ചെങ്കൊടി പര്‍വ്വം
പ്രൊഫ. എം.ആര്‍.ചന്ദ്രശേഖരന്‍
ഇന്ത്യാ ബുക്‌സ്, കോഴിക്കോട്
പേജ്: 184 വില: 200 രൂപ
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം ലോകത്തെ വല്ലാതെ വ്യാമോഹിപ്പിച്ചിരുന്നു. റഷ്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാര്‍മ്മികത്വത്തിലും ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സഹകാര്‍മ്മികത്വത്തിലും മധുര മനോഹരമനോജ്ഞമായ ഏകലോകം പിറക്കാന്‍ പോകുന്നുവെന്ന തോന്നല്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ ശക്തമായി. ഒന്നുമില്ലാത്തവര്‍ക്ക് തങ്ങള്‍ നൊടിയിടയില്‍ എല്ലാമുള്ളവരായി മാറുമെന്ന പ്രതീക്ഷമുളച്ചു. ആ വിശ്വാസം കൊണ്ട് ചാവേര്‍ വിപ്ലവകാരികളാകാന്‍ ധാരാളമാളുകള്‍ തയ്യാറായി. നേതാക്കളുടെ ലക്ഷ്യം ജനക്ഷേമത്തേക്കാള്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ മേല്‍വിലാസത്തിലുള്ള ഭരണാധികാര ലാഭമായിരുന്നു. ഫലത്തില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്ന ഫാക്ടറിയായി കമ്മ്യൂണിസ്റ്റു പ്രസ്ഥാനം പരിണമിച്ചു. അന്നു ജീവന്‍ വെടിഞ്ഞവര്‍ ഒരു തരത്തില്‍ ഭാഗ്യം ചെയ്തവരാണ്. ലോകമെമ്പാടും പാര്‍ട്ടി ഭരണകൂടങ്ങള്‍ നടത്തിയ നരനായാട്ടുകളും കാലം അതിനു നല്‍കിയ കനത്ത തിരിച്ചടികളും കാണാതെ പോകാന്‍ കഴിഞ്ഞല്ലോ! ജീവച്ഛവങ്ങളായി അവശേഷിച്ചവരുടെയും പിന്‍ഗാമികളുടെയും കാര്യമാണ് ദയനീയം. അവരുടെ പേരില്‍ സ്തൂപങ്ങളും മണ്ഡപങ്ങളും ദിനാചരണങ്ങളും ഇല്ലാതെപോയി. സ്വാഭാവികമായും കേരളത്തിന്റെ കാര്യവും ഇങ്ങനെതന്നെ. കമ്മ്യൂണിസത്തിനുവേണ്ടി ബാല്യകൗമാരയൗവ്വനങ്ങള്‍ ഉഴിഞ്ഞുവെച്ച പ്രമുഖ വിദ്യാഭ്യാസവിചക്ഷണനും സാഹിത്യകാരനുമായ പ്രൊഫ. എം.ആര്‍.ചന്ദ്രശേഖരന്‍ ‘ചെങ്കൊടി പര്‍വ്വം’ എന്ന പുസ്തകത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാണാപ്പുറങ്ങളിലെ ചരിത്രം ഓര്‍ത്തെടുക്കുകയാണ്. നവതി പിന്നിട്ടിട്ടും ആ ഓര്‍മ്മകള്‍ സുവ്യക്തങ്ങളാണ്. ഭാഷ നിസര്‍ഗ്ഗസുന്ദരമാണ്. അദ്ദേഹം എഴുതിയ യൂണിവേഴ്‌സിറ്റിയിലെ ഉപപ്ലവങ്ങള്‍, സ്വപ്‌നാടനം, എസ്. എന്‍.ഡി.പി. പര്‍വ്വം എന്നീ ആത്മകഥാകഥനങ്ങളുടെ പൂരകമാണ് ചെങ്കൊടി പര്‍വ്വം.
