യുദ്ധങ്ങളുടെ ചരിത്രത്തിന് മാനവരാശിയോളം പഴക്കമുണ്ട്. മനുഷ്യന്റെ അന്വേഷണത്വരയും നിരീക്ഷണപാടവവും ഒക്കെ തന്നയാണ് അവനില്‍ മത്സരബുദ്ധിയും വളര്‍ത്തിയത്. ആ മത്സരബുദ്ധിയാണ് കിടമത്സരങ്ങളിലേക്കും യുദ്ധങ്ങളിലെക്കുമൊക്കെ നയിച്ചതും. ഇക്കാര്യത്തില്‍ പൗരാണികമനുഷ്യനും ആധുനിക മനുഷ്യനും ഒരുപോലയാണ്.ചുരുക്കത്തില്‍ യുദ്ധങ്ങള്‍ എന്നത് ഏത് കാലഘട്ടത്തിലെയും മനുഷ്യരാശിയുടെ ഒരു അവിഭാജ്യഘടകമാണ്.
മാനവചരിത്രത്തില്‍, ഇരുപതാം നൂറ്റാണ്ടിനുള്ള പങ്ക് വളരെ വലുതാണ്. ശാസ്ത്ര സാങ്കേതിക മേഖലകളും അതുവരെയില്ലാത്ത വന്‍കുതിപ്പ് നടത്തിയത് ഇരുപതാം നൂറ്റാണ്ടിലാണ്.അതിനു കാരണം കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിച്ച രണ്ട് ലോകമഹായുദ്ധങ്ങളാണ് എന്നുപറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് റൈറ്റ് സഹോദരന്‍മാര്‍ ആദ്യമായി യന്ത്രവല്‍കൃത വിമാനം വിജയകരമായി പരീക്ഷിക്കുന്നത്. എന്നാല്‍ അടുത്ത ഒന്നര ദശകത്തിനുള്ളില്‍ വ്യോമയാനരംഗം നടത്തിയത് വന്‍ കുതിപ്പാണ്. 1914ല്‍ പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തിലാണ് ആദ്യമായി വ്യോമശക്തി പരീക്ഷിക്കപ്പെട്ടത്.ആധുനിക വിമാനസാങ്കേതിക വിദ്യയില്‍ വന്‍ ഗവേഷണങ്ങള്‍ തുടങ്ങുന്നത് ഇക്കാലത്താണ്. അതാണ് പിന്നീട് സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമായ വ്യോമയാന മേഖലയായി വളര്‍ന്നത്.
ശരിക്കും രണ്ടാം ലോകമഹായുദ്ധമാണ് ഇരുപതാം നൂറ്റാണ്ടിന്റെ കുതിച്ചുചാട്ടത്തിന്റെ പ്രധാന അടിസ്ഥാനം എന്ന് നിസ്സംശയം പറയാം. ഭൂഖണ്ഡങ്ങള്‍ താണ്ടാന്‍ ശേഷിയുള്ള ഭീമാകാരന്‍ വിമാനങ്ങളും വന്‍കപ്പലുകളുമൊക്കെ സാധാരണമാകുന്നത് അപ്പോഴാണ്.
ആണവശക്തി, ലോഹശാസ്ത്രം, മെഡിക്കല്‍ സയന്‍സ്, റോക്കറ്റ് ടെക്‌നോളജി തുടങ്ങി സമസ്ത മേഖലകളും വന്‍വളര്‍ച്ച നേടാന്‍ തുടങ്ങിയത് ഇക്കാലത്ത് നടന്ന ഭ്രാന്ത് പിടിച്ച ഗവേഷണങ്ങളില്‍ നിന്നാണ്.
രണ്ടാം ലോകയുദ്ധത്തിനുശേഷം മാറിവന്ന ലോകക്രമങ്ങളും ശാക്തികചേരികളും രക്തം ചിന്താതെയുള്ള മറ്റൊരു യുദ്ധത്തിനാണ് തിരികൊളുത്തിയത്.നാല് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ശീതയുദ്ധമാണത്. ഇക്കാലത്താണ് ബഹിരാകാശ സാങ്കേതികവിദ്യകള്‍ വന്‍ കുതിപ്പ് നടത്തിയത്. ചന്ദ്രനില്‍ മനുഷ്യന്റെ പാദസ്പര്‍ശം ഉണ്ടായതും കൃത്രിമ ഉപഗ്രഹങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ പില്‍ക്കാലത്ത് മാറ്റിമറിച്ചതും ശീതയുദ്ധകാലത്തെ ശാക്തിക ചേരികള്‍ തമ്മില്‍ നടന്ന ഭയാനകമായ മത്സരത്തിന്റെ ഫലമാണ്.
ബഹിരാകാശരംഗം മാത്രമല്ല, വ്യോമയാനം, ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍, ആണവോര്‍ജ്ജം, കംപ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ് എന്നുതുടങ്ങി സമസ്ത മേഖലകളുടേയും വളര്‍ച്ച അതിവേഗത്തിലായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചരിത്രം ഏറ്റവും വേഗതയില്‍ ചലിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്.
അതായത്, പ്രതിരോധരംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങളും സാങ്കേതിക വിദ്യകളുമാണ് പിന്നീട് സാധാരണ മനുഷ്യന്റെ നിത്യജീവിതത്തെ മാറ്റിമറിച്ചിട്ടുള്ളത് എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.
യുദ്ധങ്ങളും ചോരച്ചൊരിച്ചിലുകളും ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്നതല്ല. പക്ഷേ, ഏത് പ്രതിലോമകതയ്ക്കും ക്രിയാത്മകതയുടെ ഒരു മറുവശമുണ്ട് എന്ന വലിയൊരു പാഠം കൂടി ശാസ്ത്രചരിത്രത്തില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.