വംശഹത്യ, അഭയാര്‍ത്ഥി പ്രവാഹം. ഈ പദങ്ങള്‍ നമുക്കേറെ സുപരിചിതമാണ്. പക്ഷേ ഇവയൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ഇരുണ്ട കാലഘട്ടത്തില്‍ ലോകത്തിന്റെ ഏതൊക്കെയോ കോണുകളില്‍ നടന്നവയാണ് എന്നാണ് നമ്മുടെ ചരിത്രബോധ്യം. എന്നാല്‍ ചരിത്രത്തില്‍ ഏറെയൊന്നും അകലെയല്ലാതെ, എന്തിനു ഒരു തലമുറക്ക് പോലും പിന്നിലല്ലാതെ നമ്മുടെയിടയില്‍ നടന്ന ഒരു വംശഹത്യയുടേയും പലായനത്തിന്‍റെയും ചിത്രങ്ങള്‍, കുറച്ച് ദേശീയ വാദികള്‍ അല്ലാതെ ആരെങ്കിലും എവിടെയെങ്കിലും ചര്‍ച്ച ചെയ്യുന്നത് നാം കണ്ടിട്ടുണ്ടോ. ക്രൂരതയുടെ എല്ലാ സീമകളെയും ലംഘിച്ച് നടന്ന ബീഭത്സതയുടെ നടുങ്ങുന്ന യാഥാര്‍ഥ്യങ്ങള്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അജ്ഞാതമായിരുന്നു എന്നത് നാം കാണിച്ച ഏറ്റവും വലിയ ചരിത്രവഞ്ചനയാണ്. അതിനൊരു പരിധിവരെയെങ്കിലും ചെയ്യുന്ന പ്രായശ്ചിത്തമാണ് വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എന്ന സിനിമ.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ കശ്മീര്‍ താഴ്വരയിലെ ന്യൂനപക്ഷമായായിരുന്ന പണ്ഡിറ്റുകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെ അടിസ്ഥാനമാക്കി വന്ന ആദ്യസിനിമ വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത് 2020 ല്‍ തിയേറ്ററില്‍ എത്തിയ ഷിക്കാര ആയിരുന്നു. കശ്മീര്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ സിനിമക്ക് തൊണ്ണൂറുകളില്‍ താഴ്‌വരയില്‍ അരങ്ങേറിയ ആ സംഭവങ്ങളോടും അതിന്റെ ജീവിച്ചിരിക്കുന്നവരും അല്ലാത്തതുമായ രക്തസാക്ഷികളോടും നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല. ഏറെ പ്രതീക്ഷകളോടെ കാണാന്‍ കയറിയ ഷിക്കാര നല്‍കിയ നിരാശയുടെ കൂടി നിഴലിലാണ് വിവേക് അഗ്‌നിഹോത്രി ഒരുക്കിയ കശ്മീര്‍ ഫയല്‍സിനു ടിക്കറ്റെടുത്തത്.
പൊതുവെ ചരിത്രസിനിമകളുടെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്ന ഒരു മുന്‍കൂര്‍ ജാമ്യമുണ്ട്.’ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്, എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമാണ്’ എന്നതാണത്. എന്നാല്‍ ഈ പടത്തിന്റെ തുടക്കത്തില്‍ ആ മുന്‍കൂര്‍ ജാമ്യം ഇല്ലെന്ന് മാത്രമല്ല, ഈ സിനിമ യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രീകരിച്ചതാണ്. ഇരകളുടെ വീഡിയോ ഇന്റര്‍വ്യൂകള്‍ അടക്കമുള്ള എല്ലാ തെളിവുകളും ലഭ്യമാണ് എന്ന് സംവിധായകന്‍ പറയുന്നു. ഈ ആര്‍ജ്ജവം ഉണ്ടാകുന്നത് സത്യസന്ധതയില്‍ നിന്നാണ്.
1989 നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനത്തിന്റെ റേഡിയോ കമന്ററിയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കാശ്മീരില്‍ പുകഞ്ഞുകൊണ്ടിരുന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കാനൊരുങ്ങുന്ന മുഹൂര്‍ത്തങ്ങള്‍ അങ്ങേയറ്റം ഉദ്വേഗത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന മാനസികാവസ്ഥയില്‍ കഴിയേണ്ടിവരുന്ന ഹതഭാഗ്യരുടെ മാനസികാവസ്ഥകള്‍ കണ്ടിരിക്കാന്‍ ചെറിയ ധൈര്യമൊന്നും പോര.
