നീണ്ട ആറര പതിറ്റാണ്ടു കാലം സ്വസമുദായത്തിനും, ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പി.കെ.ഭാസ്‌കരന്‍, പോരാട്ടത്തിന്റെ അഗ്‌നിജ്വാല തെളിയിച്ച ഹൈന്ദവ സമൂഹത്തിന്റെ മുന്നണി പ്പോരാളിയായിരുന്നു.
91 വര്‍ഷക്കാലത്തെ ഇഹലോക ജീവിതത്തില്‍ ഭൂരിഭാഗവും സമാജ പ്രവര്‍ത്തനത്തിനായി ഉഴിഞ്ഞു വച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഡിസംബര്‍ 17 ന് അഗ്നിജ്വാലകള്‍ ഏറ്റുവാങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചു വരവെയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഡെപ്യൂട്ടി സെക്രട്ടറി എന്ന ഔദ്യോഗിക ചുമതല നിര്‍വഹിക്കുമ്പോള്‍ തന്നെ അദ്ദേഹം താന്‍ ജനിച്ചു വളര്‍ന്ന മലയരയ സമൂഹത്തിന്റെ ഉന്നമനത്തിനായി ഐക്യ മലയരയ സമുദായത്തിന് നേതൃത്വം കൊടുത്ത് അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി. പട്ടിക വര്‍ഗ സമൂഹത്തില്‍ ഉന്നത ബിരുദവും ജോലിയും കൈവരിച്ചവരില്‍ പ്രഥമ ഗണനീയരായി ഇന്ന് മലയരയ സമൂഹത്തിലെ പലരും മാറിയിട്ടുണ്ടെങ്കില്‍ അതിന് പി.കെ. ഭാസ്‌കരേട്ടന്റെ ചെറുതല്ലാത്ത പ്രവര്‍ത്തനവും കാരണമായിട്ടുണ്ട്.
പട്ടിക വര്‍ഗ സമൂഹത്തിന്റെ അവകാശങ്ങളും അവര്‍ക്കു ലഭ്യമാകേണ്ട ആനുകൂല്യങ്ങളും സമുദായത്തില്‍ നിന്ന് പരിവര്‍ത്തിതരായവര്‍ തട്ടിയെടുക്കുന്നതിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ക്കും, നിയമപോരാട്ടങ്ങള്‍ക്കും അദ്ദേഹം അന്ത്യനിമിഷംവരെയും നേതൃത്വം കൊടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ഔദ്യോഗിക ചര്‍ച്ചകളിലെല്ലാം പട്ടികവര്‍ഗ സമൂഹ വിഷയങ്ങള്‍ ഉന്നയിക്കാന്‍ നിയോഗിച്ചത് പി.കെ.ഭാസ്‌കരേട്ടനെയാണ്. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്‌മണ്യം നിശ്ചയിക്കേണ്ടത് എന്ന പാലിയം വിളംബരം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമ നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാരുകള്‍ക്കു മുന്‍പില്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. അതിനായി ഇടത്, വലത്, ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, താന്ത്രിക പ്രമുഖന്മാര്‍, ആചാര്യന്മാര്‍, സമുദായ സംഘടനാ നേതാക്കള്‍ എന്നിവരെയെല്ലാം ഐക്യവേദി നേതാക്കളോടൊപ്പം സമ്പര്‍ക്കം നടത്തുകയും അഭിപ്രായ സമന്വയം ഉറപ്പിക്കുകയും ചെയ്തു.
മലയരയ സമൂഹത്തിന്റെ മുന്നണിപ്പോരാളിയും കാവലാളുമായിരുന്നു അദ്ദേഹം. അവരുടെ അവകാശ പോരാട്ടങ്ങളുടെ മുന്നില്‍ ഭാസ്‌ക്കരേട്ടന്‍ എന്നും ഉണ്ടായിരുന്നു. പൊന്നമ്പലമേട്ടില്‍ തിരി തെളിയിക്കുവാനുള്ള അവകാശത്തിനായി അവസാന നിമിഷംവരെ പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം.
