നൊേബല്‍ സമ്മാനം ഇതുവരെ തമാശയ്ക്ക് കൊടുത്തു തുടങ്ങിയിട്ടില്ല. തമാശക്ക് നൊബേല്‍ സമ്മാനം കൊടുത്തു തുടങ്ങിയാല്‍ തീര്‍ച്ചയായും അത് കേരളത്തിലെ സിപിഎമ്മിന് തന്നെ കൊടുക്കേണ്ടിവരും. ആര്‍ക്ക് ആദ്യം കൊടുക്കും എന്നകാര്യത്തില്‍ മാത്രമേ നോബല്‍ പുരസ്‌കാര നിര്‍ണ്ണയ സമിതിക്ക് ചിന്തിക്കേണ്ടി വരൂ. നേരത്തെ ഇ.പി. ജയരാജനും എം.എം. മണിയും അരങ്ങുവാണിരുന്ന സ്ഥാനത്ത് രണ്ടുപേരെയും വെട്ടുന്ന ഒരു പുതിയ താരം കൂടി എത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. സംസ്ഥാന സെക്രട്ടറി ആയതിനുശേഷം എല്ലാവര്‍ക്കും കാര്യമായ പ്രതീക്ഷയുണ്ടായിരുന്നു. വിശേഷിച്ചും പെന്‍ഷന്‍പ്രായം കൂട്ടാനുള്ള തീരുമാനം മന്ത്രിസഭയെക്കൊണ്ട് പിന്‍വലിപ്പിച്ചപ്പോള്‍ കാര്യഗൗരവമുള്ള, ആരുടെയും അടിമയല്ലാത്ത ഒരു സംസ്ഥാന സെക്രട്ടറി വന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം കരുതിയത്. മുസ്ലീം ലീഗ് വര്‍ഗ്ഗീയകക്ഷിയല്ല എന്ന പ്രസ്താവന കേട്ടപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം മാറ്റേണ്ടിവന്നു. ഇ.എം.എസ് പോലും പറഞ്ഞ അഭിപ്രായം മാറ്റിമറിച്ചിട്ട് മുസ്ലീം ലീഗ് വര്‍ഗ്ഗീയകക്ഷിയല്ല എന്നുപറയണമെങ്കില്‍ ഒന്നുകില്‍ അദ്ദേഹം അറിഞ്ഞുകൊണ്ട് പൊട്ടന്‍കളിക്കുന്നു. അല്ലെങ്കില്‍ ഇ.പി.യെയും മണിയെയും ഒക്കെ വെട്ടി ഫലിതസാമ്രാട്ട് ആകാനുള്ള ശ്രമം. എന്തായാലും അതിന്റെ പരിണതഫലം മലയാളികള്‍ക്ക്, രാഷ്ട്രീയ കേരളത്തിന് കാത്തിരുന്നുതന്നെ കാണാം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പുസ്തകത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുസ്ലീം ലീഗിനെ കുറിച്ച് പറയുന്നു, ”ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ അതിലധിവസിക്കുന്ന മുസല്‍മാന്മാര്‍ക്ക് ന്യൂനപക്ഷമെന്ന നിലക്കുള്ള അവശതകള്‍ ഇല്ലാതാകുമെന്നതിന് ഉറപ്പുകിട്ടണമെന്ന ആവശ്യത്തോടുകൂടിയാണ് ലീഗ് ആദ്യം ഉടലെടുത്തത്. അതിന്റെ വളര്‍ച്ചയെത്തിയ രൂപമാണ് പാകിസ്ഥാന്‍ വാദം. അത് അംഗീകരിക്കപ്പെടുകയും പാകിസ്ഥാന്‍ എന്ന ‘ഇസ്ലാമികരാഷ്ട്രം’ ഇന്ത്യന്‍ യൂണിയന്‍ എന്ന മതനിരപേക്ഷ രാഷ്ട്രം എന്നിവ നിലവില്‍ വരുകയും ചെയ്തതോടെ ഇന്ത്യന്‍ യൂണിയനിലെ മുസ്ലീങ്ങളുടെ ലക്ഷ്യം മാറി….. എന്നാല്‍ അതല്ല ലീഗ് നേതാക്കള്‍ ചെയ്തത്. പാകിസ്ഥാന്‍ രൂപീകരണത്തിനു മുമ്പ് ദ്വിരാഷ്ട്രവാദമുയര്‍ത്തിയ അന്നത്തെ ലീഗ്‌നേതൃത്വം ആവിഷ്‌കരിച്ചത് ഇസ്ലാമിക മതസമീപനമാണ്….. മുസല്‍മാന്മാര്‍ക്ക് തങ്ങളുടെ മതം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ അവകാശമുണ്ടാകണമെന്ന വാദത്തെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ നയമാണ് അവര്‍ ആവിഷ്‌കരിച്ചത് (കമ്മ്യൂണിസ്റ്റ്പാര്‍ട്ടി കേരളത്തില്‍ – ഒന്നാം ഭാഗം -പേജ് 372-73).
