ഉക്രൈയിനിലെ യുദ്ധം വീണ്ടും ഒരു പാഠം നല്‍കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാനും കുതിര കയറാനും ഇകഴ്ത്താനും ശ്രമിച്ചിരുന്ന ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് ഈ പാഠം. ആരായാലും ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നായാലും തിരഞ്ഞെടുക്കപ്പെടുന്നതു വരെ മാത്രമേ കക്ഷിരാഷ്ട്രീയം ഉള്ളൂ, ഉണ്ടാകാന്‍ പാടുള്ളൂ. അതാണ് ഭരണഘടന വിഭാവന ചെയ്യുന്നതും. അധികാരത്തിലേറിക്കഴിഞ്ഞാല്‍ മുഴുവന്‍ ഭാരതീയരെയും ഒന്നായിക്കണ്ട് അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഏത് പ്രധാനമന്ത്രിയും ചെയ്യേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അതാണ് ചെയ്യുന്നതെങ്കിലും ഇന്ത്യ ഇതുവരെ കണ്ട പ്രധാനമന്ത്രിമാരേക്കാള്‍ വ്യത്യാസമുണ്ട് അദ്ദേഹത്തിന്റെ നടപടികള്‍ക്കും നിലപാടുകള്‍ക്കും. തീക്ഷ്ണമായ ദേശസ്‌നേഹവും ഒരു മറയുമില്ലാതെ അത് പ്രകടിപ്പിക്കാനുള്ള തന്റേടവുമാണ് നരേന്ദ്രമോദിയെ വ്യത്യസ്തനാക്കുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. രാഷ്ട്രീയമായി എതിരിടുന്നവരുണ്ടാകാം. പക്ഷേ, ഓരോ ഭാരതീയന്റെയും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അദ്ദേഹം കാട്ടുന്ന ആര്‍ജ്ജവവും ഉത്സാഹവും കൃത്യതയും കണ്ടില്ലെന്ന് നടിക്കാനാവുമോ?
ഉക്രൈയിനിലെ പ്രശ്‌നം ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് യുദ്ധത്തിന് ആഴ്ചകള്‍ക്കു മുന്‍പുതന്നെ ഇന്ത്യന്‍ പൗരന്മാരോട് ഉക്രൈ യിന്‍ വിട്ട് ഇന്ത്യയിലേക്ക് മടങ്ങിപ്പോരാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ട്രാവല്‍ അഡൈ്വസറി എന്ന പേരില്‍ അറിയപ്പെടുന്ന ഈ നയതന്ത്ര നിര്‍ദ്ദേശം മറ്റു പല രാജ്യങ്ങളും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ആ നിര്‍ദ്ദേശമനുസരിച്ച് ഇന്ത്യയിലേക്ക് മടങ്ങിപ്പോരാന്‍ അവിടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും തയ്യാറായില്ല. വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സര്‍വ്വകലാശാലകളും അവരെ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ ഏജന്‍സികളുമാണ് വിദ്യാര്‍ത്ഥികളെ മടങ്ങിപ്പോരുന്നതില്‍ നിന്ന് തടഞ്ഞത്. സര്‍വ്വകലാശാലകള്‍ക്കും ഏജന്റുമാര്‍ക്കും ഉക്രൈയിനിലെ മെഡിക്കല്‍ വിദ്യാഭ്യാസം ഒരു ബിഗ് ബിസിനസ്സാണ്. 30-35 ലക്ഷം രൂപയ്ക്ക് എം.ബി.ബി.എസ് ഡിഗ്രി അവിടെ നിന്ന് എടുക്കാന്‍ കഴിയും. ഇതിനുവേണ്ടി ഏജന്റുമാര്‍ വാങ്ങുന്നത് ലക്ഷങ്ങളാണ്. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം കൂടി ഒരുക്കി അതില്‍ നിന്നുകൂടി ലാഭം കൊയ്യാന്‍ ഒരു മടിയുമില്ലാത്ത ഏജന്റുമാര്‍ ഒരുക്കുന്ന കെണിയില്‍ വിദ്യാര്‍ത്ഥികള്‍ പെടുന്നു എന്നത് സത്യമാണ്. ഈ ഏജന്റുമാരുടെ ലാഭക്കൊതി കാരണമാണ് അവര്‍ വിദ്യാര്‍ത്ഥികളോട് എംബസി നിര്‍ദ്ദേശമനുസരിച്ച് തിരിച്ചുപോകേണ്ട എന്നുപറഞ്ഞത്.