മലയരയ സമൂഹ സംഘടനകളുടെ യോജിപ്പിനായും, പട്ടിക വര്‍ഗ സംഘടനകളുടെ ഐക്യത്തിനായും അഹോരാത്രം പ്രവര്‍ത്തിച്ചു. ഹിന്ദു ഐക്യപ്രവര്‍ത്തനങ്ങളുമായി അദ്ദേഹം രംഗത്ത് വന്നത് കുമ്മനം രാജശേഖരനെ നേരില്‍ കണ്ട് സംസാരിക്കാനും ഒന്നിച്ചുപ്രവര്‍ത്തിക്കാനും സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ്. വിഎച്ച്പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തനവുമായി അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചു. ശബരിമലയുടെ പൂജാ കാര്യങ്ങളിലും, പൊന്നമ്പല മേട്ടില്‍ ദീപം തെളിയിക്കുവാനും അവകാശമുണ്ടായിരുന്ന മലയരയ സമൂഹത്തെ ശബരിമല തീര്‍ത്ഥാടനത്തില്‍ ഒരു ആചാര കാര്യങ്ങളിലും ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മലയരയ സമൂഹത്തെ സമരമാര്‍ഗങ്ങളിലേക്ക് നയിക്കാനും അദ്ദേഹം പരിശ്രമിച്ചു, അദ്ദേഹത്തിന്റെ ശ്രമഫലമായി ശബരിമല തന്ത്രിയും, പന്തളം രാജാവും, ഹൈന്ദവ സംഘടനകളും ശബരിമല ആചാരങ്ങളിലും പൊന്നമ്പലമേട്ടില്‍ പൂജാധികാരവും മലയരയര്‍ക്കു നല്‍കണമെന്ന് ആവശ്യമുന്നയിച്ചു. പക്ഷേ ആ ആഗ്രഹം പൂര്‍ത്തീകരിക്കാനാകാതെ ഈ തീര്‍ത്ഥാടന കാലത്തു തന്നെ ഭാസ്‌കരേട്ടന്‍ വിടവാങ്ങി. ആദ്യകാലം മുതല്‍ എല്ലാ ഹൈന്ദവ നേതൃസമ്മേളനങ്ങളിലും അദ്ദേഹം നിറ സാന്നിദ്ധ്യമായിരുന്നു. മാത്രമല്ല ഏത് ഹൈന്ദവ സാമൂഹ്യ പ്രശ്‌നങ്ങളിലും പ്രക്ഷോഭങ്ങളിലും നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു. പ്രായാധിക്യം കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നതുമുതലാണ് സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ ഇല്ലാതിരുന്നത്. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും അദ്ദേഹം നെഞ്ചോട് ചേര്‍ത്ത പ്രസ്ഥാനങ്ങളായിരുന്നു. കുമ്മനം രാജേട്ടനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആഴത്തിലുള്ളതും ദൃഢവുമായിരുന്നു. സ്‌നേഹവും സൗമ്യതയും ശാന്തതയും കൈമുതലാക്കിയ വ്യക്തിത്വമായിരുന്നു ഭാസ്‌കരേട്ടന്റേത്. ഏതാണ്ട് ദക്ഷിണായനം അവസാനത്തെത്തി ഉത്തരായനത്തിലേക്ക് കടക്കാന്‍ പോകുന്ന മുഹൂര്‍ത്തത്തില്‍ ഭാസ്‌കരശോഭ അസ്തമിച്ചു, വിസ്മരിക്കാന്‍ ശ്രമിച്ചാലും, വിസ്മരിക്കാന്‍ കഴിയാത്ത അത്രയും ഓര്‍മ്മകള്‍ നിലനിര്‍ത്തികൊണ്ട് അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. തന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാനും, സമാജത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള ചുമതല തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഏല്പിച്ചുകൊടുത്താണ് അദ്ദേഹം വിടവാങ്ങിയത്. ആ ധന്യ ജീവിതത്തിനു മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
(ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവാണ് ലേഖകന്‍)
Comments