കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹിന്ദു സമൂഹം, ഹിന്ദുമത വിശ്വാസങ്ങള്‍, പ്രമാണങ്ങള്‍, മൂല്യങ്ങള്‍, ആദര്‍ശങ്ങള്‍, പ്രതീകങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ വാചാലമായിട്ടുണ്ട്. ചില നേരങ്ങളില്‍ അത് ആക്രാമികമായി തീരുന്നുവെന്നും തോന്നാറുണ്ട്. മറുവശത്ത്, പല അവസരങ്ങളിലും, സംഘം അതിന്റെ മുമ്പുണ്ടായിരുന്ന ആക്രാമികമായ നിലപാട് ഉപേക്ഷിച്ചുവോ എന്ന് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ആളുകള്‍ സംശയം പ്രകടിപ്പിക്കാറുമുണ്ട്. സംഘത്തിന് രൂപാന്തരം സംഭവിച്ചതാണോ ഇതിന്റെ കാരണം? അതോ, സമൂഹത്തില്‍ വ്യാപകമായി കാണപ്പെടുന്ന മാറ്റങ്ങള്‍ കാരണം സംഘം തന്ത്രപരമായി നിലപാട് മാറ്റിയതാണോ.
♠നോക്കൂ, ഹിന്ദുസമാജം ഒരു സഹസ്രബ്ദത്തിലധികം കാലമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഈ സംഘര്‍ഷം നടക്കുന്നത് വൈദേശിക ആക്രമണത്തിനും വൈദേശിക സ്വാധീനങ്ങള്‍ക്കും വൈദേശിക ഗൂഢാലോചനകള്‍ക്കും എതിരെയാണ്. ഈ കാര്യത്തിന് സംഘം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്; അതുപോലെ മറ്റുള്ളവരും. അനേകം പേര്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി ഹിന്ദുസമാജം ഉണര്‍ന്നിട്ടുണ്ട്. സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ ആക്രാമികത പ്രകടിപ്പിക്കുക സ്വാഭാവികമാണ്. ശ്രീമദ് ഭഗവദ് ഗീത ‘യുദ്ധ്യസ്യ വിഗതജ്വരഃ’ (ആഗ്രഹങ്ങളും സ്വാര്‍ത്ഥവും ഉപേക്ഷിച്ച്, ശോകം വെടിഞ്ഞ് സ്വകര്‍മ്മമായ യുദ്ധം അനുഷ്ഠിക്കുക) എന്ന് ഉപദേശിക്കുന്നു. എന്നാല്‍ ഈ തത്ത്വം പി ന്തുടരാന്‍ എല്ലാവര്‍ക്കും കഴിയില്ല. ഏതായാലും സം ഘത്തിലൂടെ സാമൂഹിക പ്രബുദ്ധത സൃഷ്ടിക്കുന്ന ദൗത്യം ഏറ്റെടുത്ത ആളുകളുണ്ട്. സാമൂഹിക പ്രബുദ്ധ ത സൃഷ്ടിക്കുന്ന പാരമ്പ ര്യം അത്യന്തം പുരാതനമാണ്. ആദ്യത്തെ ആക്രമണകാരിയായി അലക്‌സാണ്ടര്‍ നമ്മുടെ അതിര്‍ത്തികളിലെത്തിയ ദിവസമാണ് അതിന്റെ ആരംഭം. ചാണക്യന്റെ മഹത്തായ പാരമ്പര്യം പിന്തുടര്‍ന്ന് സാമൂഹ്യ പ്രബുദ്ധത യാഥാര്‍ത്ഥ്യമാക്കാനുള്ള ദൗത്യമേറ്റെടുത്തവരെല്ലാം വരാനിരിക്കുന്ന മറ്റൊരു സംഘര്‍ഷത്തെക്കുറിച്ച് ഹിന്ദു സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. നിര്‍ഭാഗ്യവശാല്‍, ആസന്നമായ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നാം പൂര്‍ണമായും ജാഗരൂകരായില്ല. ഈ സംഘര്‍ഷം വെളിയില്‍ നിന്നെത്തിയ ഒരു ശത്രുവുമായിട്ടല്ല, മറിച്ച് അകത്തുതന്നെയുള്ള ശത്രുവുമായിട്ടാണ്. ആ യുദ്ധം ഹിന്ദുസമാജം, ഹിന്ദുധര്‍മ്മം, ഹിന്ദു സംസ്‌കാരം എന്നിവയെ സംരക്ഷിക്കാനാണ്. വൈദേശിക ആക്രമണകാരികള്‍ ഇപ്പോള്‍ ഇല്ലെങ്കിലും, വൈദേശിക സ്വാധീനങ്ങള്‍, വൈദേശിക ഗൂഢാലോചനകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കയാണ്. ഇതൊരു യുദ്ധമാണെന്നിരിക്കെ, ജനങ്ങള്‍ അമിതാവേശം കാണിക്കാന്‍ സാധ്യതയുണ്ട്. ഇത് അഭിലഷണീയമല്ലെങ്കിലും, പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കപ്പെടും.
അതേസമയം, നമ്മെ സംബന്ധിക്കുന്ന ചില ആന്തരിക വിഷയങ്ങളുണ്ട്. ശ്രീരാമന്‍ നമ്മുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ്. അദ്ദേഹത്തിന്റെ ക്ഷേത്രം നിര്‍മ്മിക്കപ്പെടുക തന്നെ വേണം. അതിന്റെ പേരില്‍ ഒരു പ്രക്ഷോഭം തന്നെ നടന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ‘ജയ് ശ്രീറാം’ എന്നു മുദ്രാവാക്യം മുഴക്കി. അത്തരം മുദ്രാവാക്യങ്ങളുടെ ലക്ഷ്യം തന്നെ ഉത്തേജിപ്പിക്കലാണ്. ശ്രീരാമന്‍ എല്ലാ ജാതിയിലും മതശാഖയിലും പെട്ടവരെ ഏകോപിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴും ആരെങ്കിലും മഞ്ചലില്‍ കയറിയാല്‍ പോലും അതിന്റെ പേരില്‍ ചാട്ടയടി കിട്ടുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥ മാറേണ്ടതല്ലേ? പ്രബുദ്ധത സൃഷ്ടിക്കുന്ന പാരമ്പര്യം പിന്തുടര്‍ന്നവരെല്ലാം ഇതിനെകുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹിന്ദുസമാജം അതിനെ സ്വീകരിച്ചുവോ? ഇപ്പോഴും ഹിന്ദുസമാജത്തില്‍ പൂര്‍ണമായ ഉല്‍ബുദ്ധത ഉണ്ടായിട്ടില്ല. അതുണ്ടാകേണ്ടത് അനിവാര്യമാണ്. ഇതുപോലെയാണ് യുദ്ധത്തിന്റെ കാര്യവും. നാം യുദ്ധം, യുദ്ധം, യുദ്ധം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ നമ്മുടെ സ്ഥിതിയെന്താണ്? യുദ്ധത്തെക്കുറിച്ച് പറയുമ്പോള്‍ നാം ശത്രുവിനെക്കുറിച്ച് ചിന്തിക്കണം, ശത്രുവിനെ മനസ്സിലാക്കാനാവണം. ശത്രുവിനെ ശ്രദ്ധിക്കാനാവണം. അതുപോലെ നമ്മുടെ സ്ഥിതിയെന്താണ്? നാം