ഒരു സ്വയംസേവകന്‍ സമാജത്തിലെ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടത് എങ്ങനെയെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന കാര്യകര്‍ത്താവാണ് ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ ആര്‍.എസ്.എസ് പയ്യന്നൂര്‍ ഖണ്ഡ് സംഘചാലക് കെ.രാമചന്ദ്രന്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ പ്രവര്‍ത്തിക്കവെത്തന്നെ ഗാന്ധിയുവമണ്ഡലത്തിന്റെ പ്രവര്‍ത്തനം, എം.പി. മന്മഥന്റെ അനുയായിയായി മദ്യവര്‍ജന പ്രവര്‍ത്തനം, കൊട്ടണച്ചേരി ക്ഷേത്രത്തിന്റെയും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റേയും പ്രവര്‍ത്തനം, പയ്യന്നൂര്‍ ആര്‍ഷ വിദ്യാലയ പ്രവര്‍ത്തനം, ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് എന്നിങ്ങനെ കര്‍മ്മനിരതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
പയ്യന്നൂരിനടുത്ത വെള്ളൂരിലെ ഒരു സാധാരണ കുടുംബത്തില്‍ എം.പി.അമ്പു – കെ.പാറു ദമ്പതികളുടെ മൂത്തമകനായാണ് കൂലേരിക്കാരന്‍ രാമചന്ദ്രന്‍ ജനിച്ചത്.
എം.പി. മന്മഥന്‍ നേതൃത്വം നല്‍കിയ കേരളത്തിലെ അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം വഹിച്ച പങ്കാണ് രാമചന്ദ്രേട്ടനെ സംഘപ്രവര്‍ത്തനത്തില്‍ എത്തിച്ചത്. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നപ്പോഴും അദ്ദേഹത്തിന്റെ പിതാവ് നടത്തിവന്ന ചാരായഷാപ്പിന്റെ ചായ്പിലായിരുന്നു അദ്ദേഹം തുന്നല്‍പ്പണി ചെയ്തിരുന്നത്. അന്നൊക്കെ ഗണവേഷം തയ്പിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തെ സമീപിക്കുമ്പോള്‍ മദ്യപരുടെ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം തയ്യല്‍പ്പണി ചെയ്യുന്നത് കൗതുകമുള്ള കാഴ്ചയായിരുന്നു. വിപരീത പരിതഃസ്ഥിതികളിലും സ്വന്തം വ്യക്തിശുദ്ധി എങ്ങനെ നിലനിര്‍ത്താമെന്ന് അദ്ദേഹം കാട്ടിത്തന്നു. ആദ്യ ഗണവേഷത്തിന്റെ അളവു നല്കാന്‍ ഞാന്‍ മുന്നിലെത്തിയപ്പോള്‍ ഖദര്‍ മുണ്ടും ബനിയനും ധരിച്ച് അദ്ദേഹം ജോലിത്തിരക്കിലായിരുന്നു. അടുത്ത മുറിയിലെ മദ്യ വ്യാപാരമൊന്നും അദ്ദേഹത്തിന്റെ ജോലിയെ ബാധിച്ചതേയില്ല.
പയ്യന്നൂരില്‍ സംഘപ്രവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം അവിശ്രമം പ്രവര്‍ത്തിച്ചു. താന്‍ തന്നെ തുന്നിയ ഗണവേഷം ധരിച്ച് അദ്ദേഹം സൈക്കിളില്‍ സംഘപ്രവര്‍ത്തനത്തിനിറങ്ങി. കാക്കി നിക്കറിനൊപ്പം തൂവെള്ള ഖദര്‍ ഷര്‍ട്ടും ധരിച്ച ആ രൂപം വെള്ളൂരിലെ വീട്ടില്‍ നിന്നും പുതിയങ്കാവിലെയും വെള്ളാരങ്കരയിലേയും മഹാദേവ ഗ്രാമത്തിലേയും സംഘശാഖകളില്‍ ശിക്ഷണം നല്കിയ ശേഷം കാര്യാലയത്തിലെത്തും. സംഘപ്രവര്‍ത്തനത്തിനിടയില്‍ ജീവനോപാധിയായ തയ്യല്‍പ്പണി സമയ നിഷ്ഠയോടെ നിര്‍വഹിക്കാന്‍ അദ്ദേഹം ഉറക്കൊഴിഞ്ഞു. കൂലേരിക്കാരന്‍ രാമചന്ദ്രനെന്ന ഗാന്ധിയനെ അങ്ങനെ സമൂഹം ആര്‍.എസ്.എസ്. രാമചന്ദ്രനെന്നു വിളിച്ചു തുടങ്ങി.
