- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- യമുനാഭായ് സവര്‍ക്കര്‍
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
സവര്‍ക്കര്‍ അന്തമാന്‍ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയുംപേറി അദ്ദേഹത്തിന്റെ വിപ്ലവപ്രസ്ഥാനത്തിന് സാരഥ്യവും വഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി യമുനാഭായ് സവര്‍ക്കര്‍ പ്രവര്‍ത്തനനിരതയായി. ഇംഗ്ലീഷുകാരന്റെ കണ്ണ് അവരെ വിടാതെ പിന്തുടരുന്നുണ്ടെന്ന തിരിച്ചറിവ് അവരെ സഹായിക്കുന്നതില്‍നിന്നും അവരോട് ഇടപഴകുന്നതില്‍നിന്നും ചുറ്റുമുള്ളവരെ തടുത്തുനിര്‍ത്തി. അവര്‍ കുറേശ്ശെ ഒറ്റപ്പെടാന്‍ തുടങ്ങി. മൂന്നുനേരം ഭക്ഷണംപോലും ലഭിക്കാതെ ദാരിദ്ര്യവും രോഗങ്ങളും ഗ്രസിച്ച് അവര്‍ അവസാനനാളുകളെണ്ണിത്തീര്‍ത്തു. സമ്പന്നതയുടെ സര്‍വ്വസൗഭിക്ഷ്യവും മാതാപിതാക്കളായ രാമചന്ദ്ര ത്രൈയംബകയുടെയും ലക്ഷ്മിഭായിയുടെയും വാത്സല്യവും നുകര്‍ന്നുവളര്‍ന്ന യമുനാഭായിക്ക് ഏര്‍പ്പെട്ട ഈ ദുര്യോഗത്തോട് സഹതപിക്കാന്‍, വെള്ളക്കാരന്റെ കോപം ഭയന്ന് ഒരാള്‍പോലും അന്ന് ധൈര്യപ്പെട്ടില്ല. മായി എന്നു വളിക്കപ്പെട്ടിരുന്ന, സംഗീതംകൂടി അറിയാമായിരുന്ന യമുനാഭായി, സവര്‍ക്കറുടെ, താന്‍ ഈണം പകര്‍ന്ന വിപ്ലവഗാനങ്ങള്‍ ഏകാന്തകളില്‍ പാടിയാസ്വദിച്ചു. അതുപകര്‍ന്ന വീര്യം എല്ലാ വൈതരണികളെയും നേരിടാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നു.
സ്വന്തം മകന്‍ പ്രഭാകര്‍ വേണ്ടത്ര ചികിത്സപോലും ലഭിക്കാതെ വസൂരിപിടിച്ച്, തന്റെ മുന്നില്‍ക്കിടന്ന് മരണത്തിനു കീഴ്‌പ്പെടുന്നതു കണ്ട് ആ അമ്മയുടെ മനസ്സു തകര്‍ന്നു. ഈയവസരത്തില്‍ തനിക്കു തുണനില്ക്കുമായിരുന്ന തന്റെ ആണ്‍തുണ, സാവര്‍ക്കറുടെ സാമീപ്യത്തിനുവേണ്ടി അവരുടെ മനസ്സു കൊതിച്ചു. അദ്ദേഹത്തെ ഒരുനോക്കെങ്കിലും കാണാനുള്ള അവസരം തനിക്കുണ്ടാക്കിത്തരേണമേയെന്ന് ആ സ്‌നേഹമയി ദൈവത്തോടു കേണുപ്രാര്‍ത്ഥിച്ചു. ദൈവം അവരുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി പറഞ്ഞത് മറ്റൊരു വിധത്തിലായിരുന്നു. മകന്‍ മരിച്ച് പതിനഞ്ചു ദിവസം തികയുന്നതിനുമുമ്പുതന്നെ അവര്‍ക്കു താങ്ങായി നിന്നിരുന്ന ഭര്‍തൃസഹോദരനെയും വെള്ളക്കാര്‍ അന്തമാന്‍ ജയിലിലാക്കി. അതോടെ അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെട്ട മായി, തീര്‍ത്തും നിരാലംബയായി.
ആയിടയ്ക്കാണ് സവര്‍ക്കറിനെ വിചാരണയ്ക്കായി നാസിക്കിലേക്ക് കൊണ്ടുവരുന്ന വിവരം മായി അറിയുന്നത്. ദീര്‍ഘകാലത്തെ വിരഹം മനസ്സിലേല്പിച്ച പട്ടിണി തീര്‍ക്കാന്‍ തന്റെ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഒരു നോക്കു കാണണമെന്ന് അവര്‍ നിശ്ചയിച്ചു. ബ്രിട്ടീഷുകാരന്റെ കണ്ണില്‍പ്പെടാതെ ത്രൈയമ്പകേശ്വറില്‍നിന്ന് നാസിക്ക്‌വരെ ആരോ തരമാക്കിക്കൊടുത്ത കുതിരപ്പുറത്തു കയറി, ദുര്‍ഘടമായ ഊടുവഴികള്‍ താണ്ടി അവര്‍ സാവര്‍ക്കറുടെ അരികിലെത്തി. വഴിയില്‍ വിശപ്പിന് ഒരു വായ് ചോറോ മഴയത്തു കയറിനില്ക്കാന്‍ ഒരിടമോ നിഷേധിക്കപ്പെട്ട് വിവശയായിരുന്ന മായി തന്റെ ഭര്‍ത്താവിനെ കണ്ടതോടെ പുത്തനുയിര്‍ കിട്ടിയ പക്ഷിയെപ്പോലെ ഉന്മേഷവതിയായി. 45 നിമിഷത്തെ സമ്പര്‍ക്കസല്ലാപത്തിനുശേഷം ഭര്‍ത്താവിന്റെ സമീപത്തുനിന്ന് വേര്‍പെടുത്തപ്പെടുമ്പോള്‍ നുരഞ്ഞുപൊന്തുന്ന സങ്കടം പുറത്തു പ്രകടമാവാതിരിക്കാന്‍ അവര്‍ കഷ്ടപ്പെടുന്നതു കാണാനുണ്ടായിരുന്നു. ഭര്‍ത്താവും മകനുമില്ലാത്ത അന്ധകാരത്തില്‍ തന്റെ ബാക്കിയുള്ള ആയുസ്സില്‍ തപ്പിനടക്കാന്‍ വേണ്ടി മനസ്സില്ലാ മനസ്സോടെയാണ് അവര്‍ തിരിച്ചു നടന്നത്