ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന ചിത്രം ഭൂമിയിലിരുന്നു പകര്‍ത്തി. 120 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ടച2020ഹേള എന്ന് പേരിട്ട നക്ഷത്രത്തിന്റെ പൊട്ടിത്തെറിയാണ് ഹവായിലെ രണ്ടു ദൂരദര്‍ശിനികള്‍ പകര്‍ത്തിയത്. 2020 മുതല്‍ ഈ നക്ഷത്രത്തെ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടയിലാണ് ഈ ചരിത്രമുഹൂര്‍ത്തം ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയത്.
കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീളുന്ന നക്ഷത്രങ്ങളുടെ ജനനവും വളര്‍ച്ചയും വികാസവും പരിണാമവും മരണവുംഎക്കാലത്തും ജ്യോതിശാസ്ത്രത്തിന്റെ ഇഷ്ടവിഷയമാണ്. അത് ഏറെ അദ്ഭുതാവഹവും കൗതുകകരവുമാണ്. അതില്‍ തന്നെ ഏറ്റവും അമ്പരപ്പിക്കുന്ന ഒന്നാണ് നക്ഷത്രം പൊട്ടിത്തെറിക്കുന്ന സൂപ്പര്‍നോവ എന്ന പ്രതിഭാസം.
എങ്ങനെയാണ് നക്ഷത്രങ്ങള്‍ ഉണ്ടാകുന്നത് എന്നതിന് ധാരാളം സിദ്ധാന്തങ്ങള്‍ ഉണ്ട്. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന പൊടിപടലങ്ങളും മൂലകങ്ങളും ഏതെങ്കിലുമൊരു ഗുരുത്വബിന്ദുവിനെ ആധാരമാക്കി കറങ്ങാന്‍ തുടങ്ങുമ്പോള്‍ ആണ് നക്ഷത്രത്തിന്റെ ഈറ്റുനോവ് ആരംഭിക്കുന്നത് എന്ന സിദ്ധാന്തമാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ കോടിക്കണക്കിനു വര്‍ഷങ്ങള്‍ ഉള്ള കറക്കം ഇവയെ അകത്തേക്ക് ചുരുക്കുകയും, അത് മൂലം ഉള്ളില്‍ ചൂട് കൂടിക്കൂടി വരികയും ചെയ്യും. നെബുല എന്നാണ് ഈ അവസ്ഥക്ക് പേര്. എല്ലാവര്‍ക്കും വളരെയെളുപ്പം ദൃശ്യമായ മൂന്ന് നക്ഷത്രങ്ങള്‍ അടങ്ങിയ വേട്ടക്കാരന്‍ അഥവാ ഓറിയോണ്‍ എന്നൊരു നക്ഷത്ര ഗണം ഇപ്പോള്‍ ആകാശത്ത് കാണാന്‍ കഴിയും. ആ വലിയ മൂന്നു നക്ഷത്രങ്ങളുടെ നേര്‍ക്ക് അമ്പ് പോലെ നില്‍ക്കുന്ന വളരെ ചെറിയ മൂന്ന് നക്ഷത്രങ്ങളെയും തെളിഞ്ഞ ആകാശത്ത് കാണാം. അവ ശരിക്കും നക്ഷത്രങ്ങള്‍ ആയിട്ടില്ല. അവിടെ നക്ഷത്രം ജനിക്കുന്നതേയുള്ളൂ. അതാണ് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്ന ഓറിയോണ്‍ നെബുല.

ഇങ്ങനെ നെബുല എന്ന അവസ്ഥയിലൂടെ കോടിക്കണക്കിനു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉള്ളിലെ ചൂട് ഭീമമാകും. അത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ അഥവാ അണുസംയോജനത്തിനു കാരണമാവുകയും ചെയ്യും. എന്നുവെച്ചാല്‍ നമ്മുടെ ഹൈഡ്രജന്‍ ബോംബിന്റെ ടെക്നോളജി. അങ്ങനെ അതിന്റെ കോറിനുള്ളിലെ ഹൈഡ്രജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഹീലിയം ആവുകയും ആ പ്രക്രിയയില്‍ ബാക്കിവരുന്ന പിണ്ഡം വന്‍ ഊര്‍ജ്ജമായി പുറത്തു വരികയും ചെയ്യും. ഇതാണ് വളര്‍ച്ച പ്രാപിച്ച ഒരു നക്ഷത്രത്തിന്റെ അവസ്ഥ. നമ്മുടെ സൂര്യന്‍ ഒക്കെ ഇങ്ങനെയാണ്.
ഈ പ്രക്രിയ നക്ഷത്രത്തിന്റെ വലിപ്പം അനുസരിച്ച് നൂറുകണക്കിന്, ആയിരക്കണക്കിന് കോടി വര്‍ഷങ്ങളോളം നീളും. ഗുരുത്വം കാരണമുള്ള ഉള്ളിലേക്ക് ചുരുങ്ങലും ഫ്യൂഷന്‍ കാരണം പുറത്തേക്കുള്ള ഊര്‍ജ്ജപ്രവാഹവും ഒരു കൃത്യമായ ബാലന്‍സ് നിലനിര്‍ത്തുന്നതിനാല്‍ നക്ഷത്രം അങ്ങനെ നിന്ന് കത്തിക്കൊണ്ടേ ഇരിക്കും. അങ്ങനെയങ്ങനെ കോടാനുകോടി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉള്ളിലെ ഹൈഡ്രജന്‍ തീരും. അപ്പോള്‍ പുറത്തേക്കുള്ള ഊര്‍ജ്ജപ്രവാഹം നില്‍ക്കും. അപ്പോള്‍ വീണ്ടും അവന്‍ ഉള്ളിലേക്ക് ചുരുങ്ങാന്‍ തുടങ്ങുകയും വീണ്ടും ഉള്ളില്‍ ചൂട് കൂടുകയും ഒരു ഘട്ടത്തില്‍ ഹീലിയം ഫ്യൂഷനു ആവശ്യമായ അവസ്ഥയില്‍ എത്തുകയും ചെയ്യും.അങ്ങനെ ഹീലിയം ഉരുകാന്‍ തുടങ്ങുമ്പോള്‍ വീണ്ടും ന്യൂക്ലിയര്‍ ഫ്യൂഷന്‍ ആരംഭിക്കുകയും തുടര്‍ന്ന് പഴയപോലെ പുറത്തേക്കുള്ള ഊര്‍ജ്ജപ്രവാഹം ആരംഭിക്കുകയും നക്ഷത്രം ബാലന്‍സ് വീണ്ടെടുക്കുകയും ചെയ്യും.

