ശ്രവണം, കീര്‍ത്തനം വിഷ്‌ണോ:
സ്മരണം, പാദസേവനം
അര്‍ച്ചനം, വന്ദനം, ദാസ്യം
സഖ്യം, ആത്മനിവേദനം
ഒന്‍പതു തരം ഭക്തിയെപ്പററിയാണ് ഭാഗവതത്തിലെ ഈ പരാമര്‍ശം.
പൂജയില്‍ ഇവയില്‍ പലതും ഉപചാര രൂപത്തിലാണ് പ്രകടിപ്പിക്കുക. ഒരു സാധാരണ പൂജ, വ്യക്തിപൂജ പോലെ തന്നെയാണ്. ഒരു വ്യക്തി, അതിഥി, വീട്ടില്‍ വരുമ്പോള്‍ നാം അവരെ ബഹുമാനിക്കും. കൈകാല്‍ കഴുകാന്‍ സൗകര്യമൊരുക്കും. ലഘുവായ പാനീയം കൊടുക്കും. കുളിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കും. പിന്നീട് മൃഷ്ടാന്നം ഭോജനം കൊടുക്കും. വര്‍ത്തമാനം പറഞ്ഞു സന്തോഷിപ്പിക്കും. യാത്രയയ്ക്കും.
ദേവപൂജയിലും ഇതു തന്നെയാണ് നടക്കുന്നത് എന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
വ്യത്യാസം രണ്ടു കാര്യത്തിലാണ്. ഒന്ന്, പൂജയില്‍ ദേവനെ ക്ഷണിച്ചു കൊണ്ടുവരികയാണ്. രണ്ട്, ദേവന്‍ നമ്മിലും ഉയരെയുള്ളവനാണ്, തുല്യനല്ല. ദേവന്റെ പ്രാധാന്യത്തിനനുസരിച്ചും പൂജയുടെ വലുപ്പത്തിനനുസരിച്ചും ഉപചാരങ്ങളും ചടങ്ങുകളും കൂടും എന്നര്‍ഥം. 30 മിനിറ്റു കൊണ്ടും 3 മണിക്കൂര്‍ കൊണ്ടും തീരുന്ന പൂജകളുണ്ട്.
ഏറ്റവും ചുരുങ്ങിയ പൂജയിലും അഞ്ചു ഉപചാരങ്ങളുണ്ടാകും. ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം. ഇത് പഞ്ചഭൂതങ്ങളുടെ സമര്‍പ്പണം തന്നെയാണ്. ജലം ജലഭൂതത്തിന്റെയും ഗന്ധം ഭൂമിയുടെയും പുഷ്പം ആകാശത്തിന്റെയും ധൂപം വായുവിന്റെയും ദീപം അഗ്‌നിയുടെയും പ്രാതിനിധ്യം വഹിക്കുന്നു. നൈവേദ്യവും ആറാമതായി വരും.
പൂജയെപ്പററി അറിവുള്ളവര്‍ അമ്പലത്തില്‍ തൊഴുന്നതു ശ്രദ്ധിച്ചാല്‍ ഇതു കാണാം. അവര്‍ മണിയടിച്ചു തൊഴും. പിന്നെ മനസ്സുകൊണ്ട് ദേവനെ അഭിവാദ്യം ചെയ്യും.
(അഭിവാദേ വാസുദേവശര്‍മ നാമ അഹം അസ്മി ഭോ: ) ‘വാസുദേവന്‍ എന്നു പേരായ ഞാന്‍ അങ്ങയെ അഭിവാദ്യം ചെയ്യുന്നു.’ പിന്നീട് മുന്നില്‍ കൈകള്‍ മലര്‍ത്തിപ്പിടിച്ച് പെരുവിരല്‍ മോതിരവിരലിനോടും ചേര്‍ത്ത് ‘വം അബാത്മനാ ജലം കല്പയാമി’ എന്നു കാട്ടും. ‘ഞാന്‍ അങ്ങയ്ക്ക് മനസാ ജലം തരുന്നു’ എന്നു മന്ത്രാര്‍ഥം. പിന്നീട് പെരുവിരല്‍ ചെറുവിരലിനോടു ചേര്‍ത്ത് ‘ലം പൃഥിവ്യാത്മനാ ഗന്ധം കല്പയാമി’ എന്നു ചൊല്ലും. ഇത് ഭൂമി എന്ന ഭൂതത്തിന്റെ സമര്‍പ്പണമാണ്. പിന്നീട് പെരുവിരല്‍ (ആകാശം), ചൂണ്ടുവിരല്‍ (വായു), നടുവിരല്‍ (അഗ്‌നി). വീണ്ടും മോതിരവിരല്‍ കാട്ടി നൈവേദ്യമെന്ന അമൃത് സമര്‍പ്പിക്കുന്നതായും മന്ത്രത്തിലൂടെ ചെയ്യും. ഇതിന് മാനസപൂജ എന്നാണ് പേര്. ദ്രവ്യങ്ങളില്ലാതെ മനസ്സുകൊണ്ടും മുദ്ര കൊണ്ടും മന്ത്രം കൊണ്ടും ചെയ്യുന്ന ലഘുപൂജ. ലഘുവെങ്കിലും അതിന്റെ മഹത്വം ലഘുവല്ല.
