കഴിഞ്ഞയാഴ്ച ഭാരതം കണ്ട ഏറ്റവും നിരുത്തരവാദപരമായ പ്രചാരണമായിരുന്നു ആഗോള പട്ടിണി സര്‍വ്വേയില്‍ ഭാരതം പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും പിന്നില്‍ പോയി എന്ന തരത്തിലുള്ള വാര്‍ത്ത. ചില സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും നരേന്ദ്രമോദിയെയും ആര്‍ എസ്എസ്സിനെയും ആജന്മശത്രുക്കളായി കാണുന്ന ജിഹാദി സാമൂഹ്യമാധ്യമ പോരാളികളുമായിരുന്നു പ്രചാരണത്തിന് പിന്നില്‍. ഭാരതം പട്ടിണിയിലാണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വീണ്ടും താഴേക്ക് പോയെന്നും അത് ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും നേപ്പാളിന്റെയും പിന്നിലാണെന്നും ഒക്കെയായിരുന്നു പ്രചാരണം. പതിവുപോലെ മോദി വിരുദ്ധരെല്ലാം അദ്ദേഹത്തിന് എതിരായ പ്രചാരണത്തിന് പല്ലും നഖവും ഉപയോഗിച്ച് രംഗത്തുവരികയും ചെയ്തു. കഴിഞ്ഞവര്‍ഷം 101-ാം സ്ഥാനത്തായിരുന്ന ഭാരതം ഈവര്‍ഷം 107-ാം സ്ഥാനത്തേക്ക് താഴ്ന്നു എന്നും പാകിസ്ഥാന്‍ പോലും മുന്നില്‍ കടന്നു എന്നുമൊക്കെയായിരുന്നു ദുരുപദിഷ്ടമായ പ്രചാരണങ്ങള്‍. കേരളത്തിലെ അടക്കം എത്രമാധ്യമങ്ങള്‍ ആഗോള പട്ടിണി സൂചികയുടെ വിശ്വാസ്യതയും ആധികാരികതയും സൂചിക തയ്യാറാക്കിയ രീതിയും പരിശോധിച്ചു എന്നറിയില്ല. ഇതേക്കുറിച്ച് കാര്യമായ ഒരവലോകനമോ പഠനമോ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നതുമില്ല.
ഈ സാഹചര്യത്തിലാണ് പട്ടിണി സൂചിക തയ്യാറാക്കിയ ജര്‍മ്മനിയിലെ സന്നദ്ധ സംഘടനയായ ‘വെല്‍ത്ത് ഹംഗര്‍ ഹില്‍ഫ്’, ഐറിഷ് കമ്പനിയായ ‘കണ്‍സേണ്‍ വേള്‍ഡ് വൈഡ്’ എന്നീ സ്ഥാപനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിച്ചത്. 2007 മുതല്‍ ആഗോളതലത്തില്‍ പട്ടിണി സൂചിക തയ്യാറാക്കുന്നത് ഇവരാണ്. 1962 ല്‍ ആരംഭിച്ച ‘വെല്‍ത്ത് ഹംഗര്‍ ഹില്‍ഫ്’ എന്ന സംഘടനയുടെ പേരിന്റെ അര്‍ത്ഥം തന്നെ ലോകത്തെ പട്ടിണിയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ്. 2030 ഓടെ ആഗോളതലത്തില്‍ പട്ടിണി ഇല്ലാതാക്കുക, ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത് എന്നാണ് അവര്‍ തന്നെ അവകാശപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള ആധികാരിക രേഖകളോ, കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരുകളുടെയോ കണക്കുകളോ, ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഉത്തരവാദിത്തമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ കണക്കുകളോ അടിസ്ഥാനമാക്കിയിട്ടല്ല ഈ ആഗോള പട്ടിണി സൂചിക തയ്യാറാക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളെ ഉള്‍പ്പെടുത്തി ‘ഗ്യാലപ് പോളി’ലൂടെ വോട്ടെടുപ്പ് നടത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഏതാണ്ട് മൂവായിരത്തോളം പേരെ ഗ്യാലപ് പോളില്‍ പങ്കെടുപ്പിച്ചിട്ടുണ്ട് എന്നതാണ് സൂചിക പ്രഖ്യാപിച്ച രണ്ട് സ്ഥാപനങ്ങളുടെയും വിശദീകരണം. ഇതില്‍നിന്നു തന്നെ ഈ ആഗോള സൂചികയുടെ വിശ്വാസ്യത എത്രയുണ്ടെന്ന് വിവരമുള്ള ആര്‍ക്കും മനസ്സിലാകും. ആഗോളതലത്തില്‍ ദാരിദ്ര്യവും പട്ടിണിയും അടക്കമുള്ള കാര്യങ്ങള്‍ ഏതെങ്കിലും സാമ്പത്തിക വിദഗ്ദ്ധരുടെയോ സാമൂഹിക ശാസ്ത്രജ്ഞരുടെയോ നേതൃത്വത്തില്‍ വ്യക്തമായ കണക്കുകളുടെയും സ്ഥിതിവിവര കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ചെയ്തിരുന്നതെങ്കില്‍ അതുപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്രമോദിയെയും അടിക്കാമായിരുന്നു.