ഈ മുസ്ലീംലീഗ് പുതിയ ലീഗ് അല്ല എന്നും സ്വാതന്ത്ര്യത്തിന് മുന്‍പ് ഭാരതവിഭജനത്തിന് അടിത്തറയിട്ട അതേ ലീഗ് തന്നെയാണ് ഇപ്പോഴത്തെ ലീഗ് എന്നും ഭംഗ്യന്തരേണ പറയുന്ന ഇ.എം.എസ് ലീഗിന്റെ തനിനിറവും അതുയര്‍ത്തുന്ന ഭീഷണിയും വ്യക്തമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് 1987 നു ശേഷം സിപിഎം മുസ്ലീം ലീഗുമായി യാതൊരു സഖ്യത്തിനും പോകാതെ മുസ്ലീം ലീഗിനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിയത്. 1987 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ പിന്തുണയില്ലാതെ സിപിഎം നേതൃത്വത്തിലുള്ള ഇടതു മുന്നണി അധികാരത്തിലെത്തുകയും ചെയ്തു. പഴയ ദ്വിരാഷ്ട്രവാദം ഉയര്‍ത്തി ഇന്ത്യാ വിഭജനത്തിന് അരുനിന്ന മുസ്ലീം ലീഗിന്റെ ദുഷ്ടലാക്ക് അവസാനിച്ചിട്ടില്ലെന്ന കാര്യം ഇ.എം.എസ് മറച്ചുവെച്ചാലും എം.വി.ഗോവിന്ദന്‍ അടക്കമുള്ള സിപിഎം നേതൃത്വം വെള്ളപൂശിയാലും ഭാരതത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും സത്യം അറിയാം. അവിഭക്തബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ഹുസൈന്‍ ഷഹീദ് സുഹ്രവാര്‍ദ്ദീ 1946-ല്‍ തന്നെ വ്യക്തമാക്കിയിരുന്നു, Pakistan is not our last demand, it is only our latest demand’(പാകിസ്ഥാന്‍ അല്ല ഞങ്ങളുടെ അവസാനത്തെ അവകാശവാദം, അത് ഏറ്റവും പുതിയത് മാത്രമാണ്) എന്ന്. ഈ ലക്ഷ്യത്തോടെ തന്നെയാണ് ജിന്നയും മുസ്ലീംലീഗും പ്രവര്‍ത്തിച്ചത്. അന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന മുസ്ലീംലീഗിന്റെ ആവശ്യത്തെ കോണ്‍ഗ്രസ്സിലെ നെഹ്‌റു വിഭാഗത്തിനൊപ്പം പിന്തുണച്ച ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടി അവിഭക്ത കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ആയിരുന്നു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അതിന് ഒരു സൈദ്ധാന്തിക അടിത്തറയൊരുക്കാന്‍ ഇഎംഎസ് പിന്നീട് പരിശ്രമിച്ചു. ഭാരതത്തെ പതിനാറ് രാഷ്ട്രങ്ങളാക്കി വിഭജിക്കണമെന്നായിരുന്നു ഇഎംഎസ്സിന്റെ പക്ഷം. ഓരോ പ്രദേശത്തിനും തനതായ സംസ്‌കാരമുണ്ടെന്നും ആ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ പതിനാറ് ദേശീയതകളുടെ കോണ്‍ഫെഡറേഷനാണ് വേണ്ടതെന്നുമാണ് ലീഗിനെയും ജിന്നയെയും പിന്തുണച്ച ഇഎംഎസ്സിന്റെ പക്ഷം. മാത്രമല്ല, ഹൈദരാബാദിലെ നൈസാം സ്വയംഭരണം അവകാശപ്പെട്ടപ്പോള്‍ അതിനെ പിന്തുണച്ച് രംഗത്തെത്തിയതും ഇതേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെയായിരുന്നു. സര്‍ദാര്‍ പട്ടേലും വി.പി.മേനോനും ഹൈദരാബാദിനെ ഭാരതത്തോട് ചേര്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മനസ്സാക്ഷി ഭാരതത്തിന് എതിരായിരുന്നു.