1990 ജനുവരിയില്‍ താഴ്‌വരയില്‍ നിന്ന് നിഷ്‌കാസിതരായ ഒരു പണ്ഡിറ്റ് കുടുംബത്തിലെ ഇളമുറക്കാരന്‍ കൃഷ്ണ പണ്ഡിറ്റിന്റെ ജീവിതത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായി വന്നു കയറുന്ന വിവരങ്ങളിലൂടെയാണ് സിനിമ അനാവരണം ചെയ്യപ്പെടുന്നത്. രാഷ്ട്ര വിരുദ്ധതയുടെ കൂടാരമായ ദല്‍ഹി ജെഎന്‍യുവിനെ അനുസ്മരിപ്പിക്കുന്ന എഎന്‍യു എന്നൊരു ക്യാംപസിലെ വിദ്യാര്‍ത്ഥിയാണ് അയാള്‍. തന്റെ കുടുംബം കാശ്മീരില്‍ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന് മുത്തച്ഛനാല്‍ വിശ്വസിപ്പിക്കപ്പെട്ട കൃഷ്ണ ക്യാംപസിലെ ഇടത്-ജിഹാദി കൂട്ടുകെട്ടിനാല്‍ സ്വാധീനിക്കപ്പെട്ട് ദേശവിരുദ്ധഗ്രൂപ്പിലെ പ്രധാനിയാകുന്നു. കശ്മീര്‍ തീവ്രവാദത്തിന് വെള്ളവും വളവും നല്‍കി ഭാരതത്തിനെ വെട്ടിമുറിക്കും എന്ന മുദ്രാവാക്യങ്ങളുയര്‍ന്ന ജെഎന്‍യു ദിനങ്ങള്‍ അതെ സ്വാഭാവികതയോടെയാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദേശവിരുദ്ധരുടെ ആചാര്യസ്ഥാനത്തുള്ള രാധിക മേനോന്‍ എന്ന അദ്ധ്യാപിക, എങ്ങനെയാണ് ഇക്കൂട്ടര്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നത് എന്ന് വ്യക്തമായി കാണിച്ചുതരുന്നു. സത്യത്തില്‍ ഇതിലെ നായകനായ കൃഷ്ണ പണ്ഡിറ്റ്, യാഥാര്‍ഥ്യങ്ങളും സ്വന്തം പാരമ്പര്യവും അന്യമാകുന്ന ഭാരതീയ യുവത്വത്തിന്റെ പ്രതീകമാണ്. രാധിക മേനോന്‍ എന്ന മലയാളി സ്ത്രീ വെറുമൊരു സാങ്കല്പിക കഥാപാത്രമല്ല, നിവേദിത മേനോന്‍ എന്ന മലയാളി ജെന്‍എന്‍യു അധ്യാപികയുടെ പ്രതിരൂപമാണ് എന്നതും ഏറെക്കാലമായി കേരളം ഇസ്ലാമിക ഭീകരവാദത്തിന്റെ കളിത്തൊട്ടിലാണ് എന്നതും എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ് എന്ന വ്യക്തമായ സൂചനയും ഈ പടം നല്‍കുന്നു.
മുത്തച്ഛന്‍, പുഷ്‌കര്‍നാഥ് പണ്ഡിറ്റിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ കശ്മീരിലെ വസതിയില്‍ നിക്ഷേപിക്കണം എന്ന ആഗ്രഹപൂര്‍ത്തീകരണത്തിനായി താഴ്‌വരയിലെത്തുന്ന കൃഷ്ണ അവിടെ കണ്ടുമുട്ടുന്ന പുഷര്‍ നാഥിന്റെ പഴയ സുഹൃത്തുക്കളില്‍ക്കൂടി ഭയാനകമായ ആ ചരിത്രത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്, ഇടത്-ജിഹാദി കൂട്ടുകെട്ട് തന്നെ എത്രമേല്‍ വഞ്ചിച്ചിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാകുന്നത്. താന്‍ അറിഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി തന്റെ മാതാപിതാക്കള്‍ വധിക്കപ്പെട്ടത് താന്‍ കൂടി ഇപ്പോള്‍ പിന്തുണക്കുന്ന ഭീകരവാദികളുടെ കൈ കൊണ്ടാണെന്ന തിരിച്ചറിവില്‍ ഭ്രാന്തിന്റെ വക്കോളമെത്തുന്ന കൃഷ്ണ പണ്ഡിറ്റ് നമ്മോട് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്.
