യമങ്ങളില്‍ രണ്ടാമത്തേത് സത്യമാണ്. കള്ളം പറയരുത് എന്നുള്ളത് ലോകത്തെല്ലായിടത്തും അംഗീകരിക്കപ്പെട്ട ഒരു തത്വമാണ്. സൃഷ്ടിക്കു മുമ്പേ തന്നെ ഋതം, സത്യം എന്നിവ ഉണ്ടായിരുന്നു എന്ന് വേദങ്ങള്‍ തന്നെ ഘോഷിക്കുന്നു. ഇവയിലാണ് ആകാശാദി പഞ്ചഭൂതങ്ങള്‍ നിലനില്ക്കുന്നതെന്നും പറയുന്നുണ്ട്.
സത്യം എന്നതിന്റെ ധാത്വര്‍ത്ഥം ഒരിക്കലും നശിക്കാത്തത്, ഭൂത – വര്‍ത്തമാന – ഭാവി കാലങ്ങള്‍ ബാധിക്കാത്തത് എന്നാണ്. സത്യത്തിലുപരിയായി ഒരു ധര്‍മമില്ല എന്ന് മഹാഭാരതം.
‘അശ്വമേധ സഹസ്രാദ് ഹി
സത്യമേവ വിശിഷ്യതേ’
ആയിരം അശ്വമേധയാഗവും സത്യവും ഒരു തുലാസിന്റെ രണ്ടു തട്ടില്‍ വെച്ചാല്‍ സത്യമാണ് താണു നില്കുക; അതാണ് ശ്രേഷ്ഠം.
വാച്യര്‍ഥാ നിയതാ: സര്‍വേ – ലോകത്തില്‍ എല്ലാം വാക്കിലിരിക്കുന്നു. അത് കളങ്കിതമായാല്‍, അസത്യ ജടിലമായാല്‍ സര്‍വം തകരാറിലാകും. അതുകൊണ്ട് മനു, സത്യപൂതമായ വാക്കിനെ മഹത്വലക്ഷണമായി പറയുന്നു. ‘സത്യം കണ്ഠസ്യ ഭൂഷണം’ എന്നും വചനമുണ്ട്.
‘സത്യം വദ; ധര്‍മം ചര’ എന്ന് തൈത്തിരീയ ഉപനിഷത്ത് ഉപദേശിക്കുന്നു.
വ്യാസന്‍ യോഗസൂത്രഭാഷ്യത്തില്‍ പറയുന്നു:-
‘യഥാ ദൃഷ്ടം, യഥാനുമിതം, യഥാ ശ്രുതം തഥാ വാങ് മനശ്ചേതി’ – കണ്ടതിനും കേട്ടതിനും അനുമാനിച്ചതിനും അനുസരിച്ച് മനസ്സും വാക്കും വരുന്നതാണ് സത്യം. മറ്റുള്ളവനിലേക്ക് നമ്മുടെ മനസ്സിലുള്ള ആശയങ്ങള്‍ പകരാനാണ് വാക്ക് ഉപയോഗിക്കുന്നത്. അതില്‍ കള്ളത്തരമരുത്; ഭ്രമിപ്പിക്കുന്നതാവരുത്; നിരര്‍ഥകമാവരുത്. അത് ‘സര്‍വഭൂത – ഉപകാരാര്‍ഥ’ മാവണം. വിപരീതമാവരുത്.
‘തസ്മാത് പരീക്ഷ്യ സര്‍വഭൂതഹിതം സത്യം ബ്രൂയാത്.’ – അതുകൊണ്ട് വളരെ ശ്രദ്ധിച്ച് എല്ലാവര്‍ക്കും ഹിതകരമായ സത്യം പറയണം.
‘സത്യപ്രതിഷ്ഠായാം ക്രിയാഫലാശ്രയത്വം ‘ എന്ന് പതഞ്ജലി. സത്യം ഉറച്ചാല്‍ അവന്റെ കര്‍മങ്ങള്‍ ഫലപ്രദമാകും. വ്യാസന്‍ പറയുന്നത്, സത്യവാനായ യോഗി ‘ഇവന്‍ ധാര്‍മികനാവട്ടെ’ എന്നു പറഞ്ഞാല്‍ അത് സത്യമായിത്തീരും.’ സ്വര്‍ഗം പ്രാപ്‌നുഹി’ എന്നു പറഞ്ഞാല്‍ സ്വര്‍ഗം പ്രാപിക്കും. വാക്കുകള്‍ പാഴാവില്ല എന്നു താല്പര്യം.
സത്യം ബ്രൂയാല്‍ പ്രിയം ബ്രൂയാല്‍
ന ബ്രൂയാല്‍ സത്യം അപ്രിയം
സത്യം പറയണം; പ്രിയം പറയണം. എന്നാല്‍ അപ്രിയമായ സത്യം പറയേണ്ട എന്നും വിധിയുണ്ട്.
ഭീഷ്മര്‍ ശരശയ്യയില്‍ കിടന്നുകൊണ്ട് തന്റെ പ്രിയപ്പെട്ട അനന്തിരവന്‍ യുധിഷ്ഠിരന് കൊടുത്ത ഉപദേശത്തില്‍
സത്യേഷു യതിതവ്യം വ:
സത്യം ഹി പരമം ബലം.
സത്യം പാലിക്കാന്‍ ശ്രമിക്കണം. സത്യമാണ് ബലം എന്നു പറയുന്നുണ്ട്.