എന്നും ഭാരതവിരുദ്ധ നിലപാടെടുത്ത് രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കുവേണ്ടി നിലകൊള്ളുകയും നിലപാടെടുക്കുകയും ചെയ്ത ഇതേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് സദ്ദാം ഹുസൈന് വേണ്ടി ഹര്‍ത്താല്‍ നടത്തിയത്. ഇവരാണ് ഭീകരപ്രവര്‍ത്തനത്തിന് ജയിലിലുള്ള മദനിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സര്‍വ്വകക്ഷി പ്രമേയം കൊണ്ടുവന്നത്. 1957 ല്‍ മുസ്ലീം പിന്തുണയ്ക്കുവേണ്ടി പ്രോഗ്രസീവ് മുസ്ലീംലീഗ് ഉണ്ടാക്കിയത് (ഇതിനെ തണ്ണിമത്തന്‍ ലീഗ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പുറത്തു പച്ചയും അകത്ത് ചുവപ്പും). പക്ഷേ, ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അകറ്റി നിര്‍ത്തിയിരുന്ന മുസ്ലീംലീഗിനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഭാരതത്തെ വെട്ടിമുറിക്കാനും ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കാനും നേതൃത്വം നല്‍കിയ മുസ്ലീംലീഗിനെ തുടര്‍ന്നും നിലനിര്‍ത്താന്‍ തീരുമാനിച്ചതിന്റെ പിന്നിലും ആഗോള ഗൂഢാലോചനയോ ലക്ഷ്യമോ ഉണ്ടായിരുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. ‘ചിരിച്ചുനേടി പാകിസ്ഥാന്‍, പൊരുതി നേടും ഹിന്ദുസ്ഥാന്‍’ എന്ന അന്നത്തെ മുദ്രാവാക്യം ഇതിന്റെ വ്യക്തമായ സൂചനയാണ്.
സ്വാതന്ത്ര്യത്തിനുശേഷം 1947 ഡിസംബര്‍ 14, 15 തീയതികളില്‍ ജിന്നയുടെ അദ്ധ്യക്ഷതയില്‍ കറാച്ചിയില്‍ ചേര്‍ന്ന സമ്മേളനമാണ് പാകിസ്ഥാനിലും ഇന്ത്യയിലും ലീഗ് രണ്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വിഭജനത്തിനു മുന്‍പുണ്ടായിരുന്ന നേതൃത്വം രണ്ടായി പിരിയുകയായിരുന്നു. 1948 മാര്‍ച്ച് 10-ാം തീയതി മദിരാശിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് രൂപം കൊണ്ടത്. പഴയ അവിഭക്ത ലീഗില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം പ്രവര്‍ത്തനത്തിലോ സംഘടനാ സംവിധാനത്തിലോ ഉദ്ദേശ്യലക്ഷ്യങ്ങളിലോ മുസ്ലീം ലീഗിന് ഉണ്ടായിരുന്നില്ല. ഭരണഘടനാ നിര്‍മ്മാണ സഭയിലും മുസ്ലീങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പ്രത്യേക നിയോജകമണ്ഡലങ്ങളും വേണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്. ഇക്കാര്യവും ലീഗിന്റെ പ്രവര്‍ത്തനത്തിലെ ഈ കള്ളക്കളിയും അറിഞ്ഞോ അറിയാതെയോ ഇ.എം.എസ് നമ്പൂതിരിപ്പാട് തുറന്നുകാട്ടിയിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പുസ്തകത്തില്‍ ഇ.എം.എസ് പറയുന്നു, ”മുസ്ലീം ജനതയെ മറ്റെല്ലാ ജനവിഭാഗങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തി, അവരുടെ മതം, സംസ്‌കാരം എന്നിവയില്‍ ഊന്നി നിന്നുകൊണ്ടുള്ള കാഴ്ചപ്പാടാണ് ലീഗിന്റേത്” (വോള്യം -2 പേജ് 27).
കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാവായ സീതീസാഹിബിനെ ലീഗ് അംഗത്വം രാജിവെയ്പ്പിച്ച് സ്പീക്കര്‍ ആക്കിയാണ് മുന്നണിയില്‍ എടുത്തത്. മാത്രമല്ല, കന്യാകുമാരിയിലേക്ക് പോകാന്‍ വന്ന സര്‍ദാര്‍ പട്ടേല്‍ വഴിയില്‍ കണ്ട മുസ്ലീംലീഗിന്റെ കൊടി അഴിച്ചുമാറ്റിയേ മുന്നോട്ട് പോയുള്ളൂ. മുസ്ലീംലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് നെഹ്‌റുവായിരുന്നു. 1959 ല്‍ വിമോചനസമരത്തിലൂടെ പുറത്തു പോകേണ്ടിവന്ന ഇ.എം.എസ് വീണ്ടും അധികാരത്തിലേറാനുള്ള കുറുക്കുവഴിയായി കണ്ടത് മുസ്ലീംലീഗിനെയായിരുന്നു. ലീഗിന് മന്ത്രിസ്ഥാനം കൊടുത്ത് മുന്നണിയില്‍ എടുത്ത് വിശുദ്ധരാക്കിയത് ഇ.എം.എസ് ആയിരുന്നു. പക്ഷേ, ഇത് മുസ്ലീം ലീഗ് എങ്ങനെ ദുരുപയോഗം ചെയ്തുവെന്ന് ഇ.എം.എസ് തന്നെ പിന്നീട് രേഖപ്പെടുത്തി, ”മുസ്ലീംലീഗിന് രണ്ടു മന്ത്രിമാരാണുണ്ടായിരുന്നത്. ഈ രണ്ടു വകുപ്പുകളും ലീഗ് നേതാക്കളുടെ ഉദ്ദേശ്യം സാധിക്കുന്നതിന് ധാരാളം അവസരം നല്‍കി. അതുപയോഗിച്ച് മുസ്ലീം ജനസാമാന്യത്തിലും മറ്റു ജനവിഭാഗങ്ങളിലും ലീഗിനുളള സ്വാധീനം മുമ്പത്തെക്കാള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു” (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ – പേജ് 28). തങ്ങള്‍ക്ക് കിട്ടിയ വകുപ്പ് ഉപയോഗിച്ച് സ്വന്തം സമുദായത്തിനുവേണ്ടി കഴിയാവുന്നതെല്ലാം ചെയ്ത് അതിനെ ഒരു പ്രത്യേക വിഭാഗമായി വളര്‍ത്തിയെടുക്കുന്നതില്‍ മുസ്ലീംലീഗ് വിജയിച്ചു. 1921ലെ മാപ്പിളസ്ഥാന്‍വാദത്തില്‍ ഉയര്‍ത്തിയ പ്രത്യേക ജില്ല, മലപ്പുറത്ത് തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ ആവശ്യങ്ങള്‍ എല്ലാം അവര്‍ നേടിയെടുത്തു. ന്യൂനപക്ഷ ക്ഷേമത്തിനുള്ള രാഷ്ട്രീയപ്പാര്‍ട്ടി എന്ന മുഖംമൂടിയോടെ പ്രവര്‍ത്തിക്കുന്ന മുസ്ലീംലീഗ് അതിന്റെ ചരിത്രത്തില്‍ ഒരിക്കലും മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം എന്ന ആവശ്യം ഉപേക്ഷിച്ചിട്ടില്ല.