ഈ കണക്കാണ് കേരളത്തില്‍ പോലും ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മാധ്യമങ്ങള്‍ വന്‍ തലക്കെട്ടാക്കി മാറ്റിയതെന്ന് കാണുമ്പോഴാണ് പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതയെ കുറിച്ച് ചോദ്യമുയരുന്നത്. പട്ടിണി സൂചിക തയ്യാറാക്കിയ രണ്ട് സംഘടനകളും സന്നദ്ധ സംഘടന എന്ന നിലയില്‍ വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും സംഭാവന കൈപ്പറ്റുന്നവരാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍, വിശപ്പകറ്റാന്‍, പട്ടിണി മാറ്റാന്‍, കുഞ്ഞുങ്ങളുടെ പട്ടിണി മാറ്റാന്‍, പോഷകാഹാരം ലഭ്യമാക്കാന്‍ എന്നൊക്കെയുള്ള പേരില്‍ ഐക്യരാഷ്ട്രസഭയുടെയും അനുബന്ധ സംഘടനകളുടെയും മാത്രമല്ല, ജര്‍മ്മനിയിലെയും യൂറോപ്പിലെയും പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഉദാരമായി, ‘ഇരന്ന്’ പണം പറ്റുന്നവരാണ് ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് സൂചിപ്പിക്കുന്നത്. മാത്രമല്ല, ആ പട്ടിണിയുടെ പേരിലും ഈ തരത്തില്‍ പണപ്പിരിവ് നടത്തുന്നുണ്ട് എന്നകാര്യം അറിയുമ്പോഴാണ് ആഗോള പട്ടിണി സൂചികയുടെ പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടുന്നത്. മാത്രമല്ല, 2021 ല്‍ ഇന്ത്യ 101-ാം സ്ഥാനത്താണെന്ന രീതിയിലുള്ള പട്ടിണി സൂചിക പുറത്തുവന്നപ്പോള്‍ ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഈ സൂചിക ഊഹാപോഹങ്ങളുടെ മേല്‍ കെട്ടിപ്പടുത്തതാണെന്നും ഇതിന്റെ ആധികാരികത സംശയാസ്പദമാണെന്നും ശുദ്ധ ഭോഷ്‌ക്കാണെന്നുമുള്ള കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കുക മാത്രമല്ല, ലോക ഭക്ഷ്യസംഘടനയെ രേഖാമൂലം അറിയിക്കുകയും ചെയ്തതാണ്. ശരിയായ കണക്കുകളോ, രീതിശാസ്ത്രമോ, ശാസ്ത്രീയതയോ, ആധികാരികതയോ ഇല്ലാതെ തയ്യാറാക്കിയിട്ടുള്ള ആഗോള പട്ടിണി സൂചിക അസംബന്ധമാണെന്ന കാര്യം രേഖകള്‍ ഉദ്ധരിച്ചു തന്നെ ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ലോക ഭക്ഷ്യസംഘടനയെ ഭാരതം ബോദ്ധ്യപ്പെടുത്തിയിരുന്നു. ഭാരതത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇത് യുക്തിസഹമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അന്നവര്‍ ഉറപ്പു നല്‍കിയതാണ്. ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍, ഭാരതവിരുദ്ധ-മോദി വിരുദ്ധ രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആഘോഷിക്കാന്‍ ഇട്ടുകൊടുത്തു എന്നതു മാത്രമാണ് സവിശേഷത.
