2022ല്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സവിശേഷത മാത്രമല്ല ഗൗതം അദാനിയെ ശ്രദ്ധേയനാക്കുന്ന വസ്തുത, ലോകത്തിലെ തന്നെ മൂന്നാമത്തെ ധനികനായിരുന്നു അദ്ദേഹം. അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ചയുടെ കഥ നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഭാരതത്തില്‍ നിന്നുമുള്ള ആഗോള വിജയത്തിന്റെ ഏറ്റവും വലിയ കഥയാണ്. ഒന്നാം തലമുറ സംരംഭകനായ അദാനിയെ ചുറ്റിപ്പറ്റി പല വിവാദങ്ങളും നില്‍ക്കുമ്പോഴും ഒരു യാഗാശ്വത്തെപ്പോലെ കുതിച്ചു പായുന്ന അദാനിക്ക് തന്റെ വിമര്‍ശകരോട് എന്താണ് പറയാനുള്ളതെന്നു നമുക്ക് നോക്കാം. 2022ലെ ഇന്ത്യടുഡേ ന്യൂസ് മേക്കര്‍ പുരസ്‌കാരം നേടിയ അദാനിയുമായി അവരുടെ ലേഖകന്‍ രാജ് ചെങ്കപ്പ നടത്തിയ സംഭാഷണം.
അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച ശരിക്കും അമ്പരപ്പിക്കുന്നതാണെന്ന് തന്നെ പറയണം. ഒരു ദശാബ്ദത്തിനുള്ളില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍, പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ പ്രയോക്താവ്, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ഊര്‍ജ്ജ നിര്‍മ്മാതാവ്, പോര്‍ട്ട് ഓപ്പറേറ്റര്‍, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍, കണ്‍സ്യൂമര്‍ ഗ്യാസ് – ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ കമ്പനി എന്നിവയായി താങ്കളുടെ ഗ്രൂപ്പ് മാറി. കൂടാതെ ഈ വര്‍ഷം അദാനി ഗ്രൂപ്പ് രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മ്മാതാക്കളായി. വ്യോമയാനം, ടെലികോം, വിവരസാങ്കേതിക മേഖലയിലും, ലോജിസ്റ്റിക്സിലും താങ്കള്‍ അതിവേഗം വൈവിധ്യവത്കരണം കൊണ്ടുവരികയാണ്. 2022 ല്‍ താങ്കള്‍ നൂറ്റമ്പത് ബില്യണ്‍ ഡോളറിന്റെ വ്യക്തിഗത ആസ്തിയോടെ, റിലയന്‍സിന്റെ മുകേഷ് അംബാനിയെ മറികടന്ന് ഏറ്റവും ധനികനായ ഇന്ത്യക്കാരനായി. 2022 എന്ന വര്‍ഷത്തെ എങ്ങനെ താങ്കള്‍ നോക്കിക്കാണുന്നു?
♠2022 പല തരത്തില്‍ അസാധാരണമായ ഒരു വര്‍ഷമായിരുന്നു ഞങ്ങള്‍ക്ക്. അദാനി വില്‍മര്‍ ഐപിഒ വിജയകരമായ രീതിയില്‍ നടത്തിയതോടുകൂടി അദാനി ഗ്രൂപ്പിലെ ഏഴാമത്തെ ലിസ്റ്റഡ് കമ്പനിയായി അത് മാറി. പുതുതായി ഒരു ബിസിനസ്സ് സംരംഭം രൂപവല്‍ക്കരിക്കുക, പിന്നീട് അത് ലാഭകരമാക്കി തുടര്‍ന്ന് പോകുക എന്നതിന്റെ ഉദാഹരണമായിരുന്നു ഈ ഐപിഒ. ഹോള്‍സിമില്‍ നിന്ന് ഏകദേശം പത്തര ബില്യണ്‍ യുഎസ് ഡോളറിന് എസിസി, അംബുജ സിമന്റ്സ് അദാനി ഗ്രൂപ്പ് വാങ്ങിയതോടുകൂടി ഞങ്ങള്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മ്മാതാക്കളായി മാറി. ഞങ്ങള്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കലാണ്. കൂടാതെ അടിസ്ഥാന സൗകര്യ മേഖലയില്‍ ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ ഇടപാട് കൂടിയാണിത്.
ഏറ്റവും ധനികനായ ഇന്ത്യക്കാരനും ഏറ്റവും ധനികനായ ഏഷ്യക്കാരനും എന്നതിലുപരി, ലോകത്തിലെ മൂന്നാമത്തെ ധനികന്‍ കൂടിയാണ് താങ്കള്‍. അതിസമ്പന്നനായതിനെക്കുറിച്ച് താങ്കള്‍ക്ക് എന്ത് തോന്നുന്നു?
