മൃത്യുഞ്ജയ മന്ത്രത്തിലെ പ്രാര്‍ത്ഥന, മത്തന്‍ അതിന്റെ വള്ളിയില്‍ നിന്നും വേര്‍പെടുന്നതു പോലെ ദേഹി ദേഹത്തെ വിട്ടുപിരിയണമെന്നാണ്. ഈ മന്ത്രത്തിന്റെ അര്‍ത്ഥം സഫലമാക്കും വിധം ഇക്കഴിഞ്ഞ മെയ് 21 ന് പട്ടയില്‍ പ്രഭാകരന്‍ യശഃശരീരനായി. 87 വര്‍ഷത്തെ ധന്യജീവിതത്തിലൂടെ തലമുറകളിലേക്കാണ് അദ്ദേഹം ആത്മീയതയുടെയും സാംസ്‌കാരിക ജീവിതത്തിന്റെയും സൗരഭ്യം പടര്‍ത്തിയത്. ഹിന്ദു ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ അദ്ദേഹം പകര്‍ന്നു കൊണ്ടിരുന്നു. ബാലഗോകുലം, ഹിന്ദു ധര്‍മ്മ പരിഷത്ത്. ശ്രീനാരായണ വിചാരവേദി തുടങ്ങിയ പ്രസ്ഥാനങ്ങളിലുടെ അദ്ദേഹം സമാജത്തിന് ധര്‍മ്മ പാത കാട്ടിക്കൊടുത്തു.
ആദ്ധ്യാത്മിക പ്രഭാഷകന്‍, എഴുത്തുകാരന്‍, ചിന്തകന്‍, ഗാനരചയിതാവും ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നയാളും, നടന്‍, വില്‍പ്പാട്ട് കലാകാരന്‍ തുടങ്ങി വൈവിധ്യമാര്‍ന്നതാണ് അദ്ദേഹം കൈവെച്ച മേഖലകള്‍. ഇവയിലൊന്നിലും പ്രൊഫഷണലാവാന്‍ പ്രഭാകരേട്ടന്‍ മുതിര്‍ന്നില്ല. അവയൊക്കെ ഹിന്ദു ധര്‍മ്മപ്രചാരണം എന്ന തന്റെ ദൗത്യത്തിനുള്ള ഉപകരണങ്ങളായിരുന്നു അദ്ദേഹത്തിന്. പ്രഭാകരേട്ടന്‍ എഴുതിയ മുത്തശ്ശി രാമായണം ജനപ്രിയത കൊണ്ട് ശ്രദ്ധിക്കപ്പെട്ട കൊച്ചു കൃതിയാണ്. ബാലഗോകുലം കുട്ടികള്‍ക്കു വേണ്ടിയാണ് അത് എഴുതിയത്. അതിന് ട്യൂണ്‍ നല്‍കി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹം ബാലഗോകുലം കോഴിക്കോട് മഹാനഗരം രക്ഷാധികാരിയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാലമേളകളില്‍ കുട്ടികള്‍ക്ക് പാട്ടുപാടി രസകരമാം വിധം കഥകള്‍ പറഞ്ഞു കൊടുത്തു. അദ്ദേഹത്തിന്റെ ആഖ്യാന രീതി ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. രക്ഷാധികാരിമാര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന രക്ഷാധികാരിയായിരുന്നു. സംഘടനാ പ്രവര്‍ത്തനം നടത്തുന്ന ബാലമിത്രങ്ങള്‍ക്ക് സംഘടനാ തന്ത്രം പഠിപ്പിച്ചു കൊടുത്തു. അവര്‍ക്കൊപ്പം സംസ്ഥാന പഠന ശിബിരങ്ങളില്‍ നാടകം തയ്യാറാക്കി അഭിനയിച്ച് പ്രശംസ നേടി. സംസ്‌കാരം പകര്‍ന്നു നല്‍കുക എന്ന തന്റെ ദൗത്യം ജീവിതാവസാനം വരെ അദ്ദേഹം മുടങ്ങാതെ നിര്‍വ്വഹിച്ചു പോന്നു. ദീര്‍ഘകാലം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ കുട്ടികള്‍ക്കായി പ്രതിവാര ക്ലാസ്സുകള്‍ നടത്തിയ അദ്ദേഹം അതിനായി പാഠ്യപദ്ധതിയും തയ്യാറാക്കി.