വെള്ളൂര്‍ അന്നുമിന്നും ചുവപ്പു കോട്ടയാണ്. പാര്‍ട്ടി ഗ്രാമങ്ങളിലൂടെ നിര്‍ഭയനായി അദ്ദേഹം സവാരി ചെയ്തു. അദ്ദേഹത്തോടൊപ്പം സംഘപ്രസ്ഥാനങ്ങളും ജനപ്രിയത നേടി. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെ ആദരിച്ചു. ചരമ വാര്‍ത്തയോട് അവര്‍ നടത്തിയ പ്രതികരണങ്ങള്‍ മതി അതു മനസ്സിലാക്കാന്‍. അദ്ദേഹത്തിന്റെ അയല്‍വാസിയും സംഘത്തിന്റെ വിമര്‍ശകയുമായ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രതികരിച്ചത് ഇങ്ങനെയാണ്: ”എന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യന്‍. ഞങ്ങളുടെ അയല്‍വാസി. എന്റെ ഖദര്‍ വസ്ത്രങ്ങള്‍ ആദ്യം തുന്നിയ മനുഷ്യന്‍. കല്യാണം കഴിഞ്ഞു അന്നൂര്‍ അമ്പലത്തില്‍ ഭാര്യയെയും കൂട്ടി നടന്നു പോകുമ്പോള്‍ അവര്‍ക്ക് പുരാണകഥകളും ചരിത്രവും പറഞ്ഞു കൊടുക്കുന്ന ഒരാള്‍.”
പയ്യന്നൂര്‍ രാഷ്ട്ര മന്ദിരത്തില്‍ നടന്ന രാമചന്ദ്രേട്ടന്റെ അനുസ്മരണ പരിപാടിയില്‍ മുമ്പ് പയ്യന്നൂരില്‍ ജില്ലാ പ്രചാരകനായിരുന്ന ഇപ്പോഴത്തെ ആര്‍.എസ്.എസ്. ദക്ഷിണ ക്ഷേത്രീയ കാര്യകാരി സദസ്യനായ മാനനീയ പി.ആര്‍. ശശിധരന്‍ സ്വന്തം അനുഭവം പറഞ്ഞത് ഇങ്ങനെയാണ്. ‘അന്നത്തെ ജില്ലാ പ്രചാരകനായ ഞാനും വിഭാഗ് പ്രചാരകനായ പുരുഷോത്തമനും നടന്നു പോകവെ ഒരിക്കല്‍ രാമചന്ദ്രന്‍ സൈക്കിളില്‍ വരുന്നതു കണ്ടു. സൈക്കിള്‍ നിര്‍ത്തി ഞങ്ങളോട് കുശലം പറയുമെന്ന ധാരണ തിരുത്തിക്കൊണ്ട് അദ്ദേഹം ഒന്നു തലയാട്ടി കടന്നുപോയി. സൈക്കിള്‍ നിര്‍ത്തിയാല്‍ ശാഖയിലെത്താന്‍ വൈകുമെന്നതായിരുന്നു കാരണം. സംഘത്തിന്റെ ഉന്നത ചുമതലകളിലേക്കു പോകാന്‍ തയ്യാറാവാതെ അദ്ദേഹം അടിസ്ഥാന ശാഖാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.’ സംഘസ്ഥാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിലും താന്‍ വളര്‍ത്തി വലുതാക്കിയ ആര്‍ഷ വിദ്യാലയത്തിലും കാണാനാവുമായിരുന്നു.
