തിരുപ്പതി കഴിഞ്ഞാല്‍ ദിവസവും ഏറ്റവും അധികം ഭക്ത ജനങ്ങള്‍ ദര്‍ശനം നടത്തുന്ന ഭാരതത്തിലെ അതിവിശിഷ്ടമായ ക്ഷേത്രമാണ് മാതാ വൈഷ്‌ണോദേവി ക്ഷേത്രം, കത്ര. ഞാന്‍ താമസിക്കുന്ന സ്ഥലത്തു നിന്നു നോക്കിയാല്‍ ത്രികൂട മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം അതീവ ഭംഗിയോടെ കാണാന്‍ സാധിക്കും.
ജമ്മു നഗരത്തില്‍ നിന്നും കത്രയിലേക്ക് ഏകദേശം 45 കിലോമീറ്റര്‍ ദൂരമുണ്ട്. കത്രയിലെത്തിയിട്ട് അവിടെനിന്നും കാല്‍നടയായോ, കുതിരപ്പുറത്തേറിയോ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. കത്രയില്‍നിന്നും ഹെലികോപ്റ്റര്‍ സൗകര്യവും ലഭ്യമാണ്.
1986ല്‍ രൂപീകൃതമായ ശ്രീ മാതാ വൈഷ്‌ണോദേവി ഷ്രൈന്‍ ബോര്‍ഡിന്റെ ഭരണത്തിന് കീഴിലാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. തിരുപ്പതി തിരുമല ദേവസ്ഥാനം പോലെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്ര ഭരണം നടന്നുവരുന്നത്. ക്ഷേത്ര ഭരണം ബോര്‍ഡിന് കീഴില്‍ വന്നശേഷം ഭക്തജനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു വരുന്നു. ഏകദേശം ഒരു കോടിയോളം ഭക്തജനങ്ങളാണ് എല്ലാവര്‍ഷവും ശ്രീ മാതാ ദര്‍ശനം നടത്തി മടങ്ങുന്നത്. ഭാരതത്തിന്റെ എല്ലാ കോണിലും നിന്നുള്ള ഭക്തര്‍ ഇവിടെ എത്താറുണ്ട്. കൂടുതലും വടക്കേ ഇന്ത്യക്കാരാണ് ദര്‍ശനം നടത്തുന്നത്. എന്നിരുന്നാലും ആന്ധ്രയില്‍നിന്നും, തമിഴ്‌നാട്ടില്‍ നിന്നും ധാരാളം ഭക്തര്‍ ഇവിടേക്ക് വരുന്നുണ്ട്. ഈ ക്ഷേത്രത്തിലേക്കുള്ള ഭക്തജനത്തിരക്ക് കാരണമാണ്, കത്രയില്‍ റെയില്‍വേ സൗകര്യം ലഭ്യമാക്കിയത്. പണ്ട് ജമ്മുവും തുടര്‍ന്ന് ഉദ്ധംപൂരും വരെയുണ്ടായിരുന്ന തീവണ്ടി പാത കത്രവരെ നീട്ടി. 2014 ജൂലൈ 4 നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എല്ലാവിധ നൂതന സൗകര്യങ്ങളും കത്ര റെയില്‍വേ സ്റ്റേഷനില്‍ ലഭ്യമാണ്. പണ്ട് ജമ്മുതവിയില്‍ ഓട്ടം നിര്‍ത്തിയിരുന്ന മിക്ക തീവണ്ടികളും ഇന്ന് കത്രവരെ നീട്ടി. ദില്ലിയില്‍ നിന്നും ഇപ്പോള്‍ അതിവേഗ തീവണ്ടിയായ വന്ദേഭാരത് എക്‌സ്പ്രസ് ആഴ്ചയില്‍ ആറുദിവസം സര്‍വീസ് നടത്തുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഹോട്ടലുകള്‍, ശുചിമുറികള്‍, ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, ഭക്ഷണ ശാലകള്‍ തുടങ്ങി രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും കാണാന്‍ സാധിക്കാത്ത മികച്ച രീതിയിലാണ് ഈ റെയില്‍വേ സ്റ്റേഷന്റെ പരിപാലനം. ഇതിനോട് ചേര്‍ന്നുതന്നെ അതിവിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഐആര്‍സിടിസിയുടെ ഒരു ഗസ്റ്റ് ഹൗസും ഇതിനോട് ചേര്‍ന്നുതന്നെയുണ്ട്. ഓണ്‍ലൈന്‍ മുഖാന്തിരം റൂമുകളും, ഡോര്‍മെറ്ററിയും ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

സാധാരണ തണുപ്പുകാലത്തിന് ശേഷമാണ് കത്രയില്‍ ഭക്തജനത്തിരക്ക് ഏറുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് കൂടുതല്‍ ഭക്തര്‍ എത്തുന്നത്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മഞ്ഞു വീഴ്ചയും മറ്റും ഉണ്ടാകുന്നതിനാല്‍ തിരക്ക് കുറവായിരിക്കും. ക്ഷേത്ര പരിസരം മഞ്ഞു വീഴ്ച കാരണം ചില സമയങ്ങളില്‍ മൈനസ് താപനിലയിലേക്ക് പോകാറുണ്ട്.
ഞങ്ങള്‍ അങ്ങോട്ടേക്കുള്ള യാത്ര ചെയ്യാന്‍ തീരുമാനിച്ചത് ഒരു ഫെബ്രുവരി മാസത്തിലാണ്. അതിരാവിലെ 5 മണിക്ക് തന്നെ ഞങ്ങള്‍ അങ്ങോട്ടേക്ക് പുറപ്പെട്ടു. ഞാനും, ഭാര്യയും, സൈനികനായ എന്റെ കസിനും കുടുംബവും അടങ്ങുന്ന അഞ്ചംഗ സംഘമായാണ് ഞങ്ങള്‍ ജമ്മുവില്‍നിന്നും പുറപ്പെട്ടത്. ജമ്മു-ശ്രീനഗര്‍ ദേശീയ പാത വഴിയാണ് യാത്ര. അതിനിടയില്‍ ഞങ്ങള്‍ കുറച്ചു നേരം അങ്ങോട്ടേക്കുള്ള ടോള്‍ബൂത്തിലെ ഗതാഗത കുരുക്കില്‍ പെട്ടു. ഒടുവില്‍ 7.30 മണിയോടെ കത്രയില്‍ എത്തിച്ചേര്‍ന്ന ഞങ്ങള്‍ വണ്ടി പാര്‍ക്ക് ചെയ്തശേഷം ആര്‍മിയുടെ ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നു.
