മേരു എന്നാല്‍ നട്ടെല്ല്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നട്ടെല്ല്. അതിന്റെ വഴക്കവും ബലവും സന്തുലനവും രോഗങ്ങളെ പ്രതിരോധിക്കും. യോഗാസനങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യം നട്ടെല്ലിന്റെ വഴക്കവും ആരോഗ്യവും തന്നെ.
ചെയ്യുന്ന വിധം
കാലു നീട്ടി ഇരിക്കുക. കാലുകള്‍ ഒരടി – ഒന്നര അടി അകലത്തില്‍ വെക്കുക. മുട്ടു മടങ്ങരുത്. ശ്വാസം എടുത്തുകൊണ്ട് കൈകള്‍ വശങ്ങളില്‍ ഭൂമിക്കു സമാന്തരമായി മുട്ടുമടങ്ങാതെ നിവര്‍ത്തി പിടിക്കുക. ശ്വാസം വിട്ടു കൊണ്ട് അരയ്ക്കു മേല്‍ഭാഗം ശരീരം ഇടത്തോട്ടു തിരിക്കുക. വലതു കൈ കൊണ്ട് ഇടതുകാലിന്റെ പെരുവിരലില്‍ തൊടുക. ഇടതു കൈ പിന്നില്‍ വരും. കൈപ്പത്തി ഭൂമിക്കു ലംബം. ദൃഷ്ടി ഇടതു കൈയില്‍.
അല്പ സമയം ഈ സ്ഥിതിയില്‍ സാധാരണ ശ്വാസത്തില്‍ തുടര്‍ന്ന ശേഷം ശ്വാസം എടുത്തുകൊണ്ട് തിരിച്ചുവരിക. വലത്തുവശത്തും ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
നട്ടെല്ലിന് വഴക്കമുണ്ടാകും. ശ്വാസകോശങ്ങള്‍ക്ക് വികാസമുണ്ടാകും. ശരീരത്തിനു മൊത്തം ഉണര്‍വുണ്ടാകും. വ്യായാമം പോലെ കൂടി ഉപയോഗിക്കാവുന്ന ആസനമാണിത്.