പൂര്‍ണജീവിതം നയിച്ച കൃതാര്‍ത്ഥതയിലാണ് പൂര്‍ണയുടെ പുണ്യമായ എന്‍.ഇ.ബാലകൃഷ്ണമാരാര്‍ (90)അവസാനമായി മിഴിയടച്ചത്. കനല്‍വഴി താണ്ടിത്താണ്ടി ജീവിത വിജയത്തിന്റെ കൊടുമുടിയില്‍ കാലൂന്നിയ പ്രിയപ്പെട്ടവരുടെ ബാലേട്ടന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞുവെന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല.
2005 ലാണ് ബാലേട്ടനെ ആദ്യമായി കാണുന്നത്. കോഴിക്കോട്ടെ ഒരു പുസ്തക പ്രകാശന വേദിയില്‍ വെച്ചാണ് ഞങ്ങളുടെ ആദ്യ സമാഗമം. പരിശുദ്ധമായ ഒരാത്മബന്ധത്തിന്റെ ശുഭാരംഭമായി മാറി ആ സമാഗമമുഹൂര്‍ത്തം. പിന്നീട് എത്രയോ ചടങ്ങുകളില്‍ ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്തു. ലാളിത്യവും ശുഭചിന്തയും പ്രസരിപ്പിക്കുന്ന ബാലേട്ടന്‍ മലയാള പുസ്തകപ്രസാധന രംഗത്തെ നിത്യ വിസ്മയമാണ്. എഴുത്തുകാരെ വേണ്ട വിധത്തില്‍ സമ്പര്‍ക്ക വലയത്തിലെത്തിക്കുവാനും നവാഗതരായ പ്രതിഭകള്‍ക്ക് അവശ്യം വേണ്ട പ്രോത്സാഹനം നല്‍കുവാനും ബാലേട്ടനെന്നും താത്പര്യമെടുത്തിരുന്നു. പൂര്‍ണ ഉറൂബ് പുരസ്‌കാരമടക്കം എത്രയോ പുരസ്‌കാരങ്ങളില്‍ ബാലേട്ടന്റെ സാഹിതീയമായ ഉന്നത ചിന്തയുടെ വെളിച്ചം പുരണ്ടിട്ടുണ്ട്. കോഴിക്കോട്ടെ സാഹിത്യ സാംസ്‌കാരിക സദസ്സുകളില്‍ ബാലേട്ടനെന്നും സജീവമായിരുന്നു. കേള്‍വിക്കാരന്റെ റോളില്‍, മുന്‍നിരയില്‍ ശുഭ്ര വസ്ത്രധാരിയായി ബാലേട്ടനിരുന്നാല്‍ തന്നെ ചടങ്ങിന് ഒരു വിശേഷ ചൈതന്യം കൈവരുമായിരുന്നു. വലിപ്പ ചെറുപ്പഭേദമില്ലാതെ എല്ലാവരോടും കുശലം പറഞ്ഞും സൗഹൃദം പങ്കിട്ടും ബാലേട്ടന്‍ ചടങ്ങു തീര്‍ന്നാലും അല്പനേരം കൂടി ഹാളില്‍ തങ്ങുമായിരുന്നു.
നവതിയുടെ പിറ്റേന്ന് 2022 ഒക്‌ടോബര്‍ 14 ശനിയാഴ്ച രാത്രിയോടെ വീട്ടില്‍ വെച്ച് ബാലേട്ടന്‍ ഈ ലോകത്തോട് വിട പറഞ്ഞുവെന്ന് കേട്ടപ്പോള്‍ ഉള്ളു തേങ്ങി. ടി ബി.എസ്. ബുക്സ്റ്റാളിന്റെയും പൂര്‍ണ പബ്ലിക്കേഷന്‍സിന്റെയും ഉടമയായ ഒരു മുതലാളിയുടെ, പ്രസാധകന്റെ മരണമായല്ല ഞാന്‍ ആ വാര്‍ത്തയുള്‍ക്കൊണ്ടത്. ആത്മബന്ധുവിന്റെ വിയോഗമായാണ്. 1932 ല്‍ കണ്ണൂരിലെ കണ്ണവത്ത് കുഞ്ഞികൃഷ്ണമാരാരുടെയും മാധവി മാരാസ്യാരുടെയും മകനായി പിറന്ന ബാലേട്ടന്‍ പതിനാലാം വയസ്സിലാണ് കോഴിക്കോട്ടേക്ക് കാലൂന്നിയത്. 1947 ല്‍ പത്രമാസികകളും പുസ്തകങ്ങളും വായനക്കാര്‍ക്കെത്തിച്ചു കൊടുത്തു കൊണ്ട് പുസ്തക വ്യാപാരത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. 1958 നവംബറില്‍ മിഠായിത്തെരുവില്‍ ടൂറിംഗ് ബുക്സ്റ്റാള്‍ തുടങ്ങി. സൈക്കിളില്‍ പുസ്തകങ്ങളും കെട്ടിവെച്ച് എത്രയോ വഴികളിലൂടെ അക്കാലത്ത് ബാലേട്ടന്‍ സഞ്ചരിച്ചിരുന്നു. 1962 ല്‍ രണ്ടാം ഗേറ്റിനടുത്തേക്ക് ടൂറിംഗ് ബുക്സ്റ്റാള്‍ മാറിയത് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ സൂചനയായിരുന്നു. 1962-ല്‍ തന്നെ പൂര്‍ണ പബ്ലിക്കേഷനും ബാലേട്ടന്‍ ആരംഭിച്ചു. 1972 ല്‍ പ്രിയപുത്രന്റെ പേരില്‍ മനോഹര്‍ ബുക് ഡിപ്പോ തുടങ്ങി. 1988 ല്‍ മുതലക്കുളത്ത് അഞ്ചു നിലകളോടെ ടി.ബി.എസ് ബുക്‌സ് സ്റ്റാള്‍ ആരംഭിച്ചതോടെ ബാലേട്ടന്റെ പ്രശസ്തി വളര്‍ന്നു പന്തലിക്കുകയായിരുന്നു. 7000 ത്തിലധികം പുസ്തകങ്ങളാണ് ബാലേട്ടന്റെ സ്ഥാപനത്തിലൂടെ വായനക്കാരിലേക്കെത്തിയത്.
