ന്യൂദല്‍ഹി: അക്കാദമിക രംഗത്തെ സഹകരണത്തിന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി (മാഗ്‌കോം) ധാരണാപത്രം ഒപ്പുവെച്ചു.
ജെഎന്‍യു സര്‍വ്വകലാശാല വിസി പ്രൊഫ. ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റും കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എ.കെ. അനുരാജുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളും തമ്മിലുള്ള സഹകരണവും പങ്കുവെക്കലുകളുമെന്ന് പ്രൊഫ. ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ് പ്രതികരിച്ചു. ഇത്തരത്തില്‍ മാധ്യമപഠനരംഗത്തെ സ്ഥാപനവുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകോത്തര സര്‍വകലാശാലകളും ഉന്നതമാധ്യമപഠന കേന്ദ്രങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ജെഎന്‍യുവുമായി ധാരണാപത്രം ഒപ്പുവച്ചതെന്ന് മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജ് പ്രതികരിച്ചു. ജെഎന്‍യു വൈസ് ചാന്‍സലറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍, കേസരി പത്രാധിപരും മാഗ്‌കോം ഗവേണിങ് ബോഡി അംഗവുമായ ഡോ.എന്‍.ആര്‍. മധു, ജെഎന്‍യു സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പ്രൊഫസര്‍മാരായ മനുകൊണ്ട രബീന്ദ്രനാഥ്, ശുചി യാദവ്, അസിസ്റ്റന്റ് പ്രൊഫ. ഡോ. ആര്‍.എല്‍. റീറ്റ സോണി, സിഎസ്ആര്‍ഡി പ്രൊഫ. കൗശല്‍ ശര്‍മ്മ എന്നിവരും പങ്കെടുത്തു.
ജെ.എന്‍.യു. കോഴ്‌സുകള്‍ ഇനി കേരളത്തിലും
ജെ.എന്‍.യു. കോഴ്‌സുകള്‍ ഇനി കേരളത്തില്‍ പഠിക്കാം. ജെ.എന്‍.യുവും കോഴിക്കോട് കേസരിഭവന്‍ ആസ്ഥാനമായുള്ള മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ്‌കോം) ധാരണാപത്രം ഒപ്പിട്ടതോടെയാണ് ഇതു സാധ്യമായത്. ജെ.എന്‍.യുവിന്റെ സഹകരണത്തോടെ മാധ്യമപഠന കോഴ്‌സുകളായിരിക്കും മാഗ്‌കോം ക്യാമ്പസ്സില്‍ നടക്കുന്നത്.
അക്കാദമിക സഹകരണത്തിനുള്ള ധാരണാപത്രത്തിലാണ് മാഗ്‌കോമും ജെ.എന്‍.യുവും ഒപ്പുവെച്ചിരിക്കുന്നത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും കൈമാറ്റംചെയ്യല്‍, പഠന സാമഗ്രികള്‍ കൈമാറല്‍, സംയുക്ത ഗവേഷണങ്ങളും സംയുക്ത സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കല്‍, മീഡിയ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരു സ്ഥാപനങ്ങളും കൈകോര്‍ക്കുന്നത്. ന്യൂദല്‍ഹി ജെ.എന്‍.യു. ക്യാമ്പസ്സില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റും മാഗ്‌കോം ഡയറക്ടര്‍ എ.കെ.അനുരാജും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാഗ്‌കോമുമായി സഹകരിക്കുന്നതെന്ന് ജെ.എന്‍.യു. വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ് പ്രതികരിച്ചു. ഓരോ മേഖലയിലും കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള കൊടുക്കല്‍വാങ്ങലുകളാണ് ഉദ്ദേശിക്കുന്നത്. മാഗ്‌കോമുമായുള്ള കരാര്‍ മാധ്യമപഠന മേഖലയെ ലക്ഷ്യംവെച്ചുള്ളതാണെന്നും അവര്‍ വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രധാന സ്ഥാപനങ്ങളുമായി സഹകരിച്ചു മുന്നേറുക വഴി ലോകോത്തര കോഴ്‌സുകളും അതുവഴി മികച്ച തൊഴിലവസരങ്ങളും വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കുകയാണ് മാഗ്‌കോമിന്റെ പദ്ധതിയെന്ന് ഡയറക്ടര്‍ എ.കെ.അനുരാജ് വ്യക്തമാക്കി. വരുംനാളുകളില്‍ സമാനമായി രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തൊഴില്‍ പ്രദാനംചെയ്യുന്ന കമ്പനികളുമായും കൂടുതല്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.ജി.ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് മാഗ്‌കോമില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരിക്കുക. പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം, പി.ജി. ഡിപ്ലോമ ഇന്‍ കണ്ടന്റ് റൈറ്റിങ്, പി.ജി. ഡിപ്ലോമ ഇന്‍ ടെക്‌നിക്കല്‍ റൈറ്റിങ്, പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസ്‌മെന്റ്, പി.ജി. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ആങ്കറിങ് ആന്റ് ന്യൂസ് പ്രസന്റേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ റേഡിയോ പ്രൊഡക്ഷന്‍ എന്നീ ബിരുദാനന്തര കോഴ്‌സുകള്‍ക്കു പുറമെ, പ്ലസ്ടുക്കാര്‍ക്കും ചേരാവുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫോട്ടോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോ എഡിറ്റിങ് എന്നീ കോഴ്‌സുകള്‍ ഘട്ടംഘട്ടമായി മാഗ്‌കോമില്‍ ആരംഭിക്കും. ഇതില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫോട്ടോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോ എഡിറ്റിങ് എന്നീ കോഴ്‌സുകളില്‍ പ്രവേശനം നടന്നുവരികയാണ്.

പി.ജി. ഡിപ്ലോമ ഇന്‍ ടെക്‌നിക്കല്‍ റൈറ്റിങ് കോഴ്‌സിനായി കനേഡിയന്‍ കമ്പനിയായ ഇന്നൊവേഷ്യയുമായി സഹകരിച്ചാണ് മാഗ്‌കോം മുന്നോട്ടുനീങ്ങുന്നത്. ദല്‍ഹി ആസ്ഥാനമായ ഫ്‌ളാഗ്‌സ് കമ്മ്യൂണിക്കേഷനുമായി സഹകരിച്ചായിരിക്കും പി.ജി. ഡിപ്ലോമ ഇന്‍ കണ്ടന്റ് റൈറ്റിങ് കോഴ്‌സ് നടത്തുന്നത്.
വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്നതിനായി മാഗ്‌കോം കോഴ്‌സുകളില്‍ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കും. പ്രായോഗിക പരിശീലനത്തിനായി കൂടുതല്‍ സമയം നീക്കിവയ്ക്കുന്നതിനായി പാഠ്യഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കോഴ്‌സ്ബുക്കുകള്‍ പുറത്തിറക്കും. പി.ജി. ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സ് ബുക്കിന്റെ ആദ്യഭാഗത്തിന്റെ പ്രകാശനം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ നിര്‍വഹിച്ചിരുന്നു. സ്‌പോക്കണ്‍ ഇംഗ്ലീഷ്, സ്‌പോക്കണ്‍ ഹിന്ദി പരിശീലനമായിരിക്കും മാഗ്‌കോമിന്റെ മറ്റൊരു സവിശേഷത. വിദ്യാര്‍ഥികള്‍ക്ക് ദേശീയ തലത്തില്‍ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും ഇന്റേണ്‍ഷിപ് ലഭ്യമാക്കും.