ഏതാനും ദിവസം മുന്‍പ് നമ്മെ വിട്ടുപിരിഞ്ഞ പി.കെ. നാരായണ്‍ജി സംഘത്തിന്റെ കോട്ടയം വിഭാഗ് പ്രചാരകനായിരിക്കുമ്പോഴാണ് എനിക്ക് അദ്ദേഹവുമായി പരിചയപ്പെടാനും അടുത്തിടപഴകാനും കഴിഞ്ഞത്. കാര്‍ക്കശ്യവും കൃത്യനിഷ്ഠയും പൊതുപ്രവര്‍ത്തനത്തില്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എപ്പോഴും എന്നെ ഓര്‍മ്മപ്പെടുത്തുമായിരുന്നു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫീസിലെ ജോലി കഴിഞ്ഞ് കോട്ടയം കാര്യാലയത്തില്‍ എത്തിയ സന്ദര്‍ഭങ്ങളിലെല്ലാം നാരായണ്‍ജി ഒരു രക്ഷാകര്‍ത്താവിനെ പോലെ സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ് സദുപദേശങ്ങള്‍ നല്‍കി. വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കവെ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കാനിടയായി. ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിന്റെ കുറവുണ്ടോ എന്ന മറുചോദ്യവുമായി എന്നെ നേരിട്ടു. ക്ഷേത്ര വിശ്വാസവും ഭക്തിയും ഭജനയും ആവോളമുണ്ട്. പക്ഷേ സമൂഹത്തെ പറ്റി ചിന്തിക്കുന്ന പ്രതിബദ്ധതയുള്ള ഹിന്ദുക്കളെ സൃഷ്ടിക്കാന്‍ ക്ഷേത്രത്തിന് കഴിയുമോ എന്നായി അടുത്ത ചോദ്യം. ക്ഷേത്രമേറ്റെടുക്കുന്നതിനെതിരെ നാരായണ്‍ജി കടുത്ത നിലപാട് സ്വീകരിക്കുമെന്ന ഭയംകൊണ്ട് ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചുനോക്കി. വി.എച്ച്.പിയുടെ ക്ഷേത്രങ്ങളും മറ്റു ക്ഷേത്രങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം എന്ന അടുത്ത ചോദ്യവുമായി വീണ്ടും എന്റെ നേരെ തിരിഞ്ഞു. ചോദ്യങ്ങള്‍ ചോദിച്ചു എന്നെ കുഴപ്പത്തിലാക്കുകയായിരുന്നില്ല നാരായണ്‍ജിയുടെ ലക്ഷ്യം. ശരിയായ ഉത്തരം തന്ന് എനിക്ക് ദിശാബോധം നല്‍കി തിരുത്തുകയായിരുന്നു ഉദ്ദേശ്യം. ക്ഷേത്രങ്ങള്‍ ഏറ്റെടുക്കണമെന്നും പക്ഷേ അവ ഹിന്ദു നവോത്ഥാനത്തിനും സാമൂഹ്യ പരിവര്‍ത്തനത്തിനും ഇടം നല്‍കുന്ന കേന്ദ്രമാകണമെന്നുള്ള പ്രചോദനാത്മകമായ അറിവ് അദ്ദേഹം പകര്‍ന്നുതന്നു.
