കുഞ്ഞുണ്ണിക്കാലം
പ്രകാശന്‍ ചുനങ്ങാട്
ഗ്രീന്‍ റൂട്‌സ്
മാതൃഭൂമി ബുക്‌സ്
പേജ്: 96 വില: 130
ഫോണ്‍: 0495-2362000
കുഞ്ഞുണ്ണി എന്ന കുറ്റിപ്പെന്‍സില്‍ പോലുള്ള കുറിയ മ നുഷ്യന്‍ എത്രയെത്ര പേര്‍ക്കാണ് പ്രചോദനമായത്; വഴികാട്ടിയായത്. അവരെല്ലാം കുഞ്ഞുണ്ണിമാഷിനെക്കുറിച്ചെഴുതിയാല്‍ അതു സാഹിത്യ സാഗരമായി മാറും. അതാണ് ആ വ്യക്തിത്വത്തിന്റെ സവിശേഷത. മാഷ് ചെത്തി മിനുക്കി നല്ലൊരു കഥാകാരനും നോവലിസ്റ്റുമാക്കിയ എഴുത്തുകാരനാണ് പ്രകാശന്‍ ചുനങ്ങാട്. പ്രകാശന്റെ കുഞ്ഞുണ്ണിക്കാലം തന്നിലുള്ള കുഞ്ഞുണ്ണി സ്വാധീനത്തിന്റെ അയവിറക്കലാണ്.
കുഞ്ഞുണ്ണി മാഷെ പരിചയപ്പെടുന്നതു മുതല്‍ അദ്ദേഹത്തിനൊപ്പമുള്ള സഹവാസവും സഹയാത്രയുമൊക്കെ പ്രകാശന്‍ വളരെ ഹൃദ്യമായ രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു കഥ വായിച്ചു പോകുംപോലെ ഈ അനുഭവക്കുറിപ്പുകള്‍ വായിക്കാം. അതിലൂടെ കുഞ്ഞുണ്ണി എന്ന സാഹിത്യ അതികായനെ അടുത്തറിയുകയും ചെയ്യാം. മദ്രാസും ഹൈദരാബാദും നിസാമുദിനും അജന്ത എല്ലോറയും സിര്‍ദ്ദിസായിയുടെ സമാധിസ്ഥലവുമൊക്കെ മാഷോടൊപ്പം സന്ദര്‍ശിച്ച കാര്യം പുസ്തകത്തില്‍ വളരെ രസകരമായി വര്‍ണ്ണിക്കുന്നുണ്ട്. പ്രകാശന്റെ ആദ്യ നോവലിന് അവതാരിക എഴുതിയതും മാഷാണ്. മാഷുടെ നിര്യാണത്തിന് തലേന്ന് അദ്ദേഹത്തെ പോയി കാണാനും പ്രകാശന് ഭാഗ്യമുണ്ടായി. കുഞ്ഞുണ്ണി മാഷുടെ തിരഞ്ഞെടുത്ത കവിതകള്‍ കൂടി ചേര്‍ ത്തത് പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. പ്രകാശന്‍ ചുനങ്ങാടിന്റെ സ്വന്തം അനുഭവത്തിലൂടെ, കുഞ്ഞുണ്ണിയിലൂടെയുള്ള യാത്രയാണ് ഈ കൃതി.
ദേവീസ്‌തോത്രങ്ങള്‍
ശ്രീനാരായണഗുരു
വ്യാഖ്യാനം: ബ്രഹ്‌മചാരി പ്രസാദ്
ശ്രീനാരായണഗുരുദേവമന്ദിരം
ചെന്നൈ
പേജ്: 84 വില: 70 രൂപ
മൊ: 8148704500
ആദിമസത്തയുടെ പ്രകടഭാവമായ ദേവീ സ്വത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഋഷിവര്യനായ ശ്രീനാരായണഗുരുദേവന്‍ രചിച്ച അഞ്ച് ദേവീ സ്‌തോത്രങ്ങളില്‍ നാലെണ്ണമാണ് ‘ദേവീസ്‌തോത്രങ്ങള്‍’ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേവീസ്തവം, മണ്ണന്തല ദേവീസ്തവം, ഭദ്രകാള്യഷ്ടകം, കാളീ നാടകം എന്നീ സ്‌തോത്രങ്ങള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വേദങ്ങളും അദ്വൈതദര്‍ശനവും സാധാരണക്കാരനു പ്രാപ്യമാകുന്ന തരത്തില്‍ അവതരിപ്പിച്ച ഗുരുദേവന്റെ മറ്റൊരു കൃതിയാണിത്. പദ്യ രൂപത്തില്‍ തയ്യാറാക്കിയതിനാല്‍ ആര്‍ക്കും പാടാനും, നാമം ജപിക്കാനും കഴിയുന്ന തരത്തില്‍ ആണ് ഇതിന്റെ ഘടന. സംസ്‌കൃതത്തിന്റെ കാഠിന്യം ഇല്ലാതെ തനി മലയാളത്തില്‍ ആണ് ഓരോ സ്‌ത്രോത്രങ്ങളും രചിച്ചിരിക്കുന്നത്. ദേവിയുടെ മുടിയെ വര്‍ണിക്കാന്‍ കാര്‍വേണി എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അത്ര സരസമാണ് ഇതിലെ വര്‍ണനകള്‍. കവിത്വം തുളുമ്പുന്ന ഓരോ വരികളും ദേവീ തത്വത്തിന്റെ ഉന്നതമായ ദര്‍ശനത്തെയും, ശൈവ-ശാക്തേയ ഭാവത്തെയും, ഭദ്രകാളിയുടെ രൗദ്രതയെയും പ്രതിഫലിപ്പിക്കുന്നതാണ്. കാളിയുടെ പ്രപഞ്ച നാടകം വിവരിക്കുന്ന ഗുരുദേവ കൃതികളിലെ അത്ഭുതങ്ങളില്‍ ഒന്നായ ‘കാളീനാടകം’ എന്ന സ്‌തോത്രവും അതിന്റെ വിവരണവും ഉള്‍പ്പെടുത്തിയത് പുസ്തകത്തിന്റെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നു. നാല് സ്‌ത്രോത്രങ്ങള്‍ക്കും ലളിതമായ ഭാഷയില്‍ വ്യാഖ്യാനം എഴുതിയിരിക്കുന്നത് ബ്രഹ്‌മചാരി പ്രസാദ് ആണ്. ഗുരുദേവ തത്വങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പുസ്തകം വിതരണം ചെയ്യുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ വേരുറപ്പിക്കാനും അടുത്ത തലമുറകളിലേക്കു അതു പടര്‍ത്താനും നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനീയമാണ്. നമ്മുടെ ഭജന മുറിയില്‍ അനിവാര്യമായും ഉണ്ടാകേണ്ട പുസ്തകങ്ങളില്‍ ഒന്നാണിത്.
വെളിച്ചം പൂക്കുന്ന മരങ്ങള്‍
പേരുമല രവി
ഹരികൃഷ്ണന്‍ പബ്ലിഷേഴ്‌സ്
പേജ്: 119 വില: 130 രൂപ
മൊ: 9447343281
പേരുമല രവിയുടെ ഏതാനും ചെറുകഥകളുടെ സമാഹാരമാണ് ‘വെളിച്ചം പൂക്കുന്ന മരങ്ങള്‍’. ഒട്ടും സങ്കീര്‍ണമല്ലാത്ത കഥാപരിസരങ്ങളില്‍ നിന്നും കാമ്പുള്ള പതിനാറ് അനുഭവകഥകളാണ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. കടുകട്ടിയായ വാക്കുകളുടെ ആഡംബരം ഇല്ലാതെ വളരെ സരസമായ വാക്കുകളും വരികളുമാണ് ഓരോ കഥയിലും നിറഞ്ഞു നില്‍ക്കുന്നത്. അതേസമയം ‘പ്രവാസി’, ‘സ്വപ്‌നങ്ങള്‍ നൃത്തം വച്ചപ്പോള്‍’, ‘ഒരു പിടി ചുവന്ന പനിനീര്‍പൂക്കള്‍’ എന്നീ കഥകളിലൊക്കെ മികച്ച സാഹിത്യവും വരികളുടെ ഒഴുക്കും പ്രകടമാണ്. നാം നിത്യജീവിതത്തില്‍ കണ്ടുമുട്ടുകയും കണ്ടു മറക്കുകയും ചെയ്യുന്നതാണ് ഇതിലെ കഥയും കഥാപാത്രങ്ങളും. അതുകൊണ്ടു ആര്‍ക്കും ഇതു തങ്ങളുടെ ജീവിത പരിസരവുമായി ചേര്‍ത്തു വയ്ക്കാന്‍ സാധിക്കും. സ്റ്റേജ് നാടക രചനയിലൂടെ തന്റെ പ്രതിഭ തെളിയിച്ച ഗ്രന്ഥകര്‍ത്താവ് കഥാ രചനയിലും അത് നിലനിര്‍ത്തിയിരിക്കുന്നു.
Comments