സൂര്യ നമസ്‌കാരത്തില്‍ ഈ ആസനം വരുന്നുണ്ട്.
പര്‍വ്വതത്തെപ്പോലെ ഉറച്ചുനില്‍ക്കുക എന്നു നാം സാധാരണ പറയാറുണ്ട്. എന്നാല്‍ പുരാണങ്ങളില്‍ പറയുന്നത്, പണ്ട് പര്‍വതങ്ങള്‍ പറന്നു നടന്നിരുന്നുവെന്നാണ്. അവയ്ക്ക് ചിറകുണ്ടായിരുന്നുവത്രെ. സര്‍വത്ര ശല്യമുണ്ടാക്കുന്നതുകൊണ്ട് ദേവേന്ദ്രന്‍ തന്റെ വജ്രായുധത്താല്‍ ഈ ചിറകുകള്‍ അരിഞ്ഞു കളഞ്ഞു. എന്നാല്‍ മൈനാകം എന്ന പര്‍വതം മാത്രം കടലില്‍ ഒളിച്ചു കളഞ്ഞു. ഈ മൈനാകം ആണ് ഹനുമാന്‍ ലങ്കയിലേക്കു ചാടുമ്പോള്‍ കടലില്‍ നിന്നുയര്‍ന്നുവന്നത്.
ചെയ്യുന്ന വിധം
നിവര്‍ന്നുനില്‍ക്കുക കൈകള്‍ സാവധാനത്തില്‍ ശ്വാസം എടുത്തുകൊണ്ട് ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടു കുനിയുക. മുന്നില്‍ ഒന്നര മീറ്റര്‍ അകലെയായി കൈപ്പത്തി പതിച്ചു വയ്ക്കുക. കാല്‍പ്പത്തി നിലത്തു പതിഞ്ഞിരിക്കും. ദേഹം നല്ലവണ്ണം വലിഞ്ഞിരിക്കും. സാവധാനത്തില്‍ തലയുടെ ഉച്ചി നിലത്ത് പതിച്ചു വയ്ക്കുക. അല്പനേരം സാധാരണ ശ്വാസത്തില്‍ ഈ സ്ഥിതിയില്‍ നിലകൊള്ളുക. ശ്വാസം എടുത്തുകൊണ്ട് സാവധാനത്തില്‍ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുവരിക.
ഗുണങ്ങള്‍
കൈകളിലേയും കാലുകളിലേയും പേശികള്‍ക്കു നല്ല വലിവു കിട്ടും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കും. ഹൃദയത്തിനും ശ്വാസകോശത്തിനും ഗുണകരമാണ്. ദേഹത്തിന് മൊത്തം നല്ല വലിവും വഴക്കവും കിട്ടും. മനസ്സ് സന്തുലിതമാവും.