♠മാധ്യമ സൃഷ്ടിയായ റാങ്കുകളും അതിസമ്പന്ന പട്ടികകളും ഞാന്‍ കാര്യമായി എടുക്കാറില്ല. ഇവ വെറും മീഡിയ ഹൈപ്പ് മാത്രമാണ്. കഠിന പ്രയത്‌നം കൊണ്ട് സ്വയം ഉയര്‍ന്നു വന്ന ഒരു ഒന്നാം തലമുറ സംരംഭകനാണ് ഞാന്‍. വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് എനിക്ക് ആവേശം ലഭിക്കുന്നു. അവ എത്രത്തോളം സങ്കീര്‍ണമാകുന്നുവോ, അത്രത്തോളം ഞാന്‍ സന്തോഷവാനാകും. എന്നെ സംബന്ധിച്ചിടത്തോളം, സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താനും, രാഷ്ട്രനിര്‍മ്മാണത്തിനും, വളര്‍ച്ചയ്ക്കും സംഭാവന നല്‍കാനുമുള്ള അവസരം സംതൃപ്തി നല്കുന്നു. സമ്പത്ത് റാങ്കിങ്ങോ, അതിനെ പറ്റിയുള്ള വിലയിരുത്തലോ പ്രധാനമല്ല. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഇന്ത്യാ മഹാരാജ്യത്തെ സേവിക്കാന്‍ എന്നെ അനുവദിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനാണ്.
ഇപ്പോള്‍ താങ്കള്‍ സന്തോഷത്തെക്കുറിച്ച് സംസാരിച്ചു. അല്പം കൂടി വിശദീകരിക്കാമോ? താങ്കളെ ശരിക്കും സന്തോഷിപ്പിക്കുന്നത് എന്താണെന്ന് നിര്‍വചിക്കാന്‍ കഴിയുമോ?
♠വ്യക്തിപരമായി പറഞ്ഞാല്‍, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു. ഈ വര്‍ഷം ഞാന്‍ എന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു. ആ അവസരത്തില്‍, വ്യക്തിപരമായ ആഘോഷങ്ങള്‍ക്കൊപ്പം തന്നെ മൂന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി എന്റെ കുടുംബം അദാനി ഫൗണ്ടേഷന് 60,000 കോടി രൂപ സംഭാവന നല്‍കി. അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, നൈപുണ്യ വികസനം എന്നിവയ്ക്കു വേണ്ടി ആ പണം ഉപയോഗിക്കുമ്പോള്‍, എനിക്ക് ലഭിക്കുന്ന അളവറ്റ സംതൃപ്തിയും സന്തോഷവും മറ്റൊരു പ്രൊഫഷണല്‍ നേട്ടത്തിനും നല്‍കാനാവില്ല.
ഒരു സാധാരണ മനുഷ്യനെന്ന നിലയിലും ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ തലവനെന്ന നിലയിലും നിങ്ങളെ പ്രചോദിപ്പിക്കുന്നത് എന്താണെന്ന് വിശദീകരിക്കാമോ?
♠ഏതൊരു ശരാശരി ഇന്ത്യക്കാരന്റെ ധൈര്യവും കരുത്തും സഹിഷ്ണുതയും ദൃഢതയും എന്നെ പ്രചോദിപ്പിക്കുന്നു. അരുണിമ സീനയുടെയും കിരണ്‍ കനോജിയയുടെയും ജീവിതകഥകള്‍ എന്നെ ഈയിടെ വല്ലാതെ സ്വാധീനിച്ചു. നിര്‍ഭാഗ്യവശാല്‍ അംഗവൈകല്യം സംഭവിച്ചവരാണെങ്കില്‍ കൂടി ഈ രണ്ട് അസാധാരണ സ്ത്രീകള്‍ ലോകം കീഴടക്കി. അരുണിമ എവറസ്റ്റ് കീഴടക്കിയപ്പോള്‍, കിരണ്‍ മാരത്തോണില്‍ വിജയകരമായി പങ്കെടുക്കുന്നു. ഇരുവരുടെ പ്രകടനവും ആത്മവിശ്വാസവും അവിശ്വസനീയമാണ്. ഇവര്‍ ഇന്ത്യയുടെ അഭിമാനവുമാണ്. അവരാണ് നമ്മുടെ പുതിയ ഇന്ത്യയുടെ യഥാര്‍ത്ഥ ഹീറോകള്‍. അവരുടെ വിജയ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു, എന്റെ കണ്ണുകളെ ഈറനണിയിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ പോലും ധൈര്യം, നിശ്ചയദാര്‍ഢ്യം എന്നിവ കൈവിടാതെ മുന്നേറിയ ഇവരുടെ കഥയെക്കാള്‍ പ്രചോദനം നല്‍കുന്ന മറ്റെന്തെങ്കിലും ഈ ലോകത്ത് ഉണ്ടോ? അവരുടെ ജീവിതം കാണുമ്പോള്‍, മനുഷ്യനേക്കാള്‍ ശക്തിയുള്ള ഒരു യന്ത്രവും ഇല്ലെന്ന എന്റെ വിശ്വാസം കൂടുതല്‍ ബലപ്പെടുന്നു. ഇത്തരം വിജയ കഥകളാണ് എന്റെ പ്രചോദനത്തിന്റെ ഏറ്റവും വലിയ ഉറവിടം.