പിന്നീട് യുഡിഎഫിലേക്ക് ചേക്കേറിയ മുസ്ലീംലീഗ് കോണ്‍ഗ്രസ്സിനെ ആശയപരമായും ആദര്‍ശപരമായും തകര്‍ത്തു. ഒരിക്കല്‍ തൊപ്പിയൂരി സ്പീക്കര്‍സ്ഥാനം നല്‍കിയ മുസ്ലീംലീഗ് കോണ്‍ഗ്രസ്സിനോട് പകരം വീട്ടിയത് അവരുടെ സംസ്ഥാന-ദേശീയ നേതാക്കളെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങളുടെ കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ അണിനിരത്തിയാണ്. ഇന്ന് കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവ് രാഹുല്‍ ഗാന്ധിക്കു പോലും പാര്‍ലമെന്റ് കാണാന്‍ ലീഗിന്റെ പിന്തുണ കൂടാതെ കഴിയില്ല. ലീഗ് ശക്തമാവുകയും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ മൂന്നാംതവണയും അധികാരത്തിലെത്താനുള്ള കുറുക്കുവഴി എന്ന നിലയിലാണ് സിപിഎം ലീഗ് ചങ്ങാത്തത്തിന് ശ്രമിക്കുന്നത്. ഇതിന് തുടക്കമിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അദ്ദേഹത്തിനൊപ്പം ആദ്യം അണിനിരന്നത് ഇസ്ലാമിക തീവ്രവാദികളാണെങ്കില്‍ പിന്നീട് സമസ്തയെയും കാന്തപുരത്തിനെയും ഒപ്പം നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. തിരുകേശ വിവാദത്തില്‍ ‘ഹ്യൂമന്‍ വേസ്റ്റ്’ എന്നുപറഞ്ഞ പിണറായി പിന്നീട് കാന്തപുരത്തിന്റെ അടിമയായി മാറി. ഇന്ന് കേരളത്തിന്റെ ഭരണം തീരുമാനിക്കുന്നത് സമസ്തയും ഇസ്ലാമിക ഭീകരരുമാണ്. വഖഫ് ബോര്‍ഡിലെ പി എസ്.സി നിയമനം മുതല്‍ കുടുംബശ്രീയുടെ പ്രതിജ്ഞയും സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസവും ഒക്കെ രസകരമായി പരിണമിച്ചതിന്റെ പിന്നില്‍ ഇതുതന്നെയാണ് ഉള്ളത്. ഇടതുമുന്നണി കണ്‍വീനറായി ഇക്കുറി ചുമതല ഏറ്റ ഉടന്‍ തന്നെ ഇ.പി.ജയരാജന്‍ മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. അത് ആകസ്മികമല്ല എന്നകാര്യം അന്നുതന്നെ തോന്നിത്തുടങ്ങിയതാണ്.
ഇതിന്റെ രാഷ്ട്രീയപരമായ കാരണം സുവ്യക്തമാണ്. കാനം രാജേന്ദ്രനെ പിണറായിക്ക് അടിമയാക്കാന്‍ കഴിഞ്ഞെങ്കിലും സിപിഐ.യെ പൂര്‍ണ്ണമായും വരുതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പിണറായിയുടെയും മരുമകന്‍ മന്ത്രിയുടെയും ഒക്കെ വഴിവിട്ട പോക്കുകള്‍ക്കെതിരെ സിപിഐയില്‍ മുറുമുറുപ്പ് ശക്തമാണ്. സി പിഐയെ മാറ്റിനിര്‍ത്തിയാല്‍ പോലും മുസ്ലീം ലീഗ് ഒപ്പമുണ്ടെങ്കില്‍ സുഖമായി ഭരണം പിടിക്കാനാകും. 20 സീറ്റിലേറെ സുരക്ഷിതമായി ലീഗിനൊപ്പം വരുമെന്ന കാര്യം ഉറപ്പാണ്. കുഞ്ഞാലിക്കുട്ടിയും എളമരം കരീമുമായുള്ള ബന്ധവും മരുമോന്‍ മന്ത്രിയുടെ സ്വാധീനവും ഉപയോഗപ്പെടുത്തിയാണ് ലീഗിനെ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നത്. ലീഗിലെ ഒരുവിഭാഗം ശക്തമായി ഇതിനെതിരെ നിലപാട് എടുത്തിട്ടുണ്ടെങ്കില്‍ പോലും ആത്യന്തികമായി ലീഗ് ഒന്നിച്ചേ നീങ്ങൂ എന്നകാര്യം യു.