മുതലക്കുളം ഭാഗത്തെ പൗര പ്രമാണിയും സംസ്‌കൃത പണ്ഡിതനുമായ അച്ഛന്‍ കുട്ടനില്‍ നിന്നാണ് സംസ്‌കൃതവും രാമായണവും ജ്യോതിഷവും മറ്റും ആദ്യം പഠിച്ചത്. ഔദ്യോഗിക വിദ്യാഭ്യാസത്തിനു ശേഷം ആരോഗ്യ വകുപ്പില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും ജോലി ചെയ്തു. അതിനിടയിലും ഗുരുദേവ കൃതികളിലും മറ്റും ആണ്ടിറങ്ങി. സയന്റിഫിക് ഓഫീസറായി വിരമിച്ച ശേഷം സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദമെടുത്തു. പിന്നീട് സംസ്‌കൃതത്തിന്റെ പ്രചാരകനായി. വിശ്വ സംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ഉപാദ്ധ്യക്ഷനായി. സ്വന്തം വീട്ടുമുറ്റത്ത് ക്ലാസ് മുറി തയ്യാറാക്കി സൗജന്യമായി സംസ്‌കൃതം പഠിപ്പിച്ചു. ബിരുദ വിദ്യാര്‍ത്ഥികള്‍ മുതല്‍ പാമരന്മാര്‍ വരെ പഠിക്കാനെത്തി. വലിയൊരു ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ട്. അനായാസമായി സംസാരത്തിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ജന.സെക്രട്ടറി എന്ന ചുമതല വഹിച്ചു കൊണ്ട് അദ്ദേഹം ഹിന്ദുധര്‍മ്മ ജാഗരണം നിര്‍വ്വഹിച്ചു. കോഴിക്കോട് ശ്രീനാരായണ സെന്റിനറിഹാളില്‍ നടന്ന സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ സനാതന ധര്‍മ്മ ബോധം വളര്‍ത്താന്‍ സഹായിച്ചു. ഹൈന്ദവ ധര്‍മ്മസംബന്ധമായ വിപുലമായ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള ചിന്തയിലായിരുന്നു അവസാന കാലത്ത് അദ്ദേഹം. ശ്രീ നാരായണ വിചാര പരിഷത്ത് എന്ന കൂട്ടായ്മ വഴി മാസം തോറും നടത്തിയിരുന്ന യോഗങ്ങളില്‍ അദ്ദേഹവും വിദ്യാ വാചസ്പതി വി. പനോളിയും മറ്റു ചിന്തകരും പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഗുരുദേവ കൃതികളെയായിരുന്നു അതില്‍ മുഖ്യവിഷയമാക്കിയിരുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി ഭക്തിയുടെയും ധര്‍മ്മചിന്തയുടെയും പ്രകാശം പരത്തി. രാമായണമാസകാലത്ത് പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിച്ചു. ആകാശവാണിയിലെ പ്രഭാഷണം, വിവിധ പത്രങ്ങളിലും സ്മരണികകളിലുമെഴുതിയ ലേഖനങ്ങള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവന ചിതറിക്കിടക്കുന്നുണ്ട്.
മൂന്ന് സകാരങ്ങളുടെ പ്രചരണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതദൗത്യം എന്നു വിലയിരുത്താം. ആ മൂന്നു സകാരങ്ങള്‍ സംസ്‌കാരം, സംസ്‌കൃതം, സമാജ ജാഗരണം എന്നിവയാണ്. ഈ ദൗത്യ നിര്‍വ്വഹണം നിഷ്‌കാമ ചിന്തയോടെ സൗമ്യനായി സുസ്‌മേര വദനനായി അദ്ദേഹം നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്റെ സ്മരണ സൗരഭ്യമായി സനാതന ധര്‍മ്മസ്‌നേഹികളെ പ്രചോദിപ്പിക്കും എന്നതില്‍ സംശയമില്ല.