1980 മുതലാണ് ഈ ലേഖകന് രാമചന്ദ്രേട്ടനോടൊപ്പം പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത്. അദ്ദേഹത്തിന്റെ പുസ്തകശേഖരമാണ് ഈയുള്ളവനെ ഗീതാരഹസ്യങ്ങളിലേക്കും വിചാരധാരയിലേക്കും ആകര്‍ഷിച്ചത്. അദ്ദേഹമില്ലായിരുന്നെങ്കില്‍ എന്നെപ്പോലെ അസംഖ്യം യുവാക്കള്‍ വായനയുടെ ആ ലോകത്ത് എത്തുമായിരുന്നില്ല.
നിരന്തരമായ വായന, പത്രവാര്‍ത്തകളുടെ ശേഖരണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലഹരി. അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയായിരുന്ന അദ്ദേഹം എപ്പോഴും ഷെല്‍ഫുകളില്‍ നിന്നു പുസ്തകങ്ങളെടുത്ത് തലോടി തിരിച്ചുവെക്കുമായിരുന്നുവെന്ന് സമ്മേളനത്തില്‍ ഗ്രന്ഥശാലയുടെ ഭാരവാഹിയായ എ.പി.കെ നാരായണന്‍ അനുസ്മരിക്കുകയുണ്ടായി. ഇടയ്ക്കിടെ ഒന്നു കൈയോടിച്ചില്ലെങ്കില്‍ പുസ്തകങ്ങള്‍ കേടുവരും എന്നായിരുന്നു രാമചന്ദ്രേട്ടന്റെ അഭിപ്രായം.
ഒടുവില്‍ കാണുമ്പോള്‍ രോഗബാധിതനായ അദ്ദേഹത്തിന്റെ ശരീരം മെലിഞ്ഞ് അസ്ഥിമാത്രമായിരുന്നു. വീട്ടില്‍ വന്ന് രക്തപരിശോധന നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴും കുത്തിവെപ്പിന്റെ വേദന പ്രകടമാക്കാതെ അദ്ദേഹം കിടന്നു. പ്രജ്ഞ മാത്രം പ്രബലമായി നിന്നു, നോട്ടവും ശബ്ദവും മാത്രം കോട്ടമില്ലാതെ തുടര്‍ന്നു. അപ്പോഴും പഴയ ഓര്‍മ്മകള്‍ക്കൊന്നും ഒരു കുറവുമുണ്ടായില്ല.
സംഘടനാ ജീവിതത്തില്‍ അടല്‍ബിഹാരി വാജ്‌പേയിയെയാണ് അദ്ദേഹം മാതൃകയാക്കിയത്. അടല്‍ജിയുടെ സ്മൃതി ദിനത്തില്‍ തന്നെ അദ്ദേഹം യാത്രയായി. അടല്‍ജിയെപ്പോലെ അജാതശത്രുവായിരുന്നു രാമചന്ദ്രേട്ടന്‍. ആരെയും വിരോധികളാക്കാതെ സംഘര്‍ഷങ്ങളില്‍പെടാതെ ശാന്തമായി അദ്ദേഹം പ്രവര്‍ത്തിച്ചു. പയ്യന്നൂര്‍ ഖണ്ഡ് സംഘചാലക് എന്ന നിലയില്‍ രാമചന്ദ്രേട്ടന്‍ സ്വയംസേവകരുടെ അന്ത്യ പ്രണാമം ഏറ്റുവാങ്ങിയപ്പോള്‍ പയ്യന്നൂരിലെ സംഘ ചരിത്രത്തിലെ ഒരു യുഗമവസാനിക്കുകയാണ്. ആരും രേഖപ്പെടുത്തി വെക്കാത്ത ഒരു പോരാട്ട ചരിത്രം വിസ്മൃതമാവുകയാണ്. ശാന്തതയുടെ, സമചിത്തതയുടെ, മാന്യതയുടെ ആ പര്യായം അപ്രത്യക്ഷമാവുകയാണ്. വിട
(ലേഖകന്‍ കേന്ദ്ര സര്‍ക്കാരിന്റെ പയ്യന്നൂരിലെ അഡീഷണല്‍ ജില്ലാ സ്റ്റാന്റിങ് കൗണ്‍സലാണ്.)