ഏത് നിമിഷവും ഒരു ഡോക്ക്യുമെന്ററിയിലേക്ക് പോകാമായിരുന്ന സിനിമയെ അസാമാന്യമായ കൃതഹസ്തതയോടെ ബാലന്‍സ് ചെയ്ത് അനുഭവവേദ്യമാക്കുന്ന വിവേക് അഗ്‌നിഹോത്രിയുടെ സിനിമാറ്റിക് ജീനിയസ്സിനെ നമിക്കാതെ വയ്യ. ഉടനീളം ഒരു ഡാര്‍ക്ക് കളര്‍ ടോണില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്നെ ഓര്‍മ്മിപ്പിച്ചത് ‘ഓപ്പറേഷന്‍ ഫിനാലെ’എന്ന മൊസ്സാദിന്റെ ഒരു ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഹോളിവുഡ് ചിത്രമാണ്. കശ്മീരിലെ മഞ്ഞുകാലം അതീവമനോഹരമായി ചിത്രീകരിച്ചിട്ടുെണ്ടങ്കിലും പടം പുരോഗമിക്കുമ്പോള്‍ അതൊന്നും ആസ്വദിക്കാനാകാത്ത ഒരു മരവിപ്പിലിലേക്കാണ് നാം എത്തിച്ചേരുക. ഇന്റര്‍വെല്‍ സമയത്ത് സ്നാക്‌സ് വാങ്ങാന്‍ പോലും തോന്നാത്ത, മരണം മണക്കുന്ന ഒരു മരവിപ്പ് തിയേറ്ററിന്റെ നിശബ്ദതയില്‍ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.
പലപ്പോഴും സിനിമയിലെ പ്രസംഗങ്ങള്‍ വല്ലാതെ ബോറടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ പടത്തിന്റെ ക്‌ളൈമാക്‌സില്‍ നായകനായ കൃഷ്ണ പണ്ഡിറ്റ് നടത്തുന്ന സുദീര്‍ഘമായ പ്രസംഗം അനുനിമിഷം പ്രേക്ഷകരെ ത്രസിപ്പിക്കുന്നരീതിയിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കശ്യപമഹര്‍ഷി, ശങ്കരാചാര്യര്‍, കല്‍ഹണന്‍, ലളിതാദിത്യ എന്നിവരിലൂടെ കശ്മീരിന്റെ സമൃദ്ധമായ ചരിത്രത്തിലൂടെ സഞ്ചരിച്ച്, ഇസ്ലാമിക അധിനിവേശത്തിലൂടെ, തകര്‍ക്കപ്പെട്ട സാംസ്‌കാരിക മാനബിന്ദുക്കളിലൂടെ അവസാനം ഭീകരവാദത്തിന്റെ ചോരപ്പുഴകള്‍ കശ്മീരിന്റെ മഞ്ഞുപുതപ്പിനെ നിണമണിയിക്കുന്ന സമീപകാലചരിത്രം വരെയുള്ള അയാളുടെ വാഗ്‌ധോരണിയും അതിന്റെ സന്ദര്‍ഭവും ജൂലിയസ് സീസറുടെ ശവശരീരത്തിനരികില്‍ നിന്ന് മാര്‍ക്ക് ആന്റണി നടത്തിയ പ്രസംഗം പോലെ രോമാഞ്ചമണിയിക്കുന്നതാണ്.
