നാടകപ്പതിപ്പ് ആയിട്ടാണ് ഭാഷാപോഷിണി ഒക്‌ടോബര്‍ ലക്കം പുറത്തു വന്നിരിക്കുന്നത്. മൂന്നു നാടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ എനിക്കു കൂടുതല്‍ പ്രാധാന്യമുള്ളതായി തോന്നിയത് ഡോക്ടര്‍ സുരേഷ് മാധവ് എഴുതിയിരിക്കുന്ന ‘അയ്യങ്കാളിയെക്കുറിച്ചുള്ള ആദ്യത്തെ അച്ചടിരേഖയും സദാനന്ദസ്വാമിയുടെ ക്ഷേത്രപ്രതിഷ്ഠയും’ എന്ന ലേഖനമാണ്. വളരെ ശ്രദ്ധേയമായ ഒരു ഗവേഷണ വിഷയമാണ് സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ലേഖകനും വളരെക്കാലമായി അന്വേഷിച്ചു നടന്ന സംഗതികളാണ് അദ്ദേഹം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.
കേരളത്തില്‍ നടന്ന പല നവോത്ഥാന പ്രവര്‍ത്തനങ്ങളും അവര്‍ണര്‍ എന്നു വിളിക്കപ്പെട്ടവര്‍ തനിച്ച് സവര്‍ണര്‍ക്കെതിരെ നടത്തിയതാണെന്ന തരത്തില്‍ കഥകള്‍ മെനയുന്നത് കമ്മ്യൂണിസ്റ്റുകളും മതപരിവര്‍ത്തന ലോബികളും കുറേക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന സംഗതിയാണ്. എന്നാല്‍ വാസ്തവം എന്താണ്? അവര്‍ണര്‍ എന്ന് പേരിട്ടു വിളിക്കപ്പെട്ടവരും സവര്‍ണരില്‍ പുരോഗമനവാദികളായ മറ്റു ചിലരും ചേര്‍ന്നു നടത്തിയതാണ് നമ്മളിന്നു കാണുന്ന സാമൂഹ്യമാറ്റങ്ങള്‍ക്കു കാരണമായ പ്രവര്‍ത്തനങ്ങള്‍. ജാതിക്കെതിരെ തിരുവിതാംകൂറില്‍ ആദ്യ കലാപത്തിനിറങ്ങിപ്പുറപ്പെട്ട അയ്യാവൈകുണ്ഠ പാദരോടൊപ്പവും പല സവര്‍ണ മനുഷ്യസ്‌നേഹികളും ഉണ്ടായിരുന്നു. മാത്രവുമല്ല സ്വാമിജിയുടെ ശിഷ്യന്മാരിലും ഉയര്‍ന്ന ജാതി വിഭാഗങ്ങളില്‍ പെട്ടവരുണ്ടായിരുന്നു. ‘ജാതി ഒന്റു മതം ഒന്റു തൈവം ഒന്റു കുലം. ഒന്റു നീതി ഒന്റു’ എന്ന് ആദ്യം പ്രഖ്യാപിക്കുകയും കണ്ണാടി പ്രതിഷ്ഠ നടത്തുകയും ചെയ്ത അയ്യാവൈകുണ്ഠ പാദര്‍ (1809-1851) ശ്രീനാരായണ ഗുരുദേവന്‍ ജനിക്കുന്നതിനും (1856) 5 കൊല്ലം മുന്‍പേ സമാധിയായി. വൈകുണ്ഠ പാദരുടെ പ്രധാനശിഷ്യന്‍ അക്കാലത്ത് സവര്‍ണജാതിയായി കണക്കാക്കിയിരുന്ന വെള്ളാള സമുദായത്തില്‍ ജനിച്ച തൈക്കാട് അയ്യാസ്വാമി ആയിരുന്നു.
ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം സമുദായക്കാരാരും സന്നിഹിതരായിരുന്നില്ലെന്ന് ‘ഗുരു’ നോവലില്‍ കെ. സുരേന്ദ്രന്‍ എഴുതിയിട്ടുണ്ട്. അവിടെ ആ സമയം സന്നിഹിതരായിരുന്നവര്‍ ഒരു ഹവില്‍ദാര്‍ കുട്ടന്‍പിള്ളയും തുളസി എന്ന ശൈവ വെള്ളാള സ്ത്രീയും അവരുടെ അനുജന്‍ തായപ്പനും, പിതാവ് സുബ്രഹ്‌മണ്യന്‍ പിള്ളയും ആയിരുന്നുവെന്നാണ് നോവലിസ്റ്റിന്റെ അഭിപ്രായം. പ്രതിഷ്ഠ കഴിഞ്ഞ് ആദ്യം തൊഴുതവര്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് പത്മനാഭന്‍ തമ്പി, അധികാരി മുത്തുപിള്ള, ഹവില്‍ദാര്‍ കുട്ടന്‍പിള്ളയുടെ ഭാര്യാപിതാവ് വിഷ്ണുപോറ്റി എന്നിവരായിരുന്നുവെന്നും പറയുന്നുണ്ട്. ഹവില്‍ദാര്‍ കുട്ടന്‍പിള്ള പിന്നീട് ഗുരുദേവന്റെ പ്രേഷ്ഠശിഷ്യനായ ബോധാനന്ദസ്വാമിയായിത്തീര്‍ന്നതായും കേട്ടിട്ടുണ്ട്.
ഇതുപോലെ മഹാത്മ അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രേരണയും സഹായിയുമായി ഒപ്പമുണ്ടായിരുന്ന സദാനന്ദസ്വാമികളെക്കുറിച്ചാണ് സുരേഷ് മാധവ് എഴുതുന്നത്. അയ്യങ്കാളിയെപോലെ തന്നെ കേരള സമൂഹം അറിഞ്ഞിരിക്കേണ്ട ഒരു നവോത്ഥാന നായകനാണ് സദാനന്ദസ്വാമികള്‍. കൊട്ടാരക്കരയ്ക്കടുത്ത് സദാനന്ദപുരത്ത് 300 ഏക്കറില്‍ അദ്ദേഹം സ്ഥാപിച്ച സദാനന്ദാശ്രമം ഇപ്പോഴുമുണ്ട്. തമിഴ്‌നാട്ടിലും സ്വാമികള്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. മദ്രാസിനടുത്തുള്ള പെരുങ്കുളത്തൂരിലുള്ള സദാനന്ദാശ്രമത്തില്‍ മലയാളി സ്വാമികളെക്കുറിച്ചു പറയുന്നതും സദാനന്ദസ്വാമികള്‍ തന്നെയാണെന്നു തോന്നുന്നു.
‘അടിയാളരുടെ വേദഗുരു’ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന സദാനന്ദസ്വാമികള്‍ (1877-1924) അയ്യങ്കാളിയ്ക്ക് താങ്ങും തണലുമായിരുന്നുവെന്ന് ദളിത് ചരിത്രകാരന്മാര്‍ തന്നെ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ ആരും പറയുന്നില്ല. പാച്ചലൂരില്‍ അയ്യങ്കാളിയെ മുന്‍നിര്‍ത്തി ബ്രഹ്‌മനിഷ്ഠാമഠം സ്ഥാപിച്ചതും പാച്ചലൂരും കൊട്ടാരക്കരയിലും അധഃസ്ഥിതര്‍ക്കായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചതും പാച്ചല്ലൂരും വെങ്ങാന്നൂരും ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ദളിതര്‍ക്ക് ആരാധനയ്ക്ക് അവസരമൊരുക്കിയതുമെല്ലാം സ്വാമിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു.
