യോഗം സമാധിയാണ് എന്ന് യോഗ ദര്‍ശനത്തിനെഴുതിയ പ്രൗഢ ഗംഭീരമായ ഭാഷ്യത്തില്‍ വ്യാസന്‍ ആദ്യം തന്നെ നിര്‍വചിക്കുന്നു. യോഗം ചിത്തവൃത്തി നിരോധമാണെന്ന് പതഞ്ജലിയും. മനസ്സിന്റെ പ്രശമനത്തിനുള്ള ഉപായമാണ് യോഗമെന്ന് വസിഷ്ഠനും പറഞ്ഞു വെച്ചു. ഇവയിലേതെങ്കിലും ഒന്നു ചര്‍ച്ച ചെയ്താല്‍ എല്ലാം അതില്‍ വരും.
മനസ്സിലെ വൃത്തികള്‍ എവിടെയൊക്കെ തടയപ്പെടുന്നുണ്ടോ അവിടെയൊക്കെ സമാധിയുടെയും യോഗത്തിന്റെയും സാന്നിധ്യമുണ്ട്. അത് നമ്മുടെ മനസ്സിനെ സ്വാധീനിക്കുംവിധമായോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇവിടെയാണ് വ്യാസന്‍ വിവരിക്കുന്ന മനസ്സിന്റെ അഞ്ചു ഭൂമികള്‍ (അവസ്ഥകള്‍) പ്രസക്തമാവുന്നത്. മൂഢവും ക്ഷിപ്തവും വിക്ഷിപ്തവുമായ അവസ്ഥകളില്‍ സമാധി ഫലപ്രദമാവില്ല.
സമാധിയെപ്പറ്റി കുറച്ചു കൂടി സൂക്ഷ്മമായ പഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
യോഗം അഥവാ സമാധി രണ്ടു വിധം – സംപ്രജ്ഞാതം; അസംപ്രജ്ഞാതം. ‘സമ്യക് പ്രജ്ഞായതേ സാക്ഷാത്ക്രിയതേ ധ്യേയം അസ്മിന്‍’ എന്നാണ് സംപ്രജ്ഞാത സമാധിക്കു വിജ്ഞാന ഭിക്ഷു നല്കുന്ന വ്യാഖ്യാനം. അതായത് വൃത്തികള്‍, മനസ്സിലെ ശല്യങ്ങള്‍ നിരോധിക്കപ്പെട്ടാല്‍ ധ്യേയം അഥവാ ധ്യാനിക്കപ്പെടുന്ന വസ്തുവിന്റെ സാക്ഷാത്കാരമുണ്ടാവും. ധ്യേയം ഒഴിച്ചുള്ള വൃത്തികളൊക്കെ നിരോധിക്കപ്പെടും എന്നര്‍ഥം. ഈ നിരോധത്തിന്റെ ഫലം ധ്യേയസാക്ഷാത്കാരമാണെന്നര്‍ഥം. ധാരണാ – ധ്യാന – സമാധികളിലൂടെയുള്ള വൃത്തിനിരോധം അഷ്ടാംഗയോഗത്തിലുണ്ട്. അഷ്ടാംഗയോഗം പക്ഷെ യോഗത്തിനുള്ള ഉപായമാണ്. ധ്യേയസാക്ഷാത്കാരത്തിന് അവിടെയും കടമ്പകളുണ്ട്. കാരണം ശക്തമായ മറ്റു വിഷയവാസനകള്‍ തടസ്സമാവും.