ഇനിയങ്ങോട്ടാണ് വിഖ്യാതമായ ചന്ദ്രശേഖര്‍ പരിധിയുടെ പ്രാധാന്യം ഉള്ളത്. ഉള്ളിലെ ഹീലിയവും തീരുമ്പോള്‍ ചില നക്ഷത്രങ്ങള്‍ അകത്തേക്ക് ചുരുങ്ങി ചുരുങ്ങി വെള്ളക്കുള്ളന്‍ (White Dwarf) എന്ന അവസ്ഥ പ്രാപിച്ചു അനാഥപ്രേതങ്ങളായി അവശേഷിക്കും. 500 കോടി വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ നമ്മുടെ സൂര്യന് സംഭവിക്കാന്‍ പോകുന്നത് ഇതാണ്.
എന്നാല്‍ സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങിനെക്കാള്‍ ഭാരമുള്ള നക്ഷത്രങ്ങളുടെ വിധി മറ്റൊന്നാണ്. അവ, ഉള്ളിലെ ഹീലിയം തീര്‍ന്നു വീണ്ടും പരിണാമം തുടരും. അങ്ങിനെ അവസാനം ഫ്യൂഷന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ എത്തുമ്പോള്‍, ഉള്ളിലേക്കുള്ള അതിശക്തമായ ചുരുങ്ങല്‍ ഒരു വന്‍ പൊട്ടിത്തെറിയിലാണ് അവസാനിക്കുക. നക്ഷത്രം അതിന്റെ ജീവിതകാലത്ത് മുഴുവന്‍ ഉണ്ടാക്കിയ ഊര്‍ജ്ജത്തിനേക്കാള്‍ ഭീമമായ ഊര്‍ജ്ജമാണ് അവയുടെ ഈ അന്ത്യനിമിഷങ്ങളില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഈ അവസ്ഥയാണ് നക്ഷത്രവിസ്‌ഫോടനം അഥവാ സൂപ്പര്‍നോവ.
ഭാരതീയ ശാസ്ത്രജ്ഞനായ സുബ്രഹ്‌മണ്യം ചന്ദ്രശേഖര്‍ ആണ് ജ്യോതിശാസ്ത്രത്തിലെ അതിനിര്‍ണായകമായ, സൂര്യന്റെ 1.44 മടങ്ങ് എന്ന നക്ഷത്രപരിണാമത്തിലെ പരിധി കണ്ടെത്തിയത്. അതുകൊണ്ടാണ് അതിനു ചന്ദ്രശേഖര്‍ പരിധി എന്ന പേര് തന്നെ നല്‍കിയതും.

ഇക്കാര്യങ്ങളൊക്കെ ശാസ്ത്രലോകം മനസ്സിലാക്കിയിരുന്നു എങ്കിലും ഒരു നക്ഷത്രവിസ്‌ഫോടനത്തെ ക്യാമറയില്‍ പകര്‍ത്തുന്നത് നടാടെ ആണെന്നു തോന്നുന്നു. ആ ഭാഗ്യം ലഭിച്ചത് ഈ തലമുറക്കാണ്.
അദ്ഭുതം തോന്നുന്നോ, അമ്പരപ്പ് തോന്നുന്നോ, അവിശ്വസനീയത തോന്നുന്നോ. സ്വാഭാവികം. എത്ര വിസ്മയഭരിതമാണ് നമ്മുടെ ഈ പ്രപഞ്ചം അല്ലേ.
വാല്‍ക്കഷണം – ഇപ്പോള്‍ കണ്ട നക്ഷത്രവിസ്‌ഫോടനം 120 ദശലക്ഷം പ്രകാശവര്‍ഷം ദൂരെയുള്ള നക്ഷത്രത്തിന്റെ ആണ് എന്ന് പറഞ്ഞല്ലോ. ഒരു പ്രകാശവര്‍ഷം എന്നാല്‍, സെക്കന്റില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ എന്ന കണക്കില്‍ പ്രകാശം ഒരു വര്‍ഷം സഞ്ചരിക്കുന്ന ദൂരമാണ്. അങ്ങനെയുള്ള നൂറ്റിയിരുപത് ദശലക്ഷം അഥവാ പന്ത്രണ്ട് കോടി പ്രകാശവര്‍ഷം അകലെയാണ് സംഭവം. എന്നുവെച്ചാല്‍ ഇപ്പോള്‍ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പന്ത്രണ്ട് കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് അവിടുന്ന് പുറപ്പെട്ടതാണ്. ഫ്രഷ്, ഫ്രെഷേ എന്ന് പറഞ്ഞു നമ്മള്‍ കാണുന്ന ഈ പൊട്ടിത്തെറി പന്ത്രണ്ട് കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണ് എന്ന്. ബോധം പോയോ…സ്വാഭാവികം.