കസിന്‍ പട്ടാളത്തിലായതിനാല്‍ പ്രത്യേകം പാസ്സ് ലഭിക്കും. അങ്ങനെയുണ്ടെങ്കില്‍ കൂടുതല്‍ നേരം വരിനില്‍ക്കേണ്ടിവരില്ല. അല്ലെങ്കില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രമേ ദര്‍ശനം സാധ്യമാകൂ. പട്ടാള കൗണ്ടറില്‍ നിന്നും ദര്‍ശനത്തിനുള്ള ടിക്കറ്റ് വാങ്ങിയശേഷം ഞങ്ങള്‍ കൊണ്ടുവന്ന പ്രഭാത ഭക്ഷണം കഴിച്ചു. തുടര്‍ന്ന് എല്ലാവരും 14 കിലോമീറ്ററോളം വരുന്ന കാല്‍നടയാത്രയ്ക്ക് സജ്ജരായി.
ഇത്രയുമധികം ദൂരം കാല്‍നടയായി ഞങ്ങളാരും ജീവിതത്തില്‍ സഞ്ചരിച്ചിട്ടില്ല. ക്ഷേത്രത്തിലേക്ക് പോകാനായി രണ്ട് പാതകള്‍ ഉണ്ട്. അതില്‍ പഴയ പാതയിലൂടെ കുതിരപ്പുറത്ത് ഭക്തര്‍ക്ക് പോകാന്‍ സാധിയ്ക്കും. ഞങ്ങള്‍ പുതിയ പാതയാണ് തിരഞ്ഞെടുത്തത്. ഭക്തജനത്തിരക്ക് കുറഞ്ഞ പാതയാണ് പുതിയത്. എന്നാല്‍ ദൂരം പഴയതിനെക്കാള്‍ അല്പം കൂടുതലാണ്. ഏകദേശം 2 കിലോമീറ്റര്‍ കൂടുതല്‍. രണ്ട് പാതകളും അര്‍ദ്ധകുവരി എന്ന സ്ഥലത്ത് കൂടിച്ചേരും. അവിടെനിന്ന് പിന്നെ ഒരൊറ്റ പാത മാത്രമായി തീരും.
പുതിയപാത നല്ല വീതിയും, വൃത്തിയും ഉള്ളതാണ്. ഓരോ നൂറുമീറ്റര്‍ ഇടവിട്ടും ഇരിപ്പിടങ്ങളും, വിശ്രമ സംവിധാനങ്ങളും ഉണ്ട്. ശുചിമുറികള്‍ ഓരോ 500 മീറ്ററിലും ലഭ്യമാണ്. പാത വൃത്തിയാക്കുന്നത് അതിനൂതനമായ യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. റോഡ് സ്വീപ്പിങ് മെഷീന്‍ ഉപയോഗിച്ചാണ് പാത വൃത്തിയാക്കുന്നതെന്ന് യാത്രയ്ക്ക് ഇടയില്‍ ഞങ്ങള്‍ കണ്ടു.
യാത്രികര്‍ക്ക് കുടിക്കാനായി ശുദ്ധജലസംവിധാനങ്ങള്‍ ധാരാളമുണ്ട് പാതയില്‍. ഫെബ്രുവരി മാസമായതിനാല്‍ അധികം ചൂടുള്ള കാലാവസ്ഥ അല്ല കത്രയില്‍. എന്നാല്‍ അത്യധികം തണുപ്പുമില്ല. വളരെ പതുക്കെയാണ് ഞങ്ങള്‍ മലകയറുന്നത്. സ്ത്രീകളും, കുട്ടികളും ഉള്ളതിനാല്‍ വിശ്രമിച്ച് വിശ്രമിച്ചാണ് യാത്ര.
ക്ഷേത്രത്തിന്റെ ഐതിഹ്യം തെല്ലൊന്നു മനസിലാക്കിയായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. അസുരന്മാരെ ഉന്മൂലനം ചെയ്യുന്നതിനിടയില്‍ ആദിപരാശക്തി തന്റെ മൂന്ന് സ്വരൂപങ്ങളായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ തേജസ്സില്‍നിന്നും അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയെ സൃഷ്ടിച്ചു. ഈ പെണ്‍കുട്ടി അവരോടു ചോദിച്ചു, ‘ഞാന്‍ എന്തിനാണ് സൃഷ്ടിക്കപ്പെട്ടതെന്ന്’. ഭൂമിയില്‍ ജീവിച്ച് നീതിയും, സത്യവും ഉയര്‍ത്തിപ്പിടിക്കാനാണ് നിന്റെ നിയോഗം എന്ന് ദേവിമാര്‍ ആ പെണ്‍കുട്ടിയോട് പറഞ്ഞു. നീ ഇപ്പോള്‍ ദക്ഷിണ ഭാരതത്തിലുള്ള ഞങ്ങളുടെ അകമഴിഞ്ഞ ഭക്തനായ രത്‌നാകരന്റെ മകളായി പിറവിയെടുക്കുക. ആത്മീയമായി സ്വയം പരിണമിക്കുന്നതിനുവേണ്ടി നീതി ഉയര്‍ത്തിപ്പിടിക്കുക. അങ്ങനെ ആത്മീയതയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ എത്തിച്ചേരുമ്പോള്‍ നിനക്കു വിഷ്ണുപദം പൂകാന്‍ കഴിയും. തുടര്‍ന്ന് രത്‌നാകരന്റെ മകളായി ആ പെണ്‍കുട്ടി പിറവിയെടുത്തു. രത്‌നാകരന്‍ തന്റെ മകള്‍ക്ക് വൈഷ്ണവി എന്ന പേര് നല്കി. കുട്ടിക്കാലം മുതല്‍ ജ്ഞാനം നേടാന്‍ അവള്‍ കഠിനമായി ശ്രമിച്ചിരുന്നു. ഒരു അധ്വാനത്തിനും അവളുടെ ജ്ഞാന തൃഷ്ണയെ അടക്കാന്‍ കഴിഞ്ഞില്ല. അറിവിനായുള്ള ദാഹം അന്തര്‍മുഖമായ ജീവനിലേക്ക് നോക്കാന്‍ അവളെ പ്രേരിപ്പിച്ചു. ഒടുവില്‍ അവള്‍ തിരിച്ചറിഞ്ഞു, ധ്യാനത്തിലൂടെ മാത്രമേ അവള്‍ക്കു ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയൂ എന്ന്. അങ്ങനെ എല്ലാവിധ ഭൗതിക സുഖങ്ങളും ത്യജിച്ച് വൈഷ്ണവി ഘോരവനത്തിനുള്ളില്‍ അതീവ ധ്യാനത്തില്‍ പ്രവേശിച്ചു.
ത്രേതായുഗത്തില്‍ ശ്രീരാമന്‍ വനവാസകാലത്ത് കാട്ടില്‍ ധ്യാന നിമഗ്‌നയായിരുന്ന വൈഷ്ണവിയെ കണ്ടുമുട്ടാന്‍ ഇടയായി.
രാമനെ കണ്ടമാത്രയില്‍ തന്നെ അത് വിഷ്ണുവിന്റെ അവതാരമാണെന്ന് വൈഷ്ണവിക്ക് മനസ്സിലായി. തുടര്‍ന്ന് രാമനിലേക്ക് അവളെ വിലയം ചെയ്യിപ്പിക്കണമെന്ന് വൈഷ്ണവി ആവശ്യപ്പെട്ടു. ഉചിതമായ സമയമല്ലാത്തിതിനാല്‍, തന്റെ വനവാസം കഴിഞ്ഞ് വൈഷ്ണവിയെ വീണ്ടും സന്ദര്‍ശിക്കാമെന്ന് വാക്ക് നല്കി രാമന്‍ യാത്ര തുടരുകയാണുണ്ടായത്. ആ സമയത്ത് വൈഷ്ണവി രാമനെ തിരിച്ചറിയുകയാണെങ്കില്‍ തന്നിലേക്ക് വൈഷ്ണവിയെ വിലയം പ്രാപിപ്പിക്കാമെന്ന് രാമന്‍ വാക്ക് നല്കി.
വനവാസം കഴിഞ്ഞ് രാവണനെ തോല്പിച്ച് രാമന്‍ മടങ്ങുന്ന വഴി ഒരു വൃദ്ധന്റെ രൂപത്തില്‍ വൈഷ്ണവിയുടെ അടുക്കല്‍ പോയി. നിര്‍ഭാഗ്യവശാല്‍ രാമനെ തിരിച്ചറിയാന്‍ വൈഷ്ണവിക്ക് സാധിച്ചില്ല. ഒടുവില്‍ രാമന്‍ വൈഷ്ണവിക്ക് മുന്‍പില്‍ സ്വയം വെളിപ്പെട്ടു. എന്നിട്ട് പറഞ്ഞു, കലിയുഗത്തില്‍ കല്‍ക്കി അവതാരമാകുന്ന വേളയില്‍ ഭക്തരെ രക്ഷിക്കാനും, തിന്മയെ ഉന്മൂലനം ചെയ്യാനും ദരിദ്രരെയും, നിരാലംബരേയും അവരുടെ കഷ്ടപ്പാടുകളില്‍ നിന്ന് മോചിപ്പിക്കാനുമായി ഞാന്‍ വരും. ആ സമയത്ത് നിന്റെ ആത്മീയത പരമകോടിയിലെത്താന്‍ തൃകൂട മലനിരകളില്‍ പോയി ധ്യാനമിരിക്കാന്‍ ശ്രീരാമന്‍ അരുള്‍ ചെയ്തു. ഇങ്ങനെ ചെയ്താല്‍ മാത്രമേ വിഷ്ണുവിലയം പ്രാപിക്കാനാവൂ എന്നും രാമന്‍ പറഞ്ഞു.
അതികഠിനമായ യാത്രചെയ്താണ് അവള്‍ ഇന്നത്തെ ജമ്മുവിലുള്ള തൃകൂട മലനിരകളില്‍ എത്തിചേര്‍ന്ന് ആശ്രമം സ്ഥാപിക്കുകയും, തുടര്‍ന്ന് ധ്യാനത്തില്‍ മുഴുകുകയും ചെയ്തത്. ധ്യാനത്തിലമര്‍ന്ന വൈഷ്ണവിയുടെ മഹത്വം വിദൂരദേശങ്ങളില്‍ പോലും വ്യാപിച്ചു. വൈഷ്ണവി ദേവിയുടെ അനുഗ്രഹം തേടി ഭക്തര്‍ ആശ്രമത്തിലേക്ക് ഒഴുകാന്‍ തുടങ്ങി. വൈഷ്ണവി ദേവിയുടെ പെരുമ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന വേളയില്‍ മഹാഗുരു ഗോരക്ഷാനാഥിന് ഒരു വെളിപാട് ഉണ്ടായി. ശ്രീരാമനും, വൈഷ്ണവിയും കണ്ടുമുട്ടിയതും വൈഷ്ണവിദേവിയുടെ തുടര്‍ന്നുള്ള കാര്യങ്ങളും ഇതില്‍ വന്നു. രാമന്‍ പറഞ്ഞ അത്രയും ആത്മീയത വൈഷ്ണവി ദേവിക്ക് വന്നിട്ടുണ്ടോ എന്ന് അറിയാന്‍ ഗുരുവിന് അതിയായ ആഗ്രഹം വന്നു. ഇതിനായി തന്റെ ഏറ്റവും നല്ല ശിഷ്യനായ ഭൈരോണ്‍ നാഥിനെ അദ്ദേഹം നിയോഗിച്ചു.
വൈഷ്ണവി ദേവിയെ സദാ നിരീക്ഷിക്കാനായിരുന്നു ഭൈരോണ്‍ നാഥിന്റെ നിയോഗം. സാധ്വിയായി കഴിയുന്ന വേളയിലും അമ്പും, വില്ലും സൂക്ഷിയ്ക്കുന്ന വൈഷ്ണവിയെയാണ് ഭൈരോണ്‍ നാഥിന് കാണാന്‍ കഴിഞ്ഞത്.
വൈഷ്ണവിയുടെ സമക്ഷം എപ്പോഴും കുരങ്ങന്‍മാരും, സിംഹങ്ങളും ഉണ്ടെന്നും അവന്‍ മനസ്സിലാക്കി. വൈഷ്ണവി ദേവിയുടെ സൗന്ദര്യം ഭൈരോണ്‍ നാഥിനെ വല്ലാതെ ആകര്‍ഷിച്ചു. വൈഷ്ണവി ദേവിയെ കല്യാണം കഴിക്കാനായി അവന്റെയുള്ളില്‍ അതിയായ ആഗ്രഹം വന്നു.
എല്ലാ വിവേകവും നഷ്ടപ്പെട്ട ഭൈരോണ്‍ ഒരു അധര്‍മ്മിയെപ്പോലെ പെരുമാറാന്‍ തുടങ്ങി. ദേവിയെ എപ്പോഴും ശല്യം ചെയ്തുകൊണ്ടേയിരുന്നു. ഈ പ്രശ്‌നത്തിന് ഒരു ഉപായം കാണാന്‍ വേണ്ടി ഒരു ദേവി ഭക്തന്‍ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു സമൂഹ സദ്യ നടത്താന്‍ തീരുമാനിച്ചു. ഇതിലൂടെ ഒരു ഒത്തുതീര്‍പ്പ് വരുമെന്ന് എല്ലാവരും വിചാരിച്ചു. മഹായോഗി ഗോരക്ഷാ നാഥും ഭൈരോണും ഈ സദ്യയില്‍ വൈഷ്‌ണോദേവിയുടെ കൂടെ പങ്കെടുത്തു. ഇതിനിടെ ദേവിയെ കടന്നുപിടിക്കാന്‍ ഭൈരോണ്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍നിന്നും രക്ഷനേടുവാനായി വൈഷ്‌ണോദേവി അവിടെനിന്നും പലായനം ചെയ്യുകയാണ് പിന്നീട് ഉണ്ടായത്. തന്റെ തപസ്സിന് വിഘ്‌നം വരാതെയിരിക്കാന്‍ തൃകൂട മലനിരകളിലെ ഉത്തുംഗ ശൃംഗങ്ങളിലേക്കാണ് വൈഷ്‌ണോദേവി പോയത്. ദേവിയെ വെറുതെ വിടാന്‍ ഉദ്ദേശമില്ലാതിരുന്ന ഭൈരോണ്‍ പുറകേ പാഞ്ഞു. ഇന്നത്തെ ഈ തീര്‍ഥാടന പാതയിലൂടെ മലനിരകളുടെ മുകളില്‍ എത്തിച്ചേര്‍ന്ന വൈഷ്‌ണോദേവി ഒരു ഗുഹ കണ്ടുപിടിച്ചു. ഈ ഗുഹയില്‍ ഇരുന്ന് തന്റെ ധ്യാനം തുടരാമെന്ന് ദേവി തീരുമാനിച്ചു.
ഇതേ സമയം ഭൈരോണ്‍ അവിടെ എത്തിച്ചേരുന്നു. ഒടുവില്‍ ദേവിക്ക് അവനെ ഒഴിവാക്കാനാവാതെ വധിക്കേണ്ടി വന്നു. ഗുഹാ മുഖത്ത് വെച്ച് ഭൈരോണിന്റെ ശിരഛേദം നടത്താന്‍ ദേവി നിര്‍ബന്ധിതയാകുന്നു. ദേവി ഛേദിച്ച ഭൈരോണിന്റെ ശിരസ്സ് ദൂരെയുള്ള ഒരു കുന്നിന്റെ മേല്‍ പതിക്കുന്നു.
തന്റെ തെറ്റ് മനസ്സിലാക്കിയ ഭൈരോണ്‍ മരണസമയത്ത് പശ്ചാത്തപിക്കുകയും ദേവിയോട് മാപ്പ് അപേക്ഷിക്കുകയും ചെയ്യുന്നു. കരുണാമയയായ ദേവി ഭൈരോണിനോട് ക്ഷമിക്കാന്‍ തീരുമാനിച്ചു. തന്നെ ദര്‍ശിക്കാന്‍ വരുന്നവരായ എല്ലാ ഭക്തരും ഭൈരോണിനെയും ദര്‍ശിക്കണമെന്നും എങ്കില്‍ മാത്രമേ യാത്ര പൂര്‍ത്തിയാവുകയുള്ളൂ എന്നും ദേവി അനുഗ്രഹം നല്കുന്നു. ഇതിനുശേഷം മനുഷ്യരൂപം ത്യജിച്ച ദേവി ഒരു ശിലയായി മാറുകയാണുണ്ടായത്. ശിലാരൂപത്തില്‍ ധ്യാനത്തിലിരുന്ന ദേവിയുടെ ശിരസ്സില്‍ മൂന്നു പിണ്ടി (വടക്കേ ഭാരതത്തില്‍ ശക്തിയുടെ ബിംബമായി വിവക്ഷിക്കപ്പെടുന്ന അലങ്കരിച്ച കല്ലുകള്‍/ മരത്തടികള്‍)കളുടെ രൂപത്തില്‍ ദേവിയെ എല്ലാവരും ഇന്ന് ദര്‍ശിക്കുന്നു. ഈ ശിലയും, പിണ്ടിയുമാണ് ഇന്ന് ഈ ഗുഹാക്ഷേത്രത്തിനുള്ളില്‍ കുടികൊള്ളുന്നത്. സ്വയംഭൂവായ ദേവീ ചൈതന്യമാണ് ഈ ക്ഷേത്രത്തിന്റെപ്രത്യേകത. ഈ ഗുഹാക്ഷേത്രത്തിനുള്ളില്‍ മറ്റൊരുതരത്തിലുള്ള പ്രതിഷ്ഠയോ, മനുഷ്യനിര്‍മിതികളോ ഇല്ല.

ദേവിയുടെ വിളിവരാതെ ആര്‍ക്കും ഇങ്ങോട്ടേക്ക് യാത്ര ചെയ്യാനാവില്ല എന്നാണ് ഭക്തരുടെ വിശ്വാസം. ഇങ്ങനെ ഒരു ദൈവവിളി വന്നുകഴിഞ്ഞാല്‍ അമ്മയുടെ അതിരുകളില്ലാത്ത സ്‌നേഹവും, അനുഗ്രഹവും സ്വീകരിക്കാന്‍ ഭക്തര്‍ ബാധ്യസ്ഥരാവും. തുടര്‍ന്ന് ദേവിയെ കാണാന്‍വേണ്ടി യാത്ര തിരിക്കേണ്ടിവരും. ദേവിയുടെ വിളിവരാതെ ഒരാള്‍ക്ക് ഇവിടം സന്ദര്‍ശിക്കാനാവില്ല എന്നാണ് വിശ്വാസികളുടെ വെളിപ്പെടുത്തല്‍.
ഏകദേശം 6 കിലോമീറ്റര്‍ ദൂരം ഞങ്ങള്‍ പിന്നിട്ടു. അര്‍ദ്ധകുവരിയില്‍ എത്തിയിരിക്കുകയാണ്. ഇവിടെ ആണ് ദേവി ധ്യാനത്തില്‍ ഇരുന്ന ഗുഹ ഉള്ളത്. ഭൈരോണ്‍, ദേവിയെ പിന്തുടര്‍ന്നുവന്ന വഴിയിലാണ് ഇത് ഉള്ളത്. കഠിനമായ യാത്ര തന്നെ. 6 കിലോമീറ്റര്‍ പിന്നിടാന്‍ ഏകദേശം 3 മണിക്കൂര്‍ എടുത്തു. എല്ലാവരും ക്ഷീണിതരാണ് അല്‍പ്പനേരം അവിടെയിരുന്ന് വിശ്രമിക്കാം എന്ന് കരുതി. പഴയപാത വഴി വരുന്നവര്‍ക്ക് കുതിരമേല്‍ അര്‍ദ്ധകുവരിവരെ എത്തിച്ചേരാന്‍ സാധിക്കും. തുടര്‍ന്ന് കാല്‍നടയായി പോകാം. അല്ലെങ്കില്‍ അവിടെനിന്നും ബാറ്ററികാറില്‍ മുകളിലേക്ക് യാത്ര തുടരാം. സമുദ്രനിരപ്പില്‍നിന്നും ഏകദേശം 5000 അടി ഉയരത്തിലാണ് ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ ഞങ്ങള്‍ 2500 അടിയെങ്കിലും ഉയരെ എത്തിക്കാണുമെന്നാണ് തോന്നുന്നത്. സ്ത്രീകളും, കുട്ടികളും വിശന്നുവലഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ അവിടെയുള്ള ഒരു ചെറിയ കടയില്‍നിന്നും ലഘുഭക്ഷണം കഴിച്ചു. സമയം ഏകദേശം 12 മണിയോളം ആയി. നല്ല വിശപ്പ് ഉണ്ടെങ്കിലും മുകളില്‍ ചെന്നശേഷം ഭക്ഷണം കഴിക്കാമെന്ന് കരുതി. ഞങ്ങള്‍ വന്നത് പുതിയപാതയിലായിരുന്നതിനാല്‍ കടകളും, ഹോട്ടലുകളും ഒന്നും ധാരാളം ഉണ്ടായിരുന്നില്ല.
15 മിനിട്ടോളം വിശ്രമിച്ചശേഷം യാത്ര തുടര്‍ന്നു. ഇനി ഏകദേശം 8 കിലോമീറ്ററോളം യാത്രചെയ്താല്‍ മാത്രമേ ക്ഷേത്രത്തിലെത്തിച്ചേരുകയുള്ളൂ. വിജനമായ പുതിയ പാതയില്‍നിന്നും തിരക്കേറിയ പഴയ പാതയില്‍ നിന്ന് ഭക്തര്‍ ഒത്തുചേരുന്ന സ്ഥലമാണ് അര്‍ദ്ധകുവരി. അവിടെനിന്നും എല്ലാവരും ഒരേപാതയില്‍ പ്രവേശിച്ചാണ് മുകളിലേക്കുള്ള യാത്ര തുടരുന്നത്. മുകളിലേക്കുള്ള പാതയില്‍ ധാരാളം കടകളും, വിശ്രമ സ്ഥലങ്ങളും മറ്റും ഉണ്ട്.
ഇതേ വഴിയില്‍ കൂടിയാണ് ബാറ്ററി കാറുകളും യാത്ര ചെയ്യുന്നത്. ബാറ്ററി കാറില്‍ ഒരേസമയം 8 പേര്‍ക്ക് യാത്രചെയ്യാനാവും. ഒരാള്‍ക്ക് 200 രൂപയോ മറ്റോ ആണ് യാത്രക്കൂലി ഒരു വശത്തേക്ക്.
ബാറ്ററി കാറുകള്‍ ഇടതടവില്ലാതെ മുകളിലേക്കും, താഴേക്കും ഓടിക്കൊണ്ടിരിക്കുകയാണ്. വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങാന്‍. ബാറ്ററി കാര്‍ ആയതിനാല്‍ പുറകില്‍ നിന്നും വരുമ്പോള്‍ തീരെ ഒച്ച ഉണ്ടാവുകയില്ല. എപ്പോഴും ഹോണ്‍ അടിച്ചുകൊണ്ടാണ് ഇത് മുന്നേറിക്കൊണ്ടിരിക്കുന്നത്.