ഉക്രൈയിന്‍-റഷ്യ ശീതസമരം യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇത് പലതവണ ആവര്‍ത്തിക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം അര്‍ത്ഥശങ്കയില്ലാതെ വെളിപ്പെടുത്തിയിരുന്നു. യുദ്ധം തുടങ്ങും വരെ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിലും അവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസിയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്ന കാര്യത്തിലും മിക്ക മാധ്യമങ്ങളും നിശ്ശബ്ദമായിരുന്നു. ഒരുപക്ഷേ, വിദ്യാര്‍ത്ഥികള്‍ യുദ്ധമുണ്ടാകില്ല എന്ന് പ്രതീക്ഷിച്ചതും കരുതിയതും ഉക്രൈയിനിലെ സാഹചര്യങ്ങള്‍ കൂടി കണ്ടിട്ടായിരിക്കാം. യുദ്ധം തുടങ്ങിയതിനുശേഷം പൊടുന്നനെ ഒരുവിഭാഗം മാധ്യമങ്ങള്‍, പ്രത്യേകിച്ചും കേരളത്തിലെ ചില മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരും നരേന്ദ്രമോദിയും ഒന്നും ചെയ്തില്ലെന്ന് വരുത്താനും രാഷ്ട്രീയമായി മുതലെടുക്കാനും ശ്രമം തുടങ്ങി. ഇക്കാര്യത്തില്‍ മാതൃഭൂമി സ്വീകരിച്ച നിലപാട് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനും സത്യസന്ധതയ്ക്കും എതിരാണ്. ഉക്രൈയിനിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ പറയിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നു ഓരോ നിമിഷവും നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദാര്യവും ആനുകൂല്യവും കൊണ്ടു മാത്രം ഇടതുമുന്നണിയില്‍ തുടരുന്ന ലോക് താന്ത്രിക് ജനതാദളിന്റെ നിലനില്‍പ്പിന് ഇത് ആവശ്യമായിരിക്കാം. ഒരു പഞ്ചായത്ത് മെമ്പറെ പോലും വിജയിപ്പിക്കാന്‍ ശക്തിയില്ലാത്ത ഈ ഈര്‍ക്കില്‍ പാര്‍ട്ടിക്കു വേണ്ടി ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാതൃഭൂമിയുടെ പാരമ്പര്യവും സംസ്‌കാരവും അടിയറ വെയ്ക്കരുത്. രാഷ്ട്ര വിരുദ്ധത കൊണ്ടും പിറന്ന മണ്ണിനെ വിഘടിപ്പിക്കാനും ഒറ്റിക്കൊടുക്കാനും വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞവര്‍ ലൈസന്‍സ് പുതുക്കാതെ വേദിയില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ ആ വിഴുപ്പുഭാണ്ഡം പേറുന്ന അപഥസഞ്ചാരിയായി മാതൃഭൂമി അധഃപതിക്കരുത്. കെ.പി കേശവമേനോനും കെ.മാധവന്‍നായരും കെ.കേളപ്പനും തുടങ്ങി സ്വാതന്ത്ര്യസമരത്തിനു വേണ്ടി, പിറന്ന നാടിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായ ധീരദേശാഭിമാനികളുടെ ജീവന്റെ തുടിപ്പാണ് ഇതെന്ന് ഇപ്പോള്‍ ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും വഴിമരുന്നിടുന്നവര്‍ മനസ്സിലാക്കണം.