സാമ്പത്തികമായി തകര്‍ന്ന് കൂപ്പുകുത്തിയ ശ്രീലങ്കയിലേക്ക് കഴിഞ്ഞവര്‍ഷം ഉത്സവാഘോഷങ്ങള്‍ക്കായി അരി മാത്രമല്ല, പെട്രോളിയം ഉല്പന്നങ്ങള്‍ പോലും കൊടുത്തത് ഭാരതമായിരുന്നു. കൊറോണക്കാലത്ത് മരുന്ന് മുതല്‍ ഭക്ഷണം വരെ എല്ലാം ആവശ്യപ്പെട്ട ലോകരാജ്യങ്ങള്‍ക്കു മുഴവന്‍ നല്‍കിയ രാജ്യമാണ് ഭാരതം. ലോകരാജ്യങ്ങളില്‍ പലതും ഭക്ഷ്യസുരക്ഷാ പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് വര്‍ഷങ്ങളോളം ആവശ്യമുള്ള ഭക്ഷ്യശേഖരവുമായി ഭാരതം സഹായഹസ്തം നീണ്ടാറുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം പല സാധനങ്ങള്‍ക്കും ക്ഷാമം സൃഷ്ടിച്ചപ്പോള്‍ പോലും അത് ഭാരതത്തെ ഒരു രീതിയിലും ബാധിച്ചില്ല. കൊറോണ രോഗബാധയുണ്ടായപ്പോള്‍ 28 മാസം ഇന്ത്യയിലെ 80 കോടി ജനങ്ങള്‍ക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും എത്തിച്ചു. ഭാരതത്തില്‍ മൊത്തം 14 ലക്ഷം അങ്കണവാടികളാണുള്ളത്. 1.78 കോടി മുലയൂട്ടുന്ന അമ്മമാര്‍ക്കും 7.71 കോടി കുട്ടികള്‍ക്കും ഭക്ഷണത്തിന് പുറമെ പോഷകാഹാരവും നല്‍കുന്നുണ്ട്. 1.5 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തും പ്രസവാനന്തരവും പോഷകാഹാരം നല്‍കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ രാജ്യം മുഴുവന്‍ റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയും ഈ തരത്തില്‍ സൗജന്യഭക്ഷണം വിതരണം ചെയ്യുമ്പോള്‍ എവിടെ നിന്നാണ് ഭാരതത്തില്‍ പട്ടിണി എന്ന പ്രചാരണത്തിന് ഈ സൂചിക ലഭിച്ചത് എന്നത് സംശയാസ്പദമാണ്. എന്താണ് ഇവര്‍ തയ്യാറാക്കിയ പട്ടിണി സൂചികയിലെ പട്ടിണിയുടെ മാനദണ്ഡം? ആ ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി ആവശ്യത്തിന് ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്ത അവസ്ഥ എന്നാണ്. 2011 ന് ശേഷം ഇന്ത്യയില്‍ ഇത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ആധികാരികമായ പഠനമോ സര്‍വ്വേയോ, കാനേഷുമാരിയോ നടന്നിട്ടില്ല. രണ്ടുനേരമെങ്കിലും ഭക്ഷണം കിട്ടാതെ പോകുന്നവരെയാണ് പട്ടിണി സൂചികയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് സര്‍വ്വേ നടത്തിയവര്‍ പറയുന്നത്. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം നടപ്പിലാക്കിയ അന്ത്യോദയ അന്നയോജന പദ്ധതിയിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ കുടുംബത്തിനും പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി കൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ പട്ടിണി എന്ന സംഭവം അസാധ്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യധാന്യ ശേഖരത്തിലും ഭാരതം പൂര്‍ണ്ണമായും സ്വയംപര്യാപ്തമാണ്. അരിയും ഗോതമ്പും പയറുവര്‍ഗ്ഗങ്ങളും നമുക്ക് സുരക്ഷിതമായ നിലയില്‍ ലഭ്യമാണ്.
