പ്രണയം എത്ര എഴുതിയിട്ടും തീരാത്ത വിഷയമാണ്. പ്രണയത്തിന്റെ സൂക്ഷ്മഭാവം കാമം ആണെന്ന് ഏവര്‍ക്കുമറിയാമെങ്കിലും അതിനെ മറച്ചു പിടിച്ചാണ് എല്ലാവരും എഴുതാറുള്ളത്. എന്നാല്‍ ചിലര്‍ അതിനു മിനക്കെടാറില്ല. വന്യമായ കാമത്തെ അപ്പടിതന്നെ പകര്‍ത്തിവയ്ക്കുന്നത് ഇപ്പോള്‍ പതിവാണ്. യാഥാര്‍ത്ഥ്യം അതു തന്നെയാണെങ്കിലും എല്ലാ സത്യങ്ങളും നമ്മള്‍ വെളിപ്പെടുത്താറില്ലല്ലോ! പുതിയ കാലത്തെ ഫെമിനിസ്റ്റ് എഴുത്തുകാര്‍ പ്രണയത്തില്‍ അന്തര്‍ലീനമായിരിക്കുന്ന കാമത്തെ ക്കുറിച്ച് തുറന്നെഴുതുന്നു. അവര്‍ അവരുടെ നിലപാടുകള്‍ മറച്ചു വയ്ക്കുന്നില്ല. ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അമേരിക്കന്‍ നോവലിസ്റ്റ് അലസ്സാന്ദ്ര ടോറേ(Alessandra Torre) തുറന്നടിക്കുന്നത് ഇങ്ങനെയാണ്: I hate society’s notion that there is something wrong with sex, something wrong with a women who loves sex. ഇത് ടോറേയുടെ അഭിപ്രായം മാത്രമല്ല. എല്ലാ ഫെമിനിസ്റ്റ് എഴുത്തുകാരുടേയും അഭിപ്രായമാണ്.
”ഉടലൊരു കാട്ടുപുടവ നീ അഴിയ്‌കെ ഏകാന്തമാകും ചൂരല്‍മേട് സിരകളില്‍ ഊടുപാവിട്ട് നെയ്തു നീര്‍ത്തുന്ന ചരമപട്ടോര്‍മ” എന്നിങ്ങനെ ഇന്ദുമേനോന്‍ എഴുതുമ്പോള്‍ പ്രണയം വന്യമായ കാമത്തിന്റെ ഇടങ്ങളിലേയ്ക്കല്ല സഞ്ചരിക്കുന്നത് (കലാകൗമുദി ജൂണ്‍ – 5). അവിടെ ‘ചരമപ്പട്ടിന്റെ ഓര്‍മ്മയുണ്ട്. ചരമപ്പട്ട് കല്യാണപ്പുടവയാണോ? ഒന്നും വായിച്ചെടുക്കാനാവുന്നില്ല. ബിംബങ്ങള്‍ തികച്ചും വ്യക്തിപരം. വായനക്കാരുമായി ഒട്ടും സംവദിക്കുന്നില്ല. കവിതയുടെ പേരുപോലും അജ്ഞാതത്വം നിറഞ്ഞു നില്‍ക്കുന്നത്. ‘ബപ്പിടല്‍’ എന്നതിന് ഒരടിക്കുറിപ്പൊക്കെ കൊടുത്തിട്ടുള്ളതിനാല്‍ കാര്യം പിടികിട്ടും. എന്നിരിക്കിലും കവിതയുടെ പല ഭാഗങ്ങളും നിര്‍ദ്ധാരണം ചെയ്യുക പ്രയാസം തന്നെ.
”പ്രേമം മെഴുകിയ നെയ്മിനുപ്പും”
”കണ്ണുകളില്‍ നീ കറുപ്പിച്ച പ്രാണമസ്‌കാരയും”
”കരിം ശലഭച്ചിറകുകളിളകുന്ന കടല്‍ വസന്തവും” ഒക്കെ നല്ലതുതന്നെ. പക്ഷെ ”രക്തം ചോപ്പിച്ച സിന്ദൂരമാങ്ങകള്‍” വളരെ വിലക്ഷണമായി തോന്നുന്നു. കവിത സമഗ്രതയിലും (Totality), സംവദിക്കണം. ഒറ്റപ്പെട്ട വരികളില്‍ മാത്രം പോര. അക്കാര്യത്തില്‍ കവിത പരാജയപ്പെടുന്നു; കവിയും.
പഴയവീട് ഇടിച്ച് പുതിയതു പണിയുമ്പോള്‍ ചിലര്‍ക്ക് ആനന്ദമുണ്ടാകുമെങ്കിലും ആ പഴയവീട് പണിതുയര്‍ത്താന്‍ അതിന്റെ നാഥന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അറിയാവുന്നവര്‍ക്കു ചിലപ്പോള്‍ കണ്ണു നനഞ്ഞേക്കാം. പഴയ വീടിന്റെ മുക്കിലും മൂലയിലും മനുഷ്യ നിശ്വാസത്തിന്റെ ചൂര് കവികള്‍ അനുഭവിച്ചറിയും. സാധാരണക്കാര്‍ക്ക് അങ്ങനെയൊന്നും തോന്നണമെന്നില്ല. കലാകൗമുദിയില്‍ വിഭു പിരപ്പന്‍കോട് എഴുതിയിരിക്കുന്ന കവിത ‘വീട്’ ഉള്ളില്‍ നനവൂറുന്നതുതന്നെ.
”പണ്ടു നിങ്ങളടുക്കിയുയര്‍ത്തിയ
മണ്‍ചുമരിന്നടിപ്പെട്ടു പോകാതെ
മാറിനില്‍ക്കൂ മനസ്സും പറയുന്നു.
ഓടിമാറാനാവില്ലെന്നു കാല്‍കളും”
കവിതയെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ വരികളെ ഇഷ്ടപ്പെടാതിരിക്കാനാവില്ല. ”കാരിരുമ്പിന്‍ കൈവന്നു തൊട്ടപ്പോഴേ മാറിനിന്നു മാറാലയുമോര്‍മയും” എന്നവരി സര്‍ഗസിദ്ധിയുള്ള ഒരു കവിയ്‌ക്കേ എഴുതാനാകൂ!
കവി ബോധപൂര്‍വ്വം തന്നെ ചില ‘കുനുഷ്ടു’കള്‍ കവിതയില്‍ കടത്തിവിടാന്‍ നോക്കിയിരിക്കുന്നു. അതിലൊന്ന് ‘പഴഞ്ചാലക’മാണ്. പഴയ ജാലകം എന്നതിന് അക്ഷരമൊപ്പിക്കാന്‍ പഴ+ജാലകം സന്ധിചെയ്തു പഴഞ്ചാലകമാക്കിയത് കവിയുടെ കൈക്രിയയല്ലാതെ ഭാഷാ നിയമപ്രകാരമല്ല. പഴഞ്ജാലകമല്ലേ ആവുകയുള്ളൂ. അത് തന്ത്രപൂര്‍വ്വം ചേര്‍ത്തു വച്ചതാണെന്നു തോന്നിപ്പോകുന്നു. ഭാഷാനിയമങ്ങളെ ഉല്ലംഘിക്കാന്‍ കവിക്കുള്ള അവകാശത്തിന്റെ പ്രഖ്യാപനമാണ് ഈ വാക് പ്രയോഗം എന്ന് കരുതുന്നതില്‍ തെറ്റില്ല. ‘മീനത്തില്‍ മഴ നനഞ്ഞൂറ്റി വിറയ്ക്കുന്നതും’ ഇത്തരത്തില്‍ അമിതസ്വാതന്ത്ര്യമെടുക്കുന്നതാണെന്നു പറയാം. മീനമാസത്തില്‍ മഴപെയ്യുക പതിവില്ലെന്നും അഥവാ പെയ്താല്‍ തന്നെ വിറയ്ക്കാന്‍ ഒരു സാധ്യതയുമില്ലെന്നും കവിയ്ക്ക് അറിയാത്തതല്ല. മീനം ഏറ്റവും ചൂടുള്ള മാസമാണല്ലോ! ‘മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരകിട്ടില്ല’ എന്നല്ലേ ചൊല്ല്! തന്റെ നിലപാടു സാധൂകരിക്കാനായി ‘ഉഷ്ണമീനങ്ങളില്‍’ എന്നെടുത്തു പറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തെതുടര്‍ന്ന് ഇപ്പോള്‍ മീനമാസങ്ങളില്‍ മഴപെയ്യുന്നതു പതിവാണല്ലോ! അതാവും കവി ഉദ്ദേശിക്കുന്നത്.
കര്‍ക്കട മാസം കര്‍ക്കടക മാസം എന്നൊക്കെ പറയാറുണ്ടെങ്കിലും കര്‍ക്കിടമാസം എന്നെഴുതുന്നത് ശരിയാണെന്നു തോന്നുന്നില്ല. പലരും ഇപ്പോള്‍ കര്‍ക്കിടകം, കര്‍ക്കിടം എന്നൊക്കെ എഴുതി വരുന്നുണ്ട്. ‘കര്‍ക്കിട കോളിലും’ എന്നാണ് വിഭുവും എഴുതിയിരിക്കുന്നത്. കര്‍ക്കടക്കോളിലും എന്നു മതിയാകുമെന്നു തോന്നുന്നു. കര്‍ക്കടകം കര്‍ക്കടം, കര്‍ക്കി എന്നിങ്ങനെയുള്ള പദങ്ങള്‍ക്കൊക്കെ ഞണ്ട് എന്നര്‍ത്ഥമുണ്ട്. കര്‍ക്കടകരാശിയ്ക്ക് ഞണ്ടിന്റെ ആകൃതിയാണല്ലോ കണക്കാക്കി വരുന്നത്. പാശ്ചാത്യരുടെ ‘ഇമിരലൃ’ നമ്മുടെ ഞണ്ടു തന്നെ. ‘കര്‍ക്കി’ എന്ന പദത്തിനും ഞണ്ട് എന്നര്‍ത്ഥമുള്ളതിനാലാകാം പലരും ‘കര്‍ക്കിടകം’ ‘കര്‍ക്കിടം’ എന്നൊക്കെ പ്രയോഗിക്കുന്നത്. അങ്ങനെയൊരു പ്രയോഗം സാധുവല്ല എന്നാണ് ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം.
‘കയ്പ്പിക്കുക’ ‘മണ്ണു ചുമ്മുക’ എന്നൊക്കെയുള്ള പ്രയോഗങ്ങളും കവി മനഃപൂര്‍വ്വമായി ചേര്‍ത്തവയാണെന്നു തോന്നുന്നു. കയ്ക്കുക എന്നത് കേവല പ്രയോഗമാണല്ലോ. കയ്പ്പിക്കുക പ്രയോജകവും. ‘കയ്ക്കുക’ എന്നതിന് പ്രയോജകരൂപം എവിടെയും കണ്ടിട്ടില്ല. അങ്ങനെയൊന്നു സൃഷ്ടിക്കാന്‍ കവിയ്ക്ക് അവകാശമുണ്ട്. ‘മണ്ണുചുമ്മുക’ എന്നതു ഒരു നാടന്‍ പ്രയോഗമാണ്. ചുമക്കുക എന്നതിന് നാട്ടിന്‍ പുറങ്ങളില്‍ ചുമ്മുക എന്ന് അപൂര്‍വ്വമായി പറയാറുണ്ട്. അതിനെ തിരഞ്ഞു പിടിച്ച് അവതരിപ്പിച്ചത് നല്ല കാര്യമാണ്. എന്നാല്‍ സാധാരണ വായനക്കാര്‍ക്ക് ഈ പദം പരിചയമില്ലാത്തതിനാല്‍ അതിന് ഒരു അടിക്കുറിപ്പ് കൊടുക്കുന്നത് നന്നായിരിക്കും. മൊത്തത്തില്‍ നല്ല ഒരു കവിത വായിച്ചതിന്റെ ആനന്ദം എനിക്ക് അനുഭവപ്പെടുന്നു. കവിയെ അഭിനന്ദിക്കുന്നു.
പ്രാസത്തെക്കുറിച്ചുള്ള വര്‍ത്തമാനം കേരളത്തില്‍ എവിടെയും കേള്‍ക്കാനില്ല. യൂറോപ്പില്‍ ഇപ്പോഴും ചിലരെങ്കിലും പ്രാസം ദീക്ഷിച്ച് എഴുതുകയും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. മലയാളികള്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശയില്‍ത്തന്നെ അതിനെ ഉപേക്ഷിച്ചു. ഇന്ന് കവിതയില്‍ പ്രാസമോ വൃത്തമോ ബോധപൂര്‍വ്വമായ അലങ്കാര പ്രയോഗങ്ങളോ ഇല്ല. എന്നാല്‍ കവിതയില്‍ ബോധപൂര്‍വ്വമായല്ലാതെ പ്രാസം കടന്നുവരും; അലങ്കാരങ്ങളും. അര്‍ ത്ഥം പോലെ ശബ്ദവും കവിതയ്ക്കു കാരണമാകുന്നുണ്ട്. ഗദ്യത്തിലും പലപ്പോഴും ശബ്ദങ്ങളുടെ ആവര്‍ത്തനം കൊണ്ടു മനോഹാരിതയുണ്ടാവും.
”വെട്ടിനീക്കുന്നു മകന്‍ വിശ്വാസപ്രമാണത്തെ
വെള്ളമാണയാള്‍ക്കല്ലോ മാര്‍ക്‌സിയന്‍ തത്വജ്ഞാനം.
തകരും ബൂര്‍ഷ്വാസിയില്‍ തറവാടുണ്ടോ നില്പൂ
തരുണി വേളിച്ചരക്കാകാമോകൈമാറീടാന്‍”
(തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ – ഇടശ്ശേരി)
ഈ വരികളില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ ‘വ’ കാരവും അടുത്തതില്‍ ‘ത’ കാരവും ആവര്‍ത്തിക്കുമ്പോള്‍ ഒരു പ്രത്യേക ഭംഗിയുണ്ടാവുന്നു. അതുബോധപൂര്‍വ്വം പ്രാസം സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ നിന്നും ഉണ്ടായതല്ല.
”പണ്ടത്തെ പഴംപാട്ടു പാടുവാന്‍ പാണന്‍ വന്നു” എന്നെഴുതുമ്പോള്‍ പുനരുക്തിയുടെ ദോഷമുണ്ടെങ്കിലും ‘പ’യുടെ ആവര്‍ത്തനം ശ്രാവ്യഭംഗിമാത്രമല്ല അതിലുപരിയൊരു സൗന്ദര്യം സൃഷ്ടിക്കുന്നുണ്ട്.
ഇംഗ്ലീഷില്‍ perfect rhyme, stants rhyme, Eye rhyme, Masculine rhyme, Feminine rhyme, End rhyme ഇങ്ങനെ പല വകഭേദങ്ങളുണ്ട്. നമുക്കു സായിപ്പിന്റെ രീതിയിലുള്ള പ്രാസമില്ല. ആദിപ്രാസം, അന്ത്യപ്രാസം, ദ്വിതീയാക്ഷര പ്രാസം, അന്താദിപ്രാസം, അനുപ്രാസം. ഇംഗ്ലീഷില്‍ കവിതയുടെ ഘടനയെ മൊത്തത്തില്‍ പ്രാസം ബാധിച്ചു നില്‍ക്കുന്നു. പ്രാസം ഒഴിവാക്കിയാല്‍ താളത്തിലുള്ള കവിത തന്നെ അവര്‍ക്കു സാധ്യമല്ലാതാകും. നമുക്ക് അങ്ങനെയില്ല. പ്രാസം പൂര്‍ണ്ണമായും ഒഴിവാക്കിയാലും നല്ല കവിത സൃഷ്ടിക്കാനാവും. എങ്കിലും നമ്മളറിയാതെ പലതരം പ്രാസങ്ങള്‍ കവിതയിലേക്കു കയറിവരും. അത് കവിതയുടെ സ്വഭാവസവിശേഷതകളില്‍ ഒന്നാണ്.
കലാകൗമുദിയില്‍ ഹരികുമാര്‍ കെ.പി. എഴുതിയിരിക്കുന്ന കവിത ‘വേദം വേദാന്തം’ പ്രാസത്തിന്റെ ഒരു പരീക്ഷണമാണ്. ആദിപ്രാസം മലയാളത്തില്‍ വലിയ പ്രാധാന്യമുള്ള സംഗതിയല്ല. പ്രാസവാദക്കസര്‍ത്തുകളൊക്കെ നടത്തിയത് ദ്വിതീയാക്ഷരപ്രാസത്തെ ചൊല്ലി ആയിരുന്നു. അന്താദി പ്രാസം മുന്‍കാലങ്ങളില്‍ കവിത ഓര്‍ത്തുവയ്ക്കാനുള്ള സൗകര്യത്തിനായി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. ഹരിനാമകീര്‍ത്തനത്തില്‍ ഭാഷയിലെ അക്ഷരമാല കൃത്യമായി ആവര്‍ത്തിച്ച് കവിതയെഴുതാന്‍ എഴുത്തച്ഛന്‍ നടത്തിയ ശ്രമം ഏവര്‍ക്കുമറിയാം. ഇവിടെ ഹരികുമാര്‍ നാലുവരി ഒരേ അക്ഷരം ആവര്‍ത്തിക്കുന്നു. ആദ്യത്തെ നാലു വരിയില്‍ ‘വ’ കാരം. അടുത്ത ശ്ലോകത്തില്‍ ‘ക’ തുടര്‍ന്ന് ‘സ’ ഇങ്ങനെ പോകുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ചെറിയ കൗതുകം ഉണ്ടാക്കുന്നുണ്ടെങ്കിലും കവിതയുമായി സത്യത്തില്‍ അതിനൊരു ബന്ധവുമില്ല. ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന പ്രാസം കവിതയെകൊന്നു കളയുന്നു. അബോധതലത്തില്‍ അതുണ്ടാകുമ്പോള്‍ ശബ്ദത്തെപ്പോലെ അര്‍ത്ഥത്തെയും അതു ദീപ്തമാക്കുന്നു. ഇത്തരം പരീക്ഷണങ്ങളിലൊക്കെ ഇടയ്ക്കു ചിലര്‍ ഏര്‍പ്പെടേണ്ടത് തന്നെ. ഇതൊക്കെ ഉണ്ടായിരുന്നുവെന്ന് പുതിയ തലമുറയെ ഓര്‍മ്മപ്പെടുത്തണം. ഇത്തരത്തില്‍ ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവിലാണ് കവിത ഇന്നത്തെ രൂപം ആര്‍ജ്ജിച്ചതെന്നു പുതിയ തലമുറ അറിഞ്ഞിരിക്കണം. വൃത്തത്തില്‍ ഒരു വരിപോലും എഴുതാന്‍ അറിയാത്തവര്‍ കവികളായാല്‍ അതു കവിതയെ പുഷ്ടിപ്പെടുത്തില്ല. വൃത്തരഹിതമായി എഴുതുന്നവര്‍ വൃത്തത്തില്‍ അജ്ഞന്മാരായിരിക്കരുത്. വൃത്തത്തെ കടന്നു നില്‍ക്കുന്നവരാകണം. കവിതയുടെ അടിസ്ഥാന നിയമങ്ങള്‍ എല്ലാ കവികളും അറിയേണ്ടതുതന്നെ. അറിഞ്ഞുകൊണ്ട് അവയെ ലംഘിക്കുമ്പോഴേ നല്ല കവിയും കവിതയും രൂപപ്പെടൂ. അറിവില്ലാതെ എന്തെങ്കിലും എഴുതിയാല്‍ അത് ഒരിക്കലും കവിതയാകില്ല.
Comments