അന്താരാഷ്ട്രതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്കും ഭാരതത്തിന്റെ ശബ്ദത്തിനും പ്രാമുഖ്യവും പ്രാധാന്യവും കൈവരുമ്പോഴാണ് രാഷ്ട്രീയത്തിന്റെ പേരില്‍ അദ്ദേഹത്തെ അവമതിക്കാന്‍ ശ്രമിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആരു പറഞ്ഞാലും കേള്‍ക്കില്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്കു മാത്രമേ അദ്ദേഹത്തെ സ്വാധീനിക്കാനാവൂ എന്നും ആവര്‍ത്തിച്ചു പറഞ്ഞത് ഉക്രൈയിന്‍ നയതന്ത്ര പ്രതിനിധിയും ഉക്രൈയിനിനോട് അടുപ്പമുള്ള രാഷ്ട്രങ്ങളുമാണ്. നരേന്ദ്രമോദിയുടെ വാക്കുകള്‍ കേട്ട് ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെയും മറ്റു പൗരന്മാരെയും ഒഴിപ്പിക്കാന്‍ യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങളും ഒരേപോലെ തയ്യാറായത് അന്താരാഷ്ട്ര സമൂഹം അത്ഭുതത്തോടെയാണ് കണ്ടത്. ഉക്രൈയിനിന്റെ മുകളില്‍ക്കൂടി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കിയതും റഷ്യയുടെ ആകാശ അതിര്‍ത്തി ഇന്ത്യക്കുവേണ്ടി തുറന്നിട്ടതും മനസ്സിലാകാതെ പോയത് കേരളത്തിലെ ചുവപ്പു കണ്ണട വെച്ച ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍ക്കും പച്ചക്കണ്ണടയും ഹിജാബും വെച്ച ജിഹാദി മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ്. ഭാരതമാതാ കീ ജയ്, നരേന്ദ്രമോദി കീ ജയ് എന്ന് വിളിക്കുമ്പോള്‍ നരേന്ദ്രമോദിയുടെ വിളികള്‍ക്ക് ആരവം കുറഞ്ഞതുകൊണ്ട് ഇന്ത്യക്കാര്‍ക്ക് മോദിയോട് താല്പര്യമില്ലെന്ന് പ്രചരിപ്പിക്കുന്ന രീതിയില്‍ ചില ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മടക്കിക്കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികളില്‍ കേരളക്കാര്‍ നരേന്ദ്രമോദിക്ക് ജയ് വിളിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ?
ഉക്രൈയിനില്‍ നിന്ന് ഇന്ത്യക്കാരോട് ഭാരതത്തിന്റെ ദേശീയപതാക പിടിച്ച് അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമ്പോള്‍ എവിടെയും അവര്‍ ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പുള്ള ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു. ലോകം കണ്ടു, എവിടെയും അവര്‍ ആക്രമിക്കപ്പെട്ടില്ല. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു പിന്നാലെ ഇന്ത്യയുടെ ദേശീയപതാകയുമായി പാകിസ്ഥാന്‍കാരും തുര്‍ക്കികളും എന്തിനേറെ ചൈനയുടെ വിദ്യാര്‍ത്ഥികള്‍ പോലും നടന്നുനീങ്ങുന്ന കാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്ത കൊടുക്കാനുള്ള സത്യസന്ധത മലയാള മനോരമ ദിനപത്രം കാട്ടി. ഇന്ത്യക്കാര്‍ക്ക് സഹായം കിട്ടിയില്ലെന്ന് പറയാനും കേന്ദ്രസര്‍ക്കാരിനെ പഴിക്കാനും ഉപയോഗിച്ച പല വീഡിയോകളും വ്യാജമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുകയാണ്. ഉക്രൈയിനിലുള്ള എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി എന്ന പേരില്‍ തങ്ങളെ എംബസി സഹായിച്ചില്ലെന്നും ഭക്ഷണമില്ലെന്നും ബാക്കി രാജ്യക്കാരെ മുഴുവന്‍ അവരവര്‍ തന്നെ കൊണ്ടുപോയി എന്നുമൊക്കെ പറഞ്ഞ് പോസ്റ്റിട്ട വൈശാലി യാദവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അവസാനം ആളെ യു.പി പോലീസ് കണ്ടെത്തി. ഹാര്‍ദോയിലെ മഹേന്ദ്രയാദവ് എന്ന സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ മകളാണ് ഇങ്ങനെ അഭിനയിച്ച് വീഡിയോ ചിത്രീകരിച്ചത്. അവര്‍ ഒരിക്കല്‍പോലും ഉക്രൈയിനില്‍ പോവുകയോ പഠിക്കുകയോ ഒന്നും ചെയ്തിട്ടില്ല.