സമ്പ്രജ്ഞാത സമാധി അഥവാ സമാപത്തിയാവട്ടെ ധ്യേയമൊഴിച്ചുള്ള വൃത്തികളെ ഒക്കെ നിരോധിക്കും ; അവയിലേക്കുള്ള ചാട്ടം ഇല്ലാതാക്കും; അവയെ കീഴടക്കുകയും ചെയ്യും. ധ്യേയസാക്ഷാത്കാരത്തിന് അങ്ങനെ അത് കാരണമാകും. ചിത്തം സ്വതവേ എല്ലാ വിഷയങ്ങളെയും ഗ്രഹിക്കാന്‍ കഴിവുള്ളതാണ്. എന്നാല്‍ തമസ്സ് (മൂഢത)എന്ന മൂടല്‍ വരുമ്പോള്‍ അത് സാധിക്കാതെ വരും. അതുകൊണ്ട് തമസ്സ് വര്‍ദ്ധിപ്പിക്കുന്ന വിഷയാന്തര ചിന്തകളെ നിരോധിക്കുമ്പോള്‍ ഈ ആവരണം ക്ഷയിക്കും. ഉദ്ദേശിച്ച വസ്തു പ്രത്യക്ഷമാവുകയും ചെയ്യും. വിഷയമെന്നാല്‍ ഇന്ദ്രിയങ്ങളിലൂടെ ഉള്‍ക്കൊള്ളുന്ന എല്ലാ അനുഭവങ്ങളും പെടും. സമ്പ്രജ്ഞാത സമാപത്തി നാലുവിധം. വിതര്‍ക്കാനുഗതം, വിചാരാനുഗതം, ആനന്ദാനുഗതം, അസ്മിതാനുഗതം. ഇവ ക്രമത്തില്‍ താഴെ നിന്ന് മേലോട്ടുള്ള പടികളാണ്.
യോഗാരംഭേ മൂര്‍ത്തഹരിം
അമൂര്‍ത്തമഥ ചിന്തയേത്
സ്ഥൂലേ വിനിര്‍മിതം ചിത്തം
തത: സൂക്ഷ്‌മേ ശനൈര്‍ നയേത്.
യോഗാരംഭത്തില്‍ മൂര്‍ത്തരൂപത്തിലുള്ള വിഷ്ണുവിനെ (ഹരിയെ) യും പിന്നീട് അമൂര്‍ത്തമായതിനെയും ധ്യാനിക്കണം. ആദ്യം സ്ഥൂലം, പിന്നെ സൂക്ഷ്മം എന്ന കരുത്തില്‍.
നിരോധത്തിനു ക്രമമുണ്ടോ എന്നു ചോദിച്ചേക്കാം. ഇല്ല എന്നു തന്നെ ഉത്തരം. ഈശ്വരാനുഗ്രഹം കൊണ്ടോ, മുജ്ജന്മ സുകൃതം കൊണ്ടോ ഉന്നത ഭൂമികയില്‍ ചിലര്‍ നേരിട്ട് എത്തിപ്പെട്ടേക്കാം. അവര്‍ താഴേക്കു വന്ന് വീണ്ടും കയറേണ്ട ആവശ്യമില്ല.
എന്നാല്‍ സാധാരണ നിലയില്‍ ക്രമമാണ് അഭികാമ്യം. അല്ലെന്നു വന്നാല്‍ പൂര്‍വോപാസനാത്യാഗമെന്ന ദോഷം വരും. ആദ്യം സ്ഥൂലമായ രൂപത്തില്‍ ധാരണാ ധ്യാന സമാധികള്‍ ചെയ്ത് അതിന്റെ ഭൂത – വര്‍ത്തമാന – ഭാവികള്‍, അടുപ്പം, അകല്‍ച്ച മുതലായ ഗുണ ദോഷങ്ങളുടെ സാക്ഷാത്കാരമാണ് വിതര്‍ക്കം. സ്ഥൂലമെന്നാല്‍ പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളുമെന്നു തന്നെ അര്‍ഥം.
ഭക്തനായ ധ്രുവന്റെ തപോധ്യാനാദികളില്‍ തുഷ്ടനായ മഹാവിഷ്ണു നാലു കൈകളുള്ള ശരീരത്തോടെ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയും ചെയ്തു. ഇവിടെ അതില്ല. യോഗി യോഗബലം കൊണ്ട് വൈകുണ്ഠത്തിലിരിക്കുന്ന വിഷ്ണുവിന്റെ രൂപം മറ്റൊരിടത്തിരുന്നു കാണും. സംഭാഷണമൊന്നും നടക്കില്ല. വിതര്‍ക്ക സമാപത്തിയെ സവിതര്‍ക്കമെന്നും നിര്‍വിതര്‍ക്കമെന്നും തിരിച്ചിട്ടുണ്ട്.
