ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും തിരിച്ചറിയണം, കേരളത്തില്‍ പാര്‍ട്ടിക്കാരല്ലാത്ത, അങ്ങയുടെ ഏറാന്‍മൂളികളല്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവര്‍ക്ക് അങ്ങയുടെ കൈകളിലെ ചോരയുടെ മണം, ബീഭത്സമായ മണം, അറപ്പും വെറുപ്പും സൃഷ്ടിക്കുന്നു എന്ന്! രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ പിഞ്ചുകുഞ്ഞിനെയാണ് അങ്ങയെ കാണുമ്പോള്‍ ഓര്‍മ്മവരുന്നത്. പെരിയ ഇരട്ടക്കൊലയില്‍ അങ്ങയുടെ മാനസപുത്രനും വിശ്വസ്തനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ കെ.വി. കുഞ്ഞിരാമനെ സി ബി ഐ പ്രതിചേര്‍ത്തിരിക്കുന്നു. മുന്‍ എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍ ഒറ്റയ്ക്കല്ല. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി പി എം പ്രവര്‍ത്തകരെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
പെരിയ കല്യോട്ടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കെ. വി. കുഞ്ഞിരാമന്‍ പ്രതിയായത്. കല്യോട്ട് ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, ശാസ്താ മധു, റെജി വര്‍ഗ്ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് സി.ബി.ഐ ഡി.വൈ.എസ്.പി ടി.പി. അനന്തകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇവരെല്ലാവരും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുക്കുകയും കൊല നടത്തിയവര്‍ക്ക് സഹായം ചെയ്യുകയും ചെയ്തിരുന്നു എന്നാണ് സി ബി ഐ പറയുന്നത്. കേസിലെ ഉന്നതബന്ധം നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേസ് അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ആദ്യം 14 പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാന്‍ വേണ്ടി കഴിയാവുന്നതെല്ലാം സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ചെയ്തു. ഒരു കേസിന്റെ അന്വേഷണത്തിനുവേണ്ടിയല്ല, അന്വേഷം തടയാന്‍ വേണ്ടി ഇത്രയേറെ രൂപ ചെലവാക്കിയ ഒരു സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കേസ് അന്വേഷണം സി ബി ഐക്ക് വിടാതിരിക്കാനായി സീനിയര്‍ അഭിഭാഷകനായ മനീന്ദര്‍സിംഗ് അടക്കമുള്ള മൂന്നുപേര്‍ക്കായി കോടിക്കണക്കിന് രൂപയാണ് ചെലവിട്ടത്. 2019 ഫെബ്രുവരി 17 നാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. 2019 സപ്തംബറിലാണ് കേസ് അന്വേഷണം സി ബി ഐക്ക് വിട്ടത്.
ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ സി പി എം പ്രാദേശിക നേതാവായ പീതാംബരന്‍ അടക്കം 14 പേര്‍ മാത്രമായിരുന്നു പ്രതികള്‍. കേസ് അന്വേഷണം തുടങ്ങിയതു മുതല്‍ ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ ഉന്നത നേതാക്കളെ രക്ഷപ്പെടുത്താനായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ശ്രമം. ഇക്കാര്യം ബോദ്ധ്യപ്പെട്ടിട്ടാണ് ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിന് ശേഷവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവന്ന് ഡിവിഷന്‍ ബെഞ്ചിലും പിന്നീട് സുപ്രീംകോടതിയിലും അപ്പീല്‍ പോയി. ഈ അപ്പീലുകളെല്ലാം സി ബി ഐ അന്വേഷണം തടയാന്‍ മാത്രമായിരുന്നു. 22 വയസ്സുള്ള കൃപേഷും 24 വയസ്സുള്ള ശരത്‌ലാലും മുഖ്യമന്ത്രിയുടെ മക്കളുടെ പ്രായം പേലുമില്ലാത്തവരാണ്. എന്ത് ന്യായം പറഞ്ഞാലും ഈ കേസില്‍ സി ബി ഐ അന്വേഷണം തടയാനും മുതിര്‍ന്ന നേതാക്കളെ രക്ഷിക്കാനും പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങള്‍ രാഷ്ട്രീയപരമായി ന്യായീകരിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, മുഖ്യമന്ത്രി എന്ന നിലയില്‍ ഒരാളോടും പ്രീതിയോ വിദ്വേഷമോ കൂടാതെ ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരെ രക്ഷപ്പെടുത്താന്‍ നടത്തിയ നിന്ദ്യമായ നീക്കങ്ങള്‍ മുഴുവന്‍ കൊലയാളികള്‍ക്കു വേണ്ടിയുള്ളതായിരുന്നു. പിടഞ്ഞുവീണ ആ യുവാക്കളുടെ ചോരയാണ് ഈ നീക്കങ്ങളിലൂടെ മുഖ്യമന്ത്രിയുടെ കൈകളില്‍ പുരണ്ടത്. അങ്ങേക്ക് എങ്ങനെ കഴിയുന്നൂ ഇതിന്? ഇത്ര പച്ചയ്ക്ക് ഒരു ഉളുപ്പുമില്ലാതെ സ്വന്തം പാര്‍ട്ടിയിലെ കൊലപാതകികളെ രക്ഷിക്കാന്‍ അന്യായമായി ഖജനാവിലെ പണം ചെലവിടാന്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ എങ്ങനെ കഴിയുന്നു?
