കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദസരസ്വതിയുടെ സമാധിയിലൂടെ ഹിന്ദു സമാജത്തിന്റെ വഴികാട്ടിയും പ്രേരണാദാതാവുമായ മഹാത്മാവിനെയാണ് നഷ്ടമായത്. വേദാന്ത തത്വങ്ങളെ ലളിതമായി വിശദീകരിച്ച് അദ്ദേഹം ഭക്തമനസ്സുകളില്‍ ഇടം നേടി. കേരളത്തിലുടനീളം ഭാഗവത സപ്താഹങ്ങളും പ്രഭാഷണങ്ങളും നടത്തിയ സ്വാമിജി ആശ്രമത്തിനകത്തിരുന്ന് മാത്രം വേദാന്തം പറയുകയല്ല ചെയ്തത്. കേരളത്തിലെ ഹൈന്ദവ സമരപോരാട്ടങ്ങളിലെ നായകനും ഉജ്ജ്വലപ്രഭാഷകനും കൂടിയായിരുന്നു. സന്ന്യാസിമാരുടെ സംഘടനയായ മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു സ്വാമിജി. നിലയ്ക്കല്‍ പ്രക്ഷോഭം, ഗുരുവായൂര്‍ ക്ഷേത്ര വിമോചനസമരം, അയോധ്യ പ്രക്ഷോഭം, ശിലാപൂജ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
ഭാഗവത സപ്താഹങ്ങളും ദേവീ ഭാഗവത നവാഹവും, യോഗ ക്ലാസുകളും, ആദ്ധ്യാത്മിക ക്ലാസുകളും കല്ലേക്കുളങ്ങര ശിവാനന്ദാശ്രമത്തിന്റെ മുഖമുദ്രയായിരുന്നു. ഏതു വിഷയത്തിലുമുള്ള സംശയങ്ങള്‍ ശമിപ്പിക്കാനും സ്വാമിജിക്ക് കഴിയുമായിരുന്നു. യോഗാധ്യാപകനായി ആധ്യാത്മിക ജീവിതം തുടങ്ങിയ അദ്ദേഹം അവസാനകാലം വരെയും യോഗാനുഷ്ഠാനം മുടക്കിയില്ല.
തെറ്റുകള്‍ കണ്ടാല്‍ സ്വാമിജി മുഖംനോക്കാതെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുമായിരുന്നു. ഹൈന്ദവ സമാജത്തിനെതിരായ വെല്ലുവിളികളെ ചോദ്യം ചെയ്യുകയും ശക്തമായ ഭാഷയില്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്യുമായിരുന്നു. സ്വാമിജിയുടെ പ്രസംഗങ്ങള്‍ കേട്ടവര്‍ക്കറിയാം ആ വാക്കുകളുടെ ശക്തി. ഹിന്ദുവാണെന്ന് പറഞ്ഞ് നടന്നാല്‍ പോരെന്നും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
സ്വാമി വിവേകാനന്ദന്റെ ജീവിതമാണ് തന്നെ ഏറെ സ്വാധീനിച്ചതും വഴിതിരിച്ചുവിട്ടതുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സൂക്ഷ്മനിരീക്ഷണത്തിലൂടെ കാര്യങ്ങള്‍ ഗ്രഹിച്ചിരുന്ന അദ്ദേഹം നിസ്വനായിക്കൊണ്ട് സമാജത്തെ സേവിച്ചു.

ഗോപാലകൃഷ്ണന്‍ എന്നായിരുന്നു സ്വാമിജിയുടെ പൂര്‍വാശ്രമത്തിലെ പേര്. ബിഎസ്‌സി ഫിസിക്‌സില്‍ ബിരുദം നേടിയ അദ്ദേഹം നിയമബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ബോംബെയില്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ അല്‍പകാലം ജോലിചെയ്യുന്നതിനിടെയാണ് യോഗ കോഴ്‌സില്‍ ഡിപ്ലോമ നേടിയത്. ഈ സമയത്തു തന്നെ തന്റെ ജീവിതനിയോഗം തിരിച്ചറിഞ്ഞ അദ്ദേഹം ജോലി രാജിവെച്ച് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് ചട്ടമ്പി സ്വാമി പരമ്പരയിലെ സ്വാമി വിദ്യാനന്ദ തീര്‍ത്ഥപാദരില്‍ നിന്നും ഹഠയോഗവും, ഖേചരീമുദ്രയും അഭ്യസിച്ചു. സ്വാമി ജ്ഞാനാനന്ദ സരസ്വതിയില്‍ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചശേഷം ‘മാതൃഹസ്‌തേന ഭോജനം’ എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കി അദ്ദേഹം സ്വമാതാവില്‍ നിന്ന് ആദ്യ ഭിക്ഷ സ്വീകരിച്ചു. അമ്മ പാര്‍വതിയമ്മയുടെ അനുഗ്രഹം വാങ്ങിയാണ് 1980ല്‍ പാലക്കാടെത്തുന്നത്. തുടര്‍ന്ന് സ്വാമിജിയുടെ നിതാന്തപരിശ്രമംകൊണ്ട് പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഒരു മഹാപ്രസ്ഥാനമായി ശിവാനന്ദാശ്രമം മാറി.
സ്വന്തമായ പ്രിന്റിങ് പ്രസ് ആരംഭിക്കുകയും ഇവിടെ നിന്ന് നിരവധി ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ശ്രീഹൃദയം ആദ്ധ്യാത്മിക മാസിക അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇറങ്ങുന്ന പ്രസിദ്ധീകരണമാണ്. കൂടാതെ അയിരൂര്‍ ജ്ഞാനാനന്ദാശ്രമം, ചീക്കുഴി ശിവാനന്ദാശ്രമം, ചടയമംഗലം ജ്ഞാനാനന്ദാശ്രമം, തേനാരി ശിവാനന്ദാസാധനാലയം, പനമണ്ണ വിഷ്ണുക്ഷേത്രവും ആശ്രമവും, ഊട്ടി കുന്നൂര്‍ വെങ്കിടാചലപ്പതി ക്ഷേത്രം എന്നിവ ആശ്രമത്തിന്റെ കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളാണ്. ഇതുകൂടാതെ സ്വാമിജിയുടെ ശിഷ്യരുടെ ആശ്രമങ്ങള്‍ വേറെയും ഉണ്ട്. സന്ന്യാസിമാരും ഗൃഹസ്ഥന്മാരുമായി നൂറോളം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ട്.
ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളില്‍ ആത്മീയ ഉന്നതി പ്രോജ്ജ്വലിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കര്‍മ്മകുശലതകൊണ്ട് കഴിഞ്ഞിട്ടുണ്ട്.
സ്വാമിജിയുടെ ആഗ്രഹപ്രകാരം ഗുരുനാഥന്‍ ജ്ഞാനാനന്ദ സരസ്വതിയുടെ സമാധിക്കു തൊട്ടടുത്തുതന്നെയാണ് അദ്ദേഹത്തെയും സമാധി ഇരുത്തിയിരിക്കുന്നത്. ആ മഹാത്മാവിന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.