അമേരിക്കന്‍ ചിന്തകനായ ജിം റോണ്‍ പറഞ്ഞ മഹത്തായ ഒരു വാചകമുണ്ട്. Success is not doing extraordinary things but doing ordinary things extraordinarily well. . അദ്ദേഹം പറഞ്ഞതുപോലെ മികച്ച കലാസൃഷ്ടികളെല്ലാം തന്നെ പിറക്കുന്നത് വളരെ സാധാരണമായ സംഭവങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്. ആ സൃഷ്ടികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ തന്നെയല്ലേ ഇത് എന്ന് അനുവാചകനെ തോന്നിപ്പിക്കാന്‍ കഴിയുന്നിടത്താണ് കലാകാരന്റെ ഏറ്റവും വലിയ വിജയം.
അടുത്ത കാലത്ത് മലയാളസിനിമയെ കീഴടക്കിക്കൊണ്ടിരിക്കുന്ന സംഘടിതമായ ദേശവിരുദ്ധ മാഫിയ നടത്തുന്ന ഭീകരമായ ദുഷ്പ്രചാരണങ്ങളുടെ മൂര്‍ദ്ധന്യത്തിലാണ് മേപ്പടിയാന്‍ കാണാന്‍ ടിക്കറ്റെടുക്കുന്നത്. ഇപ്പറഞ്ഞ ദുഷ്പ്രചാരണങ്ങളും അതിനെ ചെറുക്കാനുള്ള ശ്രമങ്ങളും കൊണ്ട് കലുഷിതമായ സോഷ്യല്‍മീഡിയ ലോകത്തുനിന്നും ഈ സിനിമയുടെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ മുന്‍വിധികള്‍ ഏതുമില്ലാതെ സിനിമ കാണുക എന്ന പതിവുരീതി തന്നെയാണ് ഇവിടെയും തുടര്‍ന്നത്.
ഒന്നിനോടും നോ പറയാന്‍ അറിയാത്ത, തികച്ചും അതിസാധാരണക്കാരനായ ഒരു നാട്ടിന്‍പുറത്തെ മലയാളി ചെറുപ്പക്കാരന് തന്റെ നിഷ്‌ക്കളങ്കത കൊണ്ടും മനസ്സിലെ നന്മ കൊണ്ടും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. സിനിമയില്‍ പൊതുവെ കാണുന്ന ഹീറോയിസമോ റൊമാന്‍സോ സംഘട്ടനങ്ങളോ നല്‍കുന്ന മേമ്പൊടിമസാലകള്‍ ഒന്നുമില്ലാതെ, നിലനില്‍ക്കുന്ന സിനിമാസങ്കല്പങ്ങളുടെ കടും ചായക്കൂട്ടുകള്‍ ഉപേക്ഷിച്ച് ഒരു തെളിഞ്ഞ നീരുറവ പോലെ ഒഴുകിപ്പോകുന്ന ശൈലി എടുത്തുപറയേണ്ടതാണ്. ഇങ്ങനെയൊരു ട്രീറ്റ്‌മെന്റില്‍ ഒരു നവാഗതസംവിധായകനായ വിഷ്ണു മോഹന്‍ മേപ്പടിയാനെ അണിയിച്ചൊരുക്കാന്‍ കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ് സിനിമാപ്രേമികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതീക്ഷ.
ജീവിതസമരങ്ങളില്‍ തോറ്റുപോകുന്ന, കീഴടങ്ങേണ്ടി വരുന്ന നായകനെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ നമ്മുടെ സിനിമാസ്വാദനം ഇനിയും വളര്‍ന്നിട്ടില്ല. നായകന്‍ വിജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണ് എന്ന ക്ലീഷേ സങ്കല്പങ്ങളില്‍ നിന്ന് മലയാളസിനിമ മോചനം നേടേണ്ട കാലം എന്നോ അതിക്രമിച്ചുകഴിഞ്ഞു. പക്ഷേ അതിന് ആര് മുന്നോട്ടുവരും എന്ന ചോദ്യത്തിനാണ് വിഷ്ണുവും ഉണ്ണിമുകുന്ദനും ചേര്‍ന്ന് മേപ്പടിയാനിലൂടെ ഉത്തരം നല്‍കിയിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ മേപ്പടിയാന്‍ മലയാളസിനിമയുടെ ഒരു നാഴികക്കല്ലാണ്. ജീവിതമെന്നാല്‍ വിജയം മാത്രമല്ല, പരാജയങ്ങള്‍ നല്‍കുന്ന പാഠങ്ങളും വിജയം തന്നെയാണ് എന്ന മഹത്തായ സന്ദേശം നല്‍കുന്ന മേപ്പടിയാന്‍ തിരുത്തിയെഴുതുന്നത് സാമ്പ്രദായിക സിനിമാ സങ്കല്പങ്ങളെക്കൂടിയാണ്.