കളളന്മാര്‍ ഓടിച്ചു കൊണ്ടുവന്ന ഒരു പാവത്താന്‍ നമ്മുടെ മുമ്പില്‍ ഒളിച്ചിരിക്കുന്നു. ഊരിയ വാളുമായി വന്ന കൊള്ളക്കാര്‍ അവനെ കണ്ടുവോ എന്നു ചോദിച്ചാല്‍ എന്തു പറയും? സത്യം പറഞ്ഞ് ഒരുവനെ കൊലയ്ക്കു കൊടുക്കണോ, അതോ ഹിംസ ഒഴിവാക്കുമോ? നിരപരാധികളുടെ ഹിംസ തടയുന്നതും സത്യത്തിനു തുല്യമായ ധര്‍മ്മമാണ് എന്നാണ് മഹാഭാരതത്തിന്റെ അഭിപ്രായം.
യദ്ഭൂതഹിതം അത്യന്തം
ഏതത് സത്യം മതം മമ
(സര്‍വഭൂതങ്ങള്‍ക്കും അത്യന്തം ഹിതമായതാണ് സത്യം) എന്ന് നാരദന്‍ പറയന്നുണ്ട്.
ന അപൃഷ്ട: കസ്യചിദ് ബ്രൂയാല്‍
ന ച അന്യായേന പൃച്ഛത:
(ചോദിക്കാതെ പറയരുത്. അന്യായമായി ചോദിച്ചാലും പറയരുത് )
ജാനന്നപി ഹി മേധാവീ
ജഡവല്‍ ലോക ആചരേത്.
(ഉത്തരം അറിഞ്ഞാലും പൊട്ടനെപ്പോലെ പെരുമാറിക്കൊള്ളണം)
വാളൂരിക്കൊണ്ട് നിങ്ങളുടെ നെഞ്ചത്തു കയറിയിരുന്ന്, പണമെവിടെ എന്നു ചോദിച്ചാല്‍ എന്തു പറയും? ഉത്തരം പറഞ്ഞില്ലെങ്കില്‍ തല പോകുമെന്നുറപ്പാണ്. ശ്രീകൃഷ്ണന്‍ അര്‍ജുനനോടു പറയുന്നത്
‘ശ്രേയസ്തത്രാനൃതം വക്തും
സത്യാദിതി വിചാരിതം.’
അത്തരം സമയത്ത് കള്ളം പറയുന്നതാണ് നല്ലത് എന്നാണ്.
മഹാഭാരത യുദ്ധസമയത്ത് ദ്രോണവധ സന്ദര്‍ഭത്തില്‍ ശ്രീകൃഷ്ണന്‍ തന്നെ സത്യവ്രതനായ ധര്‍മപുത്രരെ വ്യാജമായി കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഒരാനയ്ക്ക് അശ്വത്ഥാമാവെന്നു നാമകരണം ചെയ്ത് അതിനെ കൊന്ന് ‘അശ്വത്ഥാമാവ് കൊല്ലപ്പെട്ടു’ എന്നുറക്കെയും ‘ആനയോ മനുഷ്യനോ’ എന്ന് ശബ്ദം താഴ്ത്തിയും ധര്‍മപുത്രരെക്കൊണ്ട് പറയിച്ച് ദ്രോണരില്‍ പുത്രദുഃഖമുണ്ടാക്കി ദ്രോണ വധത്തിനു കളമൊരുക്കുന്നുണ്ട്. കാരണം മേല്‍പ്പറഞ്ഞതു തന്നെ.
നേരമ്പോക്കായും, സ്ത്രീകളോടും, വിവാഹകാര്യത്തിലും, പ്രാണന്‍ പോവുമെന്ന അവസരത്തിലും, സര്‍വധനവും നഷ്ടപ്പെടുമെന്ന സന്ദര്‍ഭത്തിലും – ഇങ്ങിനെ അഞ്ച് സമയത്ത് കള്ളം പറയുന്നതില്‍ പാപമില്ല എന്ന് വ്യാസനും മനുവും വിധിക്കുന്നുണ്ട്.
അതിന് കള്ളം പറയണമെന്നല്ല അര്‍ത്ഥം. അത് ആപദ്ധര്‍മമാണ്. അതിനു പ്രായശ്ചിത്തവും വിധിച്ചിട്ടുണ്ട്. യുധിഷ്ഠിരന്‍ തന്നെ കള്ളം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അതുവരെ നിലം തൊടാത്ത രഥചക്രം നിലത്തുരുണ്ടു എന്നും അദ്ദേഹത്തിന് ചെറിയ ഒരു കാലം നരകത്തില്‍ കഴിയേണ്ടി വന്നു എന്നും പറയുന്നുണ്ട്.
തനിക്കു വേണ്ടിയോ പരനുവേണ്ടിയോ നേരമ്പോക്കായിപ്പോലും കള്ളം പറയാത്തവന്‍ സ്വര്‍ഗത്തില്‍ പോകുമെന്നുറപ്പാണ് എന്ന് ശിവന്‍ പാര്‍വതിയോടു പറയുന്നു. മഹത്തുക്കള്‍ തന്റെ ജീവന്‍ ത്യജിച്ചാലും വാക്കുമാറില്ല എന്ന് ഭര്‍ത്തൃഹരി പറയുന്നു.
Comments