സ്വന്തം ഭര്‍ത്താവിന്റെ ചോരയില്‍ കുതിര്‍ന്ന ധാന്യം കഴിക്കേണ്ടി വരുന്ന ശാരദ, താന്‍ പഠിപ്പിച്ച സ്വന്തം വിദ്യാര്‍ത്ഥിയുടെ കൈകള്‍ കൊണ്ട് മകന്‍ പിടഞ്ഞുമരിക്കുന്നത് കാണുന്ന പുഷ്‌കര്‍നാഥ്, നിര്‍ണ്ണായകഘട്ടത്തില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ കഴിയാതെ പോയ ബ്രഹ്‌മപ്രകാശിന്റെയും ഹരിനാരായണന്റെയും നിസ്സഹായത, ആള്‍ക്കൂട്ടത്തില്‍ വിവസ്ത്രയാക്കപ്പെട്ട് അവസാനം മകന്റെ കണ്‍മുമ്പില്‍ അറക്കവാളിനാല്‍ കീറിമുറിക്കപ്പെടുന്ന സ്ത്രീ, നെറ്റിക്ക് നേരെ നീളുന്ന തോക്കിന്‍ കുഴലില്‍ മരണത്തിന്റെ ചിരി കണ്ടു വിറങ്ങലിച്ചുപോകുന്ന പാവം മനുഷ്യരുടെ ഭീതി. സംവിധായകന്‍ പറഞ്ഞതുപോലെ, ഇതെല്ലാം നടന്നതാണ്. എല്ലാ തെളിവുകളും ഇപ്പോഴും നമ്മുടെ കണ്‍മുമ്പിലുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തെ ഹോളോകോസ്റ്റിനോട് മാത്രം തുലനം ചെയ്യാവുന്ന സമാനതകളില്ലാത്ത വംശഹത്യ, അതും ഭരണഘടനയും കോടതിയും മാധ്യമങ്ങളും എല്ലാമുള്ള ജനാധിപത്യ ഭാരതത്തില്‍. ഇടത് ജിഹാദി കൂട്ടുകെട്ടും അതിനു സ്വാതന്ത്ര്യാനന്തരഭാരതത്തിലെ സര്‍ക്കാരുകള്‍ നല്‍കിയ പിന്തുണയും അവസാനം അത് എല്ലാറ്റിനെയും വിഴുങ്ങുന്ന ഭസ്മാസുരനായി മാറിയതുമെല്ലാം വളരെ ആധികാരികമായി ഉള്ളില്‍ തട്ടുന്ന ഡയലോഗുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. യുക്തിഭദ്രവും കരുത്തുള്ളതുമായ തിരക്കഥയാണ് വിവേക് അഗ്‌നിഹോത്രി അണിയിച്ചൊരുക്കിയ നിണമൊഴുകുന്ന ഈ ചരിത്രഗാഥയുടെ നട്ടെല്ല്. ചരിത്രത്തോടും കലയോടും ഒരേ പോലെ നീതിപുലര്‍ത്തി എങ്ങനെ ഒരു നല്ല സിനിമയെടുക്കാം എന്നതിന്റെ ഒരു റഫറന്‍സ് ആണ് കശ്മീര്‍ ഫയല്‍സ്.
അറക്കവാളിനാല്‍ ക്രൂരമായി കീറിമുറിക്കപ്പെടുന്ന സ്ത്രീയുടെ പേര് ശാരദ എന്നായതും, നിഷ്‌ക്കരുണം വെടിയേറ്റുവീഴുന്ന അവരുടെ മകന്‍ ശിവ ആയതും യാദൃച്ഛികമല്ല. ഭാരതീയ സ്ത്രീത്വത്തിന്റെയും വിദ്യയുടെയും സംസ്‌കാരത്തിന്റെയും ഏറ്റവും വലിയ പ്രതീകമാണ് ശാരദ. ശിവസങ്കല്പം സനാതനധര്‍മ്മത്തിന്റെ ഏറ്റവും വലിയ ആധാരശിലകളില്‍ ഒന്നും. ഇവിടെ വംശഹത്യചെയ്യപ്പെടുന്നത് മനുഷ്യജീവനുകള്‍ മാത്രമല്ല. ലോകത്തിന്റെ പ്രകാശമായ ധര്‍മ്മവും കൂടിയാണ്.