ഷോഡശ ഉപചാര പൂജയാണ് പ്രസിദ്ധമായത്. പതിനാറ് ഉപചാരങ്ങളടങ്ങുന്നതാണ് ഇത്. പൂജയുടെ മുന്നൊരുക്കങ്ങള്‍ അതായത് തീര്‍ഥമൊരുക്കല്‍, ആത്മാരാധന, ഗുരു – ഗണപതി മുതലായവരുടെ ആരാധനം, പീഠപൂജ മുതലായവ കഴിഞ്ഞാണ് ഉപചാരങ്ങള്‍ വരുന്നത്.
ആവാഹനം (ഇഷ്ടദേവനെ വിളിച്ചു കൊണ്ടുവരല്‍) ആണ് ആദ്യ ഉപചാരം. ‘സദാശിവമൂര്‍ത്തി ഭഗവാന്‍ ആഗച്ഛ ആഗച്ഛ ആവാഹയാമി’ എന്ന മന്ത്രത്തോടെ പൂജകന്റെ ഉള്ളിലിരിക്കുന്ന ദേവനെ താന്ത്രികവിധിയിലൂടെ പുറത്തു കൊണ്ടുവന്നിരുത്തുകയാണ് ഇവിടെ.
‘ആസനം സമര്‍പ്പയാമി’ എന്ന് ഇരിപ്പിടം സമര്‍പ്പിക്കുന്നു. ഇത് രണ്ടാമത്തെ ഉപചാരം. കൈ കഴുകാന്‍ വെള്ളം കൊടുക്കുന്നത് ‘അര്‍ഘ്യം’ എന്ന മൂന്നാമത്തെ ഉപചാരം. പിന്നെ കാലുകഴുകാന്‍ ‘പാദ്യം’. ആചമനീയം അടുത്തത്. മധുപര്‍ക്കമെന്നത് ലഘുപാനീയം. പിന്നെ സ്‌നാനം, വസ്ത്രം, ആഭരണം, പിന്നെ ഗന്ധ- പുഷ്പ- ധൂപ – ദീപ – നൈവേദ്യം, കര്‍പ്പൂര ആരതി, വന്ദനം ഇവയാണ് 16 ഉപചാരങ്ങള്‍. ഉചിതമായ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ടാണ് എല്ലാം സമര്‍പ്പിക്കുന്നത്. ഇവയെല്ലാം ഒരു വിശിഷ്ട വ്യക്തിയെ പരിചരിക്കുമ്പോള്‍ അനുഷ്ഠിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ദേശഭേദമനുസരിച്ച് വ്യത്യാസങ്ങളുണ്ടാകാമെങ്കിലും അവയ്ക്കു പിന്നിലുള്ള തത്വം ഒന്നു തന്നെ.
സ്വാഗതം, സ്ഥാപനം, താംബൂല സമര്‍പ്പണം, ഉപവീത സമര്‍പണം, ഉദ്വാസനം മുതലായവ ചേര്‍ത്ത് 21 ഉപചാരങ്ങളും പതിവുണ്ട്. ഉപചാരങ്ങളില്‍ പലതും മന്ത്രം ചൊല്ലിക്കൊണ്ട് ശംഖതീര്‍ഥം നല്കുന്നതില്‍ ഒതുങ്ങും. ‘വസ്ത്രം സമര്‍പ്പയാമി’ എന്ന മന്ത്രം ചൊല്ലി തീര്‍ഥം കൊടുത്താല്‍ വസ്‌ത്രോപചാരമായി. എന്നാല്‍ ഗന്ധം, പുഷ്പം, നൈവേദ്യം മുതലായവ ദ്രവ്യം തന്നെ സമര്‍പ്പിക്കും.
പൂജയുടെ വൈപുല്യമനുസരിച്ച് ഉപചാരങ്ങളും കൂടും. ഹോമാചാരങ്ങളിലും ഉപചാരങ്ങള്‍ പ്രധാനം തന്നെ. സമര്‍പ്പണത്തോളം തന്നെ പ്രധാനമാണ് സമര്‍പ്പിക്കുന്നവന്റെ മനസ്സ് എന്നും ഓര്‍ക്കണം. എത്ര കൊടുക്കുന്നു എന്നതിലും പ്രധാനമാണ് ഏതു തരം മനസ്സോടെ കൊടുക്കുന്നു എന്നത്. ‘ഭക്തി: ഏവ ഗരീയസി’ ഭക്തി തന്നെ മുഖ്യം.