ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടോ, പോള്‍ ഡിറാക്ക്, ഹൈസന്‍ബെര്‍ഗ്ഗ് എന്നതൊക്കയും ശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്തവര്‍ക്ക് പോലും സുപരിചിതമായ പേരുകളാണ്. സ്റ്റിഫന്‍ ഹോക്കിങ്ങിനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. തിയറി ഓഫ് റിലേറ്റിവിറ്റിയും ന്യൂട്ടന്റെ ചലനനിയമങ്ങളും ഒക്കെ ഒരിക്കലെങ്കിലും പറയാത്ത എത്ര പേരെ നമുക്കറിയാം.
സി.വി. രാമനെ അറിയാമെങ്കിലും രാമന്‍ എഫക്റ്റ് എന്താണെന്ന് അറിയുന്ന എത്ര ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ഉണ്ടാകും. അതുപോലെ, തിയററ്റിക്കല്‍ ഫിസിക്‌സ് പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും അറിയുന്ന ഒരു തത്വമാണ് ബോസ് ഐന്‍സ്റ്റിന്‍ സ്റ്റാറ്റിസ്റ്റിക്‌സും ബോസ് ഐന്‍സ്റ്റിന്‍ കണ്ടന്‍സേഷനും. പക്ഷെ, ഐന്‍സ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ ബോസ് ആരാണെന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രസമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും അറിയില്ല.
അതെ. അതൊരു ഭാരതീയ ശാസ്ത്രജ്ഞന്റെ പേരാണ്. സത്യേന്ദ്രനാഥ് ബോസ്.
ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് രാജ്യം നാളെ ചിന്തിക്കുന്നു എന്ന് കരുതപ്പെട്ട ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഒരുപാട് മഹാപ്രതിഭകള്‍ വംഗനാട്ടില്‍ മഹാവിപ്ലവങ്ങള്‍ രചിച്ചത്. മഹാശാസ്ത്രജ്ഞരായ ജഗദീഷ് ചന്ദ്ര ബോസ്, പ്രഫുല്ല ചന്ദ്ര റേ എന്നിവരുടെ പ്രോത്സാഹനവും പ്രചോദനവുമാണ് വളരെ ചെറുപ്പത്തില്‍ തന്നെ സത്യേന്ദ്രനാഥ് ബോസിനെയും ശാസ്ത്രവഴികളിലേക്ക് നയിച്ചത്. 1915 ഐന്‍സ്റ്റിന്റെ ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയും മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം മെക്കാനിക്‌സും ശാസ്ത്രലോകത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്ന സമയത്ത് തന്നെയാണ് സത്യേന്ദ്രനാഥ് ബോസും ആ വിപ്ലവത്തിന്റെ ഭാഗമായത്.
1924 ല്‍, അതുവരെ തുടര്‍ന്നുവന്നിരുന്ന ക്ലാസിക്കല്‍ രീതിയില്‍ നിന്ന് മാറി ഒരേ പോലെയുള്ള അടിസ്ഥാന കണങ്ങളുടെ ക്വാണ്ടം അവസ്ഥകളെ വിശകലനം ചെയ്താണ് അദ്ദേഹം മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം റേഡിയേഷന്‍ നിയമങ്ങളെ വിശദീകരിച്ചത്. പക്ഷെ ഒരു സയന്‍സ് പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റെ ഈ പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹം ഈ പേപ്പര്‍ സാക്ഷാല്‍ ഐന്‍സ്റ്റിനു തന്നെ അയച്ചുകൊടുത്തു. ഒരു പ്രതിഭയ്ക്ക് മാത്രമേ മറ്റൊരു പ്രതിഭയെ തിരിച്ചറിയാന്‍ കഴിയൂ എന്ന വാസ്തവം ശരിവെച്ചു കൊണ്ട്, ഐന്‍സ്റ്റിന്‍ ബോസിന്റെ സിദ്ധാന്തം ശരിവെയ്ക്കുക മാത്രമല്ല അദ്ദേഹം സ്വയമേ തന്നെ ഈ പേപ്പര്‍ ജര്‍മ്മനിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധ ജര്‍മ്മന്‍ സയന്‍സ് ജേര്‍ണല്‍ ആയ Zeitschrift für Physik ല്‍ ബോസിന്റെ പേരില്‍ തന്നെ അത് പ്രസിദ്ധീകരിച്ചു.
അവിടെ നിന്ന് പുതിയ വഴികളിലൂടെ രണ്ടുവന്‍ നദികള്‍ ഒരുമിച്ച് ഒഴുകാന്‍ തുടങ്ങിയതിന്റെ പര്യവസാനമാണ് തിയററ്റിക്കല്‍ ഫിസിക്‌സിലെ ഏറ്റവും പ്രധാനപ്പെട്ട വിഖ്യാതമായ ബോസ്-ഐന്‍സ്റ്റിന്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സിദ്ധാന്തം.
വിഖ്യാത ശാസ്ത്രജ്ഞനായ പോള്‍ ഡിറാക് കണ്ടെത്തിയ അടിസ്ഥാന കണത്തിനു ബോസോണ്‍ എന്ന പേര് നല്‍കിയതും സത്യേന്ദ്രനാഥ് ബോസിനോടുള്ള ആദരസൂചകമായിട്ടാണ്.
പല പ്രാവശ്യം ബോസിന്റെ പേര് നൊബേല്‍ സമ്മാനത്തിന് റഫര്‍ ചെയ്യപ്പെട്ടു എങ്കിലും അദ്ദേഹത്തിന് അത് ലഭിച്ചില്ല. എന്തിന്, 1974 ല്‍ മാത്രം അന്തരിച്ച സത്യേന്ദ്രനാഥ് ബോസ് എന്ന മഹാശാസ്ത്രജ്ഞന് ഒരു ഭാരതരത്‌നം കൊടുക്കാന്‍ പോലും ജന്മനാട് തുനിഞ്ഞില്ല എന്നതാണ് വാസ്തവം.