ശരീരം പല ത്രികോണങ്ങള്‍ രൂപപ്പെടുത്തുന്നതിനാലാണ് ഈ പേരു വന്നത്. ത്രികോണം നിത്യജീവിതത്തില്‍ ധാരാളം ഉപയോഗിക്കുന്ന ഒരു ജ്യാമിതീയ രൂപമാണ്. ധ്യാനരൂപം ഒരു പ്രിസം പോലെ തന്നെയല്ലേ! വളരെ സ്ഥൈര്യം തരുന്ന ഒരു ഇരിപ്പാണത്.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. കാലുകള്‍ ഒരു മീറ്റര്‍ അകത്തി വെക്കുക. കൈകള്‍ വശങ്ങളില്‍ ഭൂമിക്കു സമാന്തരമായി. കൈവിരലുകള്‍ നിവര്‍ന്നു ചേര്‍ന്ന്. വലതു കാല്പത്തി 90 ഡിഗ്രി വലത്തോട്ടു തിരിക്കുക. ഇടതു കാല്പത്തി 45 ഡിഗ്രിയും.
ശ്വാസം വിട്ടുകൊണ്ട് അരക്കെട്ടിന്റെ മേല്‍ഭാഗം പിരിച്ചു കൊണ്ട് വലത്തോട്ടു ചരിക്കുക. നടുവിന് പിരിച്ചില്‍ വരും. ഇടതുകൈ താഴ്ത്തി വലതു കാല്‍പ്പത്തിയുടെ അരികെ പതിച്ചു വെക്കുക. വലതു കൈ മേലോട്ട് ഭൂമിക്കു ലംബമായി വലിച്ചു പിടിക്കുക. ദൃഷ്ടി മേലോട്ടോ നേരേയോ ആകാം. നട്ടെല്ല് ഭൂമിക്കു സമാന്തരമായിരിക്കും. അല്പനേരം സാധാരണ ശ്വാസത്തില്‍ ഇതേ സ്ഥിതിയില്‍ നിന്ന ശേഷം ശ്വാസം എടുത്തുകൊണ്ട് തിരിച്ചു വരിക. ഇടതു വശത്തും ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
എല്ലാ യോഗ ക്ലാസുകളിലും ചെയ്യുന്ന അടിസ്ഥാന യോഗാസനങ്ങളിലൊന്നാണ് ത്രികോണാസനം. ഇതില്‍ വയറിന് പിരിച്ചില്‍ കൂടി കിട്ടുന്നു. പേശികള്‍ക്കെല്ലാം വലിവും വഴക്കവും ബലവും കിട്ടും. അരക്കെട്ടിനു വഴക്കമുണ്ടാവും. ഉദരപേശികള്‍ക്കും ദഹനത്തിനും ഗുണകരമാണ്.