അതേ, ശരിക്കും പ്രചോദനദായകമാണ് ഈ കഥ. ഇനി നമുക്ക് ബിസിനസ്സിലേക്ക് തിരിച്ചുവരാം. ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെ പുതിയ പല മേഖലകളിലും നിങ്ങളുടെ ഗ്രൂപ്പിന്റെ അസാധാരണമായ വിപുലീകരണത്തിന് പിന്നിലെ രഹസ്യമെന്താണ്?
♠ഒരു ഇടത്തരം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. 1970 കളിലും 80 കളിലും വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ജീവനോപാധികള്‍ക്കു വേണ്ടി എന്റെ കുടുംബത്തിന് നന്നായി കഷ്ടപ്പെടേണ്ടി വന്നു. പല അടിസ്ഥാന സൗകര്യ മേഖലകളിലും ഇന്ത്യയ്ക്ക് അക്കാലത്ത് വലിയ ന്യൂനത ഉണ്ടായിരുന്നു. ചൈനയും ഇന്ത്യയുടെ അതേ സമയത്തുതന്നെ സ്വതന്ത്രമായിത്തീര്‍ന്ന രാജ്യമാണ്. പക്ഷേ ഇന്ത്യയിലെ ആളോഹരി വരുമാനം ചൈനയെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. 1990-ല്‍ ഇന്ത്യ വികസനത്തിന്റെ പാതയിലേക്ക് കുതിച്ചുയരാന്‍ തുടങ്ങി. എന്റെ ചെറുപ്പകാലത്ത് ഞാന്‍ അനുഭവിച്ച പ്രശ്നങ്ങളെല്ലാം ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാരന്‍ എന്നെ പ്രചോദിപ്പിച്ചു. അതിലൂടെ ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടി എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന വലിയ ആഗ്രഹം എനിക്കുണ്ടായി. ഇതിനിടയില്‍, 1991 മുതല്‍ ഭാരത സര്‍ക്കാര്‍ നടപ്പാക്കി വന്ന നയപരമായ മാറ്റങ്ങള്‍ അടിസ്ഥാന സൗകര്യ മേഖലയിലേക്ക് സ്വകാര്യ സംരംഭങ്ങളുടെ പ്രവേശനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇന്ത്യക്കാര്‍ക്കായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ എനിക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദശകത്തിലെ നിങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ നിങ്ങളുടെ മാനേജ്മെന്റ് ശൈലിയുടെ സ്വാധീനം എത്രത്തോളമുണ്ട്? വിജയത്തിനുള്ള നിങ്ങളുടെ മന്ത്രം എന്താണ്?
♠ഞങ്ങളുടെ എല്ലാ ബിസിനസുകളും നടത്തുന്നത് പ്രൊഫഷണലായ ടീമുകളും കഴിവുള്ള സി.ഇ.ഒ മാരുമാണ്. അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. പുതിയ ബിസിനസ് തന്ത്രം രൂപീകരിക്കുക, സൂക്ഷ്മമായ രീതിയില്‍ മൂലധന വിഹിതം നടത്തുക, പ്രകടന-വളര്‍ച്ച അവലോകനങ്ങള്‍ നടത്തുക എന്നിവയിലേക്ക് എന്റെ പങ്ക് ഞാന്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ ഇത്രയും വലുതും വൈവിധ്യപൂര്‍ണ്ണവുമായ ഒരു ഓര്‍ഗനൈസേഷന്‍ കൈകാര്യം ചെയ്യാനും നിരവധി പുതിയ ബിസിനസ്സുകള്‍ ഇന്‍കുബേറ്റ് ചെയ്യാനും ഏറ്റെടുക്കലുകള്‍ക്കായി പുതിയ അവസരങ്ങള്‍ തേടാനും എനിക്ക് സമയം ലഭിക്കും.
താങ്കള്‍ നടത്തിയ പുതിയ ഏറ്റെടുക്കലുകളില്‍ ഒന്നാണ് എന്‍ഡിടിവി ഗ്രൂപ്പ് ഇടപാട്. കമ്പനികളില്‍ താങ്കള്‍ നടപ്പാക്കിയ ഇടപെടല്‍ പാടില്ലെന്ന തത്വം താങ്കള്‍ പിന്തുടരുമോ? കൂടാതെ, എഡിറ്റോറിയല്‍ സ്വാതന്ത്ര്യം എങ്ങനെ ഉറപ്പാക്കും?
