കപോതം എന്നാല്‍ പ്രാവ്. രാജ കപോതം എന്നാല്‍ പ്രാവുകളുടെ രാജാവ്. ഈ ആസനത്തില്‍ നെഞ്ച് മുന്നോട്ട് നല്ലവണ്ണം തള്ളും, പോട്ടര്‍ പ്രാവിനെപ്പോലെ. അതാണ് ഈ പേരു വന്നത്. ഒരു കാലില്‍ മാത്രം പ്രയോഗം വരുന്നതിനാല്‍ ഏക പാദം.
കഠിനമായ ആസനങ്ങളില്‍ പെടുന്ന ഒന്നാണിത്. അതുകൊണ്ട് വഴക്കമുള്ളവരേ ശ്രമിക്കാവൂ.
ചെയ്യുന്ന വിധം
കാലുനീട്ടിയിരിക്കുക. വലതു കാല് മടക്കി കാല്‍മടമ്പ് മറുകാലിന്റെ തുടയിടുക്കില്‍ വെക്കുക. കാല്‍മുട്ട് നിലത്തു പതിഞ്ഞിരിക്കും. ഇടതുകാല് പിറകില്‍ നിവര്‍ത്തി വെക്കുക.
ഇടതുകാല് മുട്ടില്‍ മടക്കി കാല്‍പ്പത്തി ഉയര്‍ത്തി തലയുടെ പിറകില്‍ ചേര്‍ക്കുക. ശ്വാസം വിട്ടുകൊണ്ട് കൈകള്‍ ഉയര്‍ത്തി കൈപ്പത്തികള്‍ കാലിനോടും തലയോടും ചേര്‍ക്കുക. നെഞ്ച് മുന്നോട്ട് തള്ളിയിരിക്കും.
ഈ സ്ഥിതിയില്‍ അല്പസമയം നിന്ന ശേഷം തിരിച്ചുവന്ന് കാല് മാറ്റി ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
അരക്കെട്ടിന്റെ ഭാഗത്ത് നല്ല വലിവും രക്തപ്രവാഹവും ലഭിക്കും. മൂത്രസംബന്ധമായ വിഷമങ്ങള്‍ പരിഹരിക്കപ്പെടും. കഴുത്തിന്റെ ഭാഗത്തും വലിവും രക്തപ്രവാഹവുമുണ്ടാവും. കാമവികാരങ്ങളുടെ നിയന്ത്രണത്തിനും ഉപകരിക്കും.