നളന്ദയിലെ വിശ്വപ്രസിദ്ധമായ പ്രാചീനസര്‍വ്വകലാശാലയ്ക്കു സമീപം എത്തിയപ്പോള്‍ മനസ്സു വല്ലാതെ തുടിച്ചു. കേട്ടറിവു മാത്രമുള്ള നളന്ദ. ഗേറ്റിനു മുന്നില്‍ നിന്നപ്പോള്‍ ഓര്‍ത്തു. 800 വര്‍ഷങ്ങള്‍ കൊണ്ട് എത്രയോ പണ്ഡിതാഗ്രേസരന്മാരെ സൃഷ്ടിച്ച വിശ്വപ്രസിദ്ധമായ ജ്ഞാനഗേഹത്തിന്റെ മുന്നിലാണ് നില്ക്കുന്നത്. അതിശയിപ്പിക്കുന്ന ഗുണമേന്മയുടെ പര്യായമാണ് മതില്‍ക്കെട്ടിനുള്ളില്‍ തകര്‍ന്നു കിടന്നു തേങ്ങുന്നത്. ഇവിടെ കാലം ഭവ്യമായി തൊഴുതു നില്‍ക്കുന്നു. ഭൂതകാലത്തിന്റെ മഹിമകളെ മറക്കാനരുതാത്തപോലെ. വിനമ്രമായ മനസ്സുമായി ഞങ്ങള്‍ നളന്ദയുടെ കാമ്പസിന് ഉള്ളിലേക്കു നടന്നു.
രവികുമാര്‍ സിംഗ് എന്നു പേരുള്ള ഗൈഡിന്റെ വിവരണങ്ങളിലൂടെ ഞങ്ങള്‍ നളന്ദയെന്ന അത്ഭുത ലോകത്തിന്റെ ഉള്ളറകള്‍ തുറന്നു. വീതിയേറിയ റോഡിനിരുപുറവുമായി നിന്ന് തണല്‍ വിരിച്ച അരണമരങ്ങള്‍. ഉയരത്തെക്കാളേറെ വലിപ്പമാണവയ്ക്കു കൂടുതല്‍. തഴച്ച ഇലക്കൂട്ടങ്ങള്‍ കൊണ്ടവ സൂര്യപ്രകാശം വഴിയിലേക്കു വീഴുന്നതു തടയുന്നു.പുല്ലു പിടിപ്പിച്ച് മനോഹരമാക്കിയ പരിസരം. ഉള്ളിലേക്കു നടക്കുമ്പോള്‍ ചുറ്റുപാടും ആകാംക്ഷയോടെ കണ്ണുകള്‍ പരതി. എവിടെ? എവിടെയാണ് തകര്‍ന്നടിഞ്ഞ ആ വിജ്ഞാനഭണ്ഡാരത്തിന്റെ ശേഷിപ്പുകള്‍ ഔചിത്യം തീണ്ടാത്ത മനുഷ്യസമൂഹത്തിനു നേര്‍ക്കുള്ള ചോദ്യചിഹ്നങ്ങളെന്നോണം മരവിച്ചു കിടക്കുന്നത്? വലതു വശത്ത് കെട്ടിടാവശിഷ്ടങ്ങള്‍ എന്നു തോന്നിക്കുന്ന ഇഷ്ടികനിര്‍മ്മിതികള്‍ . അതിനെച്ചൂണ്ടി അതിന് 80 മീറ്റര്‍ ഉയരമുണ്ടായിരുന്നുവെന്ന് ഗൈഡ് അറിയിച്ചപ്പോള്‍ ഓര്‍ത്തു, അപമൃത്യു പുല്കിയ സാംസ്‌ക്കാരിക ക്ഷേത്രത്തിന്റെ ദുരന്തകഥ ഇവിടെ തുടങ്ങുന്നു.
പട്‌നയുടെ തെക്കു കിഴക്കു ഭാഗത്ത് ഏകദേശം 95 കി.മീ അകലെയായാണ് ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര റസിഡന്‍ഷ്യല്‍ സര്‍വ്വകലാശാലയായ നളന്ദ സ്ഥിതി ചെയ്യുന്നത്. ഒരേ സമയം 10000 വിദ്യാര്‍ത്ഥികളെയും രണ്ടായിരം അധ്യാപകരെയും ഉള്‍ക്കൊണ്ടിരുന്ന അതീവ ബൃഹത്തായ ഈ സര്‍വ്വകലാശാല അഞ്ചാംനൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ടു വരെ വിജ്ഞാനാര്‍ത്ഥികള്‍ക്ക് പുണ്യഭൂമിയായി നിലകൊണ്ടിരുന്നു. ഇന്ത്യയിലെ വിശ്വ വിഖ്യാതമായ നളന്ദ, തക്ഷശില, വിക്രംശില എന്നീ സര്‍വ്വകലാശാലകളില്‍ ഏറ്റവും പ്രാചീനമായത് നളന്ദയാണ്. ‘നള്‍’, ‘നളക്’് എന്നീ പാലി ശബ്ദങ്ങളില്‍ നിന്നു രൂപപ്പെട്ട നളന്ദ എന്ന വാക്കിന് ജ്ഞാനം നല്കുന്ന എന്നാണ് അര്‍ത്ഥം.
നളന്ദയുടെ മതില്‍ക്കെട്ടിനു പുറത്ത് വിവിധ നിറങ്ങളിലുള്ള ഡാലിയപ്പുക്കളുടെ പ്രളയം ഉയരമുള്ള മതില്‍ വെട്ടിമുറിച്ച് നിര്‍മ്മിച്ച പുതിയ വഴിയിലൂടെ അകത്തേക്ക്. ചുടുകട്ടകൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടാല്‍ എത്ര ആസൂത്രിതമായി നിര്‍മ്മിച്ചവയാണ് അവയെന്നു മനസ്സിലാക്കാം. ഇവിടത്തെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ഇഷ്ടികകള്‍ക്ക് 15 ഇഞ്ച് നീളവും 10 ഇഞ്ച് വീതിയും ആണുള്ളത്. ഗുപ്തസാമ്രാജ്യത്തിന്റെ വിജ്ഞാന-സംസ്‌കാര വിശേഷത്തിന്റെ നിദര്‍ശനമെന്നോണം അഞ്ചും ആറും നൂറ്റാണ്ടുകളില്‍ പ്രശസ്തിയുടെ പരമോന്നതിയിലേക്കുയര്‍ന്ന നളന്ദ ഒമ്പതാം നൂറ്റാണ്ടുവരെ അതിന്റെ വൈശിഷ്ട്യം നിലനിര്‍ത്തി. ഏഴാം നൂറ്റാണ്ടില്‍ ഹര്‍ഷവര്‍ദ്ധനന്റെ കാലത്ത് ഇവിടം സന്ദര്‍ശിച്ചു വസിക്കുകയും അധ്യനം നടത്തുകയും ചെയ്ത ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍സാങ് നളന്ദയുടെ പ്രഭവകാലത്തെ വിവരിച്ചിട്ടുണ്ട്.
”അതീവബുദ്ധിശാലികളും സമര്‍ത്ഥരുമായിരുന്നു ഇവിടത്തെ അധ്യാപകര്‍. ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാര്‍ത്ഥമായി പിന്‍തുടര്‍ന്നിരുന്നു. ഇവിടത്തെ നിയമങ്ങള്‍ വളരെ കര്‍ക്കശമായിരുന്നു. എന്നാല്‍ ഏവരും അവ നിഷ്‌കര്‍ഷയോടെ പാലിച്ചു പോന്നു. പകല്‍ സമയം മുഴുവന്‍ ഇവിടെ ചര്‍ച്ചകള്‍ നടന്നിരുന്നു. ചെറുപ്പക്കാരും മുതിര്‍ന്നവരും പരസ്പരം സഹായിച്ചിരുന്നു. അഭ്യസ്തവിദ്യരായ പലരും തങ്ങളുടെ സംശയങ്ങള്‍ക്ക് പരിഹാരം നേടുന്നതിന് നളന്ദ സന്ദര്‍ശിക്കാറുണ്ടായിരുന്നു.” ഉയര്‍ന്ന മതില്‍ക്കെട്ടിനുള്ളില്‍ വിഹാരങ്ങളും നൂറോളം പ്രഭാഷണശാലകളും ആയിരക്കണക്കിനു പുസ്തകങ്ങള്‍ ഉള്ള ഒമ്പതു നിലക്കെട്ടിടത്തിലെ പടുകൂറ്റന്‍ ലൈബ്രറിയും, വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളും ക്ഷേത്രങ്ങളും ഒക്കെയുണ്ടെന്ന് അദ്ദേഹം വിവരിച്ചു. നളന്ദ മണ്ണിനടിയില്‍ നിന്നു കുഴിച്ചെടുക്കപ്പെട്ട ചില അവശിഷ്ടങ്ങള്‍ മാത്രമായി ശേഷിച്ചു നില്‍ക്കുന്ന കാഴ്ച്ച ആരെയും നൊമ്പരപ്പെടുത്തുന്നതാണ്.
ഒരുച്ചനേരമായിരുന്നു ഞങ്ങള്‍ നളന്ദയിലെത്തിയത്. വെയിലില്‍ തിളച്ചു നില്‍ക്കുന്ന പരിസരം. മേല്‍ക്കൂരയില്ലാത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി. ചുവരുകളുടെ തണലില്‍ നില്‍ക്കുമ്പോഴെല്ലാം സുഖദമായ ഒരു തണുപ്പ് അനുഭവപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ നിര്‍മ്മിച്ച കുറെയേറെ കെട്ടിടങ്ങള്‍ ഞങ്ങള്‍ കണ്ടു. ചതുരാകൃതിയില്‍, നടുമുറ്റത്തോടെ നിര്‍മ്മിച്ച ഒരു വിഹാരത്തിലേക്ക് ഗൈഡ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മധ്യത്ത് ഉള്ള മുറ്റത്തിനു ചുറ്റുമായി അനേകം ചെറിയ മുറികള്‍ ഉണ്ടായിരുന്നു. സാമാന്യം വലുപ്പമുള്ള അറകള്‍ പോലുള്ള ഈ മുറികളില്‍ ആണത്രെ വിദ്യാര്‍ത്ഥികള്‍ വസിച്ചിരുന്നത്. തീയില്‍ പെട്ടു നശിച്ചതിന്റെ തെളിവെന്നോണം ഇവയുടെ ഭിത്തിയില്‍ കറുത്ത പാടുകള്‍ ഉണ്ടായിരുന്നു. ഓരോന്നിലും ചെറിയ ചുവര്‍ അലമാര പോലെ ഒരു ഭാഗം ഉണ്ടായിരുന്നു. ഇത് അവര്‍ക്ക് പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി നിര്‍മ്മിച്ചവയായിരുന്നു.
വിശാലമായ നടുമുറ്റത്തിന്റെ ഒരു ഓരത്ത് അധ്യാപകന് ഇരുന്നു പഠിപ്പിക്കാവുന്ന തരത്തില്‍ ഉയര്‍ന്ന ഒരു ഭാഗം ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍ കല്ലു പാകിയിട്ടുണ്ടായിരുന്നു. ആ ഉയര്‍ന്ന ഭാഗത്ത് ഒരു അധ്യാപകനെയും കരിങ്കല്‍ പാളികളില്‍ ചാണക്യനെപ്പോലെ കുടുമ വച്ച കുറെ വിദ്യാര്‍ത്ഥികളെയും സങ്കല്‍പ്പിച്ചപ്പോള്‍ വല്ലാത്ത ഒരു വൈകാരികത അനുഭവപ്പെട്ടു. നിലത്ത് പാറയുടെ പാളി എന്നു തോന്നിക്കുന്ന ഭാഗം. അത് മൈക്കയുടെ ഫലകമാണത്രെ. സൂര്യപ്രകാശവും ചന്ദ്രപ്രകാശവും ഇതില്‍ തട്ടി പ്രതിഫലിച്ച് വിഹാരത്തെയാകെ പ്രകാശപൂരിതമാക്കിയിരുന്നു. ഒന്നരമീറ്ററോളം നീളവും, ഒന്നരയടി വീതിയും ഒരടിയോളം ഘനവുമുള്ള ഇത്തരം മൈക്കഫലകങ്ങള്‍ ഈ വിഹാരങ്ങളിലാകമാനം പതിപ്പിച്ചിരുന്നു. അവയില്‍ രണ്ടെണ്ണമൊഴികെ മറ്റെല്ലാം നളന്ദയെ നശിപ്പിച്ച മുക്ത്യാര്‍ ഖില്‍ജിയുടെ ആള്‍ക്കാര്‍ ഇളക്കിക്കൊണ്ടു പോയത്രെ.
കൗതുകകരമായ മറ്റൊരു കാഴ്ച്ച അസംബ്ലിഹാളാണ്. തറയോടു പാകിയ അസംബ്ലിഹാള്‍ മേല്‍ക്കൂരയോടു കൂടിയതായിരുന്നുവോ അല്ലയോ എന്നു വ്യക്തമല്ല. എന്നാല്‍ അതിന്റെ ഒരു ഭാഗത്ത് കുറെ പടിക്കെട്ടുകളോടു കൂടിയ ഒരു പ്ലാറ്റ്‌ഫോം കാണാം. നളന്ദയിലെ പ്രധാന ക്ഷേത്രം ഇതിനടുത്താണ്. ഇവിടെ കുമാരഗുപ്തന്‍, ഹര്‍ഷവര്‍ദ്ധന്‍, ധര്‍മ്മപാലന്‍ എന്നീ മൂന്നു ഭരണാധികാരികള്‍ നിര്‍മ്മിച്ച ക്ഷേത്രഭാഗങ്ങള്‍ കാണാം. ക്ഷേത്രാങ്കണത്തില്‍ ഹൈന്ദവക്‌ഷേങ്ങ്രളിലെ ബലിക്കല്ലുകളോടു സാമ്യം തോന്നിക്കുന്ന ഒരു മീറ്ററിലേറെ പൊക്കവും വ്യാസവുമുള്ള കുറെ ചെറിയ സ്തൂപങ്ങള്‍ കാണാം. തകര്‍ക്കപ്പെട്ടു കിടക്കുന്ന ഒരടിയിലേറെ വ്യാസമുള്ള കരിങ്കല്‍ത്തൂണുകള്‍ നളന്ദയെ ആക്രമിച്ചു നശിപ്പിച്ചവരുടെ ആക്രമണപടുതയിലേക്കു വിരല്‍ ചൂണ്ടി.
നളന്ദ മൂന്നു പ്രാവശ്യം ആക്രമിക്കപ്പെട്ടതായി ചരിത്രം പറയുന്നു. ആദ്യം ഹൂണന്മാരുടെ ആക്രമണത്തില്‍ നിന്ന് സ്‌കന്ദഗുപ്തന്റെ പിന്‍തലമുറയും രണ്ടാമത് ഗൗഡകളുടെ ആക്രമണത്തില്‍ നിന്ന് ഹര്‍ഷവര്‍ദ്ധനനും നളന്ദയുടെ വിപുലമായ ഗ്രന്ഥാലയത്തെ വീണ്ടെടുത്തു നിലനിര്‍ത്തിയെങ്കിലും മൂന്നാമത് ഉണ്ടായ മുസ്ലീങ്ങളുടെ ആക്രമണത്തെ അതിജീവിക്കുവാന്‍ നളന്ദയ്ക്കു കഴിഞ്ഞില്ല
1193ല്‍ മുക്ത്യാര്‍ ഖില്‍ജി നളന്ദയെ ആക്രമിച്ചു നശിപ്പിക്കുകയായിരുന്നു. ഇവിടത്തെ ഒമ്പതു ദശലക്ഷത്തോളം ഗ്രന്ഥങ്ങളടങ്ങിയ അതീവബൃഹത്തായ ലൈബ്രറി ആ അക്ഷരവൈരി തീയിട്ടു നശിപ്പിച്ചു. ഈ ഗ്രന്ഥങ്ങള്‍ പുകഞ്ഞു കത്തിത്തീരാന്‍ മൂന്നു മാസക്കാലമെടുത്തു എന്നാണ് പറയപ്പെടുന്നത്. ഈ മുസ്ലിം ആക്രമണകാരികള്‍ വിഹാരങ്ങള്‍ നശിപ്പിക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും പണ്ഡിതന്മാരെയും സന്യാസിമാരെയും കൊല്ലുകയും ചെയ്തുവത്രെ. ഇതോടെ എട്ടു നൂറ്റാണ്ടുകള്‍ ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു നിന്നിരുന്ന നളന്ദ നശിച്ചു നാമാവശേഷമായിത്തിരുകയായിരുന്നു.
ഇത്തരമൊരു ദുഷ്‌കര്‍മ്മത്തിനു മുക്ത്യാര്‍ ഖില്‍ജിയെ പ്രേരിപ്പിച്ചത് അന്ധമായ അദ്ദേഹത്തിന്റെ മത വിശ്വാസം തന്നെയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് ഭീഷണമായ ഏതോ രോഗം പിടിപെട്ടു. അദ്ദേഹത്തിന്റെ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കൊട്ടാരത്തിലെ വൈദ്യന്മാര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. നളന്ദ സര്‍വ്വകലാശാലയുടെ പ്രധാനാധ്യാപകനായിരുന്ന ശീലഭദ്രനെ സമീപിച്ചാല്‍ രോഗം മാറുമെന്ന് ആരോ അദ്ദേഹത്തെ ഉപദേശിച്ചുവെങ്കിലും തന്റെ മതാനുയായിയല്ലാത്ത ഒരാളില്‍ നിന്ന് ചികിത്സ സ്വീകരിക്കുവാന്‍ അദ്ദേഹം ആദ്യം തയ്യാറായില്ല. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ മറ്റു വഴിയില്ലാത്തതിനാല്‍ അദ്ദേഹം ശീലഭദ്രനെ സമീപിച്ചുവെങ്കിലും മരുന്നില്ലാതെ വേണം തന്നെ സുഖപ്പെടുത്തേണ്ടതെന്നു ശഠിച്ച അദ്ദേഹത്തോട് ഖുറാന്റെ ചില പ്രത്യേക പേജുകള്‍ വായിക്കാനാവശ്യപ്പെടുകയാണ് ശീലഭദ്രന്‍ ചെയ്തത്. അതിലൂടെ മാത്രം രോഗം മാറി. എങ്കിലും തന്റെ കൊട്ടാരവൈദ്യന്മാര്‍ക്ക് കഴിയാതിരുന്നത് ഒരു അധ്യാപകനായ ഭാരതീയ പണ്ഡിതനു കഴിഞ്ഞുവെന്ന വസ്തുത ഖില്‍ജിയെ അസ്വസ്ഥനാക്കുകയും ഈ നന്മയ്ക്കു അദ്ദേഹത്തെ പ്രാപ്തനാക്കിയ നളന്ദയെന്ന വിജ്ഞാനഗേഹം പൂര്‍ണ്ണമായി നശിപ്പിക്കാന്‍ നന്ദികെട്ട ആ മുസ്ലിം ഭരണാധികാരി തീരുമാനിക്കുകയും ചെയ്തുവെന്നത് ഭാരതീയ ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ വസ്തുതയാണ്.
ഹ്യുയന്‍സാങ്ങിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഒരു ഹാളും ഒരു ആര്‍ക്കിയോളജി മ്യൂസിയവും ഇവിടെ ഉണ്ട്. നളന്ദയില്‍ നിന്ന് കുഴിച്ചെടുത്ത വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
നളന്ദയുടെ അവശിഷ്ടങ്ങള്‍ ചുറ്റിനടന്നു കണ്ട് വെയിലേറ്റു തളര്‍ന്ന് ഒരു മരച്ചുവട്ടിലെ സിമന്റ് ബെഞ്ചില്‍ ഒന്നു വിശ്രമിക്കാനിരുന്നപ്പോള്‍ അകലെ കാണപ്പെട്ട സംസ്‌ക്കാരാവശിഷ്ടങ്ങള്‍ മനസ്സില്‍ വല്ലാതെ നൊമ്പരമുണര്‍ത്തി. സാന്ത്വനിപ്പിക്കാനെന്നവണ്ണം തുടര്‍ച്ചയായി വീശുന്ന കാറ്റിന്റെ ചുമലിലേക്കു തലചായ്ച്ച് ഞാനിരുന്നു. കാറ്റിന് ഇത്രയും ഹൃദ്യതയുണ്ടെന്ന് മുമ്പെങ്ങും തോന്നിയിട്ടില്ല . ഇവിടത്തെ അതുല്യ വിജ്ഞാനത്തിന്റെ അമൂല്യ ശേഖരത്തെ ജ്വലിപ്പിക്കാന്‍ അന്ന് ഈ കാറ്റ് അഗ്നിയെ സഹായിച്ചിരുന്നുവോ? അറിയില്ല.
‘ഭരണകൂടത്തിന് വിദ്യാഭ്യാസവും സംസ്‌ക്കാരവുമുള്ള ജനങ്ങള്‍ എന്നും തലവേദനയായിരുന്നു. അതു കൊണ്ടാണ് വിജ്ഞാന വ്യാപനം തടയാന്‍ മുക്ത്യാര്‍ ഖില്‍ജി ഇതു നശിപ്പിച്ചത്. ഇന്നും ഇവിടെ എത്തുന്നവരില്‍ നമ്മുടെ സംസ്‌ക്കാരത്തിനുണ്ടായ ഈ നഷ്ടം ഓര്‍ത്ത് ഒരു തുള്ളി കണ്ണീര്‍ പൊഴിയ്ക്കുന്നവര്‍ എത്രപേരുണ്ടാവും?’
മനസ്സു നിറഞ്ഞ പരിതാപത്തോടെ മടക്കയാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഓര്‍ത്തു. നളന്ദ ഒരു ധനമാണ്. നശിപ്പിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് എണ്ണൂറു വര്‍ഷങ്ങള്‍ക്കു ശേഷം, പൂര്‍ണ്ണമായ അവസ്ഥയിലല്ലെങ്കിലും ഇന്ന് ഉയിര്‍ത്തെഴുന്നേല്പു നേടുന്ന ഒരു ധനം. ഭാവി തലമുറ അതിന്റെ തണലില്‍ പഠിച്ചു വളര്‍ന്ന് വീണ്ടും ഭാരതത്തിന്റെ ഖ്യാതി ലോകമെങ്ങും പരത്തുക തന്നെ ചെയ്യും.