മുകളിലേക്കു കയറുമ്പോള്‍ തണുപ്പ് കൂടിക്കൂടി വരുന്നതായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. പാതകള്‍ വളരെ വൃത്തിയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. മുകള്‍ കൂരയും ഉണ്ട്. ക്ഷീണിക്കുന്നവര്‍ക്ക് ഇരുന്ന് വിശ്രമിക്കാന്‍ പാതയുടെ ഇരുവശത്തും ഇട്ടിരിക്കുന്ന ബെഞ്ചുകള്‍ നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുകയാണ്. യാത്രികര്‍ക്ക് വേണ്ടി ഉച്ചഭാഷിണിയിലൂടെ സദാ നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കുകയാണ്. ചെങ്കുത്തായ മലയുടെ വശത്ത് ചെത്തിയുണ്ടാക്കിയ പാതയിലൂടെയാണ് യാത്ര. വശങ്ങളിലേക്ക് നോക്കുമ്പോള്‍ ഒരേസമയം ഭയപ്പെടുത്തുന്നതും, അത്ഭുതപ്പെടുത്തുന്നതുമായ കാഴ്ചതന്നെ. അങ്ങ് താഴെ റെയില്‍വേ സ്റ്റേഷനും കത്ര പട്ടണവും നല്ല ഭംഗിയായി കാണാന്‍ സാധിക്കും. ചിലയിടങ്ങളില്‍ അടര്‍ന്ന പാറകള്‍ വീണ് മേല്‍ക്കൂര തകര്‍ന്നിരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ”ബിവേര്‍ ഓഫ് ഷൂട്ടിങ്ങ് സ്റ്റോണ്‍സ്’ എന്ന ബോര്‍ഡ് പാതയില്‍ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്.
മണ്ണും, പാറയും ചെത്തിയുണ്ടാക്കിയ വഴിയായതിനാലാണ് മണ്ണിടിച്ചിലും മറ്റും ധാരാളമായുള്ളത് എന്നാണ് തോന്നുന്നത്. കൂടെയുള്ള എല്ലാവരും നല്ല ക്ഷീണിതരായതിനാല്‍, ഓരോ പതിനഞ്ചു നിമിഷവും വിശ്രമിച്ച് വിശ്രമിച്ചാണ് നടത്തം. എന്റെ കസിന്റെ മകന് 5 വയസ്സ് മാത്രമാണ് പ്രായം. കാലുവേദനയെന്ന് പറഞ്ഞ് കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പിന്നെ അവനെയും എടുത്തുകൊണ്ടായി കസിന്റെ നടത്തം. ഇടക്ക് ഇടക്ക് വെള്ളവും, മറ്റ് ലഘുഭക്ഷണങ്ങളും കഴിച്ചാണ് യാത്രയെങ്കിലും കാല്‍നടയായതിനാല്‍ അതിയായ ക്ഷീണമുണ്ട്. ഒടുവില്‍ 4 മണിക്കൂറിലധികം നടന്ന് ഞങ്ങള്‍ അമ്പലത്തിന് സമീപം എത്താറായി. വഴിനീളെ കുരങ്ങന്മാരുടെ താവളമാണ്. സൂക്ഷിച്ചും കണ്ടും നടന്നില്ലെങ്കില്‍ നമ്മളുടെ കൈവശമുള്ള വസ്തുക്കള്‍ അവര്‍ തട്ടിപ്പറിച്ചെടുക്കും. പല ആളുകള്‍ക്കും ഇത് സംഭവിക്കുന്നത് ഞങ്ങള്‍ കണ്ടു. ഭക്ത ജനങ്ങള്‍ക്ക് തങ്ങളുടെ വസ്തുവകകള്‍ സൂക്ഷിക്കുന്നതിന് കൗണ്ടറുകള്‍ ധാരാളമുണ്ട്. തിരുപ്പതി ക്ഷേത്രത്തിന് സമാനമായ രീതിയിലാണ് എല്ലാ സജ്ജീകരണങ്ങളും. തുകല്‍ നിര്‍മ്മിതങ്ങളായ ഒരു വസ്തുവും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. മൊബൈല്‍ ഫോണും മറ്റും കൗണ്ടറില്‍ കൈമാറുകയല്ലാതെ വേറെ മാര്‍ഗം ഇല്ല.

എന്റെ കസിന്‍ പട്ടാളക്കാരനായതിനാല്‍, ഞങ്ങള്‍ക്കു പ്രത്യേകം സംവിധാനം ഉണ്ടായിരുന്നു. പട്ടാളക്കാര്‍ക്ക് വേണ്ടി പ്രത്യേക വിശ്രമ സൗകര്യവും, ലോക്കറുകളും ലഭ്യമാണ്. സാധാരണഗതിയില്‍ മറ്റ് ഭക്തരുടെ കൂടെ വരിനില്‍ക്കേണ്ടി വന്നില്ല. എല്ലാവരും അവരവരുടെ ബാഗും, പേഴ്‌സും, ചെരുപ്പും, മൊബൈലുമൊക്കെ കൗണ്ടറില്‍ നിക്ഷേപിച്ച ശേഷം പ്രത്യേക ക്യൂവില്‍ നിലയുറപ്പിച്ചു.