ഡി.എഫിനും അറിയാം, സിപിഎമ്മിനും അറിയാം. അടൂരിന്റെ വിധേയന്‍ സിനിമയിലെ തൊമ്മിയുടെ ദുര്‍ബലമായ പ്രതികരണമാണ് കാനത്തില്‍ നിന്നുണ്ടായത്. ലീഗിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ആവശ്യം ഇല്ല എന്നാണ് കാനം പ്രതികരിച്ചത്. മാത്രമല്ല, ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവനയോടെ യുഡിഎഫില്‍ ഐക്യം ശക്തമായെന്നും കാനം പറയുന്നു. തല്‍ക്കാലത്തേക്ക് മുന്നണി മാറ്റം അജണ്ടയില്‍ ഇല്ലെന്ന് ലീഗ് പ്രതികരിച്ചുകഴിഞ്ഞു. പക്ഷേ, തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇതു തന്നെ ആയിരിക്കുമോ നിലപാട് എന്നത് കണ്ടറിയണം. യുഡിഎഫ്, കെ.കരുണാകരന്റെ കാലം മുതല്‍ ഉമ്മന്‍ചാണ്ടിയുടെ കാലം വരെ പൊതുമരാമത്ത്, വ്യവസായം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ മുഴുവന്‍ ലീഗിന് കൈമാറി അവര്‍ക്ക് അടിമകളാവുകയായിരുന്നു. സ്വത്വം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് ഒരു ചാവാലിപ്പട്ടിയുടെ വില പോലും മുസ്ലീംലീഗ് നല്‍കുന്നില്ല എന്നതാണ് സത്യം. പഴയ സുല്‍ത്താന്മാര്‍ അടിമകളോട് പെരുമാറുന്നത് പോലെ തന്നെയാണ് ലീഗ് കോണ്‍ഗ്രസ്സിനോട് പെരുമാറുന്നത്.
ഇവിടെ കേരളത്തിലെ ജനങ്ങളോടും ഭാരതത്തിനോടും പ്രതിബദ്ധതയുള്ള ദേശീയ രാഷ്ട്രീയ കക്ഷികളുടെ മുന്നിലാണ് ഏറ്റവും മഹത്തായ ദൗത്യമുള്ളത്. വിഭജനം മാത്രം ലക്ഷ്യമിട്ട് ഭാരതത്തിനുള്ളില്‍ വീണ്ടും സ്വതന്ത്രരാഷ്ട്രം സൃഷ്ടിക്കാന്‍ കച്ചകെട്ടി തന്നെയാണ് ഇപ്പോഴത്തെ മുസ്ലീംലീഗും പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ഇവിടത്തെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ദൗത്യം സുപ്രധാനമാണ്. 1937 ലെ ലഖ്‌നൗ പ്രസംഗത്തിന്റെ അന്തഃസത്തയില്‍ തന്നെയാണ് ഇന്നും മുസ്ലീംലീഗ് പ്രവര്‍ത്തിക്കുന്നത്. കെ.എം.ഷാജി അടുത്തിടെ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് പറഞ്ഞ കാര്യം മറക്കരുത്. അവര്‍ അതിവേഗം ഓടിച്ച് അപകടങ്ങള്‍ ഉണ്ടാക്കുന്നു. ലീഗും അച്ചടക്കത്തോടെ അതേ ലക്ഷ്യത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്. ഷാജി പറഞ്ഞ സത്യം കേരളത്തിലെ ഹിന്ദുക്കള്‍ക്ക്, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് അടിമകളായവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. സിപിഎം എന്ന പാര്‍ട്ടി പൂര്‍ണ്ണമായും ഇസ്ലാമിക ഭീകരതയുടെ പിടിയില്‍പ്പെട്ടിരിക്കുന്നു. ചുവപ്പുകൊടി പച്ചക്കൊടിയായി മാറാന്‍ കാലമധികം ഉണ്ടാവില്ല. ഒരുപക്ഷേ, ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ അതിന് കാര്‍മ്മികത്വം വഹിക്കും.