2010ലാണ് കഥ നടക്കുന്നത്. സമൂഹത്തെ ആകെ ഗ്രസിച്ചുനിന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സുവര്‍ണ്ണകാലത്ത് ഒരു തുണ്ടു ഭൂമി വില്‍ക്കാനോ വാങ്ങാനോ ഒരു സാധാരണ മലയാളിക്ക് അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികള്‍ ആണ് പടത്തിന്റെ കാതല്‍. അതില്‍ ജയകൃഷ്ണനെ സഹായിക്കുന്നതും മുതലെടുക്കുന്നതും പിന്നില്‍നിന്ന് കുത്തുന്നതുമായ എല്ലാ കഥാപാത്രങ്ങളെയും നമ്മുടെ ചുറ്റുവട്ടത്തില്‍ കാണാന്‍ കഴിയുന്നതാണ്. ഒരിക്കലെങ്കിലും ജയകൃഷ്ണന്‍ കടന്നുപോയ ആ വിഷമതകളിലൂടെ സഞ്ചരിക്കാത്ത ഒരു മലയാളിയുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ആ പ്രമേയം നമുക്ക് പരിചിതവുമാണ്. പക്ഷേ അതീവപരിചിതമായ പ്രമേയത്തെ അസാധാരണമായ തിരക്കഥാ വൈഭവവും സംവിധാനമികവും കൊണ്ട് ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ തലത്തില്‍ ഓരോ നിമിഷവും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഷ്ണു എന്ന ചലച്ചിത്ര പ്രതിഭയാണ് ഈ പടത്തിലെ യഥാര്‍ത്ഥ നായകന്‍. കണ്ണൊന്നു ചിമ്മാന്‍ പോലും ആകാത്ത അവസ്ഥയിലേക്കാണ് സംവിധായകന്‍ പ്രേക്ഷകനെ എത്തിക്കുന്നത്.
ഈരാറ്റുപേട്ട, മീനച്ചില്‍ പ്രദേശങ്ങളുടെ ഭൂപ്രകൃതിയും സംസ്‌കാരവും ഭാഷയുമെല്ലാം കൃത്യമായിത്തന്നെ സിനിമയില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മലയാളത്തിലെ ‘മസില്‍ മാന്‍’ ആയ ഉണ്ണി മുകുന്ദന്‍ ഈ സിനിമക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ ആകാരഭംഗിയെപ്പോലും ബലികഴിക്കാന്‍ തയ്യാറായി എന്നത് കാണിക്കുന്നത് സിനിമക്ക് വേണ്ടിയുള്ള സമര്‍പ്പണത്തിന്റെ ആഴമാണ്. സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ് തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഒട്ടും മുഴച്ചുനില്‍ക്കാതെ കഥക്കൊപ്പം സ്വാഭാവികമായി ഒഴുകി നീങ്ങുന്നത് ഹൃദ്യമായ ഒരു സിനിമാ അനുഭവമാണ്.
നാം നിത്യജീവിതത്തില്‍ കാണുന്ന അടിസ്ഥാനപരമായി കുഴപ്പക്കാരനല്ലാത്ത, എന്നാല്‍ ഉത്തരവാദിത്തമില്ലായ്മയും അലസതയും കൊണ്ട് സ്വയം കുഴപ്പങ്ങളില്‍ പെടുകയും ചുറ്റുമുള്ളവരെ കുഴപ്പത്തിലാക്കുകയും ചെയ്യുന്ന അനേകം ആള്‍ക്കാരുടെ ശരിയായ പ്രതിരൂപമാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്ന വര്‍ക്കി. പലപ്പോഴും നായകനെ വെല്ലുന്ന പ്രതിനായകന്‍ എന്ന് പറയേണ്ടി വരുന്ന അതിഗംഭീര അഭിനയം തന്നെയാണ് അയാള്‍ കാഴ്ചവയ്ക്കുന്നത്.
മതവിശ്വാസങ്ങളെ എങ്ങനെ സമര്‍ത്ഥമായി സ്വകാര്യ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഹാജിയാരുടെ വേഷം. പലിശ തന്റെ വിശ്വാസത്തിനെതിരാണ് എന്ന് ദൈവത്തെ പിടിച്ചു ആണയിടുന്ന അയാള്‍ക്ക് ഒരു ചെറുപ്പക്കാരന്റെ ജീവന്മരണ പോരാട്ടത്തിലെ നിസ്സഹായതയെ ആവുന്നത്ര രീതിയില്‍ മുതലെടുത്ത് അയാളുടെ കണ്ണീരില്‍ കുതിര്‍ന്ന സ്വത്ത് കൈക്കലാക്കാന്‍ ഒരു ദൈവനീതിയും തടസ്സമാകുന്നില്ല. വിശ്വാസങ്ങള്‍ക്ക് ധാര്‍മ്മികതയുടേയും ജീവിതമൂല്യങ്ങളുടെയും അടിസ്ഥാനമില്ലങ്കില്‍ മനുഷ്യന്‍ വെറും മൃഗതുല്യനാകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ആ കഥാപാത്രം. ഇങ്ങനെയുള്ളവരെയും നമുക്ക് നിത്യജീവിതത്തില്‍ ധാരാളമായി കാണാന്‍ കഴിയും.
ആദ്യം പറഞ്ഞതുപോലെ, സിനിമക്ക് പുറത്തുള്ള താല്പര്യങ്ങളാണ് ഈ പടത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. നായകന്റെ കാവിമുണ്ട്, കഥാപാത്രങ്ങളുടെ മതവിശ്വാസങ്ങള്‍, സേവാഭാരതിയുടെ ആംബുലന്‍സ്.. തന്റെ ചുറ്റുമുള്ള ജീവിതങ്ങളെ നിരീക്ഷിച്ച് ഒരു ചലച്ചിത്രകാരന്‍ സൃഷ്ടിച്ചെടുത്ത കലാ അനുഭവത്തെ ഈ രീതിയില്‍ വ്യാഖ്യാനിക്കുന്ന മതമൗലികവാദികള്‍ കേരളത്തെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് മനസ്സിലാക്കാനും കൂടി മേപ്പടിയാന്‍ കാരണമായി. എന്നാല്‍ നല്ല സിനിമ എന്നതിനു മുമ്പില്‍ ഒരു സംഘടിത മാഫിയാതാല്പര്യങ്ങളും വിലപ്പോകില്ല എന്ന് കൂടി തെളിയിക്കാന്‍ മേപ്പടിയാന്റെ വന്‍ വിജയം കാരണമായി എന്നതില്‍ ഓരോ സിനിമ പ്രേമിക്കും അഭിമാനിക്കാം.