പട്ടാളത്തിന്റെ ക്യൂ പ്രത്യേകമായിരുന്നതിനാല്‍ അധികം ആള്‍ക്കൂട്ടം ഇല്ലായിരുന്നു. നല്ല മഞ്ഞും തണുപ്പും ഉണ്ട്. കുറച്ചു നേരം ചെരുപ്പിടാതെ തണുത്ത തറയില്‍ ചവിട്ടിയപ്പോള്‍ കാലില്‍ നിന്നും ഒരു മരവിപ്പ് നെറുകയിലേക്ക് ഇരച്ചു കയറുന്നതായി തോന്നി. ഏവര്‍ക്കും ഇത് ഒരു പ്രത്യേക അനുഭവമായിട്ട് തോന്നി. ഏകദേശം 15 മിനുട്ട് ക്യൂവില്‍ നിന്നപ്പോഴേക്കും എന്റെ ഭാര്യക്ക് ചെറുതായിട്ട് തളര്‍ച്ച വന്നുതുടങ്ങി. തണുപ്പ് സഹിക്കാന്‍ പറ്റുന്നില്ല എന്ന് എന്നോടു പറഞ്ഞു. ഇനി കുറച്ചുകൂടി സമയം ഇങ്ങനെ നിന്നാല്‍ മറിഞ്ഞടിച്ച് വീഴുമെന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പ് തന്നെ ആള്‍ മയങ്ങി വീണു. പെട്ടെന്ന് തന്നെ ഞാന്‍ പിടിച്ചുനിര്‍ത്തിയെങ്കിലും താഴേക്കു വീണു. ഒരു വിധത്തില്‍ താങ്ങി ഞാനും എന്റെ കസിനും ചേര്‍ന്ന് തൊട്ടടുത്ത് തന്നെയുള്ള ഒരു മെഡിക്കല്‍ സെന്ററിലേക്ക് എത്തിച്ചു. ഡോക്ടര്‍ പരിശോധന നടത്തിയിട്ട് പറഞ്ഞു, കുഴപ്പമൊന്നുമില്ല. ആഹാരം കഴിച്ചശേഷം ഒരു മരുന്ന് കഴിക്കാന്‍ പറഞ്ഞു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ഒരു ഭക്ഷണശാലയിലേക്ക് ചെന്നെങ്കിലും മണി 4 ആയതിനാല്‍ അത് ഏകദേശം അടച്ചിരുന്നു. പിന്നീട് ഞാന്‍ ആ ഹോട്ടലുകാരനോട് ഒരു വിധത്തില്‍ പറഞ്ഞു സമ്മതിപ്പിച്ചു. അയാള്‍ കുറച്ചു ചോറും, രാജ്മഡാല്‍ കറിയും തന്നു. അത് ഞാന്‍ ഭാര്യക്ക് കൊടുത്ത് കഴിച്ചുകഴിഞ്ഞ ശേഷം മരുന്നും കഴിച്ചു പതിനഞ്ച് മിനിറ്റ് വിശ്രമിച്ച ശേഷം വീണ്ടും ക്യൂവില്‍ പ്രവേശിച്ചു.
പൂജ നടക്കുന്നതിനാല്‍ ക്യൂ നീങ്ങിയിട്ടുണ്ടായിരുന്നില്ല. പിന്നീട് ഒരു പതിനഞ്ചു മിനിറ്റ് കൂടി ക്യൂ നിന്ന ശേഷമാണ് ക്യൂ നീങ്ങിത്തുടങ്ങിയത്. ക്യൂ നീങ്ങിത്തുടങ്ങിയതോടെ അന്തരീക്ഷം ജയ് മാതാദി വിളികളാല്‍ മുഖരിതമായി. ഭക്തജനത്തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ ക്യൂ നില്ക്കാന്‍വേണ്ടി ഗുരുവായൂര്‍, ശബരിമല സാമ്യമുള്ള ക്യൂ നിയന്ത്രണ സംവിധാനം ഇവിടെയുണ്ട്. ക്യൂവില്‍കൂടി നടന്ന് നടന്ന് ഞങ്ങള്‍ പതുക്കെ മുന്നോട്ട് നീങ്ങി. കാലില്‍ ചെരുപ്പ് ഇടാത്തതുകാരണം തണുപ്പ് ഇരച്ചുകയറുകയാണ് ഉള്ളം കാലില്‍നിന്നും ഉച്ചിയിലേക്ക്. കസിന്‍ തന്റെ മകനെയും എടുത്തുകൊണ്ടാണ് ക്യൂവില്‍ നടക്കുന്നത്.
ഏകദേശം പത്തു മിനിറ്റ് നടന്ന് ഞങ്ങള്‍ ഗുഹയുടെ മുന്നിലെത്തി. മാര്‍ബിള്‍പോലത്തെ കല്ലാണു ഗുഹ. ഗുഹയിലേക്ക് കയറുന്നതിനും, ഇറങ്ങുന്നതിനും പ്രത്യേകം വഴിയുണ്ട്. ഗുഹയുടെ മുന്നില്‍ കുറച്ചുനേരം കൂടി ഞങ്ങള്‍ക്കു നില്‍ക്കേണ്ടിവന്നു. വളരെ നിശ്ചിത എണ്ണത്തില്‍ മാത്രമേ ഭക്തരെ അതിനുള്ളിലേക്ക് കടത്തിവിടുകയുള്ളൂ. പത്ത് നിമിഷത്തോളം അവിടെ നിന്നശേഷം ഞങ്ങള്‍ ഗുഹക്കുള്ളിലേക്ക് പ്രവേശിച്ചു. രണ്ട് പേര്‍ക്ക് കഷ്ടിച്ച് കടന്ന് പോകാനുള്ള വീതി മാത്രമേ ഉള്ളൂ. 100 മീറ്ററോളം നടന്ന് മാതാ വൈഷ്‌ണോദേവി ശിലയായി കുടികൊള്ളുന്ന പ്രധാന ക്ഷേത്രത്തിലെത്തി. സ്വയംഭൂവായ മാതായുടെ പുറകില്‍ ഒരു നീര്‍ച്ചാല്‍ ഉണ്ട്. അത് ആകാശഗംഗയാണെന്നാണ് സങ്കല്‍പ്പം. വര്‍ഷം മുഴുവന്‍ ഇതിലൂടെ ജലം ഒഴുകിക്കൊണ്ടിരിക്കും.
