ജമ്മു കാശ്മീരിലെ കഴിഞ്ഞകാല അരക്ഷിതാവസ്ഥയിലുള്ള അതിയായ ആഗ്രഹമാണ് ജമാഅത്തെ ഇസ്ലാമി തുടരെ ആവര്‍ത്തിക്കുന്നത്. അത്‌കൊണ്ടുതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീരില്‍ നടത്തിയ സന്ദര്‍ശനം ഒട്ടൊന്നുമല്ല സംഘടനയെ അസ്വസ്ഥമാക്കുന്നതും. ഏഴു പതിറ്റാണ്ടിന് മുമ്പ് സംസ്ഥാനത്തിന് നല്‍കിയിരുന്ന പ്രത്യേക പദവിയായ 370 ാം വകുപ്പ് എടുത്തുകളഞ്ഞതില്‍ ഇക്കൂട്ടരുടെ അലോസരം കൊടും ഭീകരവാദികളായ ഇസ്ലാമിക സ്റ്റേറ്റ്‌സിനെ പോലും നാണിപ്പിക്കുന്നതുമാണ്.
ജമ്മു കാശ്മീരില്‍ സാധാരണനില കൈവരിക്കുന്നതിലെ അസഹിഷ്ണുതയാണ് ഇപ്പോള്‍ പരസ്യമായി തന്നെ ജമാ അത്തെ ഇസ്ലാമി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. അവരുടെ മുഖപത്രമായ മാധ്യമത്തിലൂടെ ഇതു വെളിപ്പെടുകയുണ്ടായി. രാജ്യത്തിന്റെ ഐക്യത്തിലും കെട്ടുറപ്പിലുമുള്ള വെപ്രാളത്തിന്റെ ഭാഗമാണ് ജമ്മു കാശ്മീരില്‍ അമിത് ഷാ യുടെ സന്ദര്‍ശനത്തെ വിലയിരുത്തി നല്‍കിയ മുഖലേഖനം. വിഷം ചീറ്റലല്ല അത് വിഷം ഒഴുക്കലായിട്ടാണ് മാറിയതും.
2019 ആഗസ്റ്റ് അഞ്ചിന് പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ജമ്മു കാശ്മീരില്‍ അടിച്ചമര്‍ത്തല്‍ ഭരണമാണ് നടപ്പാക്കുന്നതെന്നാണ് സംഘടന യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിച്ച് വിലപിക്കുന്നത്. രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് അവിടത്തെ യുവാക്കളെ എത്തിക്കുന്നതിനായി കേന്ദ്രം നടപ്പിലാക്കി വരുന്ന വികസന, തൊഴില്‍ പ്രാധാന്യമുള്ള പദ്ധതികളെ പരിഹാസ്യമായി ചിത്രീകരിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതും.
എളുപ്പം തെറ്റിദ്ധരിപ്പിക്കപ്പെടാനും വഴിതെറ്റാന്‍ സാധ്യത കൂടതലും യുവത്വത്തിന്റെ പ്രത്യേകതയാണ്. ഇതാണ് അയല്‍രാജ്യമായ പാക്കിസ്ഥാനും അവരുടെ ചാര സംഘടന ഐഎസ്‌ഐ യും അവരുടെ കാശ്മീരിലെ പിണിയാളുകളും ചേര്‍ന്ന് ഇത്രയുംനാള്‍ ചൂഷണം ചെയ്ത് കൊണ്ടിരുന്നത്. സംസ്ഥാനത്തിനുണ്ടായിരുന്ന പ്രത്യേക പദവി ഇക്കുട്ടര്‍ ഇതിനായി ഏറെ ഉപയോഗപ്പെടുത്തുകയായിരുന്നു. യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും മാനസിക-ശാരീരിക ദൗര്‍ബ്ബല്ല്യങ്ങള്‍ കണ്ടെത്തുകയും അത് സാധ്യമാക്കി കൊടുത്തുമാണ് ഇത്തരക്കാരായ പലരേയും ഭീകരരുടെ ഒറ്റുകാരും അവര്‍ക്ക് ഒളിത്താവളം ഒരുക്കികൊടുക്കുന്നവരും സുരക്ഷാസേനക്കെതിരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് കല്ലെറിയുന്നവരും വെടിയുതിര്‍ക്കുന്നവരുമാക്കി മാറ്റിയിരുന്നത്. ജമ്മു കാശ്മീരിലെ കാലങ്ങളായി തുടരുന്ന അരക്ഷിതാവസ്ഥ ഭീകര സംഘടനകള്‍ക്ക് ഇത് വളക്കൂറുള്ളതാക്കുകയും സാധാരണക്കാരായവരെ വരുതിയിലാക്കാനുള്ള എളുപ്പവഴിയുമായിരുന്നു. ഇതിന് തടയിട്ടുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ സുപ്രധാന പ്രത്യേക പദവി പിന്‍വലിക്കല്‍ നടപടി ജമ്മു കാശ്മീരിലെ സാധാരണ ജനങ്ങളെ കൂടുതല്‍ ആത്മവിശ്വസമുള്ളവരാക്കി എന്നത് നിഷേധിക്കാനാത്ത തെളിവാണ്. വിദേശ മാധ്യമങ്ങള്‍ പോലും ഇക്കാര്യം ഈയിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മാസങ്ങള്‍ക്ക് മുമ്പ് ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംഘം നിലവിലെ മാറ്റങ്ങള്‍ നേരില്‍ കണ്ടും ജനങ്ങളുമായി സംവദിച്ചുമാണ് നിലവിലെ യാഥാര്‍ത്ഥ്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. ഇത് ദഹിക്കാത്ത സത്യമായതിനാല്‍ ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവര്‍ വിദേശ മാധ്യമ പ്രതിനിധികളുടെ സന്ദര്‍ശവും അവര്‍ നല്‍കിയ റിപ്പോര്‍ട്ടും തമസ്‌ക്കരിക്കുകയായിരുന്നു.
ജമ്മു കാശ്മീരിനെ വരുതിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുമ്പോള്‍ ജമ്മു കാശ്മീര്‍ രാജ്യത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാനുള്ള അവരുടെ വൈമനസ്യമാണ് കുടുതല്‍ പ്രകടമാക്കുന്നത്. ഭീകരരോടും ഭീകരതയോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട്, ജനജീവിതം ചവിട്ടിയമര്‍ത്തലായും ഭീകരരുടെ ഒത്താശയില്‍ വളരെ ദുര്‍ലഭമായി നടമാടുന്ന പോലീസിനെ കല്ലെറിയല്‍, ജനകീയ പ്രതിഷേധങ്ങളാക്കിയും അവര്‍ പുണ്യവത്ക്കരിക്കുകയാണ്. എന്നാല്‍ അഫ്ഘാനിസ്ഥാനെ നരക തുല്ല്യമാക്കിയ മതഭ്രാന്തരുടെ താലിബാന്‍ കൂട്ടത്തിന് പരോക്ഷ പിന്തുണ നല്‍കുന്നതില്‍ ഇവര്‍ അഭിമാനം കൊള്ളുകയുമാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തുല്ല്യം കാശ്മീരിനെ മാറ്റുന്നതില്‍ അസഹിഷ്ണുതയും ഈര്‍ഷ്യയും ഏറ്റവും കൂടുതല്‍ പാക്കിസ്ഥാനും ഭീകരര്‍ക്കുമാണ്. പ്രത്യേക സംസ്ഥാനമാക്കി നിലനിര്‍ത്തി അതിനെ ഒരുപ്രത്യേക രാജ്യമാക്കി മാറ്റാനാണ് അവര്‍ ഏറെ നാളായി ശ്രമിച്ചുകൊണ്ടിരുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കാശ്മീരില്‍ അന്യരായി തന്നെ തുടരണമെന്നാണ് അവരുടെ ആഗ്രഹവും. കാശ്മീരിലെ പ്രത്യേക ഭൂവുടമാവകാശം എടുത്തുകളഞ്ഞതിലൂടെ അവിടെ ഇന്ത്യയിലെ ആര്‍ക്കും സ്വന്തമായി ഭൂമി വാങ്ങാന്‍ സാധിക്കും. എന്നാലിതിനെ മഹാ അപരാധമായിട്ടാണ് ജമാഅത്തെ ഇസ്ലാമി വിവക്ഷിക്കുന്നത്. പുറമെ നിന്നുള്ളവര്‍ കാശ്മീരിലേക്ക് വരരുതെന്ന നിലപാട് ആരെ തൃപ്തിപ്പെടുത്താനാണെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ തലപുകക്കേണ്ടതില്ല. കാശ്മീരിന്റെ നല്ല ഭാവിക്കായി പാക്കിസ്ഥാനോടല്ല കാശ്മീരിലെ യുവത്വത്തോട് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കാശ്മീര്‍ സന്ദര്‍ശനത്തിടെ ആഭ്യന്തര മന്ത്രി അമിത് ഷാ അടിവരയിട്ട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ അജണ്ട ഇതാണെന്ന് അമിത് ഷാ പറയുമ്പോള്‍ ജമാഅത്തെ ഇസ്ലാമി വിലപിക്കുന്നത് സ്വാഭാവികം മാത്രമാണ്. ബിജെപിയുടെ അജണ്ടയില്‍ മാറ്റമില്ലെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന അവര്‍ കഴുതയുടെ കാമം പോലെ അത് കരഞ്ഞുതന്നെ തീര്‍ക്കട്ടെ.