തോലാംഗുലമെന്നാല് തുലാസ്. ഒരു പൂര്‍ണ സ്ഥിതിയില്‍ തുലാസ് പോലെ തോന്നിക്കുന്നതു കൊണ്ടാണ് ഈ പേരു വന്നത്.
തുലാസ് ധര്‍മശാസ്ത്രത്തില്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു ബിംബമാണ്. മനസ്സിനെ സമതുലിതമാക്കുകയാണ് യോഗം ചെയ്യുന്നത്. സുഖദു:ഖങ്ങള്‍, ജയപരാജയങ്ങള്‍ മുതലായവയെ സന്തുലിതമായ മനസ്സാേടെ കാണുന്നവനാണ് മുനി.
ചെയ്യുന്ന വിധം
കാല് നീട്ടിയിരിക്കുക. വലതുകാല്‍ മടക്കി ഇടതു തുടയുടെ മുകളില്‍ വെക്കുക. ഇടതുകാല് വലതു തുടയുടെ മേലെയും. ഇപ്പോള്‍ പത്മാസനമായി. സാവധാനത്തില്‍ പിന്നോട്ടു 45 ഡിഗ്രി ചാഞ്ഞ് കൈമുട്ട് പിന്നില്‍ കുത്തുക. കൈപ്പത്തി പൃഷ്ഠത്തിനടിയില് ചേര്‍ക്കുക. കാല്‍മുട്ടുകളും ഉയര്‍ത്തുക. ശരീരത്തിന്റെ ഭാരം മുഴുവന്‍ പൃഷ്ഠത്തിലും കൈത്തണ്ടയിലുമായിരിക്കും. താടി നെഞ്ചില്‍ ചേര്‍ക്കുക (ജാലന്ധര ബന്ധം). പൂര്ണസ്ഥിതിയില് അല്പനേരം സ്ഥിതി ചെയ്ത ശേഷം തിരിച്ചു വരിക.
ഗുണങ്ങള്‍
ഉദരപേശികള്‍ക്ക് വലിവും രക്തപ്രവാഹവും ലഭിക്കുന്നു. നട്ടെല്ലിന് ബലം നല്കുന്നു. തുടയിലെ പേശികള്‍ക്കും അയവു നല്കുന്നു. മനസ്സിന് സന്തുലനവും വിശ്രമവും ലഭിക്കുന്നു.