മനുഷ്യന് ചന്ദ്രനില്‍ കാല്‍ കുത്തിയതിന്റെ അന്‍പത്തിമൂന്നാം വാര്‍ഷികമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഗ്‌നിയും ആണവ ശക്തിയുമൊക്കെ കണ്ടെത്തിയതിനു ശേഷം മനുഷ്യന്‍ നേടുന്ന ഏറ്റവും വലിയ ശാസ്ത്രപുരോഗതിയുടെ അടയാളമാണ് അപ്പോളോ പദ്ധതികളും മനുഷ്യന്റെ ചാന്ദ്രപ്രവേശവും എന്ന് നിസ്സംശയം തന്നെ പറയാം.
ഈ മഹാനേട്ടത്തിനു യഥാര്‍ത്ഥത്തില്‍ കാരണഭൂതനായ ആ ഭീമന്‍ റോക്കറ്റിനെക്കുറിച്ചാകട്ടെ നമ്മുടെ ചര്‍ച്ച.
1962ല്‍ ആദ്യമായി സോവിയറ്റ് യൂണിയന്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചപ്പോള്‍ ആത്മാഭിമാനത്തിനു മുറിവേറ്റ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി ഒരു പ്രഖ്യാപനം നടത്തി. പത്ത് വര്‍ഷത്തിനകം അമേരിക്ക ചന്ദ്രനില്‍ മനുഷ്യനെ ഇറക്കും എന്നതായിരുന്നു അത്. പക്ഷെ ആ പ്രഖ്യാപനം നടത്തുമ്പോള്‍ അമേരിക്കയുടെ ആദ്യ മനുഷ്യന്‍ ബഹിരാകാശത്ത് എത്തിയിട്ടുപോലുമില്ല. മൂന്നു ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്ക് അണുവിട വ്യത്യാസമില്ലാതെ കൃത്യമായി എത്തുക, മനുഷ്യനെ ഇറക്കുക, സുരക്ഷിതമായി മടക്കി കൊണ്ടുവരിക എന്നത് എക്കാലത്തെയും വലിയ സാങ്കേതിക വെല്ലുവിളിയാണ്.
നാല്പത് ടണ്‍ വരുന്ന അപ്പോളോ പേടകത്തെ മൂന്നുലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന് സമീപത്തേക്ക് എയ്തു വിടാന്‍ കഴിയുന്ന ഒരു വിക്ഷേപണവാഹനം, അഥവാ റോക്കറ്റ് ആണ് പദ്ധതിയുടെ നട്ടെല്ല്. ഈ റോക്കറ്റ് ഇല്ലങ്കില്‍ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ല.
അഗ്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു വസ്തു അഥവാ പെലോഡിനെ നിര്‍ദ്ദിഷ്ട ഉയരത്തില്‍, നിര്‍ദ്ദിഷ്ട വേഗതയോടെ എത്തിക്കുക എന്നതാണ് ഒരു റോക്കറ്റിന്റെ ധര്‍മ്മം. റോക്കറ്റ് ജ്വലിച്ചു തുടങ്ങിയാല്‍ മിനിറ്റുകള്‍ കൊണ്ട് നൂറു കണക്കിന് ടണ്‍ ഇന്ധനം പല ഘട്ടങ്ങളിലായി എരിച്ച്, ഗുരുത്വബലത്തെയും വായു പ്രതിരോധത്തെയും ഭേദിച്ച് ശൂന്യാകാശത്ത് എത്തണം. ഓരോ സെക്കന്റിലും ടണ്‍ കണക്കിന് ഭാരം കുറയുമ്പോള്‍ അഗ്രത്തിലുള്ള പെലോഡ് അങ്ങനെ തന്നെ ഇരിക്കുകയാവും.അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോള്‍ കുറഞ്ഞ റോക്കറ്റ് ഭാരത്തില്‍ ഈ പെലോഡിന് മേലുള്ള സമ്മര്‍ദ്ദം നിലനിര്‍ത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അവിടെയാണ് അതിശക്തമായ എഞ്ചിനുകള്‍ വേണ്ടത്. അങ്ങനെയാണ് അറുപതുകളില്‍ അമേരിക്ക ക്രയോജനിക് എഞ്ചിന്‍ വികസിപ്പിക്കുന്നത്. ദ്രവ ഓക്‌സിജനും ദ്രവ ഹൈഡ്രജനും ഉപയോഗിക്കുന്ന ഈ എഞ്ചിന്റെ ശക്തിയിലാണ് ഭാരമേറിയ പെലോഡുകള്‍ വിക്ഷേപിക്കുന്നത്.
നാല്പത് ടണ്‍ ഭാരമുള്ള അപ്പോളോ പേടകത്തെ ആദ്യം 140 കിലോമീറ്റര്‍ ഉയരത്തിലുള്ള പാര്‍ക്കിങ് ഭ്രമണപഥത്തിലേക്കും അവിടെനിന്ന് ചന്ദ്രനിലേക്കും എത്തിക്കാന്‍ വേണ്ട പ്രവേഗവും ആവേഗവും നല്‍കുന്നതിനുള്ള റോക്കറ്റ് ആണ് സാറ്റേണ്‍ 5.
