അഥാധാര പത്മം സുഷുമ്‌നാഖ്യ ലഗ്‌നം
ധ്വജാധോ ഗുദോര്‍ധ്വം ചതു:ശോണപത്രം
അധോവക്ത്രമുദ്യത്സുവര്‍ണാഭവര്‍ണ്ണൈ:
വകാരാദി സാന്തൈര്‍യുതം വേദവര്‍ണ്ണൈ:
തന്ത്രശാസ്ത്ര ഗ്രന്ഥമായ ശ്രീതത്വ ചിന്താമണി എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്ത ശ്ലോകമാണിത്. സുഷുമ്‌നയോടു ചേര്‍ന്നു നില്ക്കുന്ന മൂലാധാര ചക്രം (പത്മം) ഗുദത്തിന്റെയും ലിംഗത്തിന്റെയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ പത്മം അധോമുഖമാണ്. തിളങ്ങുന്ന സ്വര്‍ണ്ണ നിറമാണ്. അതിന്റെ നാല് ഇതളുകളില്‍ വം, ശം, ഷം, സം എന്നീ 4 അക്ഷരങ്ങളിരിക്കുന്നു.
അമുഷ്മിന്‍ ധരായാ: ചതുഷ്‌കോണചക്രം
സമുദ്ഭാസി ശൂലാഷ്ടകൈരാവൃതം തത്
ലസത് പീതവര്‍ണ്ണം തടിത് കോമളാംഗം
തദന്തേ സമാസ്‌തേ ധരായാ:സ്വബീജം
ഈ ആധാരപത്മത്തില്‍ ഭൂധാതുവിന്റെ ചതുര രൂപം ശോഭിക്കുന്നു. ഇതില്‍ എട്ടു ശൂലങ്ങള്‍ പതിച്ചിട്ടുണ്ട്. മഞ്ഞനിറമാണ്. മിന്നല്‍ പോലെ മനോഹരമാണ്. അതിന്റെ ഉള്ളില്‍ ഭൂമിയുടെ ബീജമന്ത്രമായ ലം ഉണ്ട്.
ഈ ലം മന്ത്രം, നാലു കൈകളിലും ആയുധമേന്തി ഐരാവതമെന്ന വെള്ളയാനയുടെ പുറത്തിരിക്കുന്ന ഇന്ദ്രന്റെ രൂപത്തിലാണ്. ഇന്ദ്രന്റെ മടിയില്‍ ഉദയ സൂര്യന്റെ നിറമുള്ള ശിശുവിന്റെ രൂപത്തില്‍ നാലുകൈകളും നാലു മുഖവുമുള്ള ബ്രഹ്‌മാവ് ഇരിക്കുന്നു.
നാലു കൈകളുള്ളവളും ബുദ്ധി നല്കുന്നവളുമായ ഡാകിനീ ദേവി ഇവിടെ ഇരിക്കുന്നു.
ഇതിന്റെ മധ്യത്തില്‍ ഇച്ഛാ – ജ്ഞാന – ക്രിയാ ശക്തിരൂപമായ ഒരു ത്രികോണമുണ്ട്. ഈ ത്രികോണത്തിന് ത്രൈപുരമെന്നും പേര്. കന്ദര്‍പ്പന്‍ അഥവാ കാമദേവന്‍ എന്ന വായു ഇതില്‍ ചരിക്കുന്നു. കടും ചുവപ്പു നിറമാണിതിന്. ഇത് ജീവന്മാരുടെ ഈശ്വരനാണ്.
ത്രികോണ മധ്യത്തില്‍ ശിവലിംഗരൂപത്തില്‍ അധോമുഖമായി സ്വയംഭൂവിരിക്കുന്നു. ജ്ഞാനത്തിലൂടെയും ധ്യാനത്തിലൂടെയും ഇതിനെ ഉണര്‍ത്തി ഊര്‍ധ്വമുഖമാക്കാം. ആ ശിവലിംഗത്തെ മൂന്നര ചുറ്റു ചുറ്റി അതിന്റെ മുഖം മറച്ചുകൊണ്ട് താമരനൂലുപോലെ സൂക്ഷ്മമായ, ലോകത്തെ മയക്കുന്ന കുണ്ഡലിനി ഉറങ്ങിക്കിടക്കുന്നു. ഇതിലാണ് സര്‍വജ്ഞാനത്തിനും മൂലമായ ശ്രീ പരമേശ്വരി പരാ രൂപത്തില്‍ ഉറങ്ങിക്കിടക്കുന്നത്. ഇതിന് ചിത് കലയെന്നും പേരുണ്ട്. ഈ ഈശ്വരിയെ ഉപാസിക്കുന്നവന്‍ പണ്ഡിതനും പ്രഭാഷകനും ആയിത്തീരും. അരോഗിയും സന്തുഷ്ടനുമായിത്തീരും. കുണ്ഡലിനിക്ക് ആധാരമായതിനാലാണ് ഇത് മൂലാധാര ചക്രമായത്. മൂലം എന്നാല്‍ അടിസ്ഥാനം എന്നാണര്‍ഥം.
മൂലാധാര ചക്രത്തിലെ ത്രികോണത്തിലെ വലത്തെ കോണില്‍ നിന്നാണ് പിംഗളാനാഡി ഉത്ഭവിക്കുന്നത്. ഇടത്തേതില്‍ നിന്ന് ഇഡാനാഡി ആരംഭിക്കുന്നു. മധ്യത്തില്‍ നിന്ന് സുഷുമ്‌നാ നാഡിയും. പിംഗളക്ക് യമുനയെന്നും ഇഡയ്ക്ക് ഗംഗയെന്നും സുഷുമ്‌നയ്ക്ക് സരസ്വതിയെന്നും പേരുണ്ട്. ഇത് ഒരു ത്രിവേണീ സംഗമം തന്നെ. തുടക്കമാണെന്നു മാത്രം. ഇതിന് മുക്ത ത്രിവേണീ എന്നാണ് പേര്.
തന്ത്രശാസ്ത്ര പ്രകാരം ഈ ആധാര പത്മ (ചക്ര) ത്തില്‍ ചുരുണ്ടു കൂടിയിരിക്കുന്ന, സര്‍പ്പത്തിന്റെ രൂപത്തില്‍ ഉറങ്ങിക്കിടക്കുന്ന, കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തിയാല്‍ അത് സുഷുമ്‌നാ നാഡിയിലൂടെ മേലോട്ട് സഹസ്രാരം വരെ സഞ്ചരിക്കുന്നു. അപ്പോഴാണ് ആനന്ദാനുഭൂതിയുണ്ടാകുന്നത്.
മൂലാധാരത്തില്‍ തന്നെയാണ് ഗണപതിയുടെ സ്ഥാനം. അതുകൊണ്ടായിരിക്കാം എല്ലാം ഗണപതിയില്‍ ആരംഭിക്കുന്നത്.
പ്രാണായാമത്തിലൂടെ ഇഡാ – പിംഗളാ നാഡികളെ സ്വാധീനത്തിലാക്കുമ്പോഴാണ് കുണ്ഡലിനിയുടെ ഉണര്‍വ് സാധ്യമാകുന്നത്.