പ്രശസ്ത കവിയും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മലയാള വിഭാഗം പ്രൊഫസറുമായ ആര്‍.രാമചന്ദ്രന്‍ മാഷായിരുന്നു ബാലേട്ടന് ആദ്യ കാലത്ത് കരുത്തും പ്രേരണയും തണലുമായത്. രാമചന്ദ്രന്‍ മാഷെ കുറിച്ച് പറയുമ്പോഴൊക്കെ ബാലേട്ടന്‍ ഗദ്ഗദകണ്ഠനാവാറുണ്ടായിരുന്നു. ടൂറിംഗ് ബുക്സ്റ്റാള്‍ എന്നു ബാലേട്ടന്റെ സ്ഥാപനത്തിന് പേരിട്ടത് തന്നെ രാമചന്ദ്രന്‍ മാഷായിരുന്നു. തീര്‍ത്താലും തീരാത്ത കടപ്പാടാണ് തനിക്ക് രാമചന്ദ്രന്‍ മാഷോടുള്ളതെന്ന് കണ്ണീരിന്റെ മാധുര്യം എന്ന ആത്മകഥയില്‍ ബാലേട്ടന്‍ വികാരനിര്‍ഭരനായി എഴുതിയിട്ടുണ്ട്. ആ ആത്മകഥ യഥാര്‍ത്ഥത്തില്‍ ബാലേട്ടനിലെ പ്രയത്‌നശാലിയുടെ വിജയഗാഥയാണ്. ഒന്നര വയസ്സില്‍ അച്ഛന്‍ മരിച്ച ഒരു ബാലന്‍, അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഇരുളിനെ ദേദിച്ച് കഠിനാദ്ധ്വാനം വഴി ജീവിത വിജയം നേടിയതിന്റെ പച്ചയായ ആവിഷ്‌കാരമാണ് ഈ കൃതി. അധ്വാനവിമുഖരായവര്‍ക്ക് മനഃപരിവര്‍ത്തനമുണ്ടാക്കുന്ന ആത്മകഥ കൂടിയാണ് കണ്ണീരിന്റെ മാധുര്യം.
എന്‍.വി.കൃഷ്ണവാര്യര്‍, സുകുമാര്‍ അഴീക്കോട്, കെ.എ. കൊടുങ്ങല്ലൂര്‍, പി.വത്സല, എസ്.കെ. പൊറ്റെക്കാട്, തിക്കോടിയന്‍, എന്‍.പി മുഹമ്മദ്, എം.ടി, ഉറൂബ്, യു.എ ഖാദര്‍, അക്കിത്തം, ജി.എന്‍ പിള്ള, വിലാസിനി, എസ്. രമേശന്‍ നായര്‍, എ.പി.പി നമ്പൂതിരി തുടങ്ങിയ എഴുത്തുകാരുമായി ബാലേട്ടനുള്ള ബന്ധം വാക്കുകളില്‍ വിവരിക്കാനാവുന്നതിനപ്പുറമായിരുന്നു. യുവ എഴുത്തുകാരുമായും ബാലേട്ടന് നല്ല മാനസികൈക്യം ഉണ്ടായിരുന്നു. യാത്രകള്‍ ബാലേട്ടന് ഇഷ്ടമായിരുന്നു. നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ദേശീയ പ്രസ്ഥാനങ്ങളോട് എന്നും ചേര്‍ന്നു നിന്നിരുന്നു ബാലേട്ടന്‍. ബാലഗോകുലത്തിന്റെ വേദികളില്‍ ബാലേട്ടന്‍ നിത്യസാന്നിധ്യമായിരുന്നു. ഭാരത് വികാസ് പരിഷത്തിന്റെ പ്രസിഡണ്ടെന്ന നിലയിലും വ്യാപാരി വ്യവസായി സംഘിന്റെ സ്ഥാപക രക്ഷാധികാരി എന്ന നിലയിലും ബാലേട്ടന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട്ടെ ഹൈന്ദവ നവോത്ഥാന മുന്നേറ്റങ്ങളിലും ക്ഷേത്ര സംബന്ധമായ വികസന കാര്യങ്ങളിലും ആത്മീയ കൂട്ടായ്മകളിലും ബാലേട്ടന്‍ സക്രിയമായി ഇടപെട്ടിരുന്നു. ബാലേട്ടന്റെ ജീവിതം അത്യന്തം മാതൃകാപരമായിരുന്നു. ശൂന്യതയില്‍ നിന്ന് വ്യവസായസാമ്രാജ്യം സൃഷ്ടിച്ച കര്‍മയോഗിയായ ബാലേട്ടന്റെ ദേഹ വിയോഗത്തില്‍ വേദനിക്കുന്നവര്‍ക്കൊപ്പം പങ്കുചേരുന്നു. ഈശ്വരങ്കല്‍ ലയിച്ച ആ ധന്യാത്മാവിന്റെ അമൃത സ്മൃതികള്‍ നമുക്ക് വെളിച്ചമേകട്ടേ.
(ലേഖകന്‍ തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും കോഴിക്കോട്‌സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം മേധാവിയുമാണ്).