കര്‍മ്മം സാധനയാക്കി സാത്വിക തേജസ്സായി ജീവിച്ച ഒരു ഉത്തമ കര്‍മ്മയോഗിയായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 3 ന് നമ്മെ വിട്ടുപിരിഞ്ഞ ശ്രീ കെ.വി.മദനന്‍ സാര്‍. ആരോടും പരിഭവമില്ലാതെ താന്‍ സ്വയം തിരഞ്ഞെടുത്ത മാര്‍ഗ്ഗത്തില്‍ ഉറച്ചുനിന്ന് കൊണ്ട് അക്ഷീണം പ്രവര്‍ത്തിച്ച ഒരു മാതൃകാ പുരുഷനായിരുന്നു അദ്ദേഹം. ഒരു മാതൃകാ അദ്ധ്യാപകന്‍, കഴിവുറ്റ ഭരണാധികാരി, ഉത്തമനായ പൊതുപ്രവര്‍ത്തകന്‍ സര്‍വ്വോപരി ഒരു സ്‌നേഹനിധിയായ പിതാവും ഗൃഹസ്ഥനും കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യ ബാങ്കുദ്യോഗസ്ഥയായിരുന്ന വള്ളിയമ്മ രണ്ട് വര്‍ഷം മുന്‍പാണ് മരണമടഞ്ഞത്. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച മദനന്‍ സാര്‍ കേരളത്തിന്റെ ആദ്യത്തെ ഐ എ എസ് കാരനല്ലാത്ത വിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കണ്‍േട്രാളറുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആലുവ ജില്ല സഹ സംഘചാലക്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍, ദേശീയ ഉപാദ്ധ്യക്ഷന്‍ തുടങ്ങിയ പദവികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
വണ്ടിക്കുഞ്ഞ്-കുരുംബ ദമ്പതികളുടെ എട്ട് മക്കളില്‍ ഒരുവനായിരുന്ന മദനന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എന്നിട്ടും ദാരിദ്ര്യം മൂലം എറണാകുളം മഹാരാജാസ് കോളേജിലെ എം എ പഠനം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് പ്രൈവറ്റായി പഠിച്ച് എം എ പരീക്ഷ പാസ്സായി. ഐ എ എസ് എഴുത്ത് പരീക്ഷ പാസ്സായെങ്കിലും പേഴ്‌സണാലിറ്റി ടെസ്റ്റില്‍ വിജയിക്കാനായില്ല. ഒടുവില്‍ കാലം കാത്തുവച്ചപോലെ അതുവരെ ഐ എ എസ്സുകാര്‍ മാത്രം ഇരുന്ന കസേരയില്‍ ഇരുന്ന് മദനന്‍ സാറും വര്‍ഷങ്ങളോളം ജോലി ചെയ്തു. അര്‍ഹതക്കുള്ള അംഗീകാരമെന്നാണ് അന്ന് അതിനെക്കുറിച്ച് പത്രങ്ങള്‍ എഴുതിയത്.
ജാതീയമായ ഉച്ചനീചത്വങ്ങള്‍ തനിക്ക് ജീവിതത്തില്‍ ഒരിടത്തും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് മദനന്‍ സാര്‍ പറഞ്ഞിട്ടുണ്ട്. ഒരു നായര്‍ പ്രമാണിയുടെ വീട്ടിലായിരുന്നു ചെറായിയില്‍ ജനിച്ച് വളര്‍ന്ന മദനന്‍ സാറിന്റെ അച്ഛന്‍ ജോലി ചെയ്തിരുന്നത്. പത്താം ക്ലാസ് പാസ്സായപ്പോള്‍ അദ്ധ്യാപകന്‍ കൂടിയായിരുന്ന ആ കുടുംബനാഥന്‍ തനിക്ക് സന്തോഷത്തോടെ രണ്ട് ഷര്‍ട്ട് എടുത്ത് തന്നതും മദനന്‍സാര്‍ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. അധ്യാപക ട്രെയിനിങ്ങ് മൂത്തകുന്നം എസ് എന്‍ എം ട്രെയിനിങ്ങ് കോളേജില്‍ ഡോ.സുകുമാര്‍ അഴീക്കോട് പ്രിന്‍സിപ്പലായിരുന്നപ്പോഴായിരുന്നു പൂര്‍ത്തിയാക്കിയത്. ഒഎന്‍വി കുറുപ്പ് സാറിന്റേയും എം.കെ. സാനുമാഷിന്റേയും വിദ്യാര്‍ത്ഥിയായിരുന്ന മദനന്‍സാറിനെ ഏറ്റവും സ്വാധീനിച്ച വ്യക്തികളും അദ്ദേഹത്തിന്റെ ഗുരുനാഥന്‍മാരായിരുന്നു. താനൊരു ഉറച്ച അംബേദ്കറിസ്റ്റാണെന്നാണ് മദനന്‍ സാര്‍ പറഞ്ഞിട്ടുള്ളത്. മനുഷ്യനെ ശുദ്ധീകരിക്കുന്നതില്‍ മതത്തിന്റെ സ്ഥാനം ഉയര്‍ത്തിപ്പിടിച്ച യാളാണ് അംബേദ്കര്‍ എന്ന് മദനന്‍ സാര്‍ വ്യക്തമാക്കുന്നു.
ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ രാഷ്ട്രീയ സ്വയംസേവക സംഘവുമായി അടുത്ത് പ്രവര്‍ത്തിക്കാനാണ് മദനന്‍ സാര്‍ തീരുമാനിച്ചത്. പട്ടികജാതി സംവരണം സംരക്ഷിക്കേണ്ടതിനെകുറിച്ച് അന്നത്തെ സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്ര സിംഗ്ജി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രസംഗം വായിക്കാനിടയായതാണ് തന്നെ സംഘത്തിലേക്കാകര്‍ഷിച്ചത് എന്ന് അദ്ദേഹം സാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഒരപരിചിതത്വവുമില്ലാതെ അദ്ദേഹം പൂര്‍ണ്ണ ഗണവേഷമുള്ള ഒരു സാധാരണ സ്വയംസേവകനായിത്തീര്‍ന്നു. തുടര്‍ന്ന് ആലുവ സംഘ ജില്ലയുടെ ജില്ലാ സഹ സംഘചാലകായി കുറച്ച് വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. പിന്നീട് 9 വര്‍ഷക്കാലം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനായും 6 വര്‍ഷക്കാലം ദേശീയ ഉപാദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഇന്ന് കലൂരിലുള്ള വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന കാര്യാലയമായ ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തിന്റെ നിര്‍മ്മാണം മദനന്‍ സാറിന്റെ നേതൃത്വത്തിലാണ് നടന്നത്. ധര്‍മ്മാചരണത്തിനും സേവാ പ്രവര്‍ത്തനങ്ങള്‍ക്കും മദനന്‍ സാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ മുഖമാസികയായ ഹിന്ദുവിശ്വ ഉയര്‍ന്ന നിലവാരമുള്ളതാക്കിത്തീര്‍ക്കുന്നതില്‍ മദനന്‍ സാര്‍ സ്തുത്യര്‍ഹമായ പങ്കാണ് നിര്‍വ്വഹിച്ചത്.
സംഘ പരിവാര്‍ സംഘടനകളുടെ പിന്തുണയോടെ കേരളത്തിലെ ഒട്ടുമിക്ക പട്ടികജാതി സംഘടനകളേയും ഏകോപിപ്പിച്ച് പട്ടികജാതി സംവരണ സംരക്ഷണത്തിന് വേണ്ടി അദ്ദേഹം അനവരതം പ്രവര്‍ത്തിച്ചു. സംഘ പരിവാറിനെ കുറിച്ച് പട്ടികജാതി സംഘടനാ നേതാക്കള്‍ക്കുണ്ടായിരുന്ന നിരവധി തെറ്റിദ്ധാരണകള്‍ നീക്കാന്‍ മദനന്‍ സാറിന്റെ ഈ പ്രവര്‍ത്തനം സഹായിച്ചു. അഖിലേന്ത്യാടിസ്ഥാനത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്തില്‍ രൂപീകരിച്ച പട്ടികജാതി സംവരണ സംരക്ഷണ സമിതിയുടെ ദേശീയ സഹസംയോജകനായിരുന്നു മദനന്‍സാര്‍. മുന്‍പ്രസിഡന്റ് രാം നാഥ് കോവിന്ദായിരുന്നു പ്രസ്തുത സമിതിയുടെ ദേശീയ സംയോജകന്‍. ദേശവ്യാപകമായി ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ അദ്ദേഹം യാത്ര ചെയ്തു.
ഗീതയും ഉപനിഷത്തുക്കളും സ്വായത്തമാക്കിയ അദ്ദേഹം സാമൂഹ്യനീതിയും സാമാജിക സമരസതയും മുന്‍നിര്‍ത്തി നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പെരുമാറ്റത്തിലെ തികഞ്ഞ വിനയം, പരപക്ഷ ബഹുമാനം എന്നിവ മദനന്‍ സാറിന്റെ വ്യക്തിത്വത്തിന്റെ നിദര്‍ശനമാണ്. പാലക്കാട് വിക്ടോറിയ കോളേജ് അദ്ധ്യാപകനായ ഗോപീകൃഷ്ണന്‍, ബാങ്ക് ഉദ്യോഗസ്ഥനായ മുരളി കൃഷ്ണന്‍, ഐ ടി കമ്പനി ഉദ്യോസ്ഥനായ കൃഷ്ണമുരാരി എന്നിവര്‍ മക്കളാണ്. മദനന്‍ സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
(ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവാണ് ലേഖകന്‍)