1978-ല്‍ ആണെന്ന് തോന്നുന്നു. കുമ്മനം ശാഖയില്‍ വിജയദശമി മഹോത്സവ പരിപാടിയില്‍ പങ്കെടുക്കാനായി നാരായണ്‍ജി എത്തി. അന്ന് പ്രഭാഷണം നടത്തിയത് പി.രാമചന്ദ്രേട്ടന്‍ (ഛോട്ടാജി) ആയിരുന്നു. നാരായണ്‍ജി എല്ലാ പരിപാടികളും പിറകിലിരുന്ന് സശ്രദ്ധം വീക്ഷിച്ചു. പരിപാടികള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് കോട്ടയം കാര്യാലയത്തിലെത്തി. പായയിലിരുന്ന് പരിപാടിയെക്കുറിച്ചുള്ള വിലയിരുത്തല്‍ ആരംഭിച്ചു. രാമചന്ദ്രേട്ടന്റെ പ്രഭാഷണത്തെ കുറിച്ചായി ചര്‍ച്ച. വിജയദശമി മഹോത്സവത്തിലെ പ്രഭാഷണം ക്ഷേത്രത്തിലെ മതപ്രഭാഷണം പോലെ കഥ പറച്ചിലല്ലെന്നും ഹിന്ദുക്കള്‍ക്ക് സാമൂഹ്യ ബോധവും സംഘ സന്ദേശവും പകര്‍ന്നുകൊടുക്കാനുള്ള ബൗദ്ധിക്കാകണമെന്നും രാമചന്ദ്രേട്ടനെ നോക്കി നാരായണ്‍ജി തുറന്നടിച്ചു. ദേവീ ഭാഗവതം വായിച്ച് ദുര്‍ഗ്ഗയുടെ കഥ ജനങ്ങള്‍ മനസ്സിലാക്കി കൊള്ളും. ശാഖയിലെ ഉത്സവത്തില്‍ നടത്തുന്ന പ്രഭാഷണത്തില്‍ കഥാഭാഗം അല്പം മതി. മറ്റുള്ള സമയം ഹിന്ദുരാഷ്ട്ര സങ്കല്‍പ്പവും ഡോക്ടര്‍ജിയുടെ കാഴ്ചപ്പാടും പറയണമെന്ന് നാരായണ്‍ജി വ്യക്തമാക്കിയപ്പോള്‍ മറിച്ചൊന്നും പറയാന്‍ രാമചന്ദ്രേട്ടന് കഴിഞ്ഞില്ല. വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ നാരായണ്‍ജി എപ്പോഴും ശ്രമിച്ചുപോന്നു. പരിപാടികള്‍ക്ക് പൂര്‍ണത ഉണ്ടാവണമെന്ന കാര്യത്തിലും നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ക്കശ്യവും പിടിവാശിയും സ്വാര്‍ത്ഥപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല. അച്ചടക്കവും കൃത്യനിഷ്ഠയും വഴി സ്വയംസേവകന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ മാത്രമായിരുന്നു ഊന്നല്‍.
മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ എന്തെങ്കിലും പറയുക, അടുപ്പം ഉണ്ടാക്കാന്‍ വേണ്ടി സ്തുതിച്ച് സംസാരിക്കുക തുടങ്ങിയവയൊന്നും നാരായണ്‍ജിയുടെ സ്വഭാവത്തിലില്ല. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവരെ അലോസരപ്പെടുത്തിയിട്ടുണ്ടാകാം. പക്ഷേ ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും അദ്ദേഹത്തിന്റെ വാക്കുകളിലുടനീളം നിഴലിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം പനച്ചിക്കാട് സ്‌കൂളില്‍ നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗില്‍ നാരായണ്‍ജി നടത്തിയ പ്രഭാഷണം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. സ്വയംസേവകരുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഉജ്ജ്വലമായ അനുഭവ പാഠങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. അത് കേട്ടവര്‍ക്കെല്ലാം ഉണര്‍വും ഉത്സാഹവും ആവേശവും പകര്‍ന്നു. ആദര്‍ശ നിഷ്ഠമായ ജീവിതത്തിന്റെ പ്രേരണാദായകമായ സന്ദേശങ്ങള്‍ വിശദീകരിച്ചപ്പോള്‍ അത് ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി.
അടുത്താണെങ്കിലും അകലെയാണെങ്കിലും നാരായണ്‍ജി എപ്പോഴും കൂടെയുണ്ടെന്നും വീഴ്ചവരുത്തിയാല്‍ പിടിവീഴും എന്നുമുള്ള തോന്നല്‍ എനിക്ക് സ്വയം നന്നാവാനുള്ള അവസരം ഒരുക്കി. അതുകൊണ്ട് എപ്പോഴും ആ ദീപ്തസ്മരണ ഒരു പ്രചോദനമായി അവശേഷിക്കും.