സ്വാമിയുടെ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചിരുന്നവരും പ്രതികൂലിച്ചവരും അക്കാലത്തുണ്ടായിരുന്നു. ആദ്യകാലത്ത് സ്വാമിയോടൊപ്പം സഹകരിച്ചിരുന്ന സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള പിന്നീട് അദ്ദേഹത്തിന്റെ ശത്രുവായിത്തീര്‍ന്നു. സ്വദേശാഭിമാനി ആദ്യം പത്രാധിപരായി പ്രവര്‍ത്തിച്ചത് സ്വാമിജിയുടെ വലംകൈ ആയിരുന്ന തിരുവനന്തപുരം നേറ്റീവ് ടെക്‌സിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജരായിരുന്ന ടി.മാര്‍ത്താണ്ഡന്‍ തമ്പി ആരംഭിച്ച ‘കേരളവിപഞ്ചിക’ യില്‍ ആയിരുന്നുവത്രേ! സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുക പണിയാക്കിയ രാമകൃഷ്ണപിള്ളയും സര്‍ക്കാര്‍ ഉദ്യോസ്ഥനായിരുന്ന മാര്‍ത്താണ്ഡന്‍ തമ്പിയും തമ്മില്‍ അകന്നത് സ്വാഭാവികം. പിന്നീട് രാമകൃഷ്ണപിള്ളയുടെ പ്രധാന ജോലി സദാനന്ദസ്വാമികളെ അധിക്ഷേപിക്കലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂരിലെ തത്തമംഗലത്ത് പുത്തന്‍ വീട്ടില്‍ രാമനാഥ മേനോന്‍ എന്ന സദാനന്ദസ്വാമി കേരള നവോത്ഥാന ചരിത്രത്തില്‍ അറിയപ്പെടേണ്ട ഒരു മഹാവ്യക്തിത്വമാണ്. ചെറുകോല്‍പ്പുഴ ഹിന്ദു മഹാസമ്മേളനത്തിനു തുടക്കം കുറിച്ചതിലും സ്വാമിജിയ്ക്ക് വലിയ പങ്കുണ്ടെന്നു കേട്ടിട്ടുണ്ട്. വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികളോടൊപ്പം ചേര്‍ന്നാണ് ആ മഹാസംരംഭത്തിന് സ്വാമിജി തുടക്കം കുറിച്ചതെന്നു പറയുന്നുണ്ടെങ്കിലും ചിലര്‍ അക്കാര്യം നിഷേധിക്കുന്നുണ്ട്. നായര്‍ സമുദാംഗമായിരുന്നെങ്കിലും എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളോട് സ്വാമിജിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അത് തിരുവനന്തപുരം നഗരത്തില്‍ സ്വാമിജിയെ അസ്വീകാര്യനാക്കി. അദ്ദേഹം കപടസ്വാമിയാണ് എന്നുവരെ പലരും കഥകള്‍ പ്രചരിപ്പിച്ചുപോലും. ഈ പ്രചരണങ്ങളില്‍ പെട്ടുപോയ സി.വി. രാമന്‍ പിള്ള ധര്‍മരാജയില്‍ ഹരിപഞ്ചാനനെ അവതരിപ്പിച്ചപ്പോള്‍ അതു സ്വാമിജിയെ അപഹസിക്കാന്‍ വേണ്ടിയായിരുന്നെന്നും കഥകള്‍ പ്രചരിച്ചു. സ്വാമിജിയെക്കുറിച്ച് ഇക്കാലംവരെ കേട്ടറിഞ്ഞിരുന്ന പല കാര്യങ്ങളും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുകയാണ് ഭാഷാപോഷിണി ലേഖനത്തില്‍ സുരേഷ് മാധവ് ചെയ്തിരിക്കുന്നത്.