നൂറ്റിപ്പത്ത് മീറ്റര്‍, അഥവാ ഒരു മുപ്പത്താറു നില കെട്ടിടത്തിന്റെയത്രയാണ് സാറ്റേണിന്റെ ഉയരം. ശുദ്ധീകരിച്ച മണ്ണെണ്ണ ഇന്ധനമായും ദ്രവ ഓക്‌സിജനും ഉപയോഗിക്കുന്ന അഞ്ച് എ 1 ക്രയോജനിക് എഞ്ചിനുകള്‍ ഉപയോഗിക്കുന്ന ഒന്നാം ഘട്ടം, ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും ഉപയോഗിക്കുന്ന അഞ്ച് ക്രയോജനിക് J2 എഞ്ചിനുകള്‍ ഉള്ള രണ്ടാം ഘട്ടം, ഒരു J2 ക്രയോജനിക് എഞ്ചിന്‍ ഉപയോഗിക്കുന്ന മൂന്നാം ഘട്ടം എന്നിങ്ങനെയാണ് റോക്കറ്റിന്റെ ഘടന. അതായത് ആറു ക്രയോജനിക് എഞ്ചിനുകള്‍ അടക്കം പതിനൊന്ന് എഞ്ചിനുകള്‍. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്ള അഞ്ചു വീതം എഞ്ചിനുകള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ എഞ്ചിനുകള്‍ തമ്മിലുള്ള ഏകോപനം ഇന്ധനവിതരണം എല്ലാം കിറുകൃത്യമായിരിക്കണം. അല്ലങ്കില്‍ റോക്കറ്റ് വലിയൊരു തീഗോളമായി മാറും. ഇന്നുവരെ സാറ്റേണ്‍ റോക്കറ്റില്‍ അല്ലാതെ ഇത്രയധികം എഞ്ചിനുകള്‍, അതും ക്രയോജനിക് എഞ്ചിനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. അസാമാന്യമായ കഴിവും സാങ്കേതികമികവും കഠിനാധ്വാനവും ഒത്തുചേരേണ്ട കാര്യമാണിത്. അതില്‍ അമേരിക്ക വിജയിച്ചു. അങ്ങനെയാണ് അവര്‍ അമ്പിളിക്കിണ്ണത്തെ പുല്‍കിയതും.
ഇത് പറയുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു മഹാജീനിയസ്സിനെ പരാമര്‍ശിക്കാതിരിക്കുന്നത് ശരിയല്ലല്ലോ.
രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യശക്തികള്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു ജര്‍മ്മന്‍ ആയുധമായിരുന്നു അവരുടെ V2 റോക്കറ്റുകള്‍. ലണ്ടന്‍ നഗരത്തിലേക്ക് മാത്രം ജര്‍മ്മനി ആയിരത്തിലധികം V2 റോക്കറ്റുകള്‍ വിട്ടിരുന്നു. മിസ്സൈലുകളെപ്പറ്റിയും റോക്കറ്റുകളെപ്പറ്റിയുമൊക്കെ മറ്റുരാജ്യങ്ങള്‍ സ്വപ്‌നം കാണാന്‍ തുടങ്ങുന്നതിനു മുമ്പ് ജര്‍മ്മനി സ്വന്തമാക്കിയ ഈ സാങ്കേതിക മികവിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍ ആയിരുന്നു വെര്‍ണര്‍ വോണ്‍ ബ്രൗണ്‍. യുദ്ധാനന്തരം കീഴടക്കപ്പെട്ട ജര്‍മ്മനിയില്‍ നിന്ന് ആയിരത്തിയഞ്ഞൂറിലധികം റോക്കറ്റ് ശാസ്ത്രജ്ഞരോടൊപ്പം ബ്രൗണിനെയും അമേരിക്ക സ്വന്തമാക്കി കൊണ്ടുപോയി. ഇവരാണ് പിന്നീട് നാസയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചത്. ഈ വെര്‍ണര്‍ വോന്‍ ബ്രൗണ്‍ ആണ് അപ്പോളോ പദ്ധതിയുടെ നട്ടെല്ലായ സാറ്റേണ്‍ റോക്കറ്റിന്റെ പിതാവ്.

സാറ്റേണ്‍ റോക്കറ്റിന്റെ സമീപത്ത്
അതായത്, മനുഷ്യന്‍ നേടിയ ഈ മഹാനേട്ടം അമേരിക്ക എന്ന ഒരു രാജ്യത്തിന് മാത്രം അവകാശപ്പെട്ടതല്ല. ചന്ദ്രനിലേക്ക് ആദ്യകാല്‍ വെയ്ക്കുമ്പോള്‍ നീല്‍ ആംസ്‌ട്രോങ് പറഞ്ഞത് പോലെ,
‘ഒരു മനുഷ്യന് ഒരു കാല്‍വെയ്പ്പ് മാത്രം, എന്നാല്‍ മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം.’