അഞ്ച് മിനിട്ടോളം ഞങ്ങള്‍ അവിടെ ചിലവഴിച്ചു. പത്ത് പതിനഞ്ച് ആളുകള്‍ക്ക് കഷ്ടിച്ച് നില്‍ക്കാനുള്ള സ്ഥലം മാത്രമേ അവിടെയുള്ളൂ. പൂജാരിയുടെ കൈയ്യില്‍നിന്നും പ്രസാദവും വാങ്ങി ദേവിയെ വണങ്ങിയ ശേഷം ഞങ്ങള്‍ ഗുഹയില്‍നിന്നും തിരിച്ചിറങ്ങി. പുറത്തുള്ളതിനെക്കാള്‍ തണുപ്പ് ഉണ്ട് ഗുഹക്കുള്ളില്‍. ശരിക്കും കിടുങ്ങി വിറച്ചാണ് എല്ലാവരും പുറത്ത് ഇറങ്ങിയത്. നല്ല മഞ്ഞ് ഉള്ളതാണ് തണുപ്പ് ഇത്രയും കൂടാന്‍ കാരണം. തുടര്‍ന്ന് ഞങ്ങള്‍ ലോക്കര്‍ റൂമിലേക്ക് പോയി. അല്‍പനേരം അവിടെ വിശ്രമിക്കാമെന്ന് കരുതി. റൂം ഹീറ്ററിന്റെ ചൂടും കൊണ്ട് അല്‍പനേരം അവിടെയിരുന്നു. തുടര്‍ന്ന് ഭൈരോണ്‍ നാഥിന്റെ ക്ഷേത്രം സന്ദര്‍ശിക്കാനായി ഞങ്ങള്‍ തിരിച്ചു. മാതാ വൈഷ്‌ണോദേവി ദര്‍ശനത്തിന്റെ പൂര്‍ത്തീകരണത്തിന് ഭൈരോണ്‍ ക്ഷേത്രം കൂടി ദര്‍ശിക്കണം.
ഏകദേശം 7000 അടി ഉയരത്തിലാണ് ഭൈരോണ്‍ നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേബിള്‍ കാര്‍ വഴിയും, നടന്നും കയറാന്‍ പറ്റും. ഒന്നര കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ് ഇത്. അതികഠിനമായ കയറ്റം തന്നെ. ഏകദേശം മുക്കാല്‍ മണിക്കൂര്‍ എടുത്ത് ഞങ്ങള്‍ ക്ഷേത്രത്തിലെത്തി. ഇവിടെയും മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല. നല്ല തണുപ്പ് ഉണ്ട് ഇവിടെ, ശരിക്കും മരവിച്ച് പോകുന്ന തണുപ്പ് തന്നെ. ഭൈരോണ്‍ നാഥിലെ ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ തിരികെയിറങ്ങി. സമയം ഏകദേശം 7.00 മണിയോടടുത്തു. ഏവര്‍ക്കും നല്ല വിശപ്പ് ഉണ്ട്. ഞങ്ങള്‍ അടുത്തുള്ള ഒരു ഭക്ഷണശാലയില്‍ കയറി ആഹാരം കഴിച്ചു. തുടര്‍ന്ന് മലയിറക്കം തുടങ്ങാന്‍ തീരുമാനിച്ചു. കൗണ്ടറില്‍ പോയി ഞങ്ങളുടെ എല്ലാ വസ്തുക്കളും തിരികെയെടുത്തു. അവിടെനിന്നും ബാറ്ററി കാറില്‍ തിരികെ ഇറങ്ങാമെന്ന് കരുതിയെങ്കിലും വളരെ വലിയ ക്യൂ കണ്ടപ്പോള്‍ ഞങ്ങള്‍ കരുതി നടന്നുതന്നെ ഇറങ്ങാമെന്ന്. ഏകദേശം ഒരു മണിക്കൂറില്‍ കൂടുതല്‍ ക്യൂ നില്‍ക്കേണ്ടി വരുമെന്ന് അവിടെ നിന്നവര്‍ പറയുന്നത് കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ തിരിച്ച് ഇറങ്ങാന്‍ തുടങ്ങി. തണുപ്പും, ഇരുട്ടും കൂടിക്കൂടി വന്നു. വഴിവിളക്കുകള്‍ ധാരാളമുള്ളതിനാല്‍ യാത്ര സുഗമമായിരുന്നു. എന്റെ ഭാര്യക്ക് നടക്കാന്‍ വല്യ പ്രയാസമായതിനാല്‍ ഞാന്‍ താങ്ങി പിടിച്ചാണ് കൊണ്ട് നടക്കുന്നത്. 8.30 മണിയോടെ ഞങ്ങള്‍ അര്‍ദ്ധകുവരിയില്‍ എത്തിചേര്‍ന്നു. അവിടെയുള്ള പോലീസുകാരനോട് ഞാന്‍ ചോദിച്ചു, ഇവിടുന്ന് താഴേക്കു ബാറ്ററി കാറോ മറ്റോ ലഭ്യമാണോ എന്ന്. അയാള്‍ പറഞ്ഞു കുതിര കിട്ടുമെന്ന്, ഒടുവില്‍ കുതിരക്കാരനോട് സംസാരിച്ചു. അയാള്‍ 900 രൂപ ചോദിച്ചു. ഞാന്‍ 500 രൂപ പറഞ്ഞു. ഒടുവില്‍ 600 നു അയാള്‍ സമ്മതിച്ചു. എന്റെ ഭാര്യയെ കുതിരപ്പുറത്ത് കയറ്റി ഞങ്ങള്‍ പഴയപാതയില്‍ കൂടി മലയിറങ്ങി. കുതിര ഓടിച്ചാടിയാണ് നടക്കുന്നത്. അതിന്റെ വാലില്‍ പിടിച്ചുകൊണ്ടാണ് കുതിരക്കാരന്‍ ഓടുന്നത്. അതിന്റെ പിന്നില്‍ ഞാനും ഓടാന്‍ തുടങ്ങി. ഒരു മണിക്കോറോളം ഓട്ടം തുടര്‍ന്നു. ഓടി ഓടി എന്റെ രണ്ട് മുട്ടും വേദനയായി. ഒടുവില്‍ ഒരുവിധം ഞങ്ങള്‍ താഴെയെത്തി. കുതിരക്കാരന് കാശ് കൊടുത്തശേഷം കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് ഞങ്ങള്‍ എത്തി. അപ്പോഴേക്കും സമയം 10 മണിയോട് അടുത്തിരുന്നു. അതിസാഹസികവും, ആത്മീയവുമായ യാത്ര പൂര്‍ത്തീകരിച്ച സന്തോഷത്തിലായിരുന്നു ഞങ്ങള്‍ എല്ലാവരും. തീര്‍ച്ചയായും ഓരോ വിശ്വാസിയും കണ്ടിരിക്കേണ്ട ഒരു ക്ഷേത്രം തന്നെയാണ് മാതാ വൈഷ്‌ണോദേവി ക്ഷേത്രം.
Comments