ഇക്കഴിഞ്ഞ കേന്ദ്രബജറ്റിലെ ഒരു സുപ്രധാന പ്രഖ്യാപനമാണ്, ഈ വര്‍ഷം അവസാനത്തോടെ കല്‍ക്കത്ത – സിംല പാതയില്‍ ഓടിത്തുടങ്ങാന്‍ പോകുന്ന ഹൈഡ്രജന്‍ ട്രെയിനുകളുടേത്. അന്തരീക്ഷ മലിനീകരണത്തിന് വലിയൊരളവോളം പരിഹാരമുണ്ടാക്കാന്‍ ഈ പദ്ധതിക്കാവും.
എന്താണ് ഹൈഡ്രജന്‍ ഇന്ധനം ?
പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള മൂലകമാണ് ഹൈഡ്രജന്‍. അങ്ങനെ പറഞ്ഞാല്‍ പോരാ. പ്രപഞ്ചഭാരത്തിന്റെ സിംഹഭാഗവും ഹൈഡ്രജന്‍ ആണ്. സൂര്യനിലും നക്ഷത്രങ്ങളിലും ഊര്‍ജ്ജോത്പാദനം നടക്കുന്നത് അവക്കുള്ളിലെ ഹൈഡ്രജന്‍ ഹീലിയമായി മാറുമ്പോഴുള്ള ദ്രവ്യനഷ്ടത്തില്‍ നിന്നാണ്. ഇത് തന്നെയാണ് വിനാശകാരിയായ ഹൈഡ്രജന്‍ ബോംബിന്റെയും പ്രവര്‍ത്തനതത്വം.
ഹൈഡ്രജന്‍ വളരെ ഭാരം കുറഞ്ഞ, ഒരു ന്യൂട്രോണും ഇലക്ട്രോണും മാത്രമുള്ള ഏറ്റവും ലളിതമായ ആണവ ഘടനയുള്ള വാതകമാണ്. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ ഇതിനു നല്ല ജ്വലനശേഷിയുണ്ട്. മാത്രവുമല്ല നന്നായി താപം ഉണ്ടാക്കുകയും ചെയ്യും. വാതകാവസ്ഥയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഹൈഡ്രജന്‍ സംഭരിക്കാന്‍ കഴിയൂ. അതിനാല്‍ ഉയര്‍ന്ന മര്‍ദ്ദവും വളരെ കുറഞ്ഞ താപനിലയും കൊണ്ട് ഹൈഡ്രജന്‍ ദ്രാവകമാക്കേണ്ടതുണ്ട്. പൂജ്യത്തിനു താഴെ 260 ഡിഗ്രിയോളം പോന്ന അവസ്ഥയിലെ ഹൈഡ്രജന്‍ ദ്രാവകമാവുകയുള്ളൂ. ഇതിനു ക്രയോ അവസ്ഥ എന്നാണു പറയുന്നത്. ഈ അവസ്ഥയില്‍ എല്ലാ സാധാരണ തന്മാത്ര ഘടനകളും താറുമാറാകും. അതിനെ അതിജീവിക്കുന്ന ടാങ്കുകള്‍, പൈപ്പുകള്‍, പമ്പുകള്‍, ഗതാഗതസംവിധാനങ്ങള്‍ എന്നിവയൊക്കെ ഉണ്ടാക്കുക എന്നതാണ് ഇവിടെ പ്രധാന വെല്ലുവിളി. അതുകൊണ്ടാണ് ദ്രവ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റുകളിലെ ക്രയോജനിക് എഞ്ചിനുകള്‍ അതീവ സങ്കീര്‍ണ്ണമാകുന്നത്. എന്നാല്‍ റോക്കറ്റില്‍ ഉപയോഗിക്കുന്നതുപോലെയല്ല മേല്‍പ്പറഞ്ഞ ട്രയിനുകളില്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്നത്.
ശുദ്ധജലം എന്നത് ഹൈഡ്രജന്റെയും ഓക്‌സിജന്റെയും സംയുക്തമാണല്ലോ. ഈ ശുദ്ധജലത്തെ വൈദ്യുതി ഉപയോഗിച്ച് വിഘടിപ്പിക്കാന്‍ സാധിക്കും. അങ്ങനെ ചെയ്യുമ്പോള്‍ വെള്ളം ഹൈഡ്രജനും ഓക്‌സിജനുമായി മാറും. അതായത് വെള്ളം വൈദ്യുതി എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ഹൈഡ്രജനും ഓക്‌സിജനും ഉണ്ടാകുന്നു. എന്നാല്‍ ഹൈഡ്രജനും ഓക്‌സിജനും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ അവിടെ വെള്ളവും വൈദ്യുതിയും ഉണ്ടാകണമല്ലോ. അതെ. ഉണ്ടാകും. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്.
