ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തോട് അനുബന്ധിച്ച് പത്ത് വയസ്സുള്ള ഒരു കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ പൊതുമണ്ഡലത്തെ ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ധാരാളം കുഞ്ഞുങ്ങളെ കേരളത്തിലെ സാമൂഹ്യമാധ്യമങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. നന്നായി പാടുന്നവര്‍, ലോകമെമ്പാടും തന്നെ വൈറലായ, സൈനികരോടൊപ്പം ദേശീയഗാനം പാടുന്ന പിഞ്ചുകുട്ടി, വീരചരമം പ്രാപിച്ച പിതാവിന്റെ മൃതദേഹത്തിനു മുന്നില്‍ ഒരുതുള്ളി കണ്ണീരൊഴുക്കാതെ സല്യൂട്ട് അടിച്ച ബാല്യം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു പിഞ്ചുകുഞ്ഞ് സൈനിക ക്യാമ്പിലെ ആഘോഷപരിപാടിയില്‍ ദേശഭക്തിഗാനം ആലപിച്ചത് ദൃഢനിശ്ചയമാര്‍ന്ന സൈനികരെ പോലും കരയിച്ചതും നമ്മള്‍ കണ്ടു. പള്ളുരുത്തി തങ്ങള്‍ നഗറിലെ അഷ്‌കറിന്റെ മകനെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ സാമൂഹിക വിരുദ്ധര്‍ തോളിലേറ്റി ഇതര സമുദായക്കാരെ കൊല്ലുമെന്ന ഭീഷണി മുദ്രാവാക്യം മുഴക്കിയത്. അരിയും മലരും ഹിന്ദുക്കളും കുന്തിരിക്കം ക്രിസ്ത്യാനികളും മരണാനന്തര ചടങ്ങുകള്‍ക്കായി വാങ്ങിവെയ്ക്കാനായിരുന്നു ജിഹാദിക്കുഞ്ഞിന്റെ മുദ്രാവാക്യം.
മുദ്രാവാക്യം വിളിച്ചത് ഇസ്ലാമിക ഭീകരതയുടെ പ്രകടനപരതയോ ഇതര മതസ്ഥരെ ഭീഷണിപ്പെടുത്താനുള്ള അവരുടെ ശ്രമമോ ആയിരിക്കാം. ആസാദിയുടെ പേരുപറഞ്ഞ് ആലപ്പുഴയിലെയും കേരളത്തിലെയും പാവപ്പെട്ട ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഭയപ്പെടുത്താമെന്ന് ഇത്തിരിക്കുഞ്ഞനും അവനെ തോളിലേറ്റിയ സുഡാപ്പിയും അവനെ ഇമ്മാതിരി അധമപ്രവൃത്തിക്ക് വിട്ട അവന്റെ ബാപ്പയും കരുതുന്നുണ്ടെങ്കില്‍ അത് വെറും തമാശയായി പോലും കാണാന്‍ കേരളത്തിലെ ഹിന്ദുക്കളും ക്രൈസ്തവരും തയ്യാറല്ല. ഒരു കോമാളിയുടെ നാലാംകിട കലാപരിപാടി മാത്രമായേ അതിനെ കാണുന്നുള്ളൂ. അത്ര ഗൗരവമേ മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ പ്രാഗ് രൂപമായ സിമിക്കും സിമിയുടെ നയങ്ങള്‍ ഐ എസ്എസ്സിലൂടെ നടപ്പിലാക്കിയ അബ്ദുള്‍ നാസര്‍ മദനിക്കും ഒക്കെ കൊടുത്തിട്ടുള്ളൂ. പോപ്പുലര്‍ ഫ്രണ്ട് ഉണ്ടാകുന്നതിനും മുന്‍പ് സിമി ഉയര്‍ത്തിയ മുദ്രാവാക്യം നാം മറന്നിട്ടില്ല. ‘കാശ്മീര്‍ ഇന്ത്യയുടെ കൊസാവോ, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, 21 ല്‍ ഊരിയ വാള്‍ ഉറയിലിട്ടിട്ടില്ല സൂക്ഷിച്ചോ’, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അന്നവര്‍ വിളിച്ചത്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്നുമാത്രമല്ല, ഇസ്ലാമിക ഭീകരരും പാകിസ്ഥാനി ജിഹാദികളും കണ്ട എല്ലാ സ്വപ്‌നങ്ങളും തകര്‍ത്തെറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്തു. കാശ്മീരിനെ ഇന്ത്യയുടെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞതിനേക്കാളേറെ എന്ത് മറുപടിയാണ് വേണ്ടത്? ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യത്തിന് അന്നുതന്നെ മറുപടി നല്‍കിയിരുന്നു, ‘ഇസ്ലാമിന്റെ അന്ത്യവും ഇന്ത്യയില്‍ തന്നെ’ എന്ന്. 21 ല്‍ ഊരിയ വാള്‍ ഉറയിലിട്ടിട്ടില്ല സൂക്ഷിച്ചോ എന്ന മുദ്രാവാക്യത്തിനും അന്നുതന്നെ മറുപടി നല്‍കിയിരുന്നു, ‘ഉറയിലിടണ്ട സൂക്ഷിച്ചോ ക്ഷൗരം ചെയ്യാം’ എന്നായിരുന്നു മറുപടി. ജിഹാദിക്കുഞ്ഞിന്റെ പുതിയ മുദ്രാവാക്യത്തിന് മറുപടി ഇഷ്ടംപോലെ വന്നിട്ടുണ്ട്. മുത്തലാഖ് ചൊല്ലി അനാഥരാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞ അവന്റെ ഉമ്മയുടെ പ്രായമുള്ള ബീവിമാര്‍ക്ക് കഞ്ഞിവെയ്ക്കാനും വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വിശപ്പകറ്റാനും അരിയും മലരും ഉപയോഗിക്കാം. തെരുവിലായ അവര്‍ക്ക് കൊതുകുകടി കൊള്ളാതിരിക്കാന്‍ കുന്തിരിക്കം ഉപയോഗിക്കുകയും ചെയ്യാം.
ഇവിടത്തെ പ്രശ്‌നം ഈ സംഭവം മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതു തന്നെയാണ്. മലയാള മനോരമ ചാനല്‍ ഇതേക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ അവതാരക ഇതിനെ വളരെ ലഘൂകരിച്ചു. മുദ്രാവാക്യം മുഴക്കിയത് സംഘികള്‍ക്കെതിരെ അല്ലേ എന്നായിരുന്നു ചോദ്യം. സംഘികള്‍ എന്താ രണ്ടാംകിട പൗരന്മാരാണോ? ഹിന്ദുക്കള്‍ മതപരമായ ആവശ്യത്തിനും മരണാനന്തര ചടങ്ങിനും കുന്തിരിക്കം ഉപയോഗിക്കില്ലെന്ന കാര്യം അവതാരക മറന്നതായിരിക്കാം. എവിടെയെങ്കിലുമൊന്ന് ഉറച്ചു നിന്നാലല്ലേ അവിടത്തെ സ്ഥിതി എന്താണെന്ന് അറിയാനാകൂ. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതിന്റെ ഉള്ളുകള്ളിലേക്ക് കൂടുതല്‍ പോകുന്നില്ല. പക്ഷേ, അറിയേണ്ട ഒരുകാര്യം ഇത് മനോരമയുടെ നിലപാടാണോ എന്നതാണ്. കേരളത്തിലെ അല്ലെങ്കില്‍ ഭാരതത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തി ഭീഷണിപ്പെടുത്തുന്നത് നിയമപരമായി പോലും തെറ്റാണെന്ന് മനോരമയ്ക്ക് തോന്നുന്നില്ലേ? മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഇത് മതവിദ്വേഷമാണെന്ന് പറഞ്ഞിട്ടും മലയാള മനോരമയ്ക്ക് ഇത് മനസ്സിലാകാത്തതിന്റെ കാരണം ദുരൂഹമാണ്. സംഘികളെ ആയാല്‍ കുഴപ്പമില്ലെന്ന നിലപാട് മനോരമയുടെ ഔദ്യോഗിക നിലപാടായി മാത്രമേ കാണാന്‍ കഴിയൂ. ഔദ്യോഗികമായി അങ്ങനെയൊരു നിലപാട് എടുത്തില്ലെങ്കില്‍ എങ്ങനെയാണ് പ്രമുഖയായ ഒരു അവതാരക ഇങ്ങനെയൊരു പരാമര്‍ശം നടത്തുക?
ഇന്ന് ദേശീയതയെക്കുറിച്ചും ദേശീയ പാരമ്പര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഒക്കെ വാതോരാതെ സംസാരിക്കുന്ന മലയാള മനോരമയുടെ ഒരു പൂര്‍വ്വജന്മമുണ്ട്. അത് 1947 ആഗസ്റ്റ് 15 ന് മുന്‍പ് സ്വീകരിച്ചിരുന്ന ബ്രിട്ടീഷ് അനുകൂല നിലപാടാണ്. ‘വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി’ എന്ന പേരില്‍ ദേശാഭിമാനിയുടെ ലേഖകനായിരുന്ന ജി. ശക്തിധരന്‍ എഴുതിയ ഒരു ചെറിയ പുസ്തകം മനോരമയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും ദേശീയതാല്പര്യത്തിന്റെയുമൊക്കെ പിന്നാമ്പുറം തുറന്നുകാട്ടുന്നതാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് മനോരമ ദിനപത്രംഅബദ്ധത്തിലെങ്കിലും മഹാത്മാഗാന്ധിയെ ഗാന്ധിജി എന്ന് വിളിച്ചിട്ടുണ്ടോ? സ്വാതന്ത്ര്യദിനത്തിന്റെ തലേന്നുവരെ മിസ്റ്റര്‍ ഗാന്ധി എന്നാണ് മനോരമ വിളിച്ചിരുന്നത് എന്ന കാര്യം മാധ്യമങ്ങളെ കുറിച്ച് പഠിക്കുന്ന ആരും മറക്കില്ല. അതേസമയം, സ്വാതന്ത്ര്യസമര പോരാളികള്‍ ജീവന്‍ കൊടുത്തും പട്ടിണി കിടന്നുമാണ് മാതൃഭൂമി ദിനപത്രം കെട്ടിപ്പടുത്തത്. സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ ഏടുകളായിരുന്നു മാതൃഭൂമിയുടെ പ്രവര്‍ത്തനം. പില്‍ക്കാലത്ത് പലരും കൈയടക്കിയെങ്കിലും മാതൃഭൂമിയുടെ ഏണിപ്പടികള്‍ മഹാത്മാഗാന്ധിജിയുടെ പാദസ്പര്‍ശം ഏറ്റുവാങ്ങിയതായിരുന്നു. പത്രാധിപന്മാരെ കസേരയില്‍ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയ പാരമ്പര്യം അവര്‍ക്ക് മാത്രമേ ഉള്ളൂ. ഇന്ന് ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഗീര്‍വാണം അടിക്കുന്നതു പോലെയാണ് അന്ന് മനോരമ സ്വാതന്ത്ര്യസമര പോരാളികളെ കൈകാര്യം ചെയ്തത്.
ഇന്ന് സംഘപരിവാറിനെ ആര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയും എന്ന നിലപാട് മനോരമ സ്വീകരിക്കുമ്പോള്‍ ഒരുകാര്യം മറക്കരുത്. ആഘോഷച്ചടങ്ങുകള്‍ക്ക് മനോരമ ആവേശപൂര്‍വ്വം ഉയര്‍ത്തിക്കാട്ടുന്ന പ്രധാനമന്ത്രി മുതല്‍ താഴോട്ടും മുകളിലോട്ടുമുള്ള എല്ലാവരും, നിന്ദ്യമെന്ന് നിങ്ങള്‍ പരാമര്‍ശിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണ്. സംഘവും സംഘപരിവാറും അത്ര മോശക്കാരാണെങ്കില്‍ ഇനിമുതല്‍ കോണ്‍ക്ലേവ് അടക്കം എല്ലാ കാര്യങ്ങളില്‍ നിന്നും സംഘപരിവാറുകാരെ മാറ്റിനിര്‍ത്താന്‍ മനോരമയ്ക്ക് കഴിയുമോ? ഇനിമുതല്‍ മനോരമ ചാനല്‍ കാണുന്നതില്‍ നിന്ന് സംഘപരിവാറുകാര്‍ മാറിനില്‍ക്കണമെന്ന് പറയാന്‍ കഴിയുമോ? ഇത്രയും നിന്ദ്യരായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മലയാള മനോരമ പത്രം വാങ്ങേണ്ടെന്നും ചാനലിലും പത്രത്തിലും പരസ്യം ചെയ്യരുതെന്നും പറയാനുള്ള ആര്‍ജ്ജവമോ നട്ടെല്ലോ അവതാരകയ്‌ക്കോ മനോരമ മാനേജ്‌മെന്റിനോ ഉണ്ടോ? ആര്‍ എസ് എസ് സ്വയംസേവകര്‍ക്ക് എതിരായ മനോരമയുടെ ‘വിദ്വേഷം’ പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. കുമ്മനം ഗവര്‍ണ്ണറായപ്പോള്‍ നടത്തിയ പ്രയോഗമടക്കം ഒന്നും ആരും മറന്നിട്ടില്ല.
മനോരമ മാനേജ്‌മെന്റിനോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. മുന്‍വാതിലില്‍ക്കൂടി ആയാലും പിന്‍വാതിലില്‍ക്കൂടി ആയാലും മനോരമയിലേക്ക് വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരണീയനായ കെ.എം. മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’ വായിക്കാന്‍ കൊടുക്കണം. സ്വാതന്ത്ര്യസമരത്തിലൊന്നും പങ്കെടുത്തില്ലെങ്കിലും ഒരു മാധ്യമസ്ഥാപനം അല്ലെങ്കില്‍ കച്ചവടസ്ഥാപനം കെട്ടിപ്പടുക്കുമ്പോള്‍ സംരംഭകന്‍ അല്ലെങ്കില്‍ മുതലാളി പാലിക്കേണ്ട മാനേജ്‌മെന്റ് മര്യാദകള്‍ അതില്‍ അന്തര്‍ലീനമാണ്. ഏതു സ്ഥാപനത്തിനും അതിന്റെ ഉപയോക്താവ് അല്ലെങ്കില്‍ ഉപഭോക്താവ് രാജാവാണ്. അത് മനസ്സിലാക്കാനുള്ള സാമാന്യമര്യാദ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക്, വിശേഷിച്ചും ഇത്തരം അവതാരകര്‍ക്ക് നല്‍കാനുള്ള ഉത്തരവാദിത്തം മാനേജ്‌മെന്റിന് ഉണ്ട്. അത് മനസ്സിലാകാന്‍ അമേരിക്കയില്‍ നിന്ന് എം.ബി.എ പഠിക്കേണ്ട കാര്യമൊന്നുമില്ല. 12 എം.ബി. എക്കാരും രണ്ട് ഐ.എ.എസ്സുകാരും ഉണ്ടായിട്ടും കേരളാ സോപ്‌സ് പൂട്ടിപ്പോയി. അന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തിരുന്നത് വെറും ഏഴാംക്ലാസ് മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന ഒരു സംരംഭകന്റെ സോപ്പായിരുന്നു, സി. ആര്‍. കേശവന്‍ വൈദ്യരുടെ ചന്ദ്രിക.
അപ്രിയസത്യങ്ങള്‍ പറയരുതെന്നോ സംഘപരിവാറുകാര്‍ വിമര്‍ശനാതീതരാണെന്നോ അല്ല ഇതിനര്‍ത്ഥം. മാധ്യമങ്ങളുടെ പിന്നാലെ വാര്‍ത്തയും പ്രസ്താവനയുമായി മറ്റു രാഷ്ട്രീയക്കാരെ പോലെ വരുന്ന പ്രസ്ഥാനമല്ല സംഘപരിവാര്‍. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെറ്റു ചെയ്താല്‍ അത് ചൂണ്ടിക്കാട്ടാം. കൊടും വര്‍ഗ്ഗീയവിഷം ചുരത്തുന്ന ഒരു ജിഹാദിയുടെ വാക്കുകള്‍ ഒരു പിഞ്ചു ചുണ്ടിലൂടെ കടന്നുവരുമ്പോള്‍ അതിന്റെ പിന്നിലെ ഭീകരത കാണാതെ അത് സംഘികളെയല്ലേ എന്ന് ചോദിക്കുന്ന അധമ മനസ്സിനെ മനോരോഗാശുപത്രിയിലാണ് കൊണ്ടുപോകേണ്ടത്. കുന്തിരിക്കം വാങ്ങണോ അരിയും മലരും വാങ്ങണോ എന്ന് തീരുമാനിക്കാനാകാതെ ആശയക്കുഴപ്പത്തിലായതുകൊണ്ടായിരിക്കാം അവരില്‍ നിന്ന് ഇത്തരമൊരു വാക്ക് വന്നത് എന്ന ചിലരുടെ പരിഹാസം തള്ളിക്കളയാം. ഭീകരവാദിയേക്കാള്‍ ദുഷിച്ചതാണ് ആ മനസ്സെന്ന് പറയാതിരിക്കാനാവില്ല. വളരെ പണ്ട് ഡി.സി കിഴക്കേമുറിയെ മാതൃഭൂമിക്കു വേണ്ടി അഭിമുഖം നടത്താന്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഇന്ന് മനോരമയ്ക്ക് പ്രസക്തമായതുകൊണ്ട് ചേര്‍ക്കട്ടെ. എന്‍. ബി.എസ്സിന്റെ അമരക്കാരനായിരിക്കുമ്പോള്‍ അതിനെ മികച്ച സ്ഥാപനമായി മാറ്റി. പിന്നീട് ഡി.സി ബുക്‌സ് തുടങ്ങിയപ്പോള്‍ അത് ഏഷ്യയിലെ ഏറ്റവും വലിയ പ്രസിദ്ധീകരണശാലയായി മാറി. എന്താണ് അതിന്റെ മാനേജ്‌മെന്റ് തന്ത്രം എന്നായിരുന്നു ചോദ്യം. ‘നാളെ ഞാന്‍ മത്തി വില്‍ക്കാന്‍ പോയാല്‍ ഇന്ത്യയിലെ ഏറ്റവും നല്ല മത്തിവില്‍പ്പനക്കാരന്‍ ഞാനാകും. കാരണം എന്റെ എല്ലാ പ്രവൃത്തികള്‍ക്കും പിന്നില്‍ ഒരു സാമൂഹിക വീക്ഷണം ഉണ്ട്.’ ഡി.സി പറഞ്ഞ വാക്ക് പ്രസക്തമാണ്. ഭാരതം ഭരിക്കുന്ന ബി. ജെ.പി പോലും സംഘപരിവാര്‍ പ്രസ്ഥാനമാണ്. ആര്‍ക്കും വഴിയിലിട്ട് തല്ലാവുന്ന, ആര്‍ക്കും എപ്പോഴും അന്ത്യകര്‍മ്മങ്ങള്‍ നടത്താവുന്ന തരത്തില്‍ ഭീഷണി ഏറ്റുവാങ്ങുന്ന ഒരു പ്രസ്ഥാനമാണ് ഇതെന്ന് മനോരമയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് തുറന്നു പറയാനുള്ള അന്തസ്സുണ്ടാകണമെന്ന് ഓര്‍മ്മിപ്പിക്കട്ടെ.