ഈ പറഞ്ഞതിന്റെ അര്‍ത്ഥം ഓപ്പറേഷന്‍ ഗംഗയോ ഒഴിപ്പിക്കല്‍ നടപടിയോ പൂര്‍ണ്ണമായും കുറ്റമറ്റതായിരുന്നു എന്നല്ല. ഗള്‍ഫ് യുദ്ധകാലത്ത് യുദ്ധം തുടങ്ങുന്നതിന് മുന്‍പാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. ഇവിടെ യുദ്ധം തുടങ്ങിയതിനുശേഷം യുദ്ധമുഖത്തു നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. നവീന്‍ എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെട്ടു. യുദ്ധമുഖത്ത് പുറത്തിറങ്ങരുതെന്നും ബങ്കറില്‍ തന്നെ ഇരിക്കണമെന്നുമുള്ള നിര്‍ദ്ദേശം ലംഘിച്ച ആളിനാണ് ഷെല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് എന്ന കാര്യം മറക്കരുത്. യുദ്ധമുഖത്ത് വിദേശികളും സ്വദേശികളും സൈനികരും അല്ലാത്തവരും ഒക്കെ പാലിക്കേണ്ട ചില പെരുമാറ്റ രീതികളും നടപടിക്രമങ്ങളുമുണ്ട്. യുദ്ധസാധ്യതയുള്ള സ്ഥലത്തു നിന്ന് പോരാന്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ പുറപ്പെടാനുള്ള അനുശാസനം പൗരന്മാര്‍ക്കുണ്ടാകണം. പിന്നെ നിലവിളിച്ചിട്ട് പ്രയോജനമുണ്ടോ? ഇക്കാര്യങ്ങള്‍ പലതിലും വേണ്ടത്ര വിവരം നമ്മുടെ ആള്‍ക്കാര്‍ക്ക് ഇല്ല എന്നത് സത്യമാണ്. അതിന്റെ പേരിലും നരേന്ദ്രമോദിയെ പഴിക്കാനും അപമാനിക്കാനും വിവരമില്ലാത്ത രാഷ്ട്രീയക്കാരെക്കാള്‍ നികൃഷ്ടമായി മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇറങ്ങുന്നത് ശരിയാണോ? മാധ്യമപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ പരിഗണനയുടെ അതിര്‍ത്തി എവിടെവരെയാണ്? സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍, വീഴ്ചയുണ്ടെങ്കില്‍ അത് തുറന്നുകാട്ടണം. അതിനുപകരം രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്തരം നിലപാട് എടുക്കുന്നത് ആഭാസകരമാണ്. ലോകത്ത് ഒരു രാഷ്ട്രത്തിനും കഴിയാത്ത രീതിയില്‍ സുസംഘടിതമായ പിഴവറ്റ രീതിയിലാണ് ഭാരതത്തിന്റെ പൗരന്മാരെ നരേന്ദ്രമോദി ഒഴിപ്പിച്ചത്. നേപ്പാള്‍ അടക്കം പല രാജ്യങ്ങളും ഭാരതത്തിന്റെ സഹായം തേടിയത് നമ്മുടെ മാധ്യമങ്ങള്‍ കണ്ടില്ല. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദിക്ക് കത്തയച്ചത്, പുടിനും ബൈഡനും മോദിയെ വിളിച്ചതിനേക്കാള്‍ വലിയ വാര്‍ത്തയായി. ഈ അധമ മാധ്യമപ്രവര്‍ത്തനം എന്ന് അവസാനിക്കും?