വേദാംഗങ്ങളില്‍ രണ്ടാമതായി വരുന്നതാണ് കല്പം. അത് വേദപുരുഷന്റെ കൈകളാണ്. മറ്റെല്ലാ വേദാംഗങ്ങളും അതായത് ശിക്ഷാ, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ പഠിച്ചാല്‍ പിന്നെ എന്തു ചെയ്യണം? അതു പറഞ്ഞു തരുന്നത് കല്പം ആണ്.
കല്പം എന്നാല്‍ വിധി എന്നാണ് അര്‍ത്ഥം. രാജാവിന്റെ കല്പന കല്ലേ പിളര്‍ക്കും, എന്നൊരു ചെല്ലുണ്ട്. ഈ ‘കല്പന’ എന്ന പദം കല്പത്തില്‍ നിന്നുല്‍ഭവിച്ചതാവണം. ഏതായാലും വൈദിക കര്‍മങ്ങളെങ്ങിനെ വേണമെന്നു കല്പിക്കുന്നത് കല്പങ്ങളാണ്.
വൈദിക വിധാന ജ്ഞാപകേ ശാസ്ത്ര ഭേദേ
സ ച ആശ്വലായന ആപസ്തംബ ബൗധായന കാത്ത്യായനാദി സൂത്രാത്മക: (വാചസ്പത്യം) വൈദിക ചടങ്ങുകള്‍ പറഞ്ഞു തരുന്ന, ആശ്വലായന ആപസ്തംബ ബൗധായന കാത്ത്യായനാദികള്‍ രചിച്ച സൂത്രഗ്രന്ഥങ്ങളാണ് കല്പങ്ങള്‍ എന്ന് വാചസ്പത്യം നിര്‍വചിക്കുന്നു.
നമ്മള്‍ ചെയ്തു പോയ പാപങ്ങള്‍ക്ക് പരിഹാരമായി പുണ്യങ്ങള്‍ (യജ്ഞങ്ങള്‍) ചെയ്യണം. അതിന് ചില ഉപകരണങ്ങളും ഒരുക്കങ്ങളും വേണം. അത് ചെയ്യാനൊരു സ്ഥലം, വീട് വേണം. കര്‍മഫലം ഈശ്വരന് സമര്‍പ്പിക്കണം. ഇതെല്ലാം കല്പമാണ് പഠിപ്പിച്ചുതരുന്നത്.
മന്ത്രങ്ങള്‍ നന്നായുച്ചരിക്കാന്‍ ശിക്ഷയും വ്യാകരണവും ഛന്ദസ്സും നിരുക്തവും വേണം. യജ്ഞത്തിനു പറ്റിയ നല്ല സമയം അറിയാന്‍ ജ്യോതിഷവും വേണം. ഇതെല്ലാം കല്പത്തില്‍ വരുന്ന കര്‍മ്മങ്ങള്‍ ചെയ്യാനുള്ള സഹായികളാണ്.
ഒരു കര്‍മ്മം എങ്ങിനെ ചെയ്യണം? ഓരോ വര്‍ണത്തിനും (ബ്രാഹ്‌മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍) ആശ്രമത്തിനും (ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം) യോജിച്ച കര്‍മ്മമേത്? ഏതു കര്‍മത്തില്‍ ഏതു മന്ത്രം ചൊല്ലണം? ഏതു ദേവതയ്ക്ക് ഏതു സാധനങ്ങള്‍ സമര്‍പ്പിക്കണം? ഓരോ കര്‍മത്തിനും എത്ര എത്ര ഋത്വിക്കുകള്‍ (വൈദികര്‍) വേണം? മുതലായ കാര്യങ്ങളൊക്കെ വിശദമായി പ്രതിപാദിക്കുന്ന ഒരു കൈപ്പുസ്തകം പോലെയാണ് കല്പ ഗ്രന്ഥങ്ങള്‍. യജ്ഞങ്ങള്‍ മാത്രമല്ല ജീവിതത്തില്‍ നടത്തേണ്ട വിവാഹം, ജാതകര്‍മം, അന്ത്യേഷ്ടി മുതലായ എല്ലാ സംസ്‌കാരങ്ങളും കല്പത്തിലെ നിയമപ്രകാരമാണ് നടക്കുന്നത്.
കല്പ സൂത്രങ്ങള്‍ നാലുവിധമുണ്ട്.
1. ശ്രൗതസൂത്രം
ശ്രുതിയില്‍(വേദം) ബ്രാഹ്‌മണത്തില്‍ പറയുന്ന വിവിധ യജ്ഞ യാഗാദികളുടെ ചടങ്ങുകള്‍ ഇതില്‍ വിവരിക്കുന്നു.