മുഖ്യമന്ത്രി നടത്തിയ ഈ നിന്ദ്യമായ ശ്രമങ്ങള്‍ നീതിപീഠങ്ങള്‍ തിരിച്ചറിഞ്ഞു. ഹൈക്കോടതി കഴിഞ്ഞ് സുപ്രീം കോടതിയില്‍ എത്തിയിട്ടും, കോടികള്‍ മുടക്കി ഏറ്റവും മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവന്നിട്ടും സി ബി ഐ അന്വേഷണം തടയാന്‍ കഴിഞ്ഞില്ല. കൊലപാതം നടന്നപ്പോള്‍ തന്നെ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍, മുന്‍ എം എല്‍ എ കെ.വി. കുഞ്ഞിരാമന്റെ പേര് പറഞ്ഞതാണ്. അറസ്റ്റിലായി അഞ്ചുപേരെ റിമാന്‍ഡ് ചെയ്യാന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റകൃത്യത്തിന്റെ ഗൗരവും ബോദ്ധ്യപ്പെടുന്നുണ്ട്. അന്വേഷണം സി ബി ഐ ഏറ്റെടുത്ത് ഒരുവര്‍ഷം തികയുമ്പോഴാണ് പുതിയതായി പ്രതികളെ അറസ്റ്റ് ചെയ്യുന്നതും ഗൂഢാലോചനയിലെ കെ.വി. കുഞ്ഞിരാമന്റെ പങ്ക് സി ബി ഐ വ്യക്തമാക്കുന്നതും. ക്രൈം ബ്രാഞ്ച് പറഞ്ഞ 14 പ്രതികള്‍ കൂടാതെ 10 പേര്‍ കൂടി കേസില്‍ പ്രതികളായി ഉണ്ടെന്നാണ് സി ബി ഐ കോടതിയില്‍ പറഞ്ഞത്. ക്രിമിനല്‍ ഗൂഢാലോചന (120 ബി), പൊതുലക്ഷ്യം (34), നിയമവിരുദ്ധമായ കൂട്ടം ചേരല്‍ (143), ലഹളയുണ്ടാക്കല്‍ (147), മാരകായുധങ്ങളുമായുള്ള ലഹള (148), നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കല്‍ (341), ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ (326), തെളിവ് നശിപ്പിക്കല്‍ (201), കുറ്റവാളികള്‍ക്ക് അഭയം നല്‍കല്‍, കൊലപാതകം (302) എന്നിവ കൂടാതെ ആയുധ നിയമത്തിലെ 27-ാം വകുപ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിണറായി വിജയന്‍ ചോര പുരണ്ട കൈകളിലൂടെ ആരെ രക്ഷിച്ചോ, അവരെല്ലാവരും അറസ്റ്റ് ചെയ്യപ്പെട്ടു എന്നതാണ് സി ബി ഐ അന്വേഷണത്തിന്റെ ഏറ്റവും വലിയ ഫലം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണം നേര്‍വഴിക്ക് പോയപ്പോള്‍ ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ, അന്വേഷണം ആ വഴിക്ക് പോയില്ല. രണ്ട് യുവാക്കളെയും കൊലപ്പെടുത്തിയത് 2019 ഫെബ്രുവരി 17 നായിരുന്നു. സി പി എമ്മിന്റെ ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസിന്റെ ചുമതലയുള്ള പാര്‍ട്ടി അംഗമായ രാജേഷ് ഈ ഓഫീസില്‍ ഗൂഢാലോചന നടത്തിയതായി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതാണ്. കൊലപാതകം നടക്കുന്നതിന് തൊട്ടു മുന്‍പ് ഒന്നാം പ്രതി പീതാംബരന്റെ ഫോണിലേക്ക് വന്ന വിളി സുരേന്ദ്രന്റെതായിരുന്നു. പ്രതികളെത്തിയ വാഹനം ശാസ്താ മധുവിന്റെ വീട്ടിലാണ് നിര്‍ത്തിയിട്ടത്. കൊലപാതകം നടത്തുന്നകാര്യം മധുവിനും ഹരിപ്രസാദിനും അറിയാമായിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനം എത്തിച്ചത് ഹരിപ്രസാദ് ആണെന്നും പ്രതികളിലൊരാളായ മുരളി ക്രൈം ബ്രാഞ്ചിനോട് തന്നെ പറഞ്ഞിരുന്നു. ഹരിപ്രസാദ് എത്തിച്ച വാഹനത്തിലല്ല പ്രതികള്‍ രക്ഷപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സി ബി ഐ പറഞ്ഞു. മരിച്ചവരെ അടിച്ച് വീഴ്ത്താനുള്ള ഇരുമ്പു പൈപ്പ് നല്‍കിയത് റെജി വര്‍ഗ്ഗീസ് ആയിരുന്നു.