എപ്പോള്‍ എന്ത് ചെയ്യണം? ഇതും അറിയണം. മുഗളന്മാരുടെ ആക്രമണകാലത്ത് അവസാനത്തെ പരീക്ഷണം നടത്തിയത് ശിവാജി മഹാരാജാവായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ സൈനികതന്ത്രമാണ് മറ്റുള്ളവര്‍ പിന്തുടര്‍ന്നത്. ശിവാജി മഹാരാജാവിന്റെ തന്ത്രം എന്തായിരുന്നു? അദ്ദേഹത്തിന് ശത്രുവിനെക്കുറിച്ച് അറിയാമായിരുന്നു. അതോടൊപ്പം തന്നെക്കുറിച്ചും, എപ്പോള്‍ യുദ്ധം ചെയ്യണം, എപ്പോള്‍ യുദ്ധം ചെയ്യാന്‍ പാടില്ല എന്നതിനെക്കുറിച്ചും അറിയാമായിരുന്നു. ചക്രവര്‍ത്തിയായി സ്ഥാനാരോഹണം കഴിഞ്ഞ ശേഷം ശിവാജി മഹാരാജാവ് അയല്‍പക്കത്തുള്ള മുസ്ലിം ഭരണാധികാരികളുമായി സൗഹൃദം സ്ഥാപിച്ചു. ഗോല്‍കൊണ്ടയില്‍ ചെന്ന് കുതുബ് ഷായുമായി സൗഹൃദം സ്ഥാപിച്ചു. അതോടൊപ്പം കുതുബ് ഷായുടെ മന്ത്രിമണ്ഡലത്തില്‍ രണ്ട് പേര്‍ ഹിന്ദുക്കളായിരിക്കണം എന്നും നിര്‍ദ്ദേശിച്ചു. കൂടാതെ, ഹിന്ദുപ്രജകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കുതുബ് ഷാ ആകട്ടെ, ആ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം ശിവാജി മഹാരാജിന്റെ സുഹൃത്തായി. ശിവാജി മഹാരാജിന്റെ കാലശേഷം, കുതുബ് ഷായുടെ കൂടെ ഉണ്ടായിരുന്ന തീവ്രവാദികള്‍ ഹിന്ദുക്കളായ ആ മന്ത്രിമാരെ വധിക്കുകയും കാര്യങ്ങള്‍ വേറൊരു തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നത് മറ്റൊരു കാര്യം. എന്നാല്‍ ഈ കാര്യങ്ങളെല്ലാം ശിവാജി മഹാരാജ് ചെയ്തത്, കരുത്തുള്ളപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ നല്ല കാര്യങ്ങള്‍ സ്വീകരിക്കപ്പെടും എന്ന അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. രണ്ടാമത്തെ കാര്യം, ഹിന്ദുസമാജം അതിനെ സ്വയം മനസ്സിലാക്കിയാല്‍, സമാജത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടെത്താന്‍ അതിന് സാധിക്കും.
ഉറച്ച ക്രിസ്തുമത വിശ്വാസികള്‍ ലോകത്തെ മുഴുവന്‍ ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം ചെയ്യുമെന്നാണ് പറയുന്നത്. അതിനു തയ്യാറാകാത്തവര്‍ ഒന്നുകില്‍ അവരുടെ ഔദാര്യത്തില്‍ കഴിയേണ്ടി വരും. അല്ലെങ്കില്‍ നശിച്ചുപോകേണ്ടി വരും. ഉറച്ച ഇസ്ലാംമത വിശ്വാസികള്‍, എബ്രഹാമിന്റെ തത്ത്വചിന്ത പിന്തുടരുന്നവര്‍, വിശ്വാസികള്‍, അവിശ്വാസികള്‍, കമ്മ്യൂണിസ്റ്റുകാര്‍, മുതലാളിത്തവാദികള്‍ മുതലായ എല്ലാവരും തങ്ങളുടെ പാതയാണ് സത്യപാതയെന്നതിനാല്‍ മറ്റുള്ളവരെല്ലാം തങ്ങളുടെ പാത നിര്‍ബന്ധമായും പിന്തുടരണമെന്ന് കരുതുന്നവരാണ്. അതിന് വിസമ്മതിക്കുന്നവര്‍ ഒന്നുകില്‍ അവരുടെ ഔദാര്യത്തില്‍ ജീവിക്കുകയോ അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുകയോ വേണ്ടിവരും. ‘ഞങ്ങള്‍ നിങ്ങളെ നശിപ്പിച്ചു കളയും’ എന്നതാണവരുടെ നിലപാട്. എന്നാല്‍, ഹിന്ദുവിന്റെ പ്രപഞ്ചവീക്ഷണമെന്താണ്? എല്ലാവരും തന്റെ മതവിശ്വാസം അംഗീകരിക്കണമെന്ന് ഏതെങ്കിലും ഹിന്ദു എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? നാം അത്തരത്തില്‍ ചിന്തിക്കാറില്ല. മറ്റുള്ളവരുടെ മുമ്പില്‍ ഒരു മാതൃകയായി ത്തീരാനാണ് നാം ആഗ്രഹിക്കുന്നത്. മറ്റുള്ളവരുമായി സംവദിക്കാനാണ് നാം ഇഷ്ടപ്പെടുന്നത്. സ്വയം നന്നായിത്തീരണം എന്ന് ആഗ്രഹിക്കുന്നവര്‍ നമ്മുടെ മാതൃക പിന്തുടരും. അവര്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍, അവരെ ഉപദ്രവിക്കാന്‍ നാം ഇച്ഛിക്കില്ല. അതേസമയം, അവര്‍ നമ്മെ ഉപദ്രവിക്കാതിരിക്കാന്‍ ആവശ്യമായ ശ്രദ്ധ നാം ചെലുത്തണം. ഈ സംഘര്‍ഷങ്ങളിലൂടെ നാം വേണ്ടത്ര ശക്തി കൈവരിച്ചിട്ടുണ്ട്. ഇനി നമുക്ക് എന്തെങ്കിലും ഹാനിയുണ്ടാക്കാന്‍ അവര്‍ക്ക് ആവില്ല. നമ്മുടെ രാജനൈതിക സ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള ധാര്‍ഷ്ട്യം കാണിക്കാന്‍ ആര്‍ക്കുമാവില്ല. ഹിന്ദുക്കള്‍ ഈ രാജ്യത്ത് ജീവിക്കുമെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാകും. അവര്‍ മറ്റൊരിടത്തും അഭയം തേടി പോകില്ല. ഇപ്പോള്‍ അവര്‍ ജാഗരൂകരാണ്. ഈ അവസരം മുതലെടുത്ത് നമ്മുടെ ആന്തരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കുകയും നമ്മുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കുകയും വേണം. ഇപ്പോള്‍ നമുക്ക് ശക്തി കൈവരിക്കാനായ സാഹചര്യത്തില്‍ തന്നെ നാം അത് ചെയ്യണം. അല്ലാത്തപക്ഷം അമ്പത് വര്‍ഷത്തിന് ശേഷം ഏതായാലും അത് ചെയ്യേണ്ടിവരും. അമ്പത് വര്‍ഷത്തിന് ശേഷം അത് ചെയ്യാനാവണമെങ്കില്‍, ഇപ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്തു തുടങ്ങണം.