ഈ ഗ്രന്ഥത്തിന് രണ്ടു ഭാഗങ്ങളുണ്ട്. തീരാക്കടങ്ങള്‍ എന്ന പ്രഥമ ഭാഗത്തിന് പത്തൊന്‍പത് അദ്ധ്യായങ്ങളുണ്ട്. 1929ല്‍ തൃശ്ശൂരിലെ പ്ലോട്ടോറില്‍ കൃഷി കൊണ്ട് സാമാന്യം ജീവിക്കാന്‍ കഴിഞ്ഞിരുന്ന ഇടത്തരം കുടുംബത്തിലാണ് എം.ആര്‍.സിയുടെ ജനനം. ലോവര്‍പ്രൈമറി വിദ്യാര്‍ത്ഥിയായിരിക്കെ അമ്മയുടെ നാടായ കാണാണിയില്‍ വെച്ച് ആദ്യമായി ചെങ്കൊടി കണ്ടതു മുതല്‍ തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകനാകുന്നതുവരെയുള്ള കാലത്തെ സ്മരണകളാണ് ഈ ഭാഗത്തുള്ളത്. കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിയായിരിക്കെ കല്‍ക്കത്താ തീസിസ്സുണ്ടാക്കിയ സാഹസങ്ങള്‍ക്കും അതില്‍പ്പെട്ട നേതാക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കിയതിന്റെ പേരില്‍ നേരിടേണ്ടി വന്ന പോലീസ് മര്‍ദ്ദനമുറകള്‍ക്കും ലിഖിതരൂപം നല്‍കുന്നതാണ് ദ്വിതീയഭാഗം. വിപ്ലവം പടിമുറ്റത്ത് എന്ന് പേരുള്ള ഇതില്‍ ഇരുപത്തെട്ടദ്ധ്യായങ്ങളുണ്ട്. ഇവിടെയെല്ലാം ഓര്‍മ്മകള്‍ ഭൂതവര്‍ത്തമാനങ്ങളിലൂടെ ഊഞ്ഞാലാടുന്നു.
ഭഗത്‌സിങ്ങിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലെ രക്തച്ചൊരിച്ചിലിലൂടെയായാലും അധികാരം നേടണമെന്നാഗ്രഹിച്ച വ്യക്തിയാണ് എം.ആര്‍.സി. എന്നാല്‍ മാര്‍ഗ്ഗം സത്യസന്ധവും നിസ്വാര്‍ത്ഥവുമാകണമെന്ന കാര്യത്തില്‍ അദ്ദേഹം തികച്ചും ഗാന്ധിയനാണ്. തന്റെ മനഃസാക്ഷിക്കു നിരക്കാത്ത ഒരു കാര്യവും അ ദ്ദേഹം ഒരിക്കലും ചെയ്തിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനേക്കാള്‍ നഷ്ടമുണ്ടായത് കേരളത്തിനാണ്. മുണ്ടശ്ശേരിക്കു ശേഷം അദ്ദേഹത്തെപ്പോലെ, ഒരുപക്ഷെ അതിലധികം സമര്‍ത്ഥനായ ഒരു വിദ്യാഭ്യാസമന്ത്രിയെ കേരളത്തിനുകിട്ടാതെപോയി. കേരളത്തിലെ കോളേജദ്ധ്യാപകരേയും സാഹിത്യപ്രവര്‍ത്തകരേയും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ചേരിയില്‍ ആകര്‍ഷിച്ച് നിര്‍ത്തിയ ഈ കരുത്തനെ സ്വന്തം പ്രസ്ഥാനം കോഴിക്കോട് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റിന്റെ നടുത്തളത്തിലൊതുക്കി. തന്നെ മറന്നുകൊണ്ട് ആയിരക്കണക്കായ പ്രവര്‍ത്തകര്‍ക്ക് തിലോദകമര്‍പ്പിക്കുകയെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് എം.ആര്‍. ചന്ദ്രശേഖരന്‍ ചെങ്കൊടിപര്‍വ്വം എഴുതിയിരിക്കുന്നത്. ഇത് ഉത്തമമായ സാഹിത്യസൃഷ്ടിയും ചരിത്രഗ്രന്ഥവുമാകുന്നു.