♠മാനേജ്‌മെന്റിനും എഡിറ്റോറിയലിനും ഇടയില്‍ വ്യക്തമായ ലക്ഷ്മണ രേഖയുണ്ടെന്ന് വിശ്വസിക്കുന്ന ഞാന്‍ എന്‍ഡിടിവിയെ ഒരു സ്വതന്ത്ര ഗ്ലോബല്‍ നെറ്റ്വര്‍ക്കായി തുടരാന്‍ അനുവദിക്കും. മറ്റ് പലരും ചെയ്യുന്നത് പോലെ, ഞാന്‍ പറയുന്ന ഓരോ വാക്കും താങ്കള്‍ക്ക് അനന്തമായി ചര്‍ച്ച ചെയ്യാനും വ്യാഖ്യാനിക്കാനും കഴിയും. പക്ഷേ എന്റെ അടിസ്ഥാനപരമായ വിശ്വാസമെന്നാല്‍ പ്രവൃത്തിയിലൂടെ കഴിവ് തെളിയിക്കുന്നതിലാണ്. അതിനാല്‍, ഞങ്ങളെ വിലയിരുത്താന്‍ തുടങ്ങുന്നതിന് മുമ്പ് ദയവായി കുറച്ച് സമയം അനുവദിക്കുക. മാനേജ്‌മെന്റിനും എഡിറ്റോറിയലിനും ഇടയിലുള്ള ലക്ഷ്മണ രേഖയും താങ്കള്‍ക്ക് വ്യക്തമായി കാണാനാകും.
താങ്കളുടെ വിമര്‍ശകരില്‍ ചിലര്‍ ആരോപിക്കുന്നതെന്തെന്നാല്‍ അദാനി ഗ്രൂപ്പിന് അമിതമായ കടമുണ്ട് എന്നതാണ്. ഏകദേശം രണ്ട് ലക്ഷം കോടി! ഈ കടം നിലനിര്‍ത്താനും തിരിച്ചടയ്ക്കാനുമുള്ള ആത്മവിശ്വാസം എങ്ങനെ സ്വന്തമാക്കി?
♠ഞങ്ങളുടെ കടബാധ്യതയെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളില്‍ ഞാന്‍ വളരെ ആശ്ചര്യപ്പെട്ടു. അതിന് കാരണമെന്തെന്നാല്‍ ഞങ്ങള്‍ സാമ്പത്തികമായി വളരെ ശക്തരും സുരക്ഷിതരുമാണ്. മേല്പറഞ്ഞ ആരോപണങ്ങള്‍ പ്രധാനമായും രണ്ട് വിഭാഗം ആളുകളില്‍ നിന്നാണുയരുന്നത്. അതില്‍ ആദ്യത്തെ വിഭാഗം ആളുകള്‍ക്ക്, ഒരു കമ്പനിയുടെ വരുമാനത്തിന്റെയും കടത്തിന്റെയും മറ്റ് സാമ്പത്തിക കാര്യങ്ങളുടെയും വിശദമായ സൂക്ഷ്മതകള്‍ മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവഗാഹമില്ല. അവര്‍ സാമ്പത്തികരംഗത്തെ കാര്യമായി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, കടത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഇല്ലാതാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍, ബോധപൂര്‍വം ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിച്ച് അദാനി ഗ്രൂപ്പിന്റെ സല്‍പേര് കളങ്കപ്പെടുത്താന്‍ നിക്ഷിപ്ത താല്പര്യമുള്ള മറ്റൊരു വിഭാഗം ആളുകളുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി, ഞങ്ങളുടെ ലാഭം, കടത്തിന്റെ ഇരട്ടി നിരക്കില്‍ വളരുകയാണ്. ഇക്കാരണത്താല്‍, ഞങ്ങളുടെ കടത്തിന്റെ തല്‍ക്ഷണ അനുപാതം 7.6 ല്‍ നിന്ന് 3.2 ആയി കുറഞ്ഞു. ഇത് സുസ്ഥിരമായതും പ്രവചിക്കാവുന്നതുമായ പണമൊഴുക്ക് ഞങ്ങള്‍ക്കുണ്ട് എന്നതിന്റെ സൂചനയാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ ഗ്രൂപ്പിന് ഈ സാഹചര്യം വളരെ ആരോഗ്യകരമാണ്. കൂടാതെ, അന്തര്‍ദേശീയ റേറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയുടെ പരമാധികാര റേറ്റിംഗിന് തുല്യമായി ഞങ്ങളെ റേറ്റുചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാര റേറ്റിങ്ങിന് സമാനമായ റേറ്റിംഗ് ഇന്ത്യയിലെ മറ്റൊരു ബിസിനസ് ഗ്രൂപ്പിനുമില്ല എന്നത് എനിക്ക് അഭിമാനകരമായ കാര്യമാണ്. റേറ്റിംഗ് ഏജന്‍സികള്‍, പ്രത്യേകിച്ച് അന്താരാഷ്ട്ര ഏജന്‍സികള്‍, റേറ്റിംഗ് നല്‍കുന്നതില്‍ വളരെ യാഥാസ്ഥിതികരും പിശുക്ക് കാണിക്കുന്നവരുമാണെന്ന് താങ്കള്‍ക്ക് നന്നായി അറിയാം. വളരെ കര്‍ക്കശവും ശക്തവുമായ സാമ്പത്തിക വിശകലന സംവിധാനങ്ങള്‍ക്കും പ്രക്രിയകള്‍ക്കും ശേഷമാണ് അവര്‍ റേറ്റിങ് നല്കുന്നത്.
പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് അദാനിയുടെ കടബാധ്യതയില്‍ വലിയ തോതില്‍ ആശങ്കപ്പെടേണ്ടതുണ്ടോ? അത്തരം ചോദ്യങ്ങളോട് താങ്കള്‍ എങ്ങനെ പ്രതികരിക്കും?
♠വസ്തുതകള്‍ പരിശോധിക്കാതെ ആളുകള്‍ ആശങ്കകള്‍ ഉന്നയിക്കുന്നു. ഒമ്പത് വര്‍ഷം മുമ്പ് ഞങ്ങളുടെ മൊത്തം കടത്തിന്റെ 86 ശതമാനവും ഇന്ത്യന്‍ ബാങ്കുകളെ ആശ്രയിച്ചായിരുന്നു എന്നതാണ് വസ്തുത. പക്ഷേ ഇപ്പോള്‍ ഞങ്ങളുടെ മൊത്തം വായ്പയില്‍ ഇന്ത്യന്‍ ബാങ്കുകളുടെ പങ്കാളിത്തം വെറും 32 ശതമാനമായി കുറഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര ബോണ്ടുകള്‍ വഴിയുള്ള വായ്പകളാണ് ഏതാണ്ട് 50 ശതമാനവും. അന്താരാഷ്ട്ര നിക്ഷേപകര്‍ വളരെ ബുദ്ധിശാലികളാണെന്നും കൃത്യമായ വിശകലനത്തിനും ആഴത്തിലുള്ള പഠനത്തിനും ശേഷം മാത്രമേ അവര്‍ വായ്പകള്‍ തരാറുള്ളൂ.
നിങ്ങളുടെ പെട്ടെന്നുള്ള ഉയര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാരണമെന്ന് പറയുന്ന വിമര്‍ശകരോട് താങ്കള്‍ എങ്ങനെ പ്രതികരിക്കും?
♠ഞാനും പ്രധാനമന്ത്രി മോദിയും ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന വസ്തുത ഇത്തരം ആരോപണങ്ങള്‍ എന്റെ മേല്‍ ഉന്നയിക്കുന്ന വ്യക്തികള്‍ക്ക് ഒരു ആയുധമായി മാറ്റുന്നു. ഞാന്‍ എന്റെ സംരംഭകത്വ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, അതിനെ നാല് ഘട്ടങ്ങളായി വിഭജിച്ച് കാണുന്നുണ്ട്. അതില്‍ ആദ്യത്ത ഘട്ടം രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എക്‌സിം (കയറ്റുമതി-ഇറക്കുമതി) നയം ആദ്യമായി ഉദാരവല്‍ക്കരിച്ചത് എന്നറിയുമ്പോള്‍ പലരും ആശ്ചര്യപ്പെടും. അതിലൂടെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, അനവധി ചരക്ക് സാമഗ്രികള്‍ കയറ്റുമതി-ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഈ നയത്തിനെ പിന്‍പറ്റി ഞാന്‍ എന്റെ ആദ്യ കയറ്റുമതി സംരംഭം തുടങ്ങി. പിന്നീട് എനിക്ക് ലഭിച്ച രണ്ടാമത്തെ വലിയ മുന്നേറ്റം 1991-ലാണ്. പ്രധാനമന്ത്രി നരസിംഹറാവുവും, ധനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും നടത്തിയ വന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് മറ്റ് പല സംരംഭകരെയും പോലെ ഞാനും ഗുണഭോക്താവായി. അതിനെക്കുറിച്ച് ഇവിടെ കൂടുതല്‍ വിശദമായി പറയുന്നതില്‍ അര്‍ത്ഥമില്ല, കാരണം വളരെയധികം ചര്‍ച്ച ചെയ്ത സംഭവങ്ങളാണത്. 1995-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി കേശുഭായി പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തതാണ് എന്റെ ബിസിനിസ് യാത്രയിലെ മൂന്നാമത്തെ വഴിത്തിരിവ്. അതുവരെ, ഗുജറാത്തിലെ എല്ലാ വ്യാവസായിക സംരംഭങ്ങളും മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദേശീയ പാത 8 ന് ചുറ്റും മാത്രമായിരുന്നു. ദീര്‍ഘവീക്ഷണമുള്ള അദ്ദേഹം തീരദേശ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ നയമാറ്റം എന്നെ മുന്ദ്രയിലേക്ക് കൊണ്ടുപോകുകയും ഞങ്ങളുടെ ആദ്യത്തെ തുറമുഖം നിര്‍മ്മിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. നാലാമത്തെ വഴിത്തിരിവ് 2001-ലായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങള്‍ ഗുജറാത്തില്‍ വന്‍തോതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവ ശ്രദ്ധേയമായി പ്രാവര്‍ത്തികമാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിക്കുകയും സാമൂഹിക പരിവര്‍ത്തനം കൊണ്ടുവരികയും ചെയ്തു. അവികസിത പ്രദേശങ്ങളുടെ വികസനം ത്വരിത വേഗതയില്‍ കൈവന്നു. വ്യവസായങ്ങളെയും തൊഴിലവസരങ്ങളെയും മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ത്താന്‍ മുഖ്യമന്ത്രി മോദിയുടെ നയങ്ങള്‍ വഴിവെച്ചു. ഇന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭാരതം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സമാനമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തുകയാണ്. ഒരു പുതിയ ഇന്ത്യ ഉയര്‍ന്നു വരുന്ന സമയത്ത്, പൊള്ളയായ ആരോപണങ്ങള്‍ എനിക്കെതിരെ ആരോപിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഞാന്‍ മുന്നേ വിശദീകരിച്ചതുപോലെ, ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പക്ഷപാതിത്വ മനസ്സോടെ നടത്തുന്നതുമാണ്. അദാനി ഗ്രൂപ്പിന്റെ വിജയം ഹ്രസ്വദൃഷ്ടിയോടെ നോക്കി കാണുന്നവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്റെ പ്രൊഫഷണല്‍ വിജയം ഏതെങ്കിലും ഒരു നേതാവിന്റെ സഹായത്തോടെ നേടിയതല്ല എന്നതാണ് വസ്തുത. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാലയളവില്‍ നിരവധി നേതാക്കളും സര്‍ക്കാരുകളും നടപ്പാക്കിയ നയങ്ങളും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികപരിഷ്‌കാരങ്ങളും എന്റെ വിജയത്തിന് കാരണമാണ്. അതിനാല്‍ എന്റെ ജീവിതത്തിലെ വഴിത്തിരിവുകള്‍ താങ്കള്‍ സൂക്ഷ്മമായി നോക്കുകയാണെങ്കില്‍ അതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്ക് കാണാനാകും.
ഗുജറാത്ത് മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെയുള്ള നരേന്ദ്ര മോദിയുടെ വളര്‍ച്ച താങ്കള്‍ കണ്ടു. പ്രധാനമന്ത്രി മോദിയുടെ നേതൃശൈലിയെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
♠ഇന്ത്യയ്ക്ക് ദീര്‍ഘവീക്ഷണവും പ്രചോദനാത്മകവുമായ നേതൃത്വം നല്‍കുന്ന ഒരു നേതാവായിട്ടാണ് ഞാന്‍ പ്രധാനമന്ത്രി മോദിയെ കാണുന്നത്. കാര്യമായ നയം മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. വിവിധ പദ്ധതികളിലൂടെ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തെ അദ്ദേഹം നേരിട്ട് സ്പര്‍ശിച്ചു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് നമുക്ക് കാണാനാകും. സാമൂഹിക പരിവര്‍ത്തനത്തിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കും വേണ്ടിയുള്ള നയരൂപീകരണ മാറ്റങ്ങള്‍ക്ക് അദ്ദേഹം കഠിനമായി ശ്രമിക്കുന്നു. നിരവധി നൂതന പദ്ധതികളും അവയുടെ ഫലപ്രദമായ നടപ്പാക്കലുകളും ഇന്ത്യയുടെ വ്യാവസായിക, സാമ്പത്തിക വികസനത്തിന് ശക്തമായ മുന്നേറ്റം നല്‍കി. ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള സ്‌കീമുകള്‍, അനന്തമായ ബിസിനസ്സ്, ഉല്‍പ്പാദന അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അതിനെ പിന്‍പറ്റി അദാനി ഗ്രൂപ്പ് പ്രത്യക്ഷവും പരോക്ഷവുമായ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കാര്‍ഷിക സമ്പദ്വ്യവസ്ഥ, അവികസിത മേഖലകള്‍, എന്നിവയില്‍ പ്രധാനമന്ത്രി ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചത് വളര്‍ച്ച എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത്, ജന്‍ധന്‍ യോജന, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ സാമൂഹിക പദ്ധതികള്‍ ഇന്ത്യയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു.
താങ്കള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ആസ്ട്രേലിയ, ശ്രീലങ്ക കൂടാതെ ഇന്ത്യയില്‍ പോലും നടത്തിയ നിക്ഷേപങ്ങള്‍ മുന്‍ നിര്‍ത്തി താങ്കള്‍ക്കെതിരെ ധാരാളം പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കാര്യങ്ങളോടുള്ള നിങ്ങളുടെ കാഴ്ചപ്പാടും പ്രതികരണവും എന്താണ്?