പുഷ്‌കര്‍ നാഥ് ആയി അനുപം ഖേര്‍, ഡിജിപി ഹരിനാരായണ്‍ ആയി പുനീത് ഇസ്സാര്‍, ബ്രഹ്‌മദത്ത് ആയി മിഥുന്‍ ചക്രവര്‍ത്തി, രാധിക മേനോന്‍ ആയി പല്ലവി ജോഷി തുടങ്ങിയവര്‍ നടനകലയുടെ മഹാമേരുക്കളാണ് കീഴടക്കുന്നത്. ഇവരുടെ പ്രകടനങ്ങള്‍ക്ക് മുമ്പില്‍ നായകകഥാപാത്രം കൃഷ്ണ പണ്ഡിറ്റ് ആയി വന്ന ദര്‍ശന്‍ കുമാര്‍ ഇത്തിരി മങ്ങിപ്പോയോ എന്നാണു സംശയം. നായകനും വിദ്യാര്‍ത്ഥിയുമായ കൃഷ്ണ പണ്ഡിറ്റിന്റെ കാസ്റ്റിങ് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു. കഥാപാത്രം ആവശ്യപ്പെടുന്ന വൈകാരിക വേലിയേറ്റങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയത്തില്‍ പൂര്‍ണ്ണമായും പ്രതിഫലിക്കുന്നില്ല. അതുമല്ല, കുറച്ചുകൂടി ചെറുപ്പമുള്ള മുഖമായിരുന്നു കൃഷ്ണ പണ്ഡിറ്റിന് വേണ്ടിയിരുന്നത്. സിനിമയുടെ സമഗ്രഭംഗിയെ ഈ കുറവ് ബാധിക്കുന്നതേയില്ല എന്നത് വേറെ കാര്യം.
മനുഷ്യനുണ്ടാക്കിയ ഏറ്റവും മനോഹരമായ പദങ്ങളാണ് ദൈവം, സ്വാതന്ത്ര്യം എന്നിവ. ഇവ രണ്ടും ഭയത്തിന്റെയും ഭീകരതയുടെയും അടയാളങ്ങളായി, അള്ളാഹു അക്ബര്‍, ആസാദി എന്നിങ്ങനെ രൂപാന്തരം പ്രാപിക്കുന്നത് സമകാലിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. വിവേക് അഗ്‌നിഹോത്രി ഈ പടത്തിലൂടെ വരച്ചിടുന്നത് കാലത്തിന്റെ വലിയൊരു ചുവരെഴുത്താണ്. ഇവിടെയാണ് ഒരു കലാകാരന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് വലിയ സ്ഥാനം ഉണ്ടാകുന്നത്.
ചിന്തിക്കേണ്ട ഒരു പ്രധാനവിഷയം. ലോകത്തില്‍ നടക്കുന്ന സര്‍വ്വ കാര്യങ്ങള്‍ക്കും അഭിപ്രായമുള്ള മലയാളമാധ്യമങ്ങളോ ബുദ്ധിജീവികളോ സാംസ്‌കാരിക നായകരോ ഈ പടത്തെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ്. നെഗറ്റിവ് അഭിപ്രായങ്ങളില്‍ക്കൂടി പോലും ഈ പടം ചര്‍ച്ച ചെയ്യപ്പെടരുത് എന്ന ഇടത്-ജിഹാദി ഗൂഢതന്ത്രമാണ് ഇതിന് പിന്നില്‍ എന്ന് തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുരയിലൊന്നും പോകേണ്ട കാര്യമില്ലല്ലോ. ഈ സിനിമയോട് കേരളത്തിലെ കപട മാധ്യമ-ബുദ്ധിജീവി വൃന്ദം കാണിക്കുന്ന ഈ സമീപനം വിരല്‍ ചൂണ്ടുന്നത് വലിയ താമസമില്ലാതെ കേരളം നേരിടാന്‍ പോകുന്ന ഭീകരവാദ പൊട്ടിത്തെറിയിലേക്കാണ്. തൊണ്ണൂറുകളിലാണ് കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം സംഹാരദംഷ്ട്രകള്‍ പുറത്തെടുത്തത് എങ്കിലും അത് ഏറെക്കാലത്തെ തയ്യാറെടുപ്പിന്റെ ഫലമായിരുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ എണ്‍പതുകളിലെ കശ്മീരിന്റെ അവസ്ഥയിലൂടെ ആണ് ഇന്ന് കേരളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയലേശമന്യേ പറയാന്‍ കഴിയും.