2. ഗൃഹ്യ സൂത്രം
ഗൃഹത്തില്‍ ചെയ്യേണ്ട, ഗൃഹസ്ഥര്‍ ചെയ്യേണ്ട വിവിധ കര്‍മങ്ങളുടെ വിശദാംശം ഇതില്‍ വരും.
3. ധര്‍മസൂത്രം
മനുഷ്യന്‍ ജീവിക്കേണ്ട ക്രമം, ബ്രാഹ്‌മണ – ക്ഷത്രിയ-വൈശ്യ- ശൂദ്രന്മാരനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങള്‍, രാജാവിന്റെ ധര്‍മം മുതലായവ ഇതില്‍ വരും. ബ്രഹ്‌മചാരിയുടെ ലക്ഷണം, അവരുടെ കടമകള്‍, ഗൃഹസ്ഥാശ്രമിയുടെ സാമൂഹിക കര്‍ത്തവ്യങ്ങള്‍, വാനപ്രസ്ഥിയുടെ ലക്ഷണവും ജീവിതരീതിയും, സന്യാസാശ്രമത്തിന്റെ വ്യവസ്ഥകള്‍ എന്നിങ്ങനെ ആശ്രമ വ്യവസ്ഥയെക്കുറിച്ചും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
4. ശുല്ബസൂത്രം
ജ്യോമെട്രി ആണ് ഇതില്‍ വരിക. ഇതു ശ്രൗതസൂത്രത്തോടൊത്തു പോകുന്നതാണ്. അതിരാത്ര സോമയാഗത്തില്‍ ഗരുഡാകൃതിയിലുള്ള ചിതി നിര്‍മ്മിക്കേണ്ട വിധം ഇതില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. മട്ടത്രികോണത്തിന്റെ പാദത്തിന്റെയും ലംബത്തിന്റെയും വിസ്തീര്‍ണങ്ങള്‍ക്കു തുല്യമാണ് കര്‍ണത്തിന്റെ ചതുരം എന്ന തത്വം ആധുനികര്‍ (പൈത്തഗോറസ്) കണ്ടുപിടിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകക്കു മുമ്പ് ശുല്‍ബസൂത്രത്തില്‍ വന്നിട്ടുണ്ട്.
ഏഴു സോമ യജ്ഞങ്ങളും ഏഴു ഹവിര്‍ യജ്ഞങ്ങളും ശ്രൗതസൂത്രങ്ങളിലാണു വരിക. ഇവയൊക്കെ വീടിനു പുറത്താണ് നടക്കുന്നത്. വസന്ത ഋതുവിലാണ് സോമയാഗം ചെയ്യുക. കഴിവുളളവര്‍ എല്ലാ വര്‍ഷവും പണ്ട് സോമയാഗം ചെയ്യുമായിരുന്നു. പ്രതിവസന്ത സോമയാജി എന്ന് ഇവര്‍ അറിയപ്പെട്ടു. കര്‍മികള്‍ക്കുള്ള ദക്ഷിണ, പ്രായശ്ചിത്തങ്ങള്‍ മുതലായവയൊക്കെ കല്പങ്ങളിലാണ് വരിക.
വീടിനുള്ളില്‍ (ഗൃഹ്യ) നടക്കുന്ന സംസ്‌കാരങ്ങളൊക്കെ ഗൃഹ്യസൂത്രത്തിലാണ് വരുന്നത്. ഇത്തരം 26 കര്‍മങ്ങളുണ്ട്. ഗര്‍ഭാധാനം പുംസവനം, സീമന്തം, ജാതകര്‍മം, നാമകരണം, വിവാഹം, അന്ത്യേഷ്ടി മുതലായതൊക്കെ ഗൃഹ്യമാണ്.
ആപസ്തംബന്‍, ബോധായനന്‍, ആശ്വലായനന്‍ മുതലായവര്‍ ശ്രൗതസൂത്രവും ഗൃഹ്യസൂത്രവും രചിച്ചവരാണ്.
ശ്രൗതസൂത്രങ്ങള്‍, സ്മാര്‍ത്ത സൂത്രങ്ങള്‍ എന്നിങ്ങനെയും തരം തിരിക്കാറുണ്ട്. സ്മാര്‍ത്തമെന്നാല്‍ സ്മൃതികളോടു ചേര്‍ന്നതെന്നര്‍ത്ഥം. ‘ശ്രുതി – സ്മൃതി – പുരാണാനാം ആലയം’ എന്ന് ശങ്കരാചാര്യരെ സ്തുതിക്കാറുണ്ട്. ശ്രൗതസൂത്രങ്ങളും ശുല്‍ബസൂത്രങ്ങളും ആദ്യവിഭാഗത്തില്‍ (ശ്രൗതം- വൈദികം) പെടും. ഗൃഹ്യസൂത്രങ്ങളും ധര്‍മ്മസൂത്രങ്ങളും സ്മാര്‍ത്തങ്ങളും ആണ്.
Comments