ഇല്ലാത്ത തട്ടിക്കൂട്ട് സര്‍വ്വേയുമായി ഭാരതത്തെ കരിവാരി തേയ്ക്കാന്‍ ഇറങ്ങുമ്പോള്‍ തന്നെയാണ് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ശ്രദ്ധേയമായ ഒരു പഠനം പുറത്തുവന്നത്. ഐക്യരാഷ്ട്ര വികസന പദ്ധതി (യു എന്‍ ഡി പി), ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇനിഷ്യേറ്റീവ് (ഒപിഎച്ച്‌ഐ) എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ ആഗോള ദാരിദ്ര്യസൂചിക പുറത്തുവന്നു. 2005 ലും 2021 നും ഇടയില്‍ ഭാരതത്തില്‍ 41.5 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്ന് മുകളിലെത്തിയെന്ന് ഈ പഠനം കണ്ടെത്തി. ഭാരതത്തിന്റെ ഈ മുന്നേറ്റത്തെ ചരിത്രനേട്ടം എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ദാരിദ്ര്യരേഖ താഴേക്ക് മാറ്റി ജനങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കിയ രീതിയല്ല ഇതിന് നിദാനമായിട്ടുള്ളത് എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. 140 കോടി ജനങ്ങളുള്ള ഭാരതത്തില്‍ 20 കോടിയിലേറെ ആളുകള്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയുണ്ട്. 1.8 (ശരാശരി 140 രൂപ) ഡോളര്‍ എങ്കിലും പ്രതിദിന വരുമാനം ഇല്ലാത്തവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ കണക്കില്‍ നിന്നാണ് 2005 നും 2020 നും ഇടയില്‍ 41 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്ന് പൊതുജീവിതത്തിന്റെ ഭാഗമായി മാറിയത്. ഐക്യരാഷ്ട്രസഭ ചരിത്രനേട്ടമെന്ന് വിവരിച്ച ഈ സംഭവത്തെ മലയാളത്തിലെ അടക്കമുള്ള മാധ്യമങ്ങള്‍ എങ്ങനെ വാര്‍ത്തയാക്കി എന്നത് പഠനാര്‍ഹമാണ്. ഈ വാര്‍ത്ത ഒന്നാംപേജില്‍ കൊടുക്കുകയോ ശ്രദ്ധേയമായ രീതിയില്‍ തലക്കെട്ടാക്കുകയോ ചെയ്തവര്‍ ചുരുക്കമാണ്. ഭാരതം കൈവരിക്കുന്ന നേട്ടങ്ങളെ തമസ്‌ക്കരിക്കുകയും തട്ടിപ്പ് സര്‍വ്വേകള്‍ ഉപയോഗിച്ച് ഭാരതത്തെ താഴ്ത്തിക്കെട്ടാനുള്ള അവസരം വരുമ്പോഴൊക്കെ ഭാരതം പോയേ… കീഴോട്ടു പോയേ… എന്ന് കരയുകയും ചെയ്യുന്ന ജീര്‍ണ്ണ മാധ്യമപ്രവര്‍ത്തനത്തിന് എന്ത് ധാര്‍മ്മികതയും ഉത്തരവാദിത്തബോധവുമാണുള്ളത്? എഡിറ്റേഴ്‌സ് ഗില്‍ഡ് മുതല്‍ പത്രപ്രവര്‍ത്തക യൂണിയനുകള്‍ വരെ ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണം. നമ്മള്‍ പിറന്നുവീണ നാടിനെ, നമുക്ക് അന്നവും വെള്ളവും വായുവും തരുന്ന നാടിനെ അപമാനിക്കാനും ഇകഴ്ത്താനുമുള്ളതാണോ മാധ്യമപ്രവര്‍ത്തനം? മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമുണ്ടാകാം. പക്ഷേ, രാഷ്ട്രം അതിലും വലുതാണ്. 2001 ല്‍ അമേരിക്കയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിനുശേഷം അടുത്ത ദിവസത്തെ പത്രത്തില്‍ കൂട്ടിയിട്ടിരുന്ന മൃതശരീരങ്ങളുടെ ഒരു ചിത്രം പോലും പ്രസിദ്ധീകരിച്ചില്ല. രാഷ്ട്രത്തിന്റെ സ്വത്വവും അഭിമാനബോധവും തകര്‍ക്കുന്ന ഒന്നും അവര്‍ ചെയ്യില്ല. കാര്‍ഗില്‍ ആക്രമണ സമയത്ത് ഒരു വനിതാ മാധ്യമപ്രവര്‍ത്തക സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിച്ചത് തിരിച്ചറിഞ്ഞ് പാകിസ്ഥാന്‍ ആക്രമണം നടത്തി മലയാളിയായ ഡിഫന്‍സ് പിആര്‍ഒ അടക്കം മരിച്ചത് ഓര്‍മ്മിക്കുക. മുംബൈ ഭീകരാക്രമണത്തില്‍ താജ് ഹോട്ടലില്‍ പാക് ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ എന്‍എസ്ജി കമാന്‍ഡോകളെ നേരിടാന്‍ ഭീകരര്‍ ഉപയോഗപ്പെടുത്തിയത് നമ്മുടെ ചാനലുകളുടെ തത്സമയ സംപ്രേഷണമായിരുന്നു. ആരുടെയും ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നില്ല. വാര്‍ത്തകള്‍ വസ്തുനിഷ്ഠമാക്കാനും ധാര്‍മ്മികത പുലര്‍ത്താനും ഉത്തരവാദിത്തബോധം ഉണ്ടാകണം. മാത്രമല്ല, ഈ നാടിനുവേണ്ടി സമര്‍പ്പണം ചെയ്യാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുമുണ്ട് എന്ന കാര്യം മറക്കരുത്.