ശബ്ദം, അര്‍ഥം, ജ്ഞാനം ഇവ മൂന്നും ധ്യേയത്തില്‍ ഒന്നിച്ചുണ്ട് എന്ന ഭ്രമം (വികല്പം ) ആണ് സവിതര്‍ക്കം. ഇത് ആദ്യ പടിയാണ്. ഇത് അപര പ്രത്യക്ഷമാണ്. ഇന്ദ്രിയ പ്രത്യക്ഷമായ വസ്തുവിനെ ധ്യാനിക്കല്‍. വികല്പ രഹിതമായ പരപ്രത്യക്ഷമായ നിര്‍വിതര്‍ക്ക സമാപത്തിയിലും താണതരമാണ് ഇത് എന്നു പറയാം.
ഇനി വിചാരം. ആലംബനത്തില്‍ (ധേ്യയരൂപത്തില്‍) സ്ഥൂലരൂപം സാക്ഷാത്കരിച്ച ശേഷം അതിലെ സ്ഥൂല ദൃഷ്ടി വിട്ട് സൂക്ഷ്മ രൂപത്തെ ധാരണ -ധ്യാന- സമാധിയിലൂടെ സാക്ഷാത്കരിക്കുന്നതു തന്നെ വിചാരാനുഗതം. ഭൂതങ്ങളുടെ സൂക്ഷ്മ രൂപമായ തന്മാത്ര, അഹങ്കാരം, മഹത്തത്വം, പ്രകൃതി ഇവയാണ് സൂക്ഷ്മം അഥവാ കാരണം എന്നു പറയുന്നത്. സ്ഥൂലരൂപത്തില്‍ എങ്ങിനെ സൂക്ഷ്മദൃഷ്ടി വരും? വാസ്തവത്തില്‍ കാര്യം അഥവാ സ്ഥൂലവസ്തു കാരണത്തേക്കാള്‍ അസ്ഥിരമാണ്. ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നു :- കുടം മുതലായതെല്ലാം നാമരൂപങ്ങളാണ്. മണ്ണു മാത്രമാണ് സത്യം (വാചാരംഭണം…….)
കാണാന്‍ പറ്റാത്ത സൂക്ഷ്മമായ ആലംബനത്തില്‍ എങ്ങിനെ മനസ്സുറപ്പിക്കും? യോഗത്തില്‍ നിന്നുണ്ടാക്കുന്ന ധര്‍മബലത്താല്‍ അത് സാധ്യമാവും എന്നു തന്നെ ഉത്തരം.
വിചാരത്തെ സവിചാര – നിര്‍വിചാരമായും തിരിച്ചിട്ടുണ്ട്.
തന്മാത്ര മുതല്‍ പ്രകൃതി വരെയുള്ളതിലെ സാക്ഷാത്കാരമാണ് സവിചാര സമാപത്തി. അവയില്‍ ദേശ – കാലങ്ങളുടെ അനുഭവം കലരുമ്പോള്‍ സവിചാരസമാപത്തിയാകും. ഇല്ലായെങ്കില്‍ നിര്‍വിചാരം.
ഇനി ആനന്ദം. സൂക്ഷ്മ സാക്ഷാത്കാരാനന്തരം ആ ദൃഷ്ടിയും വിട്ട് 24 തത്വങ്ങളെ തുടര്‍ന്നു വരുന്ന സുഖമെന്ന പുരുഷാര്‍ഥത്തില്‍ ധാരണാദി ത്രയം ചെയ്താല്‍ ജ്ഞാനവും ജ്ഞേയവും വ്യത്യാസമില്ലാതാവും. ആനന്ദ സാക്ഷാത്കാരം ഉണ്ടാവും.
പ്രകൃതി ത്രിഗുണാത്മകമാണ്. സുഖം പോലെ ദു:ഖമോഹങ്ങളും എല്ലായിടത്തുമുണ്ട്. എന്നാല്‍ സുഖത്തോടുള്ള ആഗ്രഹമാണ് ആത്മ ദര്‍ശനത്തിനുള്ള പ്രതിബന്ധം. അതിലെ ദോഷം കണ്ടെത്തിയാലേ അതും ദുഖമെന്നറിഞ്ഞ് വൈരാഗ്യം വരൂ. അതുകൊണ്ടാണ് ആനന്ദത്തെ ധ്യാനിക്കുന്നത്.
Comments