ധ്വജം എന്നാല്‍ കൊടി, കൊടിമരം, കൊടിയടയാളം എന്നൊക്കെ അര്‍ത്ഥം. മഹാവിഷ്ണു ഗരുഡധ്വജനാണ്. കൊടിയടയാളം ഗരുഡനാണ് എന്നര്‍ത്ഥം. വാഹനവും ഗരുഡനാണ്. കാമദേവന്‍ മകരധ്വജന്‍. മകരമത്സ്യമാണ് കാമദേവന്റെ കൊടിയടയാളം. അര്‍ജുനന്‍ കപിധ്വജന്‍. കപി എന്നാല്‍ കുരങ്ങന്‍. ഹനുമാന്‍ മഹാഭാരത യുദ്ധസമയത്ത് അര്‍ജുനന്റെ തേരിന്റെ കൊടിമരത്തില്‍ അടയാളമായി ഇരുന്നിട്ടുണ്ട് – ജീവനോടെ. ഈ ആസനം കൊടിമരത്തെ ഓര്‍മിപ്പിക്കുന്നതാണ്.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്‍ക്കുക. ശ്വാസമെടുത്തുകൊണ്ട് വലതുകാല്‍ പൂര്‍ണ്ണമായും ഉയര്‍ത്തുക. വലതു കാലും ഇടതു കാലും കുത്തനെ ഒരു നേര്‍രേഖയില്‍ വരും. കാല്‍പ്പത്തി നിവര്‍ത്തി കുത്തനെ മേല്‌പോട്ട്. ഇടതു കൈ കൊണ്ട് തലക്കു മുകളിലൂടെ വലതു ജംഘയില്‍ പിടിക്കുക. വലതു കൈ വലതു ഭാഗത്തേക്ക് ഭൂമിക്കു സമാന്തരമായി നീട്ടുക. നീട്ടിയ കൈയില്‍ മുദ്രയാകാം. വലതുകൈ മേലോട്ടു മുഖമായോ മുന്നോട്ടു മുഖമായോ ആകാം. മുഖത്ത് പ്രസന്ന ഭാവം.
സാധാരണ ശ്വാസത്തില്‍ അല്പനേരം സ്ഥിതിയില്‍ നിന്ന ശേഷം ശ്വാസം വിട്ടു കൊണ്ട് തിരിച്ചുവന്ന് മറുകാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
അരക്കെട്ടിന് നല്ല വലിവു കിട്ടും. പിന്‍കാലിലെ പേശികള്‍ക്കും തടവല്‍ സുഖം കിട്ടും. വേരിക്കോസ് വെയിനിന് ഗുണകരം. മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിക്കും.