കേരള നവോത്ഥാനം എന്നത് അവര്‍ണര്‍ സവര്‍ണര്‍ക്കെതിരെ നടത്തിയ സമരങ്ങള്‍ എന്ന ഇടുങ്ങിയ ചിന്താഗതി പ്രചരിപ്പിച്ചവര്‍ സ്വാമിജിയെപ്പോലുള്ളവരെ ബോധപൂര്‍വ്വം തമസ്‌കരിച്ചു. വാസ്തവത്തില്‍ സവര്‍ണരും അവര്‍ണരും ഒത്തുചേര്‍ന്നു നടത്തിയ ഹൈന്ദവ നവോത്ഥാന ശ്രമങ്ങളായിരുന്നു അവയൊക്കെ. അവര്‍ണരുടെയിടയില്‍ മാത്രമായിരുന്നില്ല അനാചാരങ്ങളും പിന്നാക്കാവസ്ഥയും അന്ധവിശ്വാസങ്ങളുമുണ്ടായിരുന്നത്. ഹിന്ദു സമൂഹത്തില്‍ മൊത്തത്തില്‍ അവയൊക്കെയുണ്ടായിരുന്നു. അതിനെയെല്ലാം തുടച്ചുനീക്കാനായി ഈ നവോത്ഥാന നായകര്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. പെരുന്നെല്ലികൃഷ്ണന്‍ വൈദ്യനെന്ന ഇഴവ പ്രമാണിയായ പണ്ഡിത കവിയുടെ ഭവനത്തില്‍ ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും ഒത്തു താമസിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ചാലയിലെ മാണിക്യം പിള്ളയുടെ ബുക്സ്റ്റാളില്‍ ഒത്തുകൂടിയ ശേഷമായിരുന്നു പതിവായി ചട്ടമ്പി സ്വാമികളും ഗുരുദേവനും തൈക്കാട് അയ്യാസ്വാമികളുടെ വീട്ടിലേയ്ക്ക് യോഗാപഠനത്തിനായി പോയിരുന്നത്.
ശ്രീനാരായണഗുരുദേവനെ എഴുത്തിനിരുത്തിയത് ചെമ്പഴത്തിപ്പിള്ളമാരുടെ തറവാട്ടിലെ കണ്ണുകര നാരായണപിള്ളയാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളില്‍ കാണുന്നു. പിന്നീട് അദ്ദേഹം കുമ്മമ്പള്ളി രാമന്‍പിള്ള ആശാനില്‍ നിന്നും സംസ്‌കൃതവും തമിഴും പഠിച്ചതായും ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. മരുത്വാമലയില്‍ ധ്യാനത്തിനായി ഗുരുവും ചട്ടമ്പിസ്വാമികളും പോയ സന്ദര്‍ഭത്തില്‍ അവിടെ അവര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കിയത് ‘കൊല്ലത്തമ്മ’ എന്ന് വിളിപ്പേരുണ്ടായിരുന്ന സര്‍വ്വ സാക്ഷിണിയമ്മ എന്ന യോഗിനി ആയിരുന്നുവെന്ന് ചില ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ഈ സന്യാസിനി കൊല്ലം വാളത്തുങ്കലിലെ ഒരു നായര്‍ തറവാട്ടിലെ നാണിയമ്മയാണ്. പില്‍ക്കാലത്ത് സന്യാസവൃത്തി സ്വീകരിച്ച ഈ മഹതിയാണ് തൈക്കാട് അയ്യാസ്വാമികളുടെ മരണ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന യോഗിനി. ഇക്കാര്യം കുമാരനാശാന്‍ തന്നെ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. ശ്രീമൂലം പ്രജാസഭയില്‍ പുലയരെ പ്രതിനീധീകരിച്ച് ആദ്യകാലത്തുണ്ടായിരുന്നത് ‘സുഭാഷിണി’ പത്രാധിപരായിരുന്ന പി.കെ. ഗോവിന്ദപ്പിള്ളയായിരുന്നത്രേ! ഈ ഗോവിന്ദപ്പിള്ള 1911-ല്‍ പ്രജാസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പുലയസമുദായ പ്രതിനിധിയായി പുലയരെത്തന്നെ ഉള്‍പ്പെടുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടതായി തെളിവു നിരത്തി സുരേഷ് മാധവ് സ്ഥാപിക്കുന്നുണ്ട്. ഇതും പ്രാക്കുളം പത്മനാഭപിള്ളയുടെ ശുപാര്‍ശയും സദാനന്ദസ്വാമികളുടെ പരിശ്രമവുമൊക്കെ മഹാത്മ അയ്യങ്കാളിയുടെ സഭാപ്രവേശത്തിനു പ്രേരകമായിത്തീര്‍ന്നതായി ലേഖനത്തില്‍ കാണുന്നു.