ഇപ്പോള്‍ ചൈനക്ക് നേടാനായ പ്രാമുഖ്യം അവര്‍ 1948ല്‍ തന്നെ ആസൂത്രണം ചെയ്തതാണ്. അവിടെ നിന്നിങ്ങോട്ട് ആ രൂപരേഖയനുസരിച്ചാണ് അവര്‍ കാര്യങ്ങള്‍ നീക്കിയത്. നമുക്ക് ആവശ്യമായ ശക്തി കൈവന്ന സാഹചര്യത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട മുന്‍ഗണനാക്രമത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണ ഉണ്ടാവണം. സ്ഥിരമായി സംഘര്‍ഷത്തിന്റെ സാഹചര്യം നിലനില്‍ക്കുന്നത് നമുക്ക് ഗുണം ചെയ്യില്ല. ദേശീയ ജീവിതത്തില്‍ ഇത്തരത്തില്‍ സംഭവിക്കാറില്ല. യുദ്ധം ചെയ്യുന്നവര്‍ക്ക് എല്ലാം നേടാനാകും എന്ന ചിന്തയും തെറ്റാണ്. ഗരിബാള്‍ഡിയാണ് ഇറ്റലിയില്‍ യുദ്ധം നയിച്ചത്. എന്നാല്‍, യുദ്ധം അവസാനിച്ച മാത്രയില്‍ മറ്റാരെങ്കിലും നേതൃത്വം കയ്യാളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവസാനം, അവര്‍ക്ക് ചക്രവര്‍ത്തിയെ തെരഞ്ഞെടുക്കേണ്ടിവന്നപ്പോള്‍, താന്‍ ചക്രവര്‍ത്തിയാകണമെന്ന അവരുടെ ആവശ്യം തിരസ്‌ക്കരിച്ച ഗരിബാള്‍ഡി, മറ്റാരെയെങ്കിലും ചക്രവര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇറ്റലിയുടെ ഉത്ഥാനകാലത്ത് പ്രമുഖരായിത്തീര്‍ന്ന മൂന്ന് നേതാക്കന്മാരില്‍, യുദ്ധം നയിച്ചത് ഗരിബാള്‍ഡിയായിരുന്നു. അവസാനം, ഇത് തന്റെ ജോലിയല്ലെന്ന് പറഞ്ഞ് അദ്ദേഹം അധികാരസ്ഥാനത്തു നിന്ന് അകന്ന് നില്‍ക്കുകയാണ് ചെയ്തത്. ഇതുപോലെ, നമ്മളും സാഹചര്യത്തിനനുസൃതമായി നമ്മുടെ സംസാരശൈലിയും ഭാഷയും മാറ്റണം. ദിശയില്‍ യാതൊരു മാറ്റവുമില്ല. ഭാരതം ഹിന്ദുരാഷ്ട്രമാണ്. സമ്പന്നവും ശക്തിയുറ്റതുമായ ഈ ഹിന്ദുസമാജം – ഹിന്ദുരാഷ്ട്രം – ഭാരതം പരമമായ വൈഭവത്തെ പ്രാപിക്കുകയും ലോകത്തിനാകമാനം നേതൃത്വം നല്‍കുകയും ചെയ്യും. ഈ ലക്ഷ്യം നേടുന്നതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെന്നു വന്നാല്‍, അവയെ പരിഹരിക്കുന്നതെങ്ങനെ? മറ്റുള്ളവര്‍ നമ്മെ വെല്ലുവിളിച്ചു എന്ന കാരണത്താല്‍ നാം നമ്മുടെ തന്ത്രം മാറ്റാന്‍ പാടില്ല. നാം യുദ്ധം ചെയ്യുക നമ്മുടെ സ്വന്തം പദ്ധതിപ്രകാരമായിരിക്കും. ഹിന്ദുസമൂഹം ചിന്തിക്കേണ്ടത് ഇത്തരത്തിലാണ്.
സംഘം ഒരു സാംസ്‌കാരിക സംഘടനയാണെന്നാണ് ആളുകള്‍ പറയുന്നത്. സുദീര്‍ഘമായ ഒരു യാത്രക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ നിര്‍ബന്ധമായും ശരിയായ രീതിയില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്നാണ് അങ്ങ് വാദിക്കുന്നത്. സംഘ ത്തെ ഒരു സാംസ്‌കാരിക സംഘടനയായി കാണുന്ന സാഹചര്യത്തില്‍ ആനുകാലിക ചര്‍ച്ചാവിഷയങ്ങളായ സാങ്കേതിക വിദ്യ, പരിസ്ഥിതി, ലിംഗവിവാദം എന്നിവയെക്കുറിച്ച് പ്രതികരിക്കേണ്ടിവരും. ഇത്തരം വിഷയങ്ങളുടെ കാര്യത്തില്‍ സംഘം എവിടെയാണ് നില്‍ക്കുന്നത്?
♠ ഇന്നോളം പടിഞ്ഞാറാണ് ലോകത്ത് ആധിപത്യം ചെലുത്തിയത്. അതുകൊണ്ട് പല കാര്യങ്ങളിലും അവരായിരുന്നു മുന്‍പന്തിയില്‍. അവര്‍ നേതൃത്വം നല്‍കുകയും, ചര്‍ച്ചാവിഷയങ്ങള്‍ നിശ്ചയിക്കുകയും, പരിഹാരങ്ങള്‍ കണ്ടുപിടിക്കുകയും മറ്റെല്ലാവരോടും അവരെ പിന്തുടരാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തിരുന്നത്. നാം ഉള്‍പ്പെടെ ലോകം മുഴുവന്‍ അവരെ പിന്തുടരുകയാണ് ചെയ്തുപോന്നത്. ആ നേതൃത്വം പരാജയപ്പെടുകയാണുണ്ടായത്. പരാജയം സമ്മതിക്കുകയും അതിനെക്കുറിച്ച് മനനം ചെയ്യുകയും ചെയ്തശേഷം അവരെവിടെയാണ് എത്തിച്ചേര്‍ന്നത്? ഉദാഹരണത്തിന്, പരിസ്ഥിതിയുടെ കാര്യമെടുക്കാം. ലോകം മുഴുവന്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത് ഭാരതീയ ചിന്തയിലാണ്, ഹൈന്ദവ കാഴ്ചപ്പാടിലാണ്. ഇതുപോലെ, ലിംഗഭേദം, സ്ത്രീകള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച്, കാലങ്ങളായി സ്ത്രീ വിമോചനം, സ്ത്രീശാക്തീകരണം എന്നീ മുദ്രാവാക്യങ്ങള്‍ കേട്ടുവരുന്നു. അഞ്ച് ഘട്ടങ്ങളിലൂടെ കടന്നുപോയശേഷം പാശ്ചാത്യ നാടുകളിലെ സ്ത്രീകള്‍ ലിംഗ-പരസ്പരാശ്രിതത്വം, കുടുംബ ജീവിതത്തിന്റെ ആവശ്യകത എന്നീ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അവര്‍ ഹിന്ദു കാഴ്ചപ്പാടിനെ അംഗീകരിച്ചുകൊണ്ടിരിക്കയാണ്. അനിയന്ത്രിതമായ സാങ്കേതിക വിദ്യയോ, നൈതികതയോടു കൂടിയ സാങ്കേതിക വിദ്യയോ, നിരങ്കുശമായ സാങ്കേതികവിദ്യയോ, മാനുഷികമുഖത്തോടെയുള്ള സാങ്കേതികവിദ്യയോ എന്നിങ്ങനെ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ കൊണ്ടുപിടിച്ച വിവാദം നടന്നുകൊണ്ടിരിക്കയാണ്. സാങ്കേതികവിദ്യയില്‍ നൂതനമായ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം ലോകവും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. ലിംഗഭേദം, പരിസ്ഥിതി എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ താരതമ്യേന ശാശ്വതമായി തുടര്‍ന്നുപോരുന്നതാണ്. പക്ഷെ, ജീവിതത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കിയാല്‍ മാത്രമെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ. ഭാരതം ജീവിതത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കുന്നു. അതില്‍ പാശ്ചാത്യചിന്ത ജീവന്‍ നല്‍കിയ വ്യക്തിയും കുടുംബവും വെവ്വേറെയാണെന്ന കാഴ്ചപ്പാടിന്റെ ശകലങ്ങളും അടങ്ങിയിട്ടുണ്ട്. പാശ്ചാത്യ ലോകത്തിന്റെ, കാര്യങ്ങളെ ശകലങ്ങളാക്കി മുറിച്ച് കാണുന്ന സമീപനം ഭാരതത്തിന് പരിചിതമാണ്. അതോടൊപ്പം ശകലങ്ങളെ എങ്ങനെ സംയോജിപ്പിക്കാം എന്നതിനെക്കുറിച്ചും ഭാരതത്തിനറിയാം. ഇപ്പോള്‍, പൊതുസംവാദങ്ങള്‍ക്ക് മാറ്റമുണ്ടാവുകയും അവ ക്രമേണ ഭാരതീയ കാഴ്ചപ്പാടുകളോട് അടുത്തു വരികയും ചെയ്യുകയാണ്. ഭാരതീയ സംവാദത്തിന് (discourse) ലോകത്തിന്റെ സ്വീകാര്യത ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ നാം പോരാടിയിട്ടുണ്ട്. ടാഗൂര്‍, ഗാന്ധിജി, വിവേകാനന്ദന്‍, ദയാനന്ദസരസ്വതി എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ ചിന്തകളുമായി നാം മുമ്പോട്ടുനീങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള അനേകം ഇഴകള്‍ ആധുനിക പാശ്ചാത്യ ചിന്തയിലുമുണ്ട്. അവയെക്കുറിച്ചും നാം പഠിക്കണം. സാങ്കേതികവിദ്യ മനുഷ്യരാശിയുടെ ഉപകാരത്തിനു വേണ്ടിയായിരിക്കണം എന്ന് മാത്രമാണ് സംഘം പറയുന്നത്. പക്ഷെ, യാതൊരു മുന്‍കരുതലും കൂടാതെ അതിനെ നിരങ്കുശമായി വിട്ടാല്‍ യന്ത്രങ്ങള്‍ തങ്ങളെ ഭരിക്കുന്ന ഒരു കാലം പിറക്കുമെന്ന് ജനങ്ങള്‍ ഭയക്കുന്നു. ഈ വിഷയത്തെക്കുറിച്ച് സംഘത്തിന്റെ അഭിപ്രായവും ഭിന്നമല്ല. ഹിന്ദുചിന്ത ഈ പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെ തന്നെ പരിചിന്തനം ചെയ്തിട്ടുണ്ട്.
നവ-ഇടതുപക്ഷം പുരോഗമനപരമെന്ന് കരുതുന്നതു കൊണ്ടായിരിക്കണം, മാധ്യമങ്ങള്‍ അപ്പപ്പോള്‍ ലിംഗ-ലൈംഗിക ന്യൂനപക്ഷത്തെ (LGBT) സംബന്ധിച്ച് നിസ്സാരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പുതുതൊന്നുമല്ല. അവ എക്കാലത്തും ഉണ്ടായിരുന്നു. അത്തരം ആളുകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അവരും മനുഷ്യരാണെന്നും അവര്‍ക്കും ജീവിക്കാനുള്ള അനിഷേധ്യമായ അവകാശമുണ്ടെന്നുമുള്ള വ്യക്തമായ ധാരണയുടെ പേരില്‍, മനുഷ്യത്വപരമായ സമീപനത്തിലൂടെ അവര്‍ക്ക് സാമൂഹിക അംഗീകാരം നേടിക്കൊടുക്കാന്‍ യാതൊരു ഒച്ചയും ബഹളവും കൂടാതെ നാം ഒരു മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. നമ്മോടൊപ്പം ഒരു ഭിന്നലിംഗ (Transgender) സമൂഹമുണ്ട്. നാമതിനെ ഒരു പ്രശ്‌നമായി കാണുന്നില്ല. അവര്‍ക്ക് തനതായ ആരാധനാക്രമവും ദേവതകളുമുണ്ട്. ഇപ്പോള്‍ അവര്‍ക്ക് അവരുടേതായ മഹാമണ്ഡലേശ്വരനുമുണ്ട് (ആചാര്യന്‍). കുംഭമേള നടക്കുന്ന അവസരത്തില്‍ അവര്‍ക്ക് പ്രത്യേകമായി സ്ഥലം അനുവദിക്കാറുണ്ട്. അവര്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഒരു കുട്ടി ജനിച്ചാല്‍, നമ്മുടെ വീടുകളിലെത്തി അവര്‍ പാട്ടുപാടാറുണ്ട്. പ്രത്യേക സമൂഹമെന്ന നിലക്ക് അവര്‍ക്ക് ഒരിടമുണ്ടെങ്കിലും അവര്‍ മുഖ്യധാരയുടെ ഭാഗം തന്നെയാണ്. ഈ വ്യവസ്ഥയെക്കുറിച്ച് നാം കൂടുതല്‍ വാചാലരാകുകയോ അതിനെ ഒരാഗോള ചര്‍ച്ചാവിഷയമാക്കി മാറ്റുകയോ ചെയ്തിട്ടില്ല.
ലിംഗ-ലൈംഗിക ന്യൂനപക്ഷത്തെ സംബന്ധിക്കുന്ന പ്രശ്‌നവും സമാനമാണ്. ജരാസന്ധന് ഹംസന്‍, ദിംഭകന്‍ എന്നിങ്ങനെ രണ്ട് സേനാനായകന്മാരുണ്ടായിരുന്നു. ദിംഭകന്‍ മരിച്ചതായി ശ്രീകൃഷ്ണന്‍ അഭ്യൂഹം പരത്തി. ഇതുകേട്ട ഹംസന്‍ ആത്മഹത്യ ചെയ്തു. അങ്ങനെയാണ് ശ്രീകൃഷ്ണന്‍ ഈ രണ്ടു സേനാനായകന്മാരെയും ഇല്ലാതാക്കിയത്. ഈ കഥ വൃഞ്ജിപ്പിക്കുന്നതെന്താണ്? അത് മറ്റൊന്നുമല്ല. ഈ രണ്ടു സേനാനായകന്മാര്‍ തമ്മില്‍ ഇത്തരത്തിലൊരു ബന്ധമുണ്ടായിരുന്നു. ഇത്തരക്കാര്‍ നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന് പറയാനാവില്ല. ഇത്തരം പ്രവണതയുള്ളവര്‍ ഇവിടെ എപ്പോഴും ഉണ്ടായിട്ടുണ്ട്. ലോകത്ത് മനുഷ്യന്‍ ഉണ്ടായ കാലം തൊട്ടുണ്ട്. ഞാന്‍ മൃഗങ്ങളുടെ ഡോക്ടറാണ്. ഈ സ്വഭാവവിശേഷം മൃഗങ്ങള്‍ക്കിടയിലും ഉണ്ട്. അത് ജൈവശാസ്ത്രപരമാണ്. ജീവിതത്തിലെ സ്ഥിതിവിശേഷമാണ്. അവര്‍ക്ക് അവരുടേതായ സ്വകാര്യയിടം ഉണ്ടാകണമെന്നും തങ്ങളും സമൂഹത്തിന്റെ ഭാഗമാണെന്ന അനുഭവം അവര്‍ക്കുണ്ടാകണമെന്നുമാണ് നാം ആഗ്രഹിക്കുന്നത്. ഇത് വളരെ ലളിതമായ ഒരു പ്രശ്‌നമാണ് മറ്റേതെങ്കിലും തരത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത് ഒരു വൃഥാ വ്യായാമം മാത്രമായിരിക്കും എന്നതിനാല്‍, ഈ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിഷയങ്ങളില്‍ സംഘം നമ്മുടെ പരമ്പരാഗതമായ അറിവിലാണ് വിശ്വാസമര്‍പ്പിക്കുന്നത്.
(തുടരും)