മൂന്നുമാസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് സി ബി ഐ ലക്ഷ്യമിടുന്നത്. പെരിയ കേസില്‍ മാത്രമല്ല, ഷുഹൈബ് വധം അടക്കമുള്ള കേസുകളിലുമായി പ്രതികളെ രക്ഷിക്കാന്‍ ഏതാണ്ട് അഞ്ചുകോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ കൈകളില്‍ ചോരയുടെ മണം ഉണ്ടാകുന്നത്. ആറാം പ്രതിയുടെ ഫോണിലേക്ക് വിളിച്ചയാളെ ക്രൈം ബ്രാഞ്ച് കേസില്‍ പ്രതിയാക്കിയപ്പോള്‍ ഒന്നാംപ്രതിയുടെ ഫോണിലേക്ക് വിളിച്ച ആളിനെ സാക്ഷിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇവിടെ നിന്നാണ് കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ മൂടിവെയ്ക്കലുകള്‍ ഒന്നൊന്നായി ഹൈക്കോടതി പൊളിച്ചടുക്കിയത്. ശരത് ലാലിനെയും കൃപേഷിനെയും അടിച്ചുവീഴ്ത്താന്‍ ഇരുമ്പു പൈപ്പ് നല്‍കിയ റെജി വര്‍ഗ്ഗീസിനെ സാക്ഷിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. കൊലപാതകത്തിന് ഇരുമ്പു പൈപ്പ് നല്‍കിയത് കൊലപാതകത്തെ കുറിച്ച് അറിയാതെയാണോ എന്ന് അന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സി ബി ഐ തേടിയത്.
ഇവിടെയാണ് കൈയില്‍ ചോര മണക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടത്. ഒരു ഭരണാധികാരി എന്ന നിലയില്‍ നിന്ന് വെറും പാര്‍ട്ടി നേതാവോ, പാര്‍ട്ടി ഗുണ്ടയോ ആയി തരം താണ പിണറായി സത്യത്തിന്റെയും നീതിയുടെയും മുന്നില്‍ പരാജയപ്പെടുകയായിരുന്നു. കെ.വി. കുഞ്ഞിരാമനെ പ്രതി ചേര്‍ത്തതോടെ ഇക്കാര്യം പൂര്‍ണ്ണമായും വ്യക്തമായി. പാര്‍ട്ടി നേതാക്കളുടെ ശൃംഖല മുഴുവന്‍ അകത്തായി. ആരെയൊക്കെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചോ, അവരൊക്കെ അറസ്റ്റിലായി. ഇത് ഒരു വിജയത്തിന്റെ തുടക്കമാണെങ്കിലും പിണറായി വിജയനെന്ന ഭരണാധികാരിയുടെ പരാജയത്തിന്റെയും വീഴ്ചയുടെയും തുടക്കമാണ്. ഇനിയെങ്കിലും ചോരയുടെ മണം ഒഴിവാക്കി സത്യസന്ധനായ ഭരണാധികാരി എന്നനിലയില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കാതെ കൊലയാളികളെ രക്ഷിക്കാതെ, സദ്ഭരണം കാഴ്ച വെയ്ക്കാന്‍ ശ്രമിച്ചാല്‍ നന്ന്.