‍ അത്തരം നിര്‍ബ്ബന്ധങ്ങള്‍ വേണമെന്നില്ല. എന്നാല്‍ നാലുവരിവീതം വിഭജിച്ച് അച്ചടിച്ചിരിക്കുന്നത് സംശയത്തിനിടയാക്കും. വല്ല സംസ്‌കൃതവൃത്തവുമാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് ആരെങ്കിലും സന്ദേഹിച്ചാല്‍ കുറ്റം പറയാനാവില്ല.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ‘താതവാക്യം’ നന്നാലുവരി വീതം വിഭജിച്ചു കൊടുത്തിരുന്നിട്ടും ഏതോ ഗവേഷക അതിലെ പതിനാലക്ഷരം കണ്ടുഭ്രമിച്ചതും വസന്തതിലകത്തെ കേകയെന്നു തെറ്റിദ്ധരിച്ചതും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ വിഷയമായിരുന്നല്ലോ! ഗവേഷക ആ സംസ്‌കൃത വൃത്തത്തെ ഒറ്റയടിക്കു ഭാഷാവൃത്തമാക്കി മാറ്റി എന്നതിനേക്കാള്‍ അപമാനകരമായത് പ്രബന്ധം പരിശോധിച്ചവരാരും ആ തെറ്റു തിരിച്ചറിഞ്ഞില്ല എന്നതാണ്. സത്യത്തില്‍ രണ്ടുകൂട്ടരും കുറ്റക്കാരല്ല. ഭാഷയും വ്യാകരണവുമൊന്നും ഇക്കാലത്ത് പ്രസക്തമായ സംഗതികളല്ലല്ലോ. പിന്നെയെന്തു സംസ്‌കൃതവൃത്തം?
Comments