ദ്രാവകാവസ്ഥയില്‍ സംഭരിച്ചിരിക്കുന്ന ഹൈഡ്രജനെയും ഓക്‌സിജനെയും സ്വതന്ത്രമായി സംയോജിക്കാന്‍ അനുവദിക്കുന്നു. ആ പ്രവര്‍ത്തനത്തിന്റെ ഫലമായി നീരാവിയും (വെള്ളത്തിന്റെ വാതകരൂപം) വൈദ്യതിയും ഉണ്ടാകുന്നു. ഈ വൈദ്യുതി പ്രത്യേകം സെല്ലുകളില്‍ സംഭരിച്ച് ഉപയോഗിക്കുന്നു. ഹൈഡ്രജന്‍ ട്രെയിനുകളില്‍ ഈ ഫ്യുവല്‍ സെല്ലുകളിലെ വൈദ്യുതി ഉപയോഗിച്ചാണ് തീവണ്ടിയെ ചലിപ്പിക്കുന്നത്. ഈ എഞ്ചിനുകള്‍ പുറന്തള്ളുന്നത് ശുദ്ധമായ നീരാവിയാണ്. അതില്‍ അന്തരീക്ഷ മലിനീകരണം ഒട്ടും തന്നെ ഇല്ലേയില്ല.
ഇപ്പോള്‍ ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള കാറുകളും നിര്‍മ്മാണത്തിലുണ്ട്. ഒരു മഹത്തായ സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇപ്പോള്‍ യാത്ര ചെയ്യുന്നത് ഹൈഡ്രജന്‍ കാറിലാണ്.
ഇവിടെയും വെല്ലുവിളികള്‍ പലതുമുണ്ട്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ വെള്ളത്തെ വിഘടിപ്പിച്ചുമാത്രമേ ഉണ്ടാക്കാന്‍ കഴിയൂ. അതിനു വലിയ തോതില്‍ വൈദ്യുതി വേണം. ഈ വൈദ്യുതി പരമ്പരാഗതമാര്‍ഗ്ഗങ്ങളില്‍ കൂടി മാത്രമേ ഇന്ന് ലഭ്യമാവുകയുള്ളു. അതായത് ഹൈഡ്രജന്‍ ഉപയോഗിക്കുന്നത് മൂലം കുറവ് വരുന്ന മലിനീകരണം, അതിനാവശ്യമായ വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ഇല്ലാതാകുന്നു.
മാത്രവുമല്ല, ഗ്രീന്‍ ഹൈഡ്രജന്‍ ദ്രവരൂപത്തിലാക്കുക, അത് സുരക്ഷിതമായി സംഭരിക്കുക എന്നതൊക്കെ വലിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ആണ്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇപ്പോള്‍ ഹൈഡ്രജന്‍ എഞ്ചിനുകള്‍ക്ക് ചെലവ് വളരെ കൂടുതല്‍ ആണ്. പക്ഷെ ടെക്നോളജി ജനകീയമാവുകയും, വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പ്പാദനം തുടങ്ങുകയും ചെയ്യുമ്പോള്‍ സമീപഭാവിയില്‍ തന്നെ ഗ്രീന്‍ ഹൈഡ്രജന്‍ ചെലവ് കുറഞ്ഞ രീതിയില്‍ ഉണ്ടാക്കാനും ഉപയോഗിക്കാനും കഴിയും. നമുക്കറിയാമല്ലോ എത്രപെട്ടെന്നാണ് ഒരു സമയത്ത് വന്‍ പണക്കാര്‍ക്ക് മാത്രം താങ്ങാന്‍ കഴിയുമായിരുന്ന മൊബൈല്‍ ഫോണ്‍ സാധാരണക്കാരന് ജീവശ്വാസം പോലെ ആയത് എന്ന്.
എന്തായാലും അങ്ങനെ ഹൈഡ്രജന്‍ ട്രയിനുകള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പ്രകൃതിസൗഹൃദ ജീവിതത്തിന്റെ പതാകവാഹകരായി ഭാരതവും.
Comments