കേരളത്തിലെ നവോത്ഥാന നായകന്മാരുടെ കൂട്ടത്തില്‍ ഒന്നാം പേരുകാരില്‍ ഉള്‍പ്പെടുത്തേണ്ട സദാനന്ദ സ്വാമികള്‍ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു എന്നറിയില്ല. ഒരുപിടി സന്യാസിവര്യന്മാരുടെ നേതൃത്വത്തില്‍ ജാതി മതങ്ങളെ അവഗണിച്ച് ഹിന്ദുസമൂഹം മൊത്തത്തില്‍ നടത്തിയ നവോത്ഥാനശ്രമങ്ങളെ വെറും ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമായി ചുരുക്കിയത് ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയുടെ ഫലമാണ്. ആ ശക്തികള്‍ തന്നെയാണ് സദാനന്ദസ്വാമികളെ തമസ്‌കരിച്ചു കളഞ്ഞതും. എന്നാല്‍ സത്യത്തെ പെട്ടെന്നൊന്നും പരാജയപ്പെടുത്താനാവില്ല എന്നതിന്റെ തെളിവാണ് സുരേഷ് മാധവിന്റെ ലേഖനം. ലേഖനത്തിനുവേണ്ടുന്ന ഉപാദാനങ്ങള്‍ കണ്ടെടുത്തത് ഇത്തരത്തില്‍ അവഗണിക്കപ്പെട്ടുപോയ ആട്ടക്കഥാകാരനും കവിയുമായ പന്നിശ്ശേരി നാണുപിള്ളയുടെ ഗ്രന്ഥശേഖരത്തില്‍ നിന്നാണെന്ന് ലേഖകന്‍ പറയുന്നു. കേരളസാഹിത്യചരിത്രം അഞ്ചാംഭാഗത്തില്‍ ഉള്ളൂര്‍ എടുത്തുചേര്‍ത്തിരിക്കുന്ന ‘നിഴല്‍ക്കൂത്ത്’ ആട്ടക്കഥയിലെ വരികള്‍ വായിച്ചാല്‍ പന്നിശ്ശേരിയുടെ കവിത്വ സിദ്ധി എത്രമാത്രമാണെന്ന് നമുക്കു മനസ്സിലാകും. ഭാഷാപോഷിണി ലേഖനത്തിലൂടെ എഴുത്തുകാരന്‍ ചെയ്തിരിക്കുന്നത് ഒരു മഹത് കര്‍മ്മമാണ്. വൈകുണ്ഠസ്വാമികളെപ്പോലെ സദാനന്ദസ്വാമികളും വിസ്മൃതിയില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് വരേണ്ടിയിരിക്കുന്നു.
അയിത്തത്തിന്റെയും ജാതിസംഘര്‍ഷങ്ങളുടെയും പര്‍വ്വതീകരിച്ച കഥകള്‍ക്കപ്പുറം സമന്വയത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ധാരാളം കഥകള്‍ പോയകാലത്തെ കേരള സമൂഹത്തിലുണ്ട്. അവയെ മറച്ചു പിടിക്കുന്നത് രാഷ്ട്രീയക്കാരും മതപരിവര്‍ത്തനക്കാരുമാണ്. സംഘര്‍ഷങ്ങളുടെ വ്യാജകഥകള്‍ നിരത്തി ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തി ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്തുന്നു. അതിനെ ധൈഷണിക തലത്തില്‍ നേരിടാന്‍ ഇത്തരം ചരിത്ര വസ്തുതകള്‍ പുറത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു. സുരേഷ് മാധവ് ചെയ്തിരിക്കുന്നത് ഒരു വലിയ സാമൂഹ്യ സേവനമാണ്. അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു.