നന്മയുടെ ആടയാഭരണങ്ങളുമായി വിഷു വന്നു ; പൈതൃകത്തനിമയുടെ ഭംഗി വിതറിക്കൊണ്ട് . ജീവിതത്തിലെ ഉര്‍വ്വരതയുമായി ബദ്ധപ്പെട്ടുള്ള ഉത്സവമാണ് വിഷു. കൊല്ലത്തിലൊരിക്കല്‍ രാത്രിയും പകലും വ്യത്യസ്തമാകാതെ കൃത്യതപ്പെടുന്ന ദിവസം .മേടം ഒന്നുതന്നെ; അതായത് വിഷുദിനം .
അതിജീവനത്തിന്റെ ആധാരമൂര്‍ത്തിയാണ് സൂര്യന്‍ . ആദിമകാലം മുതല്‍ സൂര്യന്‍ ആരാധിയ്ക്കപ്പെടുന്നു . ഭൂമിയിലെസര്‍വ്വസമ്പത്തിന്റെയും കാലത്തിന്റെയും സാക്ഷിയായ സൂര്യനെ ആരാധിയ്ക്കുന്ന ഒരു പതിവ് പണ്ടേ നിലനിന്നു പോന്നിരുന്നു. മഞ്ഞക്കണിക്കൊന്നയും സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന കണിവെള്ളരിയും കണ്ണന്റെ മഞ്ഞപ്പട്ടും മഞ്ഞനിറമാര്‍ന്ന മാമ്പഴവും എല്ലാമെല്ലാം സൂര്യസാന്നിദ്ധ്യത്തെ കുറിക്കുന്നു.
കാലം കളഞ്ഞുപോകാത്ത ആചാരവിശേഷങ്ങളുടെ അംശസൗഭാഗ്യങ്ങളില്‍ തിളക്കത്തോടെ ഇന്നും വിഷുവും , കണിക്കൊന്നയും, കൈനീട്ടവുമുണ്ട് . മലയാളിയുടെ പുതുവര്‍ഷം കൂടിയാണ് വിഷു . നമ്മുടെ മറ്റാചാരങ്ങളില്‍നിന്നും വ്യത്യസ്തമായി പ്രകൃതിയോട്, ആ മഹാസൂര്യപ്രഭാവത്തോടു ഇത്രയധികം ഗാഢമായ ഒരാരാധന വിഷുആചാരാനുഷ്ഠാനങ്ങളിലല്ലാതെ , തമിഴരുടെ മകരപ്പൊങ്കലില്‍ മാത്രമേ കാണാന്‍ കഴിയൂ .
കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ പൊടിമണവും അടിമുടി സ്വര്‍ണ്ണത്താലി ചാര്‍ത്തിയ കൊന്നയും വിഷുവിന്റെ മാത്രം പ്രത്യേകതയാണ്. ഭൂമിയില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു വരുംകാലത്തേക്കുള്ള തങ്ങളുടെ വിളകളെ സമൃദ്ധമാക്കിത്തരണേയെന്ന പ്രാര്‍ത്ഥനയോടെ പലയിടങ്ങളിലും പണ്ടുമുതലേ നടന്നുവന്നിരുന്ന ‘ഉദയംപൂജ’ പ്രസിദ്ധമാണ് . വിഷുവിനോടനുബന്ധിച്ചാണ് ഈ ചടങ്ങു നടന്നു വന്നിരുന്നത്.
മലയാളിയുടെ ഓര്‍മ്മയില്‍ ഗൃഹാതുരത്വം വര്‍ഷിച്ചുനില്‍ക്കുന്ന വസന്തഋതുവാണ് വിഷു . മേടവിഷുവിനു സൂര്യന്‍ ഭൂമധ്യരേഖയോട് അടുക്കുന്ന ഈ വേളയില്‍ സൂര്യനാണ് , ഭൂമിയുടെ വീര്യവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിയ്ക്കുന്നതെന്നാണ്. രാശിചക്രത്തില്‍ പരിക്രമണമുഹൂര്‍ത്തമാണിത് . രാശി എന്നാല്‍ ഒരു വൃത്തത്തെ പന്ത്രണ്ടു തുല്യഭാഗങ്ങളായി വിഭജിക്കുന്നതില്‍ നിന്നുണ്ടാകുന്ന ഒരു ഭാഗമാണ് .രാശിക്ക് മാസമെന്നും പേരുണ്ട് .
കിഴക്കു മേടം മുതല്‍ വലത്തോട്ടു മീനംവരെയുള്ള ഓരോ രാശികള്‍ക്കും ഓരോ പേരുണ്ട് . അപ്രകാരമുള്ള പന്ത്രണ്ടു രാശികള്‍ -മാസങ്ങള്‍ – കൂടിയതാണ് ഒരു വര്‍ഷം . ആ ഒരുവര്‍ഷത്തെ സമൃദ്ധിയുടെ പ്രവര്‍ത്യുന്മുഖമായ രാശിചക്രപരിണാമദിശയുടെ ആരംഭമാണ് വിഷുസമാരംഭമായ മേടമാസാരംഭം .
ജ്യോതിശ്ശാസ്ത്രവിധിപ്രകാരമുള്ള എല്ലാ നിര്‍ണ്ണയങ്ങളും -കണക്കുകളും – മേടം ഒന്നാംതീയതിയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിരിയ്കുന്നു.
പുഷ്ടിയുടെയും തുഷ്ടിയുടെയും പ്രതീക്ഷയുടെയും പ്രസന്നതയുടെയും അമൃതം ഭൂമിയില്‍ നിറയുന്ന കാലമാണ് വിഷുക്കാലം .
കണികണ്ട് ഭൂമിയെ വന്ദിച്ചു പ്രാര്‍ഥനാനികാര്‍ഭരമായി സര്‍വൈശ്വര്യ സമ്പത്സമൃദ്ധിയ്ക്കായി കൃഷിതുടങ്ങുന്ന കര്‍ഷകനെ പ്രകൃതിക്ഷോഭങ്ങള്‍ ബാധിക്കുന്നില്ല . സമൃദ്ധിയുടെ നീതിയെ ക്ഷണിച്ചുവരുത്തുന്ന ഋതുവാണ് വിഷു. രാപ്പകലുകള്‍ സന്ധി ചെയ്യുന്ന
സമയമെന്നും ,ദിനരാത്രങ്ങള്‍ തുല്യമായിവരുന്ന വേളയെന്നും അര്‍ഥം വരുന്ന ‘വിഷുവ’ ത്തില്‍ നിന്നാണ് വിഷു എന്ന പദം ഉണ്ടായത്. കര്‍ഷകന്റെ കര്‍മ്മപൂജയുടെ തുടക്കമാണ് വിഷു . മകരക്കൊയ്ത്തുകഴിഞ്ഞു തരിശായിക്കിടക്കുന്ന നിലത്തെ ശാദ്വലമാക്കുന്നതു വിഷുവാണ് . ‘വിത്തും കൈക്കോട്ടും’ പാടിവരുന്ന വിഷുപ്പക്ഷി കര്‍മ്മയോഗസിദ്ധാന്തത്തിന്റെ പ്രാധാന്യം വിളിച്ചറിയിയ്ക്കുന്നു .
ജീവിതസമ്പത്സമൃദ്ധിയുടെ ചൈതന്യപൂര്‍ണ്ണ മായ ആഗമനം വിളിച്ചറിയിച്ചുവരുന്ന പുതുമഴയില്‍ വയലുകള്‍ കുതിര്‍ ന്നു തരുലതകള്‍തളിരിടുന്നു. ഇളംകാറ്റിനോടൊപ്പംകളകളാരവമുതിര്‍ത്തു കുളിരരുവികളും പുഴകളും സുഖദഗീതമുണര്‍ത്തുന്നു.
ആമുഹൂര്‍ത്തത്തിലാണ് ‘ അതാ വിഷുവെത്തി ,വിത്തും കൈക്കോട്ടുമായി പാടത്തേക്കിറങ്ങിക്കൊള്ളൂ ‘ എന്ന് വിഷുപ്പക്ഷി പാടുന്നത് . പുളകിതരായി പച്ചക്കുട ചൂടിനില്‍ക്കുന്ന സസ്യജാലങ്ങള്‍! പ്രപഞ്ചശാലീനതയുടെ പര്യായമായ മഞ്ഞക്കൊന്നകള്‍ കണിത്താലികള്‍ പോലെ പൂത്താലമൊരുക്കി ,മനസ്സിന്-ചിന്തയ്ക്ക് -വര്‍ണ്ണ നകളുടെ നിരകതിര്‍ച്ചാര്‍ത്തൊരുക്കി ,സൗകുമാര്യതയുടെ കണികള്‍ വിളമ്പി സമാഗതമാകുന്ന ‘വിഷു’ നമ്മുടെ മതിമോഹനമായ വസന്തകാലം തന്നെയാണ് !
വിഷുക്കൈനീട്ടം സന്തോഷത്തിന്റെയും , പരസ്പരമുള്ള തിരിച്ചറിയലിന്റെയും, കരുതലിന്റെയും പ്രബുദ്ധതയുടെ നേട്ടത്തിന്റെയും, സമൃദ്ധിയുടെ സാക്ഷാത്ക്കാരത്തിന്റെയും പര്യായമാണ്. നാളികേരവും വെള്ളരിയും മാമ്പഴവും വെറ്റിലയും അടയ്ക്കയും കണ്ണാടിയും സര്‍വ്വോപരി അണിയിച്ചൊരുക്കിയ മണിവര്‍ണ്ണവിഗ്രഹവും ശുഭ്രവസ്ത്രവും സ്വര്‍ണ്ണവും നാണ്യവും കണിമലരും നിറഞ്ഞുകത്തുന്ന നിലവിളക്കിനു മുന്നില്‍ വെള്ളോട്ടുരുളിയില്‍ ഒരുക്കിവെച്ചു കണികാണുന്നു.
കണികണ്ട് തൊഴുതു ഭൂമീദേവിയെ തൊട്ടുവന്ദിച്ച് പുതിയൊരു ജീവിതക്രമത്തിലേക്കു പ്രതീക്ഷാനിര്‍ഭരമായി ,ആനന്ദപൂര്‍ണ്ണരായി കടന്നുവരന്നതാണ് കണിയും കൈനീട്ടവും . വിഷുദിനത്തിന്റെ പ്രാത:സൗന്ദര്യത്തില്‍ പ്രഥമമായികിട്ടുന്ന കൈനീട്ടമാണ് ഒരുവര്‍ഷത്തെ ജീവിതസമൃദ്ധിയെ സൂചിപ്പിയ്ക്കുന്നതെന്നാണ് വിശ്വാസം .
വിഷുദിനത്തില്‍ പാടത്തു ‘ചാലിടല്‍ ‘എന്നൊരു ചടങ്ങുണ്ടായിരുന്നു . ‘വിഷുപ്പിറ്റേന്ന് വിത്തിറക്കാന്‍ ആരോടും ചോദിക്കേണ്ട’ എന്നൊരു ചൊല്ലുതന്നെയുണ്ട് . വിഷുപ്പുഴുക്കിന് ചക്കയും, ഉണക്കലരിയും തേങ്ങാപ്പാലും ചേര്‍ത്ത പാല്‍ക്കഞ്ഞിയും വിഷുവിനു ഒരുകാലത്ത് ഒഴിച്ചുകൂടാനാവാത്തതായിരുന്നു .ഇന്നും ചിലയിടങ്ങളിലെങ്കിലും
ഇതൊക്കെ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു . കൂട്ടുകുടുംബത്തിലെ അഭാവമാണ് നാട്ടുനടപ്പുകള്‍ അന്യംനിന്നുപോകാന്‍ കാരണം . അതിന്റെ ഏറ്റവും വലിയ നഷ്ടം പുതിയതലമുറയ്ക്ക് ഇതെല്ലാം കേട്ടുകേഴ്വിമാത്രമായിമാറുന്നു എന്നതാണ് .
വിഷുവിനു കാമധേനുക്കളും കണിക്കാഴ്ചയാണ്. കന്നുകാലികളെ കുളിപ്പിച്ച്ഒരുക്കി മാലചാര്‍ത്തി ദീപമുഴിഞ്ഞു ആരാധിക്കുക ഒരു കമനീയമായ ചടങ്ങാണ് . ഊരും ഉരുക്കളും മനുഷ്യരും പ്രകൃതിയുമെല്ലാം തമ്മിലുള്ള ഹൃദയാവര്‍ജ്ജകമായ പാരസ്പര്യത്തിന്റെ -ഗാഢബന്ധത്തിന്റെ – ഉത്സവക്കാഴ്ചയാണ് വിഷു. മഞ്ഞത്തുകിലും , മണിവേണുവും ധരിച്ചുനില്‍ക്കുന്ന കണ്ണന്‍ സകലഐശ്വര്യത്തിന്റെയും നിദാനമായി ‘കണി’യില്‍ പ്രഥമസ്ഥാന മലങ്കരിയ്ക്കുമ്പോള്‍ ആത്മരക്ഷകനായ ലോകനാഥന്‍ ശൈശവ ബാല്യ കൗമാരയൗവ്വനങ്ങളെ പ്രത്യേകിച്ചും ആനന്ദചിത്തരാക്കുന്നു .
മലയാളിയുടെസമാധാനപൂര്‍ണമായ നിനവിന്റെയും നിറവിന്റെയും ഉത്സവമാണ് വിഷു. മനുഷ്യന്റെ അനുഭവസമൃദ്ധിയിലേക്കുള്ള സഞ്ചാരമാണ് വിഷുശ്രീ. സുഭഗസുന്ദരമായ കണിയൊരുക്കി വിശുദ്ധിതുളുമ്പിടുന്ന മനസ്സോടെ, ഊര്‍ജ്ജസ്വലമായ പ്രതിജ്ഞയോടെ, അദ്ധ്വാനത്തിന്റെ വിജയ പ്രതീക്ഷയോടെ നമുക്ക് ഈ വിഷു ആഘോഷിക്കാം : അതിരുകളേതുമില്ലാതെ . നാടെങ്ങും നന്മയുടെ കര്‍ണ്ണികാരങ്ങള്‍ പൂത്തുലയുമ്പോള്‍ നന്മയുടെ വാസരങ്ങള്‍ എന്നും നമുക്ക് വിഷുവായിരിയ്ക്കട്ടെ !
Comments