♠ഗൗതം അദാനി ജനാധിപത്യ ഇന്ത്യയുടെ ഒരു ഉല്‍പ്പന്നമാണ്. പ്രതിഷേധ വിമര്‍ശനങ്ങളും ആരോപണങ്ങളും സജീവമായ ഒരു ജനാധിപത്യത്തിന്റെ അവശ്യഘടകങ്ങളാണ്. നമ്മുടെ ജനാധിപത്യം നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യവും അവസരവും നല്‍കിയിട്ടുണ്ടെന്നും, നാമെല്ലാവരും അതില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്നും, ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതേ ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച ശേഷം മറ്റൊരു വശത്തെക്കുറിച്ച് പരാതിപ്പെടുന്നതും, നിയമത്തിന്റെ അതിരുകളെക്കുറിച്ച് സെലക്റ്റീവായി വിമര്‍ശിക്കുന്നതും ഇരട്ടത്താപ്പാണ്. ബിസിനസ്സ് ചെയ്യാന്‍ ഏറ്റവും പ്രയാസമേറിയ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലാണ് ഞങ്ങള്‍ വിജയം കൊയ്തതെന്ന വസ്തുത താങ്കള്‍ ഓര്‍ക്കണം. വെല്ലുവിളികളെ ഞാന്‍ പലതവണ നേരിട്ടിട്ടുണ്ട്, ഏത് വിമര്‍ശനങ്ങളോടും എനിക്ക് വളരെ തുറന്ന മനസ്സാണ്. എന്നെ സംബന്ധിച്ചിടത്തോളം സന്ദേശ വാഹകനേക്കാള്‍ പ്രധാനം സന്ദേശത്തിനായിരുന്നു. ഞാന്‍ എപ്പോഴും ആത്മപരിശോധന നടത്തുകയും മറ്റുള്ളവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഞാന്‍ എപ്പോഴും ശരിയാണെന്നുള്ള ബോധം എനിക്കില്ല. ഓരോ വിമര്‍ശനവും എന്നെത്തന്നെ മെച്ചപ്പെടുത്താന്‍ ഞാന്‍ ഉപയോഗിക്കുന്നു.
വിവിധ കോണുകളില്‍ നിന്ന് താങ്കള്‍ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ താങ്കള്‍ പറഞ്ഞത്. വിമര്‍ശനങ്ങള്‍ ഒരിക്കലും താങ്കളെ തളര്‍ത്തിയില്ല. ഈ സവിശേഷത അദാനി സംസ്‌കാരത്തിന്റെ ഭാഗമാണോ?
♠അതെ. തോറ്റു പിന്‍വാങ്ങുക എന്നത് അദാനി സംസ്‌കാരത്തിന്റെ ഭാഗമല്ല; അനന്തമായ ഊര്‍ജ്ജവും പ്രശ്നപരിഹാര സമീപനവുമുള്ള ശക്തവും പ്രൊഫഷണലുമായ ഒരു ടീമിനെ അദാനി ഗ്രൂപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള ഒരു ചലനാത്മക ജനാധിപത്യത്തില്‍ പരമാവധി സാധ്യതകള്‍ മനസ്സിലാക്കിയ ഞങ്ങള്‍ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളുടെ തക്കതായ പരിഹാരമാര്‍ഗങ്ങളിലേക്ക് എത്തിച്ചേരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തും ബിസിനസ്സ് നടത്താന്‍ കഴിയുമെന്ന് എനിക്കും എന്റെ ഗ്രൂപ്പിനും ഉറപ്പുണ്ട്. കുട്ടിക്കാലം മുതല്‍ ഞാന്‍ പല പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ടിട്ടുണ്ട്. ആ അവസരങ്ങള്‍ എന്നെ വിലപ്പെട്ട നിരവധി പാഠങ്ങള്‍ പഠിപ്പിക്കുകയും അതിലൂടെ കൂടുതല്‍ ശക്തനാക്കുകയും ചെയ്തു. ഒരു പ്രതിസന്ധി ഘട്ടവും പാഴാക്കരുതെന്ന് എന്റെ ടീമിനോട് ഞാന്‍ എപ്പോഴും പറയുന്നത് ഇക്കാരണത്താലാണ്. പ്രതിസന്ധികള്‍ നമ്മളെ കൂടുതല്‍ ശക്തരാക്കും.
സോളാര്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയില്‍ അദാനി ഗ്രൂപ്പ് കാര്യമായ രീതിയില്‍ നിക്ഷേപം നടത്തുന്നതായി ഞാന്‍ കാണുന്നു. ഗ്രീന്‍ ടെക്നോളജി സാങ്കേതികവിദ്യയുടെയും അവ സംഭരിക്കുന്നതിന് ആവശ്യമായ ഭൂമിയുടെയും കാര്യത്തില്‍ നിരവധി തടസ്സങ്ങളുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, എന്ത് ആത്മവിശ്വാസത്തിന്റെ പുറത്താണ് താങ്കള്‍ വലിയ നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ നടത്തുന്നത്?
♠ഹരിത ഊര്‍ജ്ജ മേഖല വ്യക്തിപരമായി എനിക്കു വളരെ താല്‍പര്യമുള്ള ബിസിനസ്സാണ്. ഹരിത ഊര്‍ജ്ജ സംക്രമണം ഒരു വലിയ ബിസിനസ് അവസരവും ഭാവി തലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്തവുമാണ്. ഹരിത ഹൈഡ്രജന്‍ ബിസിനസ്സ്, ലാഭകരവും, ആകര്‍ഷകവുമാക്കുന്ന വളരെ മികച്ച പ്രൊഡക്ഷന്‍ ലിങ്ക് ഇന്‍സെന്റീവ് സ്‌കീം ഇന്ത്യാ ഗവണ്‍മെന്റ് കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ നമ്മുടെ ആഭ്യന്തര ആവശ്യം നിറവേറ്റപ്പെടുമെന്നും ഭാരതം ഉടന്‍ തന്നെ ഒരു ഹരിത ഹൈഡ്രജന്‍ കയറ്റുമതി രാജ്യമാകുമെന്നും എനിക്ക് ഉറപ്പുണ്ട്.
ഒരു ഒന്നാം തലമുറ സംരംഭകന്‍ എന്ന നിലയില്‍ താങ്കള്‍ ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്തു. ധീരുഭായി അംബാനിയും ഒരു ഒന്നാം തലമുറ സംരംഭകനായിരുന്നു. അദ്ദേഹം താങ്കളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സംരംഭകര്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായി താങ്കള്‍ അംബാനിയെ നോക്കിക്കാണുന്നുണ്ടോ?
♠ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സംരംഭകര്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമാണ് അംബാനി. ഏവര്‍ക്കും മാതൃകയായ ആ വിനീതനായ മനുഷ്യന്‍ കാര്യമായ യാതൊരു പിന്തുണയും, വിഭവങ്ങളും കൂടാതെ, ഒരു ലോകോത്തര ബിസിനസ്സ് ഗ്രൂപ്പ് രൂപീകരിച്ചു. ഒരു ഒന്നാം തലമുറ സംരംഭകനെന്ന നിലയിലും ഒരു തുടക്കക്കാരനെന്ന നിലയിലും എന്നെ അദ്ദേഹത്തിന്റെ വളര്‍ച്ച കാര്യമായി സ്വാധീനിച്ചു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അവസ്ഥ ഇപ്പോള്‍ എങ്ങനെയാണ്? വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച ഏത് തരത്തിലായിരിക്കും? എന്താണ് അതിനെപ്പറ്റി താങ്കള്‍ക്ക് പറയാനുള്ളത്?
♠സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യ ട്രില്യണ്‍ ഡോളര്‍ ജിഡിപിയിലെത്താന്‍ ഭാരതത്തിന് 58 വര്‍ഷമെടുത്തു, അടുത്ത ട്രില്യണിലെത്താന്‍ 12 വര്‍ഷമെടുത്തപ്പോള്‍, മൂന്നാമത്തെ ട്രില്യണിലെത്താന്‍ വെറും അഞ്ച് വര്‍ഷം മാത്രമേ നമുക്ക് വേണ്ടിവന്നുള്ളൂ. എന്നാല്‍ ഇന്നിപ്പോള്‍, നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങളുടെ വേഗത നോക്കുകയാണെങ്കില്‍, അടുത്ത ദശാബ്ദത്തിനുള്ളില്‍ ഓരോ 12 മുതല്‍ 18 മാസങ്ങളിലും ഒരു ട്രില്യണ്‍ വെച്ച് നമ്മള്‍ ജിഡിപിയിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയിലും അഭിവൃദ്ധിയിലും എനിക്ക് വളരെയധികം ശുഭാപ്തി വിശ്വാസമുണ്ട്. ഈ ശുഭാപ്തിവിശ്വാസത്തിന്റെ പ്രധാന കാരണം ഇന്ത്യയിലെ യുവാക്കളുടെ ജനസംഖ്യയാണ്. 2050-ല്‍ 1.6 ബില്യണ്‍ ജനസംഖ്യയുള്ള ഒരു യുവ ഇന്ത്യയ്ക്ക് 38 വയസ്സ് ശരാശരി പ്രായമുണ്ടാകും. ഈ ജനസംഖ്യാപരമായ ലാഭവിഹിതം ഇന്ത്യയുടെ വളര്‍ച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഏറ്റവും വലിയ ചാലകശക്തിയായി മാറി ഭാരതത്തെ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റും.
പല അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നതെന്തെന്നാല്‍ 2023-ല്‍ ആഗോള മാന്ദ്യം വരുമെന്നാണ്. അതിനെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
♠ഞാന്‍ തികഞ്ഞ ശുഭാപ്തിവിശ്വാസിയാണ്, 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പല സാമ്പത്തിക വിദഗ്ധരും ഇന്ത്യയില്‍ മാന്ദ്യം സംഭവിക്കുമെന്ന് പ്രവചിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ആ പ്രവചനങ്ങളെ മറികടക്കുന്നതില്‍ ഇന്ത്യ വിജയിച്ചു. ഇന്നിപ്പോള്‍ ഈ ആശങ്കകളെല്ലാം പരിഹരിക്കാനുള്ള മികച്ച അവസരം കേന്ദ്ര ബജറ്റ് നല്‍കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. മൂലധനച്ചെലവുകള്‍, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സുരക്ഷ പദ്ധതികള്‍ എന്നിവയില്‍ ശക്തമായ ശ്രദ്ധ സര്‍ക്കാര്‍ കേന്ദ്രീകരിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിനെ നേരിടാന്‍ നമ്മളെ സഹായിക്കും, അതിലൂടെ ഇന്ത്യ കൂടുതല്‍ ശക്തമാകും.
(കടപ്പാട്: ഇന്ത്യടുഡേ)
വിവര്‍